This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപരക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപരക്രിയ

പരേതന്റെ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങ്. വിവിധമതാനുയായികളുടെ ഇടയില്‍ വിഭിന്ന രീതിയിലാണ് ശവസംസ്കാരക്രിയ നടക്കുന്നത്. ഓരോ മതത്തിലും അവാന്തരവിഭാഗങ്ങളനുസരിച്ച് ചടങ്ങുകളില്‍ അല്പസ്വല്പം വ്യത്യാസം ഉണ്ടായിരിക്കും. ബ്രാഹ്മണര്‍ക്കിടയിലെ 'അപരക്രിയ' ഇപ്രകാരമാണ്.

മരിച്ച ഉടനെ, ശരീരത്തെ തെ. തലവച്ച് കിടത്തുന്നു. തള്ളവിരല്‍ ചേര്‍ത്തുകെട്ടി അത്തിമരപ്പലകയില്‍ മാന്തോല്‍ വിരിച്ച് കിടത്തുകയാണ് പതിവ്. ശ്മാശാനത്തിലേക്കുള്ള യാത്രയില്‍ അഗ്നിയെ മന്ത്രപൂര്‍വകം സംഭരിച്ച് മണ്‍പാത്രത്തിലാക്കി എടുത്തുകൊണ്ടു മുന്‍പേ നടക്കുന്നു. ശവം എടുത്തുകൊണ്ട് ആളുകള്‍ പിന്നാലെയും. ശ്മശാനസ്ഥലത്തു എത്തുന്നതിനു മുന്‍പ് വഴിയില്‍ നാലു സ്ഥലങ്ങളില്‍ താഴെവയ്ക്കുകയും ശവശരീരത്തിന്‍മേല്‍ ചില ക്രിയകള്‍ നടത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ നദീതീരത്തുള്ള ശ്മശാനത്തില്‍ ചിതയില്‍ പലാശം (പ്ളാശ്) മുതലായവയുടെ ചമത (വിറക്)കള്‍വച്ച് പ്രോക്ഷിച്ചു എള്ളും അരിയും കലര്‍ത്തി ഇട്ട് സംസ്കരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടായിരിക്കും. ശവത്തെ അതിന്‍മേല്‍വച്ച് പുത്രന്‍ തീ കൊളുത്തുന്നു. പിന്നീടു തിരിഞ്ഞുനോക്കാതെ നദിയില്‍ വന്ന് ദക്ഷിണാഭിമുഖനായി കുളിച്ച് ഉദകദാനാദി ക്രിയകള്‍ ചെയ്ത് ആദ്യദിവസത്തെ ക്രിയ അവസാനിപ്പിക്കുന്നു. ഇങ്ങനെ പത്തുദിവസം ഉദകദാനാദിക്രിയകള്‍ ചെയ്യണം. ഓരോ ദിവസവും ഈക്രിയയുടെ എണ്ണം ക്രമേണ കൂടുന്നതായിരിക്കും. ദഹനം കഴിഞ്ഞ് 3, 5, 7 എന്നീ ഏതെങ്കിലും ഒരു ദിവസം അസ്ഥിസഞ്ചയനം നടത്തുന്നു. പിന്നീട് ചാരത്തെ പുരുഷാകൃതിയിലാക്കി എടുത്തു നദിയില്‍ നിക്ഷേപിച്ചു സ്നാനം ചെയ്യുന്നു. 'പാഷാണസ്ഥാപനാനന്തരം' വാസോദകതിലോദകാദിക്രിയകള്‍ പത്തുദിവസവും ചെയ്യുന്നു. പത്താംദിവസം ശാന്തിഹോമം നടത്തുന്നു. പിന്നീട് ഏകോദ്ദിഷ്ടം, സപിണ്ഡീകരണം എന്നിവ ചെയ്തു 'ഗൃഹയജ്ഞ'ത്തോടുകൂടി ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു.

അപരക്രിയ ചെയ്യുന്ന കാലങ്ങളില്‍ അതു ചെയ്യന്ന ആളിന് വേദാധ്യയനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണായനകൃഷ്ണപക്ഷാദികളില്‍ മരിച്ചാലും, സര്‍പ്പദംശം, വൈദ്യുതാഘാതം എന്നിവകൊണ്ടു മരിച്ചാലും യഥാവിധി പ്രായശ്ചിത്താദികര്‍മങ്ങള്‍ അനുഷ്ഠിക്കണം. ബ്രഹ്മജ്ഞാനിയെ ബ്രഹ്മമേധസംസ്കാരവിധിപ്രകാരം സംസ്കരിക്കേണ്ടതാണ്. ആപസ്തംബന്റെ ധര്‍മസൂത്രത്തില്‍ അപരപ്രയോഗം എന്ന പ്രകരണത്തില്‍ ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നോ: മരണാനന്തര ക്രിയകള്‍

(വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍