This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാദിദുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ബാദിദുകള്‍

Abbadids

കൊര്‍ഡോവ ഖലീഫമാരുടെ പതനത്തെ തുടര്‍ന്ന് ദക്ഷിണ സ്പെയിനിലെ ആന്തലൂഷ്യയില്‍ സ്ഥാപിതമായ മുസ്ലിം രാജവംശം. ഉമയ്യാദ് വംശത്തിന്റെ പതനത്തിനുശേഷം പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന ഇരുപതോളം ചെറിയ രാജവംശങ്ങള്‍ സ്പെയിനില്‍ ഉടലെടുത്തിരുന്നു. കൊര്‍ഡോവ ഖലീഫമാരുടെ അധികാരം ക്ഷയിച്ചതിനാലുള്ള രാഷ്ട്രീയ ശിഥിലീകരണമായിരുന്നു ഇതിനു കാരണം. മുക്കാല്‍ നൂറ്റാണ്ടോളം സ്പെയിനില്‍ മൂന്നു രാജാക്കന്‍മാരുടെ കീഴില്‍ ഭരണം നടത്തിവന്ന അബ്ബാദിദ് വംശം ഇത്തരം ചെറിയ രാജവംശങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പുരാതന ലഖ്മിദ് രാജാക്കന്‍മാരുടെ പാരമ്പര്യം അബ്ബാദിദ് വംശക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇബ്‍നു അബ്ബാദ് എന്നു വിളിക്കപ്പെടുന്ന അബുല്‍ഖാസിം മുഹമ്മദ് ആയിരുന്നു 1023-ല്‍ അബ്ബാദിദ് വംശം സ്ഥാപിച്ചത്. ഇദ്ദേഹം സെവില്‍ നഗരത്തിലെ പ്രധാന ഖാസിയായിരുന്നു. ചില പ്രഭുക്കന്‍മാരുടെ സഹായത്തോടുകൂടി 1023-ല്‍ ഇദ്ദേഹം സെവില്‍ നഗരം സ്വതന്ത്രമാക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയതന്ത്രങ്ങളും അതിര്‍ത്തിയുദ്ധങ്ങളും വഴി തന്റെ രാജ്യാതിര്‍ത്തി വ്യാപിപ്പിച്ചു.

ഇബ്‍നു അബ്ബാദിന്റെ പുത്രനായ അബ്ബാദ് II അല്‍മുത്താദിദ് എന്ന പേരില്‍ 1042 മുതല്‍ 1068 വരെ രാജ്യഭരണം നടത്തി. ഇദ്ദേഹം തന്റെ രാജ്യാതിര്‍ത്തി വ്യാപിപ്പിക്കുകയും കൊര്‍ഡോവ പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തന്റെ മിത്രങ്ങള്‍ വേണ്ടതുപോലെ സഹകരിക്കാത്തതുകൊണ്ട് ഈ ശ്രമം വിജയിച്ചില്ല. ഇദ്ദേഹം ഒരു കവിയും കലാപ്രോത്സാഹകനും ആയിരുന്നു. എന്നാല്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഇദ്ദേഹം ആരോടും വിട്ടുവീഴ്ച കാണിച്ചില്ല. തനിക്കെതിരായി പ്രവര്‍ത്തിച്ച പുത്രനെ ഇദ്ദേഹം സ്വന്തം കൈകൊണ്ട് കൊന്നതായും താന്‍ വധിച്ച ശത്രുക്കളുടെ തലയോടുകള്‍ പൂച്ചട്ടികളായി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഗ്രനാഡയിലെ രാജാവായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ശത്രു. സ്പെയിനിലെ പ്രധാന ക്രിസ്ത്യന്‍ രാജ്യങ്ങളായ കാസ്റ്റീലിലേയും ലിയോണിലേയും രാജാക്കന്മാര്‍ ഇദ്ദേഹത്തിനെതിരായി പല ആക്രമണങ്ങളും നടത്തിയിരുന്നു. അവര്‍ സെവില്‍നഗരത്തിന്റെ കോട്ടവാതില്‍വരെ എത്തുകയുണ്ടായി. അബ്ബാദ് II അവര്‍ക്ക് കപ്പം കൊടുത്ത് സമാധാനിപ്പിച്ചു.

അബ്ബാദിദ് വംശത്തിലെ അവസാനത്തെ രാജാവായ അബ്ബാദ് III (1040-95) അല്‍മുത്താമിദ് എന്ന പേരോടുകൂടി 1068 മുതല്‍ 1091 വരെ ഭരണം നടത്തി. ഈ വംശത്തിലെ ഏറ്റവും ശക്തനും പ്രാപ്തനും ഉദാരനുമായ രാജാവ് ഇദ്ദേഹമായിരുന്നു. അധികാരത്തില്‍ വന്ന ഉടനെ കൊര്‍ഡോവ പിടിച്ചടക്കി തന്റെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. തന്റെ മറ്റു സമകാലികരെപ്പോലെ സ്പെയിനിലെ ക്രിസ്ത്യന്‍ രാജാക്കന്മാര്‍ക്ക് ഇദ്ദേഹവും കപ്പം കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഔദാര്യത്തെക്കുറിച്ചും ആഡംബരത്തെക്കുറിച്ചുമുള്ള അനേകം കഥകള്‍ സ്പെയിനില്‍ പ്രചാരത്തിലുണ്ട്. ഇദ്ദേഹം കവിയും കലാപ്രേമിയുമായിരുന്നു. ഇബ്‍നു അമ്മാര്‍ എന്ന കവിയെ അല്‍മുത്താമിദ് തന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് തന്റെ അപ്രിയത്തിന് പാത്രമായപ്പോള്‍ ഇബ്‍നു അമ്മാറിനെ ജയിലിലടയ്ക്കുകയും കൊല്ലുകയും ചെയ്തു. ഇത്തിമാദ് എന്ന ഒരടിമപ്പെണ്ണിനെ ഇദ്ദേഹം വിവാഹം ചെയ്ത് തന്റെ പട്ടമഹിഷിയാക്കി. ഇത്തിമാദിന്റെ ആവശ്യപ്രകാരം അല്‍മുത്താമിദ് ആര്‍ഭാടങ്ങള്‍ക്കുവേണ്ടി വളരെ പണം ചെലവഴിച്ചു.

അല്‍മുത്താമിദിന്റെ അന്ത്യകാലം വളരെ ദുഃഖകരമായിരുന്നു. കിഴക്കന്‍ സ്പെയിനിലെ ബെര്‍ബറുകളുമായി ഇദ്ദേഹം പലപ്പോഴും ഇടഞ്ഞിരുന്നു. 1080-ല്‍ കാസ്റ്റീലിലെ ക്രിസ്ത്യന്‍ രാജാവായ അല്‍ഫോന്‍സോയുടെ സ്ഥാനപതിയെ അല്‍മുത്താമിദ് കുരിശില്‍ തറച്ചു കൊന്നതില്‍ ക്ഷുഭിതനായ അല്‍ഫോന്‍സോ, അല്‍മുത്താമിദിനെതിരെ യുദ്ധം നടത്തി. നിസ്സഹായനായ ഇദ്ദേഹം ഈ യുദ്ധത്തെ നേരിടാന്‍ അല്‍മൊറാവിദ് രാജാവായ യൂസഫ് ഇബ്‍നു താഷുഫിന്റെ സഹായം തേടി. താഷുഫിന്റെ സഹായം തേടുന്നതിനുള്ള അപകടത്തെക്കുറിച്ചു പലരും അല്‍മുത്താമിദിനു മുന്നറിയിപ്പും നല്കി. പക്ഷേ, കാസ്റ്റീലിയര്‍ക്കെതിരെ ഏത് സഹായവും സ്വീകരിക്കുവാന്‍ ഇദ്ദേഹം തയ്യാറായിരുന്നു. താഷുഫിന്റെയും അല്‍മുത്താമിദിന്റെയും സൈന്യങ്ങള്‍ കാസ്റ്റീലിയരെ തോല്പിച്ചു. വിജയോന്‍മത്തനായ താഷുഫിന്‍ ശത്രുക്കളുടെ നാല്പതിനായിരം ഛേദിക്കപ്പെട്ട ശിരസ്സുകളുമായി തിരിച്ചുപോയി. സ്പെയിനിലുള്ള മുസ്ലിങ്ങള്‍ ആകമാനം ഈ വിജയത്തില്‍ അഹങ്കരിച്ചു. അധികം താമസിയാതെ താഷുഫിന്‍ തന്റെ പഴയ ശത്രുവായ അല്‍മുത്താമിദിന്നെതിരെ യുദ്ധം ചെയ്യാന്‍ ഒരു വലിയ സൈന്യവുമായി തിരിച്ചുവന്നു. താഷുഫിന്റെ സൈന്യം സെവില്‍ നഗരം വളഞ്ഞു. അല്‍മുത്താമിദ് വീരോചിതമായി ചെറുത്തുനിന്നെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു. ഈ ചെറുത്തുനില്പില്‍ തന്റെ സ്വന്തം മകന്‍ മരിച്ചുവീഴുന്നതു കണ്ടാണ് അല്‍മുത്താമിദ് കീഴടങ്ങിയത്. 1091-ല്‍ അല്‍മുത്താമിദിനെ ശത്രുക്കള്‍ തടവുകാരനാക്കി. തന്റെ ഇഷ്ടഭാര്യയായ ഇത്താമീദും പെണ്‍മക്കളും അല്‍മുത്താമിദിനോടൊപ്പം തടവിലായി. ഉത്തരാഫ്രിക്കന്‍ തടവില്‍ക്കിടന്നുകൊണ്ട് അല്‍മുത്താമിദ് ഹൃദയസ്പൃക്കായ ചില കവിതകള്‍ രചിക്കയുണ്ടായി. 1095-ല്‍ അല്‍മുത്താമിദ് ജയിലില്‍ വച്ചു മരിച്ചു. അതോടെ അബ്ബാദിദുകളുടെ അധികാരകാലവും അവസാനിച്ചു. അല്‍മുത്താമിദിന്റെ ശവകുടീരം രണ്ടു ശ.-ത്തോളം ഒരു തീര്‍ഥാടനകേന്ദ്രമായിരുന്നു.

(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍