This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോക്രിഫാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പോക്രിഫാ

Apocrypha


ക്രൈസ്തവാരാധനയില്‍ പരസ്യവായനയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള കാനോനികഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടാത്ത വേദഗ്രന്ഥങ്ങള്‍. നിഗുപ്തങ്ങളായ രേഖകള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യേകം അപ്പോക്രിഫാഗ്രന്ഥങ്ങള്‍ ഉണ്ട്. പുതിയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങളെ നിരാകരിക്കുന്ന കാര്യത്തില്‍ ക്രൈസ്തവസഭകള്‍ തമ്മില്‍ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇല്ല. എന്നാല്‍ പഴയ നിയമത്തിലെ കാനോനിക പുസ്തകങ്ങള്‍ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഗണ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലവിലുണ്ട്. യഹൂദന്മാരുടെ പലസ്തീന്‍കാനോന്‍ ആണ് പ്രൊട്ടസ്റ്റന്റ് കാനോന്റെ അടിസ്ഥാനം. കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭക്കാരും അംഗീകരിക്കുന്ന കാനോന്റെ അടിസ്ഥാനം യഹൂദന്മാരുടെ അലക്സാന്‍ഡ്രിയയിലെ കാനോനാണ്. രണ്ടാമത്തേതില്‍ ഉള്ളതും ആദ്യത്തേതില്‍ ഇല്ലാത്തതുമായ ചില പുസ്തകങ്ങളെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ 'അപ്പോക്രിഫാ' എന്ന് പേര്‍ വിളിക്കുന്നു. കത്തോലിക്കര്‍ ഇവയെ 'ദ്വികാനോനികം' (Deotero-Canonical) എന്ന് വ്യവഹരിക്കാറുണ്ട്. എന്നാല്‍ അലക്സാന്‍ഡ്രിയാകാനോനില്‍പോലും പെടാത്ത ചില യഹൂദഗ്രന്ഥങ്ങളെ കത്തോലിക്കര്‍ അപ്പോക്രിഫാ എന്നു പറയുന്നു. ഈ പുസ്തകങ്ങള്‍ക്ക് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ കൊടുക്കുന്ന പേര്‍ വ്യാജലിഖിതങ്ങള്‍ (Pseudepigrapha) എന്നാണ്. ഇവയില്‍ പലതും യഹൂദന്മാര്‍ എഴുതിയതാണെങ്കിലും ക്രിസ്ത്യാനികള്‍ പരിഷ്കരിച്ചിട്ടുള്ളവയാണ്. എസ്രായുടെ മൂന്നാം പുസ്തകം, നാലാം പുസ്തകം, മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങള്‍, മനശ്ശെയുടെ പ്രാര്‍ഥന എന്നിങ്ങനെ ചില ഗ്രന്ഥങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ അപ്പോക്രിഫാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു.

കത്തോലിക്കാ പഴയനിയമ അപ്പോക്രിഫാപുസ്തകങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ താഴെ പറയുന്നവയാണ്: (1) ജൂബിലി പുസ്തകം (പൂര്‍ണരൂപത്തില്‍ എത്യോപ്യന്‍ ഭാഷയില്‍ മാത്രമേയുള്ളു), (2) എസ്രായുടെ മൂന്നാം പുസ്തകം, (3) മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങള്‍, (4) ആദാമിന്റെയും ഹവ്വായുടെയം ചരിത്രം (പൂര്‍ണരൂപം ലത്തീനില്‍) (5) മോശെയുടെ വെളിപ്പാട്, (6) സുറിയാനി ഖജനാവ് (Syriac Genizah) - ആദാം മുതല്‍ ക്രിസ്തുവരെയുള്ള ചരിത്രം, (7) ആദാമിന്റെ വെളിപ്പാട് (ആദാം ക്രിസ്തുവിനെപ്പറ്റി പ്രവചിച്ചതും, സ്വര്‍ഗത്തിലെ ആരാധനയുടെ വിവരണവും).

പ്രൊട്ടസ്റ്റന്റ് സഭകള്‍ പഴയനിയമ അപ്പോക്രിഫായായി എണ്ണുന്ന ചില പുസ്തകങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു:

(1) ഒന്നാം എസ്രാ, (2) രണ്ടാം എസ്രാ, (3) തോബീത്, ( 4) യൂദീത്, (5) എസ്തേറിന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍, (6) ശ്ളേമൂന്റെ ജ്ഞാനം, (7) സിറാക്കിന്റെ മകന്‍ യേശുവിന്റെ ജ്ഞാനം, (8) ബാറൂക്കം യെറമിയായുടെ ലേഖനം.


പുതിയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങളില്‍ നിരവധി സുവിശേഷങ്ങള്‍, അപ്പോസ്തലപ്രവൃത്തികള്‍, ലേഖനങ്ങള്‍, വെളിപ്പാടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അപ്പോസ്തലന്മാരുടെ ആധികാരികപാരമ്പര്യം അവയ്ക്ക് ഇല്ലെന്ന കാരണംകൊണ്ട് ക്രൈസ്തവസഭ അവയെ വേദപുസ്തകത്തില്‍ ചേര്‍ത്തില്ല. അധികവും കെട്ടുകഥകളും ഭാവനാസൃഷ്ടികളുമാണ്. സുവിശേഷങ്ങള്‍ (വേദപുസ്തകത്തിലെ) നാല് എണ്ണത്തിനും പുറമേ പ്രധാനമെന്നു കരുതാവുന്ന 19 എണ്ണമുണ്ട്. 24 അപ്പോസ്തലപ്രവൃത്തികള്‍ (Acts), 7 ലേഖനങ്ങള്‍, 6 വെളിപ്പാടുകള്‍ എന്നിവയ്ക്കു പുറമേ ജ്ഞാനവാദഗ്രന്ഥങ്ങള്‍ (Gnostic Wiriting) പലതുണ്ട്. അവയില്‍ ചിലതു ചുവടെ കൊടുക്കുന്നു. (1) അറബിബാല്യസുവിശേഷം, (2) അര്‍മേനിയന്‍ ബാല്യസുവിശേഷം, (3) പരിശുദ്ധ കന്യകയുടെ സ്വര്‍ഗാരോഹണം, (4) ബര്‍ത്തുല്മായിയുടെ സുവിശേഷം, (5) ക്രിസ്തുവിന്റെ ഉയിര്‍പ്പിനെപ്പറ്റിയുള്ള ബര്‍ത്തുല്മായിയുടെ വിവരണം, (6) ബാസിലിഡസിന്റെ സുവിശേഷം, (7) എബിയോന്യരുടെ സുവിശേഷം, (8) ഈഗുപ്തായക്കാരുടെ സുവിശേഷം, (9) ഹെബ്രായരുടെ സുവിശേഷം, (10) യാക്കോബെഴുതിയ പ്രഥമസുവിശേഷം.


(ഫാ. പോള്‍ വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍