This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസ്തലിക പിന്തുടര്‍ച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പോസ്തലിക പിന്തുടര്‍ച്ച

Apostolic Succession


യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്‍മാരുടെ ദൌത്യം, അഭംഗം സഭയില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ നിയമിക്കപ്പെടുന്ന മേല്പട്ടക്കാരിലൂടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന പിന്തുടര്‍ച്ച.

ക്രിസ്തു പുനരുത്ഥാനത്തിനുശേഷം ശിഷ്യരോട് അരുളിചെയ്തു; 'സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സ്നാനംകഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍. ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടിയുണ്ട്' (മത്തായി 28 : 18-20). ക്രിസ്തു ഏല്പിച്ച ഈ ദൌത്യം അപ്പോസ്തലന്‍മാരുടെ കാലശേഷവും തുടര്‍ന്നുകൊണ്ടുപോകുന്നു. സുവിശേഷം പ്രസംഗിക്കുക, (മത്തായി 28 : 18-20), പാപങ്ങള്‍ ഔദ്യോഗികമായി മോചിപ്പിക്കുക (യോഹ. 20 : 21-23), ആധ്യാത്മിക നേതൃത്വം നല്കുക (മത്തായി 18 : 18) എന്നിങ്ങനെ പലതും അപ്പോസ്തലന്‍മാരുടെ ദൌത്യത്തില്‍പെടും.

ക്രിസ്തു ശിഷ്യഗണത്തില്‍നിന്നു ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലനം നല്കി പ്രത്യേക അധികാരാവകാശങ്ങള്‍ നല്കിയതുപോലെ അപ്പോസ്തലന്‍മാരും തങ്ങളുടെ അനുയായികളില്‍നിന്ന് ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും അവരെ പ്രാദേശികസഭകളുടെ നേതാക്കന്‍മാരായി നിയമിക്കുകയും ചെയ്തു. അപ്പോസ്തലനായിരുന്ന വി. പൌലോസ് തന്റെ ശിഷ്യനായ തിമൊഥെയോസിനെ ഇപ്രകാരം നിയമിച്ചു. ക്രിസ്തുവിന്റെ ദിവ്യോപദേശങ്ങള്‍ വിശ്വസ്തതയോടെ അനുസരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ചുമതലപ്പെടുത്തുന്നതോടൊപ്പം യോഗ്യരായിട്ടുള്ളവരെ ഈ ദൌത്യ നിര്‍വഹണത്തിന് നിയമിക്കണമെന്നും പൌലോസ് തിമൊഥെയോസിനെ ഉപദേശിച്ചു.

കൈവയ്പിലൂടെയാണ് പുരോഹിതസ്ഥാനത്തിന്റെ അംഗീകാരവും നിയമനവും നടക്കുന്നത് (1 തിമൊ. 4 : 14). അപ്പോസ്തലന്‍മാര്‍ ദൈവത്തില്‍നിന്നു തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വരങ്ങള്‍ കൈവയ്പിലൂടെയാണ് (Imposition of hands) മറ്റുള്ളവര്‍ക്കു നല്കിയിരുന്നതെന്ന് അപ്പോസ്തലപ്രവൃത്തികള്‍ 6 : 6 യില്‍ കാണുന്നു. സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും 'സമര്‍ഥരായ വിശ്വസ്ത മനുഷ്യരെ ഭാരമേല്പിക്കാനും' പൌലോസ് അവരെ ചുമതലപ്പെടുത്തിയിരുന്നു. മരണം അടുത്തെന്നും, അധികനാള്‍ സുവിശേഷവേല തുടരുവാന്‍ സാധ്യമല്ലെന്നും ബോധ്യമായപ്പോഴാണ് ശിഷ്യനായ തിമൊഥെയോസിനെ (2 തിമൊ. 2 : 2), ഈ ദൌത്യം ഏല്പിച്ചത്. ഇപ്രകാരമുള്ള പിന്തുടര്‍ച്ച യഹൂദപാരമ്പര്യത്തിനു ചേര്‍ന്നതായിരുന്നു. അഹറോന്റെ പിന്‍ഗാമിയായി എലെയാസരും (സംഖ്യാ. 20 : 22-29) മോശയുടെ പിന്‍ഗാമിയായി യോശുവായും നിയമിതരായി.

സഭാചരിത്രത്തില്‍. അപ്പോസ്തലിക പിന്തുടര്‍ച്ച ചരിത്രരേഖകളിലും കാണാവുന്നതാണ്. എ.ഡി. ഒന്നാം ശ. അവസാനത്തോടെ റോമിലെ ബിഷപ്പായിരുന്ന വി.ക്ളെമെന്റിന്റെ ലേഖനത്തില്‍ അപ്പോസ്തലന്‍മാര്‍ സഭാഭരണത്തിനായി പല സ്ഥലങ്ങളിലും ബിഷപ്പുമാരെ നിയമിച്ചതായി പറയുന്നു (1 ക്ളെമെന്റ് 44). രണ്ടാം ശ.-ത്തിന്റെ ആരംഭത്തില്‍ അന്ത്യോഖ്യയിലെ ബിഷപ്പായിരുന്ന വി. ഇഗ്നേഷ്യസ്, അപ്പോസ്തലന്‍മാരുടെ പിന്‍ഗാമികളായ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സഭാഭരണവ്യവസ്ഥിതിയെപ്പറ്റി വിവരിക്കുന്നുണ്ട്. സഭാപണ്ഡിതരായിരുന്ന ഈറേനിയോസ് (എ.ഡി. 180), തെര്‍ത്തുല്യന്‍ (എ.ഡി. 222), ഹെഗഡിപ്പസ്

(എ.ഡി. 160) എന്നിങ്ങനെ പലരും അന്നു സഭയ്ക്ക് നേതൃത്വം നല്കിയിരുന്ന ബിഷപ്പുമാരെപ്പറ്റി പറയുന്നതോടൊപ്പം അവര്‍ എപ്രകാരമാണ് അപ്പോസ്തലന്‍മാരുടെ പിന്‍ഗാമികളായതെന്നും പ്രതിപാദിക്കുന്നു. അപ്പോസ്തലന്‍മാരുടെ കാലംമുതല്‍ അന്നുവരെ അവരുടെ മുന്‍ഗാമികളായിരുന്നവരുടെ പേരുവിവരങ്ങളും ഇവര്‍ നല്കുന്നു. അപ്പോസ്തല പാരമ്പര്യം അഭംഗം പുലര്‍ത്തുന്ന സഭയാണ് ശരിയായ സഭയെന്നു തെളിയിക്കുന്നതിനുവേണ്ടിയാണ് അവര്‍ ഈ പിന്തുടര്‍ച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

അഭിപ്രായഭിന്നത. കാലക്രമേണ അപ്പോസ്തലിക പിന്തുടര്‍ച്ചയെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ക്രൈസ്തവസഭ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായപ്പോള്‍ മതനേതാക്കന്‍മാരായ ബിഷപ്പുമാരുടെ ഉത്തരവാദിത്വം കൂടുതല്‍ വ്യാപകമായി. ആധ്യാത്മിക നേതൃത്വത്തിനുപുറമേ രാജ്യഭരണത്തിലും ശ്രദ്ധിക്കേണ്ടിവന്നപ്പോള്‍ അതു സഭയുടെ അധഃപതനത്തിന് വഴിതെളിച്ചു എന്നു ചരിത്രകാരന്‍മാര്‍ചൂണ്ടിക്കാണിക്കുന്നു.

16-ാം ശ.-ത്തില്‍ നിലവിലിരുന്ന ഭരണരീതിയെ മാര്‍ട്ടിന്‍ ലൂഥര്‍ വിമര്‍ശിച്ചു. അപ്പോസ്തലിക പിന്തുടര്‍ച്ചയും ബിഷപ്പുമാരുടെ പ്രത്യേക പദവികളും തെറ്റാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോസ്തലിക പാരമ്പര്യം വേദപുസ്തകത്തിലാണെന്നും ബൈബിള്‍ പഠിക്കുന്നതുമൂലം അതു ലഭിക്കുമെന്നും അപ്പോസ്തലിക പിന്തുടര്‍ച്ചയുടെ ആവശ്യമില്ലെന്നും പ്രൊട്ടസ്റ്റന്റുകാര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ മതനവീകരണത്തിനു കാരണമായി. ഇംഗ്ളണ്ടിലെ ഹെന്റി എട്ടാമന്റെ പുത്രന്‍ എഡ്വേര്‍ഡ് ആറാമന്റെ ഭരണകാലത്തു ബിഷപ്പുമാരെ വാഴിക്കുന്നതിനുള്ള സഭയുടെ ഔദ്യോഗിക പ്രാര്‍ഥനാക്രമത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തി. പിന്നീട് എലിസബത്തു രാജ്ഞിയും ഈ പ്രാര്‍ഥനാക്രമത്തിനു ചില മാറ്റങ്ങള്‍ വരുത്തി അംഗീകരിച്ചു നടപ്പിലാക്കി. ഇതു കത്തോലിക്കരും ആംഗ്ളിക്കന്‍ സഭക്കാരും തമ്മിലുള്ള അപ്പോസ്തലിക പിന്തുടര്‍ച്ചയെപ്പറ്റിയുള്ള അഭിപ്രായഭിന്നതയെ വര്‍ധിപ്പിച്ചു. ബിഷപ്പുമാര്‍ അപ്പോസ്തലന്‍മാരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഔദ്യോഗിക പ്രാര്‍ഥനാക്രമം, പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തിയതിനാല്‍ ക്രൈസ്തവ പൌരോഹിത്യത്തെപ്പറ്റിയുള്ള ശരിയായ ധാരണ ആംഗ്ളിക്കന്‍ സഭയ്ക്ക് നഷ്ടമായെന്നും കത്തോലിക്കര്‍ പറയുന്നു.

മാര്‍ട്ടിന്‍ ലൂഥറിന്റെ സമകാലികനായിരുന്ന കാല്‍വിന്‍ സഭാധികാരികള്‍ക്കു സംയുക്തമായ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും പ്രത്യേകം തിരഞ്ഞെടുത്ത സമിതിയായിരിക്കും സഭാനേതൃത്വമെന്നും വാദിച്ചു. അപ്പോസ്തലിക പിന്തുടര്‍ച്ച ഒരു ബിഷപ്പ് തന്റെ പിന്‍ഗാമിയ്ക്ക് കൈവയ്പിലൂടെ നല്കുന്നമൂലമാണ് തുടര്‍ന്നുപോകുന്നതെന്ന് ഉള്ള ആശയത്തെ ഓരോ ബിഷപ്പും തന്റെ പിന്‍ഗാമിയുടെ തലയില്‍ കൈവെയ്ക്കുന്നില്ലെന്നും ബിഷപ്പുമാരുടെ സംഘം മുഴുവനിലൂടെയാണ് പിന്തുടര്‍ച്ച ഉണ്ടാകുന്നതെന്നും ഉള്ള വാദം ഉന്നയിച്ചുകൊണ്ട് ഒരു കൂട്ടര്‍ എതിര്‍ക്കുന്നു. പ്രത്യേക കൈവയ്പില്‍ എന്നതിനേക്കാള്‍ ആധ്യാത്മിക ദൌത്യം ഏല്പിക്കുന്നതിലാണ് അപ്പോസ്തലിക പിന്തുടര്‍ച്ച സാര്‍ഥകമാകുന്നതെന്ന് മെതഡിസ്റ്റ് സഭാ നേതാവായിരുന്ന ജോണ്‍ വെസ്‍ലി അഭിപ്രായപ്പെട്ടു. പൌരോഹിത്യ പദവിയുള്ളവര്‍ക്ക്, അതു മറ്റുള്ളവര്‍ക്കു സാധുവായി നല്കാനും സാധിക്കും എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ അപ്പോസ്തലിക പിന്തുടര്‍ച്ചയെ സംബന്ധിച്ച് അഭിപ്രായഭിന്നതകള്‍ വളരെയുണ്ട്.


(ഡോ. സേവ്യര്‍ കൂടപ്പുഴ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍