This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബു അബ്ദുല്ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബു അബ്ദുല്ല (?-911)

Abu Abdullah


ഉത്തരാഫ്രിക്കയിലെ ഫാത്തിമിയ്യ രാജവംശസ്ഥാപകന്‍. അല്‍മുഹ്ത്തസീബ് എന്ന പേരിലും അറിയപ്പെടുന്നു. ഇദ്ദേഹം സനായില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇറാക്കിലെ ഇസ്മായിലി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായതോടുകൂടി ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. യെമനിലെ ഇസ്മായിലി പ്രസ്ഥാനത്തിന്റെ തലവനായ മന്‍സൂര്‍ അല്‍യമനില്‍നിന്നും, ഈ പ്രസ്ഥാനത്തില്‍ ചേരുന്നതിലേക്കുള്ള പരിശീലനം നേടി. 892-ല്‍ മക്കയില്‍ പോയി ഹജ്ജ് ചെയ്തു. അവിടെ വച്ച് ആഫ്രിക്കയിലെ കുത്താമയില്‍ നിന്നു വന്ന ഹജ്ജ് തീര്‍ഥാടകരുമായി പരിചയപ്പെടുകയും അവരുടെകൂടെ പോകുകയും ചെയ്തു. 893 ജൂണ്‍ 3-ന് അവിടെ എത്തി. സത്തിഫിനടുത്തുള്ള ഇക്ക്ജാനില്‍ ആധിപത്യം സ്ഥാപിച്ചു. ഈ സ്ഥാനോന്നതിയില്‍ അസൂയ തോന്നിയ കുത്താമ ഗോത്രത്തലവന്മാര്‍ ഒന്നിച്ചണിനിരന്ന് അബു അബ്ദുല്ലയെ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം തന്റെ ആസ്ഥാനം താസ്റുത്തിലേക്ക് മാറ്റി. അഖ്ലാബിദ് രാജാക്കന്മാര്‍ 902-ലും 903-ലും നടത്തിയ ആക്രമണങ്ങളെ അബു അബ്ദുല്ല ചെറുത്തുനിന്നു. പിന്നീട് ആസ്ഥാനം ഇക്ക്ജാനിലേക്കു മാറ്റി.


സിറിയയിലെ ഇമാം ആയിരുന്ന അല്‍ മഹ്ദി ഉബൈദുല്ല അവിടെനിന്നും രക്ഷപ്പെട്ട് അബു അബ്ദുല്ലയെ ശരണം പ്രാപിക്കാന്‍ പുറപ്പെട്ടെങ്കിലും വഴിക്ക് സിജില്‍മാസ്സയില്‍ വച്ച് അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു. ഇമാമിനെ അകമ്പടി സേവിച്ചിരുന്ന അബു അബ്ദുല്ലയുടെ സഹോദരനായിരുന്ന അബുല്‍ അബ്ബാസ് മുഹമ്മദും അഖ്ലാബിദു രാജാക്കന്മാരുടെ പിടിയിലായി. ഈ പ്രതിസന്ധിയെത്തുടര്‍ന്ന് 902-ല്‍ അബു അബ്ദുല്ല സത്തിഫ്, തുബ്ന, ബില്ലിസ്മ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കി. ദാര്‍മല്ലുല്‍ യുദ്ധത്തിലൂടെ തിജിസ്, ബാഖായ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി. ദാര്‍മദിയയ്ക്കടുത്തുവച്ചുണ്ടായ യുദ്ധംമൂലം അഖ്ലാബിദ് സൈന്യത്തെ പരാജയപ്പെടുത്താനും കസ്തിലിയ, കഫ്സ എന്നീ സ്ഥലങ്ങള്‍ കീഴടക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇഫ്രിക്കയുടെ തന്ത്രസ്ഥാനമായ അല്‍-ഉര്‍ബൂസ് കീഴടക്കപ്പെട്ടതോടെ, (909 മാ. 19) അവിടത്തെ അഖ്ലാബിദ് അമീറായ സിയാദത്തുല്ല പലായനം ചെയ്തു. അഖ്ലാബിദ് തലസ്ഥാനമായ ഖൈറുവാന്‍ 909 മാ. 25-നു അബു അബ്ദുല്ല കീഴടക്കി. തന്റെ സഹോദരനായ അബുല്‍ അബ്ബാസിനെ അവിടത്തെ പ്രതിപുരുഷനാക്കി ഭരണം ഏല്പിച്ചു. തുടര്‍ന്ന് അബു അബ്ദുല്ലയും സൈന്യങ്ങളും സിജില്‍മാസ്സയിലേക്ക് നീങ്ങി. 910 ജനു. 6-ന് റക്കാദ പിടിച്ചെടുത്ത്, തടവിലാക്കപ്പെട്ടിരുന്ന ഇമാം അല്‍മഹ്ദി ഉബൈദുല്ലയെ മോചിപ്പിച്ചു. 911 ജൂല. 31-ന് ഇദ്ദേഹവും സഹോദരനായ അബുല്‍ അബ്ബാസും വധിക്കപ്പെട്ടു. നോ: അഖ്ലാബിദുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍