This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പലേച്ചിയന്‍ പര്‍വതനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പലേച്ചിയന്‍ പര്‍വതനം
Appalachian Orogency
വടക്കേ അമേരിക്കയുടെ കിഴക്കേതീരത്ത് സ്ഥിതി ചെയ്യുന്ന അപ്പലേച്ചിയന്‍ പര്‍വതങ്ങളുടെ ഉദ്ഭവത്തിനു നിദാനമായിത്തീര്‍ന്ന ഭൌമപ്രക്രിയ. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിലെ അവസാദശിലാശേഖരങ്ങള്‍ (sedimentary rocks) പാര്‍ശ്വികമായ ബലങ്ങള്‍ക്കു വിധേയമായി മടങ്ങി ഒടിഞ്ഞ് പര്‍വതങ്ങളായി ഉയര്‍ത്തപ്പെടുന്ന പ്രക്രിയയാണ് പര്‍വതനം (Orogeny). ഭൂമിയുടെ ചരിത്രത്തില്‍ ഇത്തരം പ്രക്രിയകള്‍ പലതവണ ഉണ്ടായിട്ടുള്ളതായി കാണാം. ഏതാണ്ട് പത്തുകോടി വര്‍ഷങ്ങള്‍കൊണ്ടാണ് അപ്പലേച്ചിയന്‍ പര്‍വത നിരകള്‍ ഉടലെടുത്തത് എന്ന് അനുമാനിക്കുന്നു. ഈ പര്‍വതന പ്രക്രിയയുടെ തുടക്കം 110 കോടി വര്‍ഷങ്ങള്‍ മുന്‍പായിരുന്നു. പ്രോട്ടെറോസോയിക് (Proterozoic) യുഗത്തില്‍ നിമ്നപ്രദേശമായിരുന്ന അപ്പലേച്ചിയന്‍ മേഖലയില്‍ കി.ഉം തെ.കിഴക്കും നിന്ന് കളിമണ്ണും ചുണ്ണാമ്പും കലര്‍ന്ന മണലും ചരലും വന്നടിഞ്ഞു. ഈ മേഖലയിലെ പ.ഉം വ. പടിഞ്ഞാറും അരികുകളില്‍ അവസാദശിലാശേഖരങ്ങളുടെ അടരുകള്‍ താരതമ്യേന കട്ടികുറഞ്ഞോ മറ്റു ശിലാസ്തരങ്ങളുമായി വിലയിച്ചോ കാണപ്പെടുന്നു. കി.ഉം തെ.കിഴക്കും ഭാഗങ്ങളില്‍ നിലവിലിരുന്ന കരപ്രദേശം തുടര്‍ച്ചയായോ ഇടവിട്ടോ ഉയര്‍ന്നുകൊണ്ടിരുന്നു. ഈ പ്രദേശം പിന്നീട് അത്‍ലാന്തിക് സമുദ്രത്തില്‍ നിമജ്ജിതമായി. അന്ന് ഭൂ-അഭിനതി (geosyncline) ആയിരുന്ന അപ്പലേച്ചിയന്‍ പ്രദേശത്തോടൊപ്പം ഇപ്പോഴത്തെ മിസിസിപ്പിതടവും ആഴം കുറഞ്ഞ സമുദ്രഭാഗമായിരുന്നു. ഈ പ്രദേശത്തു കാണുന്ന ചുണ്ണാമ്പുകല്ലുകളും ജീവാശ്മങ്ങളും ഇതിനു തെളിവാണ്. ക്രമേണ ഈ ഭൂഭാഗം എക്കലും വണ്ടലുംകൊണ്ട് നിറഞ്ഞ് ഒരു ചതുപ്പുപ്രദേശമായിത്തീര്‍ന്നു. തുടര്‍ന്ന് ഇവിടെ വന്‍ വൃക്ഷങ്ങളും സസ്യങ്ങളും നിബിഡമായി വളരാന്‍ തുടങ്ങി. പില്ക്കാലത്തുണ്ടായ സജീവമായ അവസാദ നിക്ഷേപണത്തിന്റെ ഫലമായി ഇവ മണ്ണിനടിയില്‍പെട്ട് ഇന്നത്തെ കല്ക്കരിനിക്ഷേപങ്ങളായി മാറി. പ്രതലസംരചനയില്‍ കാലാകാലങ്ങളില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. കിഴക്കരികിലായി സസ്യജീവാശ്മങ്ങള്‍, ചരല്‍, മണല്‍ക്കല്ലുകള്‍ എന്നിവയുടെ ആധിക്യമുള്ള സ്തരങ്ങളും കളിമണ്ണടരുകളും ഒന്നിടവിട്ടു കാണുന്നതും മറ്റൊരു തെളിവാണ്. ഇതില്‍നിന്നും അവസാദങ്ങളുടെ ഭാരത്താല്‍ ഭൂ-അഭിനതി താഴ്ന്നുകൊണ്ടിരുന്നപ്പോള്‍തന്നെ അതിന്റെ കിഴക്കരിക് ഇടയ്ക്കിടെ ഉയര്‍ന്നിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. നിക്ഷേപണംമൂലം അഭിനതിയുടെ വളര്‍ച്ച ത്വരിതപ്പെട്ടിരുന്നപ്പോള്‍തന്നെ പര്‍വത-വിരചന ശക്തികള്‍ പ്രാബല്യത്തിലായിരുന്നു; ഇങ്ങനെ ഉയര്‍ന്ന ഭാഗങ്ങള്‍ നിക്ഷേപണ ക്രിയയ്ക്കു സഹായകവുമായി. പാലിയോസോയിക് (palaeozoic) യുഗത്തിന്റെ അന്ത്യത്തോടെ അന്തര്‍ജാതബലങ്ങളുടെ (endogenic forces) പ്രവര്‍ത്തനവും തുടര്‍ന്നുള്ള ഭൂവല്കസഞ്ചലനവും കൊണ്ട് ശിലാപ്രസ്തരങ്ങള്‍ ഒടിഞ്ഞുമടങ്ങി ഉയര്‍ത്തപ്പെട്ടു. മടക്കലിന്റെ ഫലമായി കൂടുതല്‍ നിബിഡമായിത്തീര്‍ന്ന ശിലാപാളികളില്‍ കായാന്തരണ പ്രക്രിയകള്‍ (metamorphic processes) സജീവമായിത്തീര്‍ന്നു.
ചില ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ പാലിയോസോയിക് യുഗത്തിന്റെ അന്ത്യത്തിലുണ്ടായ പര്‍വതനം ഒന്നുമാത്രമല്ല അപ്പലേച്ചിയന്‍ നിരകളുടെ ഉദ്ഭവത്തിനു നിദാനം. ഓര്‍ഡോവിഷന്‍ (Ordovician) കാലഘട്ടം മുതല്ക്കുതന്നെ പര്‍വതന പ്രക്രിയകള്‍ ഈ മേഖലയില്‍ ആരംഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായ പര്‍വതനിര്‍മിതിയിലെ ഏറ്റവും പ്രമുഖമായ കാലഘട്ടമാണ് അപ്പലേച്ചിയന്‍ പര്‍വതനമായി അറിയപ്പെടുന്നത്.
യൂറോപ്പിലെ കാലിഡോണിയന്‍ (Calidonian), ഹെര്‍സീനിയന്‍ (Hercynian) എന്നീ പര്‍വതനങ്ങള്‍ക്കു സമകാലികമായ ശിലാപടലങ്ങള്‍ അപ്പലേച്ചിയന്‍ നിരകളില്‍ കാണുന്നുണ്ട്. കി. പടിഞ്ഞാറ് മൂന്നു മേഖലകളായി വിഭജിക്കാവുന്ന തരത്തിലാണ് പര്‍വതങ്ങളുടെ കിടപ്പ്. തികച്ചും ക്രമാനുഗതമായ പാലിയോസോയിക് ശിലാപ്രസ്തരങ്ങളാല്‍ സവിശേഷമായ അപ്പലേച്ചിയന്‍ അഭിനതിയുടെ മടക്കപ്പെട്ട ഭാഗങ്ങളാണ് ഈ നിരകള്‍. വ്യക്തമായ വിവര്‍ത്തനിക (tectonic) രേഖകൊണ്ടു വേര്‍തിരിക്കപ്പെട്ട അപ്പലേച്ചിയന്‍ പീഠഭൂമിയാണ് അടുത്തത്. ഇവിടെ വലനപ്രക്രിയകളുടെ പ്രഭാവം കാണുന്നില്ല. ജീവാശ്മരഹിതമല്ലാത്ത പഴക്കമേറിയ ശിലകളാണ് ഈ പ്രദേശത്തുള്ളത്. മൂന്നാമത്തെ വിഭാഗമാണ് പീഡ്മോണ്ട് പ്രദേശം (Piedmont province). പ്രീകാമ്പ്രിയന്‍ കാലത്തെ ആഗ്നേയശിലകളും കായാന്തരിതശിലകളുമാണിവിടെ കാണപ്പെടുന്നത്. നോ: പര്‍വതനം, ഭൂ-അഭിനതി
(എം.എം. നായര്‍)