This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഖാദര്‍ അല്‍-ജിലാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ ഖാദര്‍ അല്‍-ജിലാനി (1077 - 1166)

Abdul Khader al-Jilani

പ്രഗല്ഭ ഇസ്ലാം മതപണ്ഡിതന്‍. വിശ്വസൌഹൃദത്തിനും ദാനധര്‍മങ്ങള്‍ക്കും ദിവ്യാനുഭൂതിക്കും പ്രാധാന്യം കല്പിക്കുന്ന അല്‍ഖാദിരിയാ മാര്‍ഗത്തിന്റെ സ്ഥാപകനും. പേര്‍ഷ്യയിലെ ജിലാന്‍ എന്ന പ്രദേശത്ത് എ.ഡി. 1077-ല്‍ ഇദ്ദേഹം ജനിച്ചു എന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

18-ാമത്തെ വയസ്സില്‍ മതപഠനത്തിനായി ബാഗ്‍ദാദില്‍ എത്തി. തുടര്‍ന്ന് മരണംവരെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം ബാഗ്ദാദായിരുന്നു. ഒരു മതപ്രചാരകന്‍ എന്നനിലയില്‍ ആദ്യമായി പൊതുരംഗത്തിറങ്ങിയത് അന്‍പതാമത്തെ വയസ്സിലായിരുന്നു. അല്‍മുകരിമിയുടെ കീഴിലുണ്ടായിരുന്ന വിദ്യാലയം അബ്ദുല്‍ഖാദര്‍ ഏറ്റെടുത്തു. വിദഗ്ധനായ അധ്യാപകന്‍ എന്ന നിലയില്‍ പ്രസിദ്ധനായി. മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും ധാരാളം ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ടായി. കൂടാതെ നിരവധി അന്യമതസ്ഥര്‍ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടരാകുകയും ചെയ്തു. ഇദ്ദേഹം സ്ഥാപിച്ച അല്‍ഖാദിരിയാ മാര്‍ഗത്തിന് ഇസ്ലാം ലോകത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരും പൌത്രന്മാരും ഈ മാര്‍ഗത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നു നടത്തിവന്നു. ഈ മാര്‍ഗത്തിന്റെ സ്വാധീനത ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയില്‍ പലയിടത്തും അല്‍ഖാദിരിയാമാര്‍ഗം സ്വീകരിച്ചവരുണ്ട്.

ജിലാനി ഒരു അദ്ഭുത പുരുഷനായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജ്ഞാനം, ആത്മീയശക്തി എന്നിവയെല്ലാം അമാനുഷികമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല സിദ്ധികളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ദുഷ്ടന്മാര്‍ ഭയപ്പെട്ടിരുന്നു. ജലത്തിനു മുകളില്‍കൂടി നടക്കുന്നതിനും വായുവില്‍ സഞ്ചരിക്കുന്നതിനും ഉള്ള കഴിവുകള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ചിലര്‍ വിശ്വസിക്കുന്നു. ദീനാനുകമ്പ, വിനയം, സൌമ്യത, സത്യം തുടങ്ങിയവയെ ഇദ്ദേഹം അങ്ങേയറ്റം പ്രായോഗികമാക്കിയിട്ടുണ്ട്.

സൂഫിമതസിദ്ധാന്തങ്ങള്‍ പ്രചാരത്തിലിരുന്ന കാലത്തായിരുന്നു ജിലാനി ജീവിച്ചിരുന്നത്. ഇദ്ദേഹം സുന്നികളുടെ ധാര്‍മികവും സാമൂഹികവും ആയ കടമകളെക്കുറിച്ച് ഒരു ചെറുഗ്രന്ഥം രചിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ അവസാനം സൂഫി ചിന്താഗതിയുടെ പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ മിസ്റ്റിസിസത്തെക്കുറിച്ചുള്ള കൃതികളും പ്രാര്‍ഥനാസമാഹാരങ്ങളും മതപ്രഭാഷണങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1166-ല്‍ ബാഗ്ദാദില്‍വച്ച് ഇദ്ദേഹം നിര്യാതനായി. അബ്ദുല്‍ഖാദര്‍ ജിലാനിയുടെ ശവകുടീരം ഒരു പുണ്യസ്ഥലമായി കരുതപ്പെടുന്നു. നിരവധി മുസ്ലിങ്ങള്‍ ഈ പുണ്യസ്ഥലം സന്ദര്‍ശിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍