This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബലാര്‍ഡ്, പീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബലാര്‍ഡ്, പീറ്റര്‍ (1079 - 1142)

Abelard, Peter

ഫ്രഞ്ചു പണ്ഡിതനും ദൈവശാസ്ത്രജ്ഞനും. ഫ്രാന്‍സിലെ നാന്റസിനു സമീപം ജനിച്ചു. അന്നത്തെ ഏറ്റവും വലിയ ഭാവനാനാമവാദി (Nominalist) ആയിരുന്ന റോസലിന്റെ കീഴില്‍ കുറേക്കാലം വിദ്യാഭ്യാസം ചെയ്തശേഷം പാരിസില്‍ നോത്രദാമിലെ ആചാര്യനായ വില്യമിന്റെ ശിഷ്യത്വം സ്വീകരിച്ചു. വില്യമിന്റെ യഥാതഥവാദത്തെ അബലാര്‍ഡ് കഠിനമായി എതിര്‍ത്തു. അവര്‍ തമ്മില്‍ നടന്ന വാദപ്രതിവാദത്തിന്റെ ഫലമായി ഗുരുവിന്റെ പ്രശസ്തിക്ക് ഇടിവു തട്ടുകയും ശിഷ്യന് അനുയായികള്‍ വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ വില്യമിന്റെ പ്രേരണയാല്‍ ഭദ്രാസനപ്പള്ളിയുടെ അധികാരികള്‍ അബലാര്‍ഡിനെ നോത്രദാമില്‍നിന്ന് ബഹിഷ്കരിച്ചു; സെന്റ് ജനീവീവില്‍ ഇദ്ദേഹം അഭയംതേടി.

പീറ്റര്‍ അബ്‍ലാര്‍ഡ് പാരീസ് യൂണിവേഴ്സിറ്റിയില്‍ (14-ാം ശ.-ത്തിലെ ചിത്രം

തര്‍ക്കശാസ്ത്രത്തിലെന്നപോലെ വേദശാസ്ത്രത്തിലും പ്രാവീണ്യം നേടുവാന്‍ അന്നത്തെ ഏറ്റവും വലിയ വേദപണ്ഡിതനായ ലിയോണിലെ ആന്‍സ്ളമിനെ ഇദ്ദേഹം സമീപിച്ചു; പക്ഷേ, നിരാശയായിരുന്നു ഫലം. ആന്‍സ്ളമിന്റെ പ്രഭാഷണങ്ങള്‍ വെളിച്ചം വീശുന്നതിനുപകരം ധൂമിക പരത്തുന്നതായി അബലാര്‍ഡിന് തോന്നി. വിവേകികള്‍ വേദഗ്രന്ഥങ്ങള്‍ ടിപ്പണി നോക്കിപ്പഠിക്കുന്നതാണ് നല്ലതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായത്തെ തെളിയിക്കാന്‍ ചില പ്രഭാഷണങ്ങള്‍ നടത്തി. അതില്‍ വന്‍പിച്ച വിജയമാണുണ്ടായത്. വിദ്യാര്‍ഥികള്‍ തള്ളിക്കേറാന്‍ തുടങ്ങി. ആ പ്രവാഹം തടയാന്‍ അധികാരികള്‍ക്ക് അബലാര്‍ഡിനെ ഒരു അനധികൃതോപദേഷ്ടാവായി മുദ്രകുത്തി പുറംതള്ളേണ്ടിവന്നു.

അബലാര്‍ഡ് പാരിസില്‍ മടങ്ങി എത്തി പ്രഭാഷണങ്ങള്‍ തുടര്‍ന്നു. തത്ത്വജ്ഞാനിയും കവിയും സംഗീതജ്ഞനും വേദശാസ്ത്രപാരംഗതനുമായ ഈ അദ്ഭുതപുരുഷനില്‍ നിന്നും വിദ്യ അഭ്യസിക്കാന്‍ പല പ്രദേശങ്ങളിലും നിന്ന് വിദ്യാര്‍ഥികള്‍ വന്നുതുടങ്ങി. നോത്രദാമിലെ ഒരു പ്രബോധകനായി സഭ ഇദ്ദേഹത്തെ നിയമിച്ചു. ഇദ്ദേഹം കീര്‍ത്തിയുടെ പാരമ്യത്തില്‍ എത്തി. പിന്നീടുള്ള ജീവിതം ദൌര്‍ഭാഗ്യപൂര്‍ണമായിരുന്നു. ഹെലോയിസ് എന്നൊരു യുവതിയുമായി ഇദ്ദേഹം പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ടു. രഹസ്യമായി ആ സ്ത്രീയെ വിവാഹം കഴിച്ചു. ഇത് പരസ്യമായപ്പോള്‍ ഭാര്യയെ ഒരു കന്യാസ്ത്രീമഠത്തില്‍ പാര്‍പ്പിച്ചു. കഠിനമായ എതിര്‍പ്പിനും മര്‍ദനത്തിനും വിധേയനായി ഇദ്ദേഹം സെന്റ് ഡെനിസിലേക്ക് പലായനം ചെയ്തു. ശിഷ്യന്‍മാര്‍ അവിടേയും ഇദ്ദേഹത്തിന്റെ ചുറ്റുംകൂടി. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഉജ്ജ്വലവും ധീരവുമായിരുന്നു. ദൈവപ്രോക്തമാണെന്നതുകൊണ്ടല്ല, യുക്തിവിചാരത്തില്‍ ശരിയെന്നു ബോധ്യപ്പെടുന്നതുകൊണ്ടാണ് ഏതെങ്കിലും സിദ്ധാന്തത്തെ വിശ്വസിക്കേണ്ടത് എന്ന് ഇദ്ദേഹം ഉപദേശിച്ചു. ആയിടയ്ക്കെഴുതിയ വേദശാസ്ത്ര പ്രവേശിക(Introductio ad Theologiam)യില്‍ ഇത്തരം വിപ്ളവകരമായ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. പ്രനസ്തേയിലെ കര്‍ദിനാള്‍ കനോ ഇദ്ദേഹത്തെ മതദ്രോഹവിചാരണയ്ക്കു വിധേയനാക്കി. വിചാരണയില്‍ ഗ്രന്ഥത്തിലെ ഉപദേശങ്ങള്‍ മതവിരുദ്ധമെന്നു കാണുകയാല്‍ ആ ഗ്രന്ഥം ചുട്ടെരിക്കുകയും ഗ്രന്ഥകാരനെ സെന്റ് മെഡാര്‍ഡ് ആശ്രമത്തില്‍ തടവില്‍ വയ്ക്കുകയും ചെയ്തു.

മതവിവാദങ്ങള്‍. താമസിയാതെ അബലാര്‍ഡിന് സെന്റ് ഡെനിസിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു. പക്ഷേ, പ്രസ്തുത സന്ന്യാസിമഠം ഡയനീഷ്യസ് സ്ഥാപിച്ചതാണെന്ന പരമ്പരാഗതവിശ്വാസത്തെ ഇദ്ദേഹം ചോദ്യം ചെയ്കയാല്‍ സന്ന്യാസിമാര്‍ ഇദ്ദേഹത്തെ ആശ്രമത്തിന്റെ രക്ഷാധികാരിയായ രാജാവിനെ ഏല്പിക്കുമെന്നു ഭീഷണിപ്പെടുത്തി. സെന്റ് അയൌള്‍സ് ആശ്രമത്തിലേക്ക് ഇദ്ദേഹം രാത്രി രക്ഷപ്പെട്ടു. ബലംപ്രയോഗിച്ച് ഇദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടന്നു. സെന്റ് ഡെനിസിലെ മഠാധിപതി ആഡം മരിച്ചു. പിന്‍ഗാമിയായ സൂഗര്‍, എവിടെയെങ്കിലും അഭയം തേടിക്കൊള്ളാന്‍ അബലാര്‍ഡിന് അനുവാദം കൊടുത്തു. ഇദ്ദേഹം നാട്ടിന്‍പുറത്തേക്ക് ഒഴിഞ്ഞുമാറി. ശിഷ്യന്‍മാര്‍ ഇദ്ദേഹം പാര്‍ത്തിരുന്ന പ്രാര്‍ഥനാലയം കണ്ടുപിടിച്ച് അവിടെ ഒരു കൊച്ചുപള്ളി സ്ഥാപിച്ചു. അതാണ് പ്രസിദ്ധമായിത്തീര്‍ന്ന പരക്ളീറ്റ്.

1125-ല്‍ അബലാര്‍ഡ് സെന്റ് ഗില്‍ഡാസ് എന്ന ആശ്രമത്തിലെ അധിപനായി നിയമിക്കപ്പെട്ടു. അവിടെ ഏഴെട്ടു വര്‍ഷം ദുരിതപൂര്‍ണമായ ജീവിതമാണ് നയിച്ചത്. പരിഷ്കൃത ചിന്തകള്‍ സഹിക്കാത്ത അവിടത്തെ സന്ന്യാസിമാര്‍, വിഷംകൊടുത്ത് ഇദ്ദേഹത്തെ കൊല്ലാന്‍ പലതവണ ശ്രമിച്ചു. ഒടുവില്‍ അബലാര്‍ഡ് അവിടെനിന്ന് രക്ഷപ്പെട്ടു. പക്ഷേ, പരക്ളീറ്റിലേക്കു തിരികെച്ചെല്ലാന്‍ സാധിച്ചില്ല. അടുത്ത ഏതാനും കൊല്ലത്തെ ജീവിതത്തെപ്പറ്റിയുള്ള സൂക്ഷ്മ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ കാലത്തോടടുപ്പിച്ചാണ് ഹിസ്റ്റോറിയ കലാമിറ്റാറ്റം (Historia Calamitatum) തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചത്.

സെന്റ് ബര്‍നാഡുമായി വേദവിഷയകമായ വിവാദത്തില്‍ ഏര്‍പ്പെടുന്ന നിലയിലാണ് പിന്നീട് അബലാര്‍ഡ് പ്രത്യക്ഷപ്പെടുന്നത്. മൌലികമായിരുന്നു അവര്‍ തമ്മിലുള്ള അഭിപ്രായഭിന്നത. യുക്തിരഹിതമായ പ്രമാണങ്ങളോടുള്ള അകാലികമായ എതിര്‍പ്പാണ് അബലാര്‍ഡ് പ്രകടമാക്കിയത്. യുക്തിയാണ് ദൈവത്തിലേക്കുള്ള പാതയെന്നും വിശ്വസിക്കാന്‍ തിടുക്കപ്പെടുന്നവര്‍ അല്പബുദ്ധികളാണെന്നും ഇദ്ദേഹം വാദിച്ചു. പരസ്പരം യോജിക്കാത്ത രണ്ടു ചിന്താഗതികളുടെ ഈ പ്രതിനിധികള്‍ സെന്‍സില്‍ വച്ച് ബലപരീക്ഷണം നടത്താന്‍ നിര്‍ബന്ധിതരായി. അബലാര്‍ഡാണ് ആദ്യമായി വെല്ലുവിളി നടത്തിയത്. തന്റെമേല്‍ പ്രതിയോഗികള്‍ ചെയ്ത മതദ്രോഹാരോപണം നിരാസ്പദമാണെന്നു തെളിയിക്കാന്‍ ഇദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, പരിതഃസ്ഥിതി അനുകൂലമായിരുന്നില്ല. യുക്തിചിന്തയ്ക്കുവേണ്ടിയുള്ള ആഹ്വാനം അതു ചെവിക്കൊള്ളാന്‍ ഇടയില്ലാത്ത അവസരത്തിലാണ് ഇദ്ദേഹം പുറപ്പെടുവിച്ചത്. വിചാരണസഭ തുടങ്ങി, പ്രതിയോഗിയുടെ മതദൂഷണങ്ങള്‍ വിചാരണ ചെയ്യുവാന്‍ ബര്‍നാഡ് ആവശ്യപ്പെട്ടമാത്രയില്‍, താന്‍ മാര്‍പാപ്പായ്ക്ക് അപ്പീല്‍ ബോധിപ്പിക്കുന്നുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് അബലാര്‍ഡ് സഭ വിട്ടിറങ്ങിപോയി. ഇദ്ദേഹം കുറ്റവാളിയാണെന്ന് സഭ വിധിച്ചു. ബര്‍നാഡ് കാലേകൂട്ടി പ്രേരണ ചെലുത്തിയിരുന്നതിനാല്‍ മാര്‍പാപ്പാ, സഭയുടെ തീരുമാനം ശരിവച്ചു. മാര്‍പാപ്പായുടെ മുമ്പാകെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അബലാര്‍ഡ് റോമിലേക്കു തിരിച്ചു. പക്ഷേ, വഴിക്കുവച്ച് ഇദ്ദേഹം രോഗബാധിതനായി. ക്ളൂണിയിലെ മഠാധിപതിയായ പീറ്റര്‍ ഇദ്ദേഹത്തെ സ്വീകരിച്ച് സെന്‍മാര്‍സല്‍ എന്ന ഉപമഠത്തിലേക്ക് അയച്ചു. അവിടെവച്ച് ഇദ്ദേഹം അന്തരിച്ചു (1142 ഏ. 21). നോജന്റിലെ സന്ന്യാസാശ്രമത്തിലുള്ള ഇദ്ദേഹത്തിന്റെ ശവക്കല്ലറയ്ക്ക് സമീപമാണ് ഇദ്ദേഹത്തിന്റെ പ്രേമഭാജനമായ ഹെലോയിസ് മരിച്ചപ്പോള്‍ (1164) അവരുടെ മൃതദേഹവും അടക്കം ചെയ്തത്.

യുക്തിയും വിശ്വാസവും. അബലാര്‍ഡ് ഒരു മതവിദ്വേഷി ആയിരുന്നില്ല. മതകാര്യങ്ങളില്‍ സമഗ്രമായ വിചിന്തനവും അന്വേഷണവും വേണമെന്നേ ഇദ്ദേഹം പറഞ്ഞുള്ളു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ലൊംബാര്‍ഡ് രചിച്ചതും കുറ്റാരോപണത്തിന് ഉന്നയിക്കപ്പെട്ട അഭിപ്രായങ്ങള്‍ പലതും ഉള്‍ക്കൊള്ളുന്നതുമായ സെന്റന്‍സസ് (Sentences) എന്ന കൃതി, പില്ക്കാലം ഒരു പ്രമാണഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അബലാര്‍ഡിന്റെ വിശാലവീക്ഷണം പഴമയിലേക്കു ചായ്വുള്ള ജനസമൂഹത്തിനിടയില്‍ വിലപ്പോകാത്തവിധം പുരോഗമനപരമായിരുന്നു. സഭയിലെ പണ്ഡിതന്‍മാര്‍ വിശ്വസിക്കണമെന്നുള്ള ആവശ്യത്തിനല്ല വിവേചനം ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയായിരിക്കണം വേദപുസ്തകങ്ങള്‍ വായിക്കുക എന്നുള്ള അബലാര്‍ഡിന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പ്രൊട്ടസ്റ്റന്റു മതത്തിന്റെ ആഹ്വാനങ്ങളില്‍ പില്ക്കാലം മുഴങ്ങിക്കേട്ടു. വേദഗ്രന്ഥങ്ങളും അവയുടെ വ്യാഖ്യാനങ്ങളും പ്രമാദാതീതമാണെന്നു കരുതേണ്ടതില്ലെന്നും സംശയം അന്വേഷണത്തിനു പ്രേരകമാണെന്നും അന്വേഷണത്തിലാണ് സത്യം കണ്ടെത്തുകയെന്നും ഇദ്ദേഹം ഉപദേശിച്ചു. സത്യനിര്‍ണയനത്തിനുള്ള വഴികാട്ടിയാണ് യുക്തി. കൂടുതല്‍ പക്വതവന്ന ജീവിതങ്ങളില്‍ യുക്തി, വിശ്വാസത്തിലേക്കു വഴികാണിക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ഉപദര്‍ശനം.


അബലാര്‍ഡ് അധ്യാപനം നടത്തിയ വിദ്യാലയം ഒരു തലമുറക്കാലത്തിനുള്ളില്‍ യൂറോപ്പിലെ ഏറ്റവും വലിയ സര്‍വകലാശാലയായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ മാര്‍പാപ്പാ അലക്സാണ്ടര്‍ മൂന്നാമന്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചു പേര്‍ കര്‍ദിനാള്‍മാരും അന്‍പതിലധികം പേര്‍ മെത്രാന്‍മാരും ആയിട്ടുണ്ട്. ഇദ്ദേഹത്തില്‍നിന്നും പ്രചോദനം ആര്‍ജിച്ച പീറ്റര്‍ ലൊംബാര്‍ഡിന്റെ ഗ്രന്ഥം അടുത്ത മുന്നൂറുകൊല്ലം വേദശാസ്ത്രത്തില്‍ വന്‍പിച്ച ചലനം സൃഷ്ടിക്കയുണ്ടായി. അബലാര്‍ഡ് ചിന്താസ്വാതന്ത്യ്രത്തിന്റെ അഭിഭാഷകനായിരുന്നു; ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളായ ആര്‍നോള്‍ഡ്, മാതൃകാപരമായ ഒരു ക്രിസ്ത്യന്‍ റിപ്പബ്ളിക്കിലെ ഇച്ഛാസ്വാതന്ത്യ്രത്തിന്റെ വക്താവായിത്തീര്‍ന്നു. തര്‍ക്കശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ അബലാര്‍ഡ് ചെലുത്തിയ സ്വാധീനശക്തി വിപ്ളവാത്മകമാണ്. സംഗീതം, സാഹിത്യം, നിയമം എന്നുവേണ്ട, അന്നറിയപ്പെട്ടിരുന്ന എല്ലാ വിജ്ഞാനശാഖകളിലും ഇദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം എതിരാളികള്‍പോലും അംഗീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍