This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദാലികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്ദാലികള്‍
ഒരു അഫ്ഗാന് ജനവര്‍ഗം. ഇപ്പോള്‍ ഈ ജനവിഭാഗം ദുറാനി കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അഫ്ഗാന്ഗോത്രങ്ങളിലെ സദൊസായ് ശാഖയില്‍പ്പെട്ട ഇവരുടെ തലവന്‍ അബ്ദാല് ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അബ്ദാലി ജനത വളരെക്കാലം കാന്ദഹാറില്‍ ആണ് വസിച്ചിരുന്നത്. എന്നാല്‍ ഷാ അബ്ബാസ് I-ന്റെ കാലത്ത് (1571-1629) ഘില്‍സായ് വര്‍ഗക്കാരുടെ മുന്നേറ്റവും അധിവാസവും കാരണം ഇവര്‍ ഹീരേത്തിലേക്ക് മാറിത്താമസിച്ചു. അബ്ബാസ് I, പോപ്പുല്സയ്വര്ഗത്തിലെ സദൊയെ, 'മീര്‍-ഇ-അഫാഗിന' എന്ന സ്ഥാനപ്പേരോടുകൂടി അബ്ദാലികളുടെ വര്ഗത്തലവനായി നിയമിച്ചു. ഘില്‍സായ് വര്‍ഗക്കാരെപ്പോലെ അബ്ദാലികള്‍ പില്ക്കാലത്ത് പ്രബലരായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പേര്‍ഷ്യയിലെ നാദിര്‍ഷാ (1731) അവരെ കീഴടക്കിയെങ്കിലും അവരോട് നയതന്ത്രപരമായി പെരുമാറി. ഒട്ടേറെ അബ്ദാലികളെ നാദിര്‍ഷാ സൈന്യത്തില്‍ സ്വീകരിച്ചു. അങ്ങനെ സൈന്യത്തില്‍ ചേര്‍ക്കപ്പെട്ട ഒരാളായിരുന്നു അഹമ്മദ്ഖാന്‍ അബ്ദാലി അഥവാ അഹമ്മദ്ഷാ അബ്ദാലി (1722-73). അബ്ദാലികള്‍ നാദിര്‍ഷായെ സ്തുത്യര്‍ഹമായി സേവിച്ചതിനാല്‍ അബ്ദാലികള്ക്ക് നഷ്ടപ്പെട്ട കാന്ദഹാര്‍ നാദിര്‍ഷാ തിരിച്ചുകൊടുത്തു. 1747-ല്‍ നാദിര്‍ഷാ വധിക്കപ്പെട്ടപ്പോള്‍ അബ്ദാലിത്തലവനായ മുഹമ്മദ് സമാന്ഖാന് സദൊസായിയുടെ രണ്ടാമത്തെ പുത്രനായ അഹമ്മദ്ഖാന്‍ അധികാരം പിടിച്ചെടുത്ത് കാന്ദഹാര്‍ തലസ്ഥാനമാക്കി ഭരണം ആരംഭിച്ചു. അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന അഹമ്മദ്ഷാ അബ്ദാലി തന്റെ ഗോത്രത്തിന്റെ പേര് 'ദുറാനി' എന്നു മാറ്റി. ഇക്കാലം മുതല്‍ അബ്ദാലികള്‍ ദുറാനികള്‍ എന്ന പേരില്‍ വിഖ്യാതരായിത്തീര്ന്നു. നോ: അഫ്ഗാനിസ്താന്; അഹമ്മദ്ഷാ അബ്ദാലി