This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ അസീസ് IV (1878-1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ അസീസ് IV (1878-1943)

Abdul Aziz

മൊറൊക്കൊ സുല്‍ത്താന്‍. മൌലേ അല്‍ഹസന്റെയും ലൈല റുഖിയയുടേയും പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ ജനനം 1878 ഫെ. 24-ന് ആണെന്നും 1881 ഫെ. 18-ന് ആണെന്നും രണ്ടു വാദഗതി നിലവിലുണ്ട്. പിതാവ് 1894 ജൂണ്‍ 9-നു വധിക്കപ്പെട്ടപ്പോള്‍, പുത്രനായ അബ്ദുല്‍ അസീസ് സുല്‍ത്താനായി. സര്‍ ഹാരി മക്ക്‍ലീന്റെ സഹായംമൂലം മൊറോക്കൊയുടെ ഭരണക്രമത്തില്‍, പ്രത്യേകിച്ച് റവന്യൂഭരണത്തില്‍, പല പുരോഗമന പരിഷ്കാരങ്ങളും വരുത്തുവാന്‍ ശ്രമിച്ച സുല്‍ത്താനെ യാഥാസ്ഥിതികര്‍ എതിര്‍ക്കുകയാല്‍ ഭരണം തന്നെ തകരാറിലായി. ഈ അവസരം ഉപയോഗിച്ച് യൂറോപ്യന്‍ ശക്തികള്‍ മൊറോക്കൊയില്‍ ഇടപെട്ടു. 1900 ഡി.-ല്‍ ഇറ്റലിയും ഫ്രാന്‍സുമായി ഉണ്ടാക്കിയ ഒരു രഹസ്യക്കരാര്‍ അനുസരിച്ച് മൊറോക്കൊ ഫ്രാന്‍സിന്റെ ഒരു സംരക്ഷിതപ്രദേശമായി അംഗീകരിക്കപ്പെട്ടു. 1900-നും 1903-നും ഇടയ്ക്ക് മൊറോക്കൊയുടെ അതിര്‍ത്തിയിലുള്ള പല ഊഷരപ്രദേശങ്ങളും ഫ്രാന്‍സ് കൈയടക്കി. ഈ ഇടപെടലിനെതിരായി സുല്‍ത്താന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജിലാലി ഇബ്‍നു ഇദ്രിസ് അല്‍സര്‍ഹൂനി അല്‍യൂസുഫിയുടെ (അബു ഹമാറ) നേതൃത്വത്തില്‍ ഉണ്ടായ കലാപം (1902-03) മൊറോക്കൊയുടെ സ്ഥിതി കുറേക്കൂടി വഷളാക്കി. 1904-ല്‍ ഫ്രാന്‍സ് മൊറോക്കൊയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി. ഇംഗ്ളണ്ടും ഫ്രാന്‍സുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ 1905 മാ.-ല്‍ ഫ്രാന്‍സ് തങ്ങളുടെ നിയന്ത്രണം സുല്‍ത്താനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍വേണ്ടി മൊറോക്കൊയുടെ തലസ്ഥാനമായ ഫെസിലേക്ക് ഒരു സൈനിക മിഷന്‍ അയച്ചു.

ജര്‍മനിയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട്, യൂറോപ്യന്‍ ശക്തികള്‍ ആഫ്രിക്ക പങ്കിടുന്ന നയത്തില്‍ പ്രതിഷേധിച്ച്, 1905 മാ. 31-ന് ജര്‍മന്‍ ചക്രവര്‍ത്തി വില്യം II, മൊറോക്കൊ സന്ദര്‍ശിക്കുകയും മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് ജര്‍മനി സഹായം നല്കുന്നതാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ഫ്രാന്‍സിനെ കുഴപ്പത്തിലാക്കി. 1906-ലെ അല്‍ജിസിറാസ് സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിന് മൊറോക്കൊയുടെ മേലുള്ള അധീശാധികാരം ജര്‍മനി അംഗീകരിച്ചു എങ്കിലും സ്വാതന്ത്ര്യം നിലനിര്‍ത്തപ്പെട്ടു. ഫ്രഞ്ചുകാരെ വെറുത്തിരുന്ന മൊറോക്കൊയിലെ ഗോത്രവര്‍ഗക്കാര്‍ അവരെ എതിര്‍ത്തു. ഈ എതിര്‍പ്പ് മൊറോക്കോയുടെ തീരപ്രദേശം കൈയടക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചു. 1907-ല്‍ സുല്‍ത്താന്റെ സഹോദരനായ മൌലേ ഹാഫീസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ കുഴപ്പങ്ങള്‍ മൂര്‍ധന്യത്തിലെത്തി. 1908 ആഗ. 19-ന് തന്റെ സൈന്യങ്ങള്‍ ലഹളക്കാരാല്‍ തോല്പിക്കപ്പെട്ടപ്പോള്‍ സുല്‍ത്താന്‍ ഫ്രഞ്ച് സൈനികരുടെ അടുത്ത് അഭയം പ്രാപിച്ചു. 1908 ആഗ. 29-നു സ്ഥാനത്യാഗം ചെയ്യുകയും ചെയ്തു. അബ്ദുല്‍ അസീസിന് പെന്‍ഷന്‍ അനുവദിക്കുകയും മൌലേ ഹാഫീസ് സുല്‍ത്താനായി അവരോധിക്കപ്പെടുകയും ചെയ്തു. 1943 ജൂണ്‍ 10-ന് ടാന്‍ജിയറില്‍വച്ച് അബ്ദുല്‍ അസീസ് IV നിര്യാതനായി. നോ: മൊറോക്കൊ

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍