This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസ്ഫോടക നിരോധികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപസ്ഫോടക നിരോധികള്‍

Anti-knock agents


സ്ഫുലിംഗജ്വലന യന്ത്രങ്ങളില്‍ (spark ignition engines), പ്രധാനമായും പെട്രോള്‍ യന്ത്രങ്ങളില്‍, ഇന്ധനങ്ങളുടെ സ്ഫോടനസാധ്യത കുറയ്ക്കുവാനായി അവയുമായി ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍.

ആന്തരദഹനപെട്രോള്‍ യന്ത്രങ്ങളുടെ സിലിണ്ടറിനകത്ത് തീപ്പൊരി ഉണ്ടാകുമ്പോള്‍ പെട്രോള്‍-വായുമിശ്രിതം കത്തിത്തുടങ്ങുന്നു. തീജ്വാല കൂടുതല്‍ മിശ്രിതത്തെ കത്തിച്ചു മുന്നോട്ടു നീങ്ങുന്നു. ഈ അവസരത്തില്‍ സ്പാര്‍ക്പ്ളഗ്ഗില്‍ നിന്നും ഏറ്റവും അകലെയായി അവസാനം കത്തേണ്ട മിശ്രിതഭാഗം കൂടുതല്‍ മര്‍ദിക്കപ്പെടുകയും ക്രമാതീതമായ താപനിലയിലെത്തുകയും ചെയ്യുന്നു. തന്മൂലം സാധാരണഗതിയിലുള്ള തീജ്വാല വന്നെത്തി അവസാനമിശ്രിതഭാഗത്തെ കത്തിക്കുന്നതിനുമുമ്പായി അതു സ്വയം ജ്വലിക്കാന്‍ തുടങ്ങുന്നു. ഇത്തരം ജ്വലനംമൂലം സിലിന്‍ഡറിലെ മര്‍ദം അതിശീഘ്രം വര്‍ധിക്കുകയും പ്രത്യേകതരം സ്ഫോടനശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനം യന്ത്രത്തിന് ഹാനികരമാണ്.

ഉയര്‍ന്ന കാര്യക്ഷമത നേടുവാന്‍ നിര്‍മിക്കപ്പെടുന്ന വര്‍ധിതമര്‍ദാനുപാതമുള്ള യന്ത്രങ്ങളിലാണ് പ്രസ്തുത സ്ഫോടനം സാധാരണ കണ്ടുവരാറുള്ളത്. അപസ്ഫോടകനിരോധികള്‍ പെട്രോളില്‍ ചേര്‍ക്കുന്നതുമൂലം ഇത്തരം യന്ത്രങ്ങളെ സ്ഫോടനം കൂടാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നു.

ഒരു ഇന്ധനത്തിന്റെ അപസ്ഫോടകസ്വഭാവം (anti-knock quality) അതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലെഡ്ടെട്രാ ഈഥൈല്‍, ആരൊമാറ്റിക അമീനുകള്‍ (lead tetra ethyl,aromatic amines) മുതലായ പദാര്‍ഥങ്ങള്‍ കുറഞ്ഞ അളവില്‍ (1/2000) പെട്രോളിനോട് ചേര്‍ത്താല്‍ സ്ഫോടനം കുറയ്ക്കുവാന്‍ കഴിയുന്നതാണ്. വിലക്കുറവു കാരണം സാധാരണയായി ടെട്രാ ഈഥൈല്‍ ലെഡ് ആണ് ഉപയോഗിക്കുന്നത്. ടെട്രാ ഈഥൈല്‍ ലെഡ് ചേര്‍ക്കുന്നതുമൂലം അത് കത്തുമ്പോള്‍ ഉണ്ടാകുന്ന കറുത്തീയലോഹാംശങ്ങള്‍ സിലിന്‍ഡറിലും, പിസ്റ്റണിലും പറ്റിപ്പിടിച്ച് യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ക്ഷയിപ്പിക്കാതിരിക്കുവാന്‍ ടെട്രാ ഈഥൈല്‍ ലെഡിന്റെകൂടെ ഹാലജന്‍ കുടുംബത്തില്‍പ്പെട്ട ക്ളോറിന്‍, ബ്രോമിന്‍, അയഡിന്‍ എന്നിവ അടങ്ങിയ എഥിലിന്‍ ഡൈക്ളോറൈഡ്, ഡൈബ്രൊമൈഡ് മുതലായ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതുമൂലം ടെട്രാ ഈഥൈല്‍ലെഡ് (TEL) അംശങ്ങള്‍ പരിപൂര്‍ണമായി കത്തി യന്ത്രത്തില്‍നിന്നും പുകയായി പുറംതള്ളപ്പെടുന്നു.

അപസ്ഫോടകനിരോധികള്‍ ഇന്ധനവുമായി ചേരുമ്പോള്‍ അവ തമ്മില്‍ രാസപ്രവര്‍ത്തനം നടക്കുന്നു. രാസപ്രവര്‍ത്തനഫലമായി അവസാനം കത്തേണ്ട പെട്രോള്‍വായുമിശ്രിതം ഇടയ്ക്കുവച്ച് ജ്വലനസ്ഫോടനങ്ങള്‍ക്ക് വിധേയമാകുന്നത് തടയുകയും, സ്പാര്‍ക് പ്ളഗ്ഗില്‍നിന്നും വരുന്ന തീജ്വാലയാല്‍ ജ്വലിക്കപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. നോ: ആന്തരദഹനയന്ത്രം


(ഡോ. എം. ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍