This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍കലാം, ഡോ. എ.പി.ജെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍കലാം, ഡോ. എ.പി.ജെ. (1931 - )

ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയും സാങ്കേതികശാസ്ത്രജ്ഞനും. സ്പേസ് ടെക്നോളജി, മിസൈല്‍ ടെക്നോളജി എന്നിവയില്‍ വിദഗ്ധന്‍.

ഡോ.എ.പി.ജെ. അബ്ദുല്‍കലാം

1931 ഒ. 15-ന് തമിഴ്‍നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. പിതാവ് ജൈനുലബ്ദീന്‍, മാതാവ് ആച്ചിയാമ്മ. അവുല്‍പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം എന്നാണ് മുഴുവന്‍ പേര്. രാമേശ്വരത്തെ എലിമെന്ററി സ്കൂള്‍, രാമനാഥപുരത്തെ ഷ്വാര്‍ട്സ് ഹൈസ്ക്കൂള്‍ തിരുച്ചിറപ്പള്ളിയിലെ സെന്റ്ജോസഫ്‍സ് കോളജ്, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക് നോളജി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബാംഗ്ളൂരിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ (HAL) ട്രെയിനിയായി ചേര്‍ന്നു. ഇവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഹോവര്‍ ക്രാഫ്റ്റ് സൃഷ്ടിക്കുകയുണ്ടായി. ബോംബെയിലെ ഇന്ത്യന്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിലും 1962-ല്‍ തിരുവനന്തപുരത്ത് തുമ്പയില്‍ സ്ഥാപിക്കപ്പെട്ട ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലും (ഇപ്പോഴത്തെ ഐ.എസ്.ആര്‍.ഒ.) സേവനമനുഷ്ഠിച്ചു. "നാസയില്‍ (NASA-National Aeronautic and Space Administration -USA) ആറുമാസത്തെ പരിശീലനത്തിനായി കലാം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം ഇദ്ദേഹവും കൂട്ടരും ചേര്‍ന്ന് പ്രഥമ രോഹിണി റോക്കറ്റ് വിക്ഷേപിച്ചു. 1980-ല്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എല്‍.വി. 3-യുടെ വിക്ഷേപണവും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി. പിന്നീട് അദ്ദേഹം ഡി.ആര്‍.ഡി.ഒ.യുടെ മേധാവിയായി 1992-99 കാലയളവില്‍ ഡോ. കലാം രക്ഷാമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായി. ഈ കാലഘട്ടത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ആണവ പരീക്ഷണങ്ങളിലൂടെ ഇന്ത്യയെ ഒരു ആണവ ശക്തിയാക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. മിസൈല്‍ ടെക്നോളജി വിദഗ്ധനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൃഥ്വി (ഭൂതല-ഭൂതല ആയുധ സംവിധാനം), ആകാശ് (ഭൂതല-വ്യോമമേഖലാ പ്രതിരോധം), നാഗ് (ടാങ്ക്വേധ മിസൈല്‍), അഗ്നി മിസൈല്‍ എന്നിവയുടെ വിജയകരമായ പരീക്ഷണം നടന്നത്. ടെക്നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്മെന്റ് കൌണ്‍സില്‍ (TIFAC) അധ്യക്ഷന്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ.എ.പി.ജെ. അബ്ദുല്‍കലാം വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞന്‍മാരോടൊപ്പം(പഴയ ചിത്രം

2002, ജൂല. 25-ന് ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായി കലാം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ശാസ്ത്രലോകത്തിന് പുത്തനുണര്‍വേകിയ ഇദ്ദേഹത്തെ ജാദവ്പൂര്‍, അണ്ണാ തുടങ്ങി ആകെ മുപ്പതു സര്‍വകലാശാലകള്‍ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. 1981-ല്‍ പദ്മഭൂഷണ്‍, 1990-ല്‍ പദ്മവിഭൂഷണ്‍, 1994-ല്‍ ആര്യഭട്ട അവാര്‍ഡ്, 1997-ല്‍ ഭാരതരത്നം തുടങ്ങി നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഇന്ത്യ-2020: എ വിഷന്‍ ഫോര്‍ ദ് ന്യൂ മില്ലന്നിയം, വിങ്സ് ഒഫ് ഫയര്‍ (ആത്മകഥ), മൈ ജേര്‍ണി, ഇഗ്നൈറ്റഡ് മൈന്‍ഡ്സ് - അണ്‍ലീഷിങ് ദ് പവര്‍ വിത്തിന്‍ ഇന്ത്യ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

(ഡോ. സി.ജി. രാമചന്ദ്രന്‍ നായര്‍, പ്രിയ വി.കെ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍