This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസ് ഹില്‍മി II (1874 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ബാസ് ഹില്‍മി II (1874 - 1944)

Abbas Hilmi II

ഈജിപ്തിലെ അവസാനത്തെ തുര്‍ക്കി വൈസ്രോയി. 1874 ജൂല. 14-ന് മുഹമ്മദ്തൌെഫീഖ്പാഷയുടെ പുത്രനായി ജനിച്ചു. പിതാവിന്റെ മരണസമയത്ത് വിയന്നയില്‍ ഒരു വിദ്യാര്‍ഥിയായിരുന്ന അബ്ബാസ് ഹില്‍മി, 18-ാമത്തെ വയസ്സില്‍ ഈജിപ്തിന്റെ ഭരണാധികാരിയായി. ബ്രിട്ടിഷ് വിരുദ്ധമനോഭാവം ഈജിപ്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അബ്ബാസ് ഹില്‍മി പാഷ ദേശീയചിന്താഗതിയെ അനുകൂലിച്ചിരുന്നു. തത്ഫലമായി ഈജിപ്തിലെ ബ്രിട്ടിഷ് പ്രതിനിധിയായിരുന്ന ക്രോമര്‍ പ്രഭുവിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന കിച്ച്നര്‍ പ്രഭുവിന്റെയും ശക്തമായ എതിര്‍പ്പുകള്‍ക്ക് ഇദ്ദേഹം പാത്രമായി. പക്ഷേ, ഹില്‍മിയുടെ ഇംഗ്ളണ്ടു സന്ദര്‍ശനത്തിനുശേഷം (1900) ഈ നയത്തില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സ്വാഭാവികമായ നീതിക്രമം പടുത്തുയര്‍ത്തുന്നതിലും നികുതി ഇളവു ചെയ്യുന്നതിലും തത്പരനായിരുന്ന അബ്ബാസ് ഹില്‍മി അസ്വാനിലെ ജലസേചനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലും വിദ്യാഭ്യാസപുരോഗതി കൈവരുത്തുന്നതിലും ഉത്സുകനായിരുന്നു.

ഒന്നാംലോകയുദ്ധം ആരംഭിച്ചപ്പോള്‍ അബ്ബാസ് ഹില്‍മി ഇസ്താംബൂളില്‍ ആയിരുന്നു. ഈജിപ്ത് കൈയടക്കി വച്ചിരുന്ന ബ്രിട്ടനെതിരായി യുദ്ധം ചെയ്യാന്‍ ഇദ്ദേഹം ഈജിപ്തുകാരെ ആഹ്വാനം ചെയ്തു. ഈജിപ്തിലും സുഡാനിലും ഇദ്ദേഹം ചില സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തി. ഇദ്ദേഹം ബെര്‍ബറും ഖാര്‍ത്തൂമും സന്ദര്‍ശിച്ചു (1901-02). 1909-ല്‍ സുഡാനില്‍ പുതിയൊരു തുറമുഖം തുറന്നു. 1914 ജൂലാ.-ല്‍ ഒരു ഈജിപ്ഷ്യന്‍ വിദ്യാര്‍ഥി ഇദ്ദേഹത്തെ വെടിവച്ച് പരിക്കേല്പിച്ചു.

ബ്രിട്ടന്‍ ഈജിപ്തിന്റെ സംരക്ഷണാധികാരം ഏറ്റെടുക്കുകയും അബ്ബാസ് ഹില്‍മിയെ 1914 ഡി. 19-ന് സ്ഥാനഭ്രഷ്ടന്‍ ആക്കുകയും ചെയ്തു. 1922-ല്‍ ഈജിപ്ത് പരമാധികാരമുള്ള ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ അബ്ബാസിന്റെ ഈജിപ്തിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടു. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ താമസമാക്കി. 1944 ഡി. 20-ന് ജനീവയില്‍വച്ച് അബ്ബാസ് ഹില്‍മി II അന്തരിച്ചു. ഇദ്ദേഹം രചിച്ച കൃതിയാണ്, എ ഫ്യു വേഡ്സ് ഒണ്‍ ദ് ആംഗ്ളോ-ഈജിപ്ഷ്യന്‍ സെറ്റില്‍മെന്റ് (A Few Words on the Anglo-Egyptian Settlement).

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍