This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസ്തലന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പോസ്തലന്‍മാര്‍

Apostles

ക്രൈസ്തവസുവിശേഷം പ്രചരിപ്പിക്കുകയും ആത്മീയ നേതൃത്വം നല്കുകയും ചെയ്യുവാന്‍ യേശുക്രിസ്തുവില്‍ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍മാര്‍. ഇവര്‍ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. ക്രിസ്തുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള അധികാരം നേരിട്ടു ലഭിച്ചവര്‍ ഇവര്‍ മാത്രമായിരുന്നു.

അപ്പോസ്തലന്‍ എന്ന വാക്കിന്റെ ഉദ്ഭവം 'അപ്പോസ്തോലോ' എന്ന ഗ്രീക്കുപദത്തില്‍നിന്നാണ്. ശ്ളീഹാ എന്ന അരമായ പദവും ഇതേ അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്നു. ശ്ളീഹാ എന്നാല്‍ സ്ഥാനപതി എന്നാണ് അര്‍ഥം. എന്നാല്‍ യഹൂദന്‍മാരുടെ ഇടയില്‍ ശ്ളീഹാ എന്നറിയപ്പെടുന്നവര്‍ ദേവാലയനികുതി പിരിക്കുക, വിശേഷദിവസങ്ങളുടെ തീയതികള്‍ അറിയിക്കുക, മറ്റു പ്രാദേശിക സമൂഹങ്ങള്‍ക്ക് മതപരമായ സഹായം നല്കുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവരായിരുന്നു. ക്രിസ്തു തിരഞ്ഞെടുത്ത അപ്പോസ്തലന്‍മാരുടെ ദൌത്യം ഇവരുടേതില്‍നിന്ന് ഭിന്നമാണ്.

തിരഞ്ഞെടുക്കപ്പെട്ടവര്‍. സുവിശേഷങ്ങളില്‍ അപ്പോസ്തലന്‍മാരുടെ പേരുകള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 'നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവര്‍ക്ക് അപ്പോസ്തലന്‍മാര്‍ എന്ന് പേര്‍ വിളിച്ചു. അവര്‍ ആരെന്നാല്‍: പത്രോസ് എന്ന് അവന്‍ (യേശുക്രിസ്തു) പേര്‍ വിളിച്ച ശിമോന്‍, അവന്റെ സഹോദരനായ അന്ത്രെയോസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്‍കാര്യോത്ത് യൂദാ എന്നിവര്‍തന്നെ' (ലൂക്കോസ് 6: 13-16). വി. മത്തായിയുടെ സുവിശേഷ(10: 2-4)ത്തിലും വി. മര്‍ക്കോസിന്റെ സുവിശേഷ(3: 16-19)ത്തിലും വി. യോഹന്നാന്റെ സുവിശേഷത്തിലും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഇവ തമ്മില്‍ ചെറിയ വ്യത്യാസങ്ങളും കാണുന്നു. തദ്ദായി എന്ന ആളിനെപ്പറ്റി ലൂക്കോസിന്റെയും വി. യോഹന്നാന്റെയും സുവിശേഷത്തില്‍ പറഞ്ഞുകാണുന്നില്ല.

അപ്പോസ്തല സംഘത്തിന്റെ നേതാവ് പത്രോസ് ആയിരുന്നു. അദ്ദേഹം റോമില്‍വച്ച് രക്തസാക്ഷിയായതായി വിശ്വസിക്കപ്പെടുന്നു. യോഹന്നാന്‍ ഏഷ്യാമൈനറില്‍ പല സഭകളും സ്ഥാപിച്ചശേഷം എഫേസ്കസില്‍ ജീവിതാന്ത്യം കഴിച്ചതായി കരുതപ്പെടുന്നു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നു. പേര്‍ഷ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചശേഷം തോമസ് അപ്പോസ്തലന്‍ മദ്രാസി(ചെന്നൈ)ലുള്ള മൈലാപ്പൂരില്‍വച്ചു രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു. ബര്‍ത്തൊലോമിയ, അറേബ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചതായി ചിലര്‍ കരുതുന്നു. മത്തായി യഹൂദരോടാണ് ആദ്യം സുവിശേഷം പ്രസംഗിച്ചത്. അന്ത്രയോസ് സിതിയായില്‍ പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മറ്റുള്ളവരുടെ പ്രേക്ഷിത പ്രവര്‍ത്തനത്തെപ്പറ്റി വ്യക്തമായ അറിവുകളില്ല.

പന്ത്രണ്ടുപേര്‍. അപ്പോസ്തലന്‍മാര്‍ പന്ത്രണ്ടു പേരായിരിക്കാന്‍ പ്രത്യേക ചരിത്രപശ്ചാത്തലം ഉണ്ട്. യഹൂദ പാരമ്പര്യമനുസരിച്ച് ഇസ്രായേല്‍ക്കാര്‍ക്ക് 12 ഗോത്രങ്ങളും 12 ഗോത്രത്തലവന്‍മാരും ഉണ്ടായിരുന്നു. ക്രിസ്തു സ്ഥാപിച്ച സഭയ്ക്ക് നേതൃത്വം വഹിക്കാന്‍ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തത് ഇക്കാരണത്താലാണെന്ന് കരുതപ്പെടുന്നു. യൂദാ ഇസ്‍കാര്യോത്താ, ശിഷ്യഗണത്തില്‍നിന്ന് വിട്ടുപോയപ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിച്ചതില്‍നിന്ന് അവര്‍ പന്ത്രണ്ടുപേര്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് ഊഹിക്കാം. എങ്കിലും അപ്പോസ്തലനായ യാക്കോബിന്റെ മരണശേഷം ആ സ്ഥാനത്തേക്ക് ആരെയും തിരഞ്ഞെടുത്തതായി കാണുന്നുമില്ല. (അപ്പോസ്തലപ്രവൃത്തികള്‍ 12:2) ഈ പന്ത്രണ്ടു പേരില്‍ പെടാത്ത അപ്പോസ്തലന്‍മാരും ഉണ്ടായിരുന്നു. പൌലോസും ബര്‍ന്നബാസും ഇവരില്‍ പ്രധാനികളായിരന്നു (അപ്പോസ്തലപ്രവൃത്തികള്‍ 15:2).

ദൌത്യം. അപ്പോസ്തലന്‍മാരാണ് സഭയുടെ അടിസ്ഥാനം എന്നു പുതിയനിയമത്തില്‍ പരാമര്‍ശമുണ്ട്. (എഫോസ്യര്‍ 2:20). ക്രിസ്തുവിന്റെ സന്ദേശം അന്യരെ അറിയിക്കുകയും ക്രിസ്ത്വനുയായികള്‍ക്ക് അധ്യാത്മികനേതൃത്വം നല്കുകയും ആയിരുന്നു ഇവരുടെ കര്‍ത്തവ്യം. ഇതര ശിഷ്യന്‍മാരേക്കാള്‍ കൂടുതല്‍ ഉപദേശവും പരിശീലനവും ഇവര്‍ക്കാണ് ലഭിച്ചത്. സന്തതസഹചാരികളായിരുന്ന അപ്പോസ്തലന്‍മാര്‍ക്കു ക്രിസ്തു ചില അധികാരാവകാശങ്ങളും നല്കി (മത്തായി 16: 18-25: യോഹന്നാന്‍ 20: 21-23; മര്‍ക്കോസ് 16: 13-19). ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം (gospel) അറിയിക്കുന്നതിനു സഭകള്‍ സ്ഥാപിച്ചു, ആത്മീയവീക്ഷണം വളര്‍ത്തിയെടുക്കുന്നതിനുതകുന്ന കര്‍മാനുഷ്ഠാനങ്ങള്‍ ഔദ്യോഗികമായി നടത്തുന്നതിനു ക്രിസ്തു അവരെ അധികാരപ്പെടുത്തിയിരുന്നു. സഭാസംബന്ധമായ പൊതുപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ ഒരുമിച്ചുകൂടി ചര്‍ച്ചചെയ്തു തീരുമാനം എടുത്തിരുന്നു എന്നതിന് അപ്പോസ്തലപ്രവൃത്തിയില്‍ ധാരാളം തെളിവുകളുണ്ട്.


നേതൃത്വം. ക്രിസ്തു സ്ഥാപിച്ച സഭയില്‍ നേതൃത്വം എപ്രകാരമാണ് വര്‍ത്തിക്കേണ്ടതെന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ അപ്പോസ്തലന്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഒരിക്കല്‍ ഇവരുടെ ഇടയില്‍ പ്രത്യേകാധികാരാവകാശങ്ങള്‍ക്കുവേണ്ടി മത്സരമുണ്ടായി. ഈ അവസരമുപയോഗിച്ചുകൊണ്ട് ഇവര്‍ക്ക് നല്കപ്പെട്ട നേതൃത്വത്തിന്റെ സ്വഭാവം ക്രിസ്തു വിശദീകരിക്കുകയുണ്ടായി. മത്തായി 20: 25-28; മര്‍ക്കോസ് 10: 42-45; ലൂക്കോസ് 22: 24-27 എന്നീ സുവിശേഷഭാഗങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അവരോടിപ്രകാരമാണ് ക്രിസ്തു പറഞ്ഞത്: 'നിങ്ങളില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം. നിങ്ങളില്‍ ഒന്നാമനാകുവാന്‍ ഇച്ഛിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.' മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതമര്‍പ്പിച്ച തന്റെ മാതൃക സ്വീകരിക്കുവാന്‍ ശിഷ്യരോട് അദ്ദേഹം ഉപദേശിച്ചു. അപ്പോസ്തലന്‍മാരുടെ നേതാവായി ശെമ്ഓന്‍ കേപ്പാ(പത്രോസ്)യെയാണ് ക്രിസ്തു നിയമിച്ചത്. ഈ സ്ഥാനം തന്റെ പരസ്യജീവിതകാലത്ത് വാഗ്ദാനം ചെയ്യുകയും (മത്തായി 16: 16-19) ഉത്ഥാനത്തിനുശേഷം നല്കുകയും ചെയ്തു (യോഹ. 22: 15-17). അപ്പോസ്തലപ്രവൃത്തികളിലും ഇതിനു തെളിവുകള്‍ ഉണ്ട്. യൂദായ്ക്ക് പകരം മത്തിയാസിനെ തിരഞ്ഞെടുക്കുമ്പോഴും ജറുസലേം കൌണ്‍സിലിലെ ചര്‍ച്ചകള്‍ നയിക്കുമ്പോഴും ഇത് പ്രകടമാകുന്നു.


വീരോചിത മാതൃക. ക്രിസ്ത്യാനിയെന്ന പേരുതന്നെ കൊലക്കുറ്റത്തിനു കാരണമായിരുന്ന പശ്ചാത്തലത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും ഈ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അപ്പോസ്തലന്‍മാരെ ക്രൈസ്തവസഭകള്‍ ബഹുമാനാദരങ്ങളോടെ സ്മരിക്കുന്നു. അവര്‍ നല്കിയ പ്രബോധനങ്ങളോടുള്ള വിശ്വസ്തത ക്രിസ്തുവിനോടുള്ള വിശ്വസ്തതയായിത്തന്നെ കരുതപ്പെടുന്നു. 'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷമറിയിക്കുവിന്‍; നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു' എന്നിങ്ങനെ ക്രിസ്തു അപ്പോസ്തലന്‍മാരോട് പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതത്തിന് അതിന്റെ ശൈശവദശയില്‍ നേരിടേണ്ടിവന്ന പലവിധ പ്രതിബന്ധങ്ങളും വീരോചിതമായി നേരിടുകയും ദിവ്യഗുരുവിന്റെ പ്രബോധനങ്ങളനുസരിച്ച് ത്യാഗോജ്വലമായ ജീവിതം നയിക്കുകയും ചെയ്ത അപ്പോസ്തലന്‍മാര്‍ സഭാംഗങ്ങള്‍ക്കു സജീവ മാതൃകയാണ്.


(ഡോ. സേവ്യര്‍ കൂടപ്പുഴ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍