This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രഹാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്രഹാം

Abraham

ബൈബിള്‍ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രം. അബ്രഹാമിന്റെ ചരിത്രം ഉത്പത്തി പുസ്തക(11:26-20:7)ത്തിലും പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തി(6:2-8)കളിലും വിവരിച്ചിരിക്കുന്നു.

അബ്രാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. യഹോവ ഇദ്ദേഹത്തെ ബഹുജാതികള്‍ക്കു പിതാവ് ആക്കുകയും എല്ലാ പുരുഷന്‍മാരും പരിഛേദനം (circumcision) ഏല്‍ക്കണമെന്ന് ഇദ്ദേഹംമൂലം അനുശാസിക്കുകയും ചെയ്തതോടൊപ്പം, അബ്രാം എന്ന പേരിനെ അബ്രഹാം എന്നാക്കി മാറ്റി. 'ശ്രേഷ്ഠത പ്രാപിച്ച പിതാവ്', 'ജനാവലികളുടെ പിതാവ്', 'വിശ്വാസികളുടെ പിതാവ്', 'ദൈവത്തിന്റെ സ്നേഹിതന്‍' എന്നെല്ലാം അബ്രഹാമിനെ ബൈബിളില്‍ വ്യവഹരിക്കുന്നുണ്ട്.

സ്വപുത്രനെ ബലി കഴിക്കാന്‍ അബ്രഹാം തയ്യാറാകുന്നു

കല്‍ദായ പട്ടണത്തില്‍ ഉര്‍ എന്ന സ്ഥലത്തെ ശില്‍പിയായ തേരഹിന്റെ പുത്രനായി അബ്രഹാം ജനിച്ചു. ഇദ്ദേഹത്തിനു നാബോര്‍, ഹാരാന്‍ എന്ന രണ്ടു സഹോദരന്‍മാരുണ്ടായിരുന്നു. ഹാരാന്റെ മരണത്തെ തുടര്‍ന്നു യഹോവയുടെ ആജ്ഞയനുസരിച്ച്, ഭാര്യ സാറാ, സഹോദരപുത്രനായ ലോത്ത്, പിതാവ് എന്നിവരോടൊപ്പം അബ്രഹാം ഹാരാന്‍ പട്ടണത്തിലേക്ക് പോയി. അവിടെവച്ച് തേരഹ് മരണമടഞ്ഞു. ദൈവനിയോഗം അനുസരിച്ച് അബ്രഹാം എഴുപത്തഞ്ചാം വയസ്സില്‍ ലോത്തിനോടൊപ്പം ശേഖേം, ബെഥേല്‍ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കനാനില്‍ ചെന്നു താമസിച്ചു. അവിടെനിന്നു ഈജിപ്തിലേക്കുപോയി. സാറാ സുന്ദരിയായിരുന്നതിനാല്‍ ഈജിപ്തുകാര്‍ ഭര്‍ത്താവായ തന്നെ വധിച്ചുകളയുമെന്ന് ഭയപ്പെട്ട് അവള്‍ തന്റെ സഹോദരിയാണെന്ന് അബ്രഹാം അവരെ ധരിപ്പിച്ചു. രാജാവ് അവളെ ഭാര്യയാക്കുകയും അബ്രഹാമിനെ യഥായോഗ്യം സ്വീകരിക്കുകയും ചെയ്തു. അവിടെ ഉണ്ടായ ദൈവശിക്ഷയെത്തുടര്‍ന്ന് സത്യം വെളിപ്പെടുകയും അബ്രഹാമിനും സാറായ്ക്കും ബഥേലിലേക്ക് പോകുവാന്‍ രാജാനുമതി ലഭിക്കുകയും ചെയ്തു. അവിടെവച്ച് ലോത്തുമായി സ്വത്തു പങ്കിട്ടു. ഫലഭൂയിഷ്ഠമായ യോര്‍ദാന്‍ ദേശം ലോത്തിനു നല്കിയിട്ട് അബ്രഹാം ഹെബ്രോണിലെ മമ്രേയില്‍ താമസമാക്കി. തുടര്‍ന്ന് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു ലോത്തിനെ ഇദ്ദേഹം രക്ഷിക്കുകയും ശലേം രാജാവായ മല്‍ക്കീസഹദേക്കിന്റെ അനുഗ്രഹാശിസ്സുകള്‍ക്കു പാത്രീഭൂതനാകുകയും ചെയ്തു.

അബ്രഹാമിന് 86 വയസ്സുവരെ സന്തതി ഉണ്ടായില്ല. എലയാസര്‍ എന്ന അടിമയെ ഇദ്ദേഹം അനന്തരാവകാശിയാക്കി. എന്നാല്‍ സാറായുടെ അനുഗ്രഹാശിസ്സുകളോടെ ഹാഗാര്‍ എന്ന ദാസിയില്‍ അബ്രഹാമിന് യിശ്മായേല്‍ എന്ന മകന്‍ ജനിച്ചു. സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടര്‍ന്ന് ഹാഗാറിനേയും ശിശുവിനേയും മരുഭൂമിയിലേക്ക് അബ്രഹാം അയച്ചു. യഹോവയുടെ വാഗ്ദാനപ്രകാരം 100-ാം വയസ്സില്‍ അബ്രഹാമിന് സാറായില്‍ യിസഹാക്ക് എന്ന പുത്രന്‍ ജനിച്ചു. എന്നാല്‍ ഏകജാതനായ യിസഹാക്കിനെ മോറിയാ മലയില്‍ കൊണ്ടുചെന്ന് ബലികഴിക്കാന്‍ യഹോവ കല്പിക്കുകയാണുണ്ടായത്. അബ്രഹാം അതീവദുഃഖിതനായെങ്കിലും ദൈവാജ്ഞയെ അനുസരിക്കുവാന്‍ തയ്യാറായി. പക്ഷേ, കുട്ടിയെ കൊലപ്പെടുത്തുവാന്‍ കത്തി എടുത്തപ്പോള്‍ നാടകീയമാംവിധം യഹോവ ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയും പകരം ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. സാറാ 127-ാം വയസ്സില്‍ മരിച്ചു. കുറേകാലങ്ങള്‍ക്കുശേഷം അബ്രഹാം കെതൂറയെ വിവാഹം ചെയ്തു. കെതൂറയില്‍നിന്നു ജനിച്ച സന്താനങ്ങളാണ് മിദ്യാന്‍, ദെദാന്‍ എന്നീ വര്‍ഗക്കാരുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നു. അബ്രഹാം മരണത്തോട് അടുത്തപ്പോള്‍ തന്റെ സ്വത്തിന്റെ സിംഹഭാഗവും യിസഹാക്കിനു നല്കി. 175-ാം വയസ്സില്‍ ഇദ്ദേഹം മരിച്ചു. സാറായെ അടക്കം ചെയ്ത മക്പോലാഗുഹയില്‍ ഇദ്ദേഹത്തെയും സംസ്കരിച്ചു.

അബ്രഹാം സ്വന്തം മകനെ ബലികഴിക്കാന്‍ അല്പംപോലും മടിക്കാതിരിക്കുകയും ഉര്‍ ദേശത്തുനിന്ന് പുറപ്പെട്ട് സഞ്ചാരജീവിതം നയിക്കാന്‍ സന്നദ്ധനാകയും ചെയ്തത് യഹോവയിലുള്ള അചഞ്ചലമായ വിശ്വാസത്തിനും സുദൃഢമായ അനുസരണത്തിനും ഉത്തമോദാഹരണങ്ങളായി വ്യവഹരിക്കപ്പെട്ടുവരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹം, അവരുടെമേലുള്ള നിയന്ത്രണശക്തി, ആതിഥ്യമര്യാദ, ഔദാര്യം, ശത്രുക്കളോടു പോരാടാനുള്ള ധൈര്യം, ബുദ്ധികൂര്‍മത എന്നിവയെ ഉദാഹരിക്കുന്ന വിവിധ സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവത്തിന്റെ വെളിപാടു ലഭിക്കുകയും വാഗ്ദാനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്ന് സ്വീകരിക്കുകയും ചെയ്ത അബ്രഹാമിനെ വലിയ ഒരു പ്രവാചകനായി ക്രൈസ്തവരോടൊപ്പം യഹൂദരും ഇസ്ലാം മതക്കാരും കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍