This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഗ്രഥനമനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അപഗ്രഥനമനഃശാസ്ത്രം

Analytical Psychology

സൈക്കി

മാനസികാപഗ്രഥനത്തില്‍ പ്രചാരത്തിലിരിക്കുന്ന പല വാക്കുകളും യൂങ്ങ് തന്റേതായ പ്രത്യേകാര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്.

ബോധാത്മകവും അബോധാത്മകവുമായ മാനസികപ്രക്രിയകളുടെ സാകല്യത്തിന് യൂങ്ങ് 'സൈക്കി' (Psyche) എന്നു പറയുന്നു. ഇതിന് ആത്മാവിനേക്കാള്‍ (soul) വിപുലമായ അര്‍ഥമുണ്ട്. സൈക്കിയുടെ പ്രവര്‍ത്തനങ്ങള്‍ നാലുവിധത്തിലാണ്: (i) ചിന്തനം (thinking)ബാഹ്യലോകത്തെക്കുറിച്ചറിയുന്നതിന്; (ii) അനുഭൂതി (feeling)സുഖം-അസുഖം, നല്ലത്-ചീത്ത, ശരി-തെറ്റ് എന്നിങ്ങനെയുള്ള അറിവുകള്‍ക്ക്; (iii) അന്തഃപ്രജ്ഞ (intuition)-ഉള്‍ക്കാഴ്ചയ്ക്ക്; (iv) സംവേദനം (sensation)പരിതഃസ്ഥിതിയുടെ യാഥാര്‍ഥ്യം അറിയുന്നതിന്.

സൈക്കിയുടെ ഒരു ഭാഗം ബാഹ്യലോകവുമായി സദാ ബന്ധപ്പെട്ടിരിക്കുന്നു. ഫ്രോയ്ഡ് 'ഈഗോ' (Ego) എന്നു പറയുന്ന ഈ ഭാഗത്തിന് യൂങ്ങ് 'പേഴ്സൊണ' (Persona) എന്നു പറയുന്നു. പരിതഃസ്ഥിതിയില്‍ നിന്നുള്ള സമ്മര്‍ദങ്ങളും വ്യക്തിയുടെ ആന്തരികാവശ്യങ്ങളും തമ്മിലുള്ള അനുരഞ്ജനഫലമാണ് 'പേഴ്സൊണ'. യൂങ്ങ് പ്രാധാന്യം നല്കി ഉപയോഗിച്ചുപോന്നതും ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്നതുമായ മറ്റൊരു വാക്ക് 'കോംപ്ളക്സ്' (Complex) ആണ്. അത്യധികമായ വികാരത്തെ ഉള്‍ക്കൊള്ളുന്നതും അബോധമനസ്സിലാണ്ടുപോയതുമായ ആശയത്തിനോ ആശയസമൂഹത്തിനോ ആണ് 'കോംപ്ളക്സ്' എന്ന് അപഗ്രഥന മനഃശാസ്ത്രത്തില്‍ പറയുന്നത്.

അന്തര്‍മുഖത-ബഹിര്‍മുഖത

അന്തര്‍മുഖതയെന്നും ബഹിര്‍മുഖതയെന്നും ഉള്ള പരികല്പനങ്ങള്‍ക്കു യൂങ്ങിനോടാണ് ആധുനികമനഃശാസ്ത്രം കടപ്പെട്ടിരിക്കുന്നത്. ഒരാളിന്റെ പെരുമാറ്റങ്ങ (behaviour) ളുടെ പ്രയാണദിശ (direction) ഒന്നുകില്‍ തന്നിലേക്കോ അല്ലെങ്കില്‍ ബാഹ്യവസ്തുക്കളിലേക്കോ ആയിട്ടാണ് കാണപ്പെടുന്നത് എന്ന വസ്തുത യൂങ്ങിന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയുണ്ടായി. ബാഹ്യവസ്തുക്കളിലേക്കും മറ്റാളുകളിലേക്കും ചേഷ്ടകള്‍ തിരിഞ്ഞുപോകുന്നതിനെ ബഹിര്‍മുഖത (extroversion) എന്നും വ്യക്തിയുടെ ആന്തരാവസ്ഥകളിലേക്ക് ചേഷ്ടകള്‍ തിരിയുന്നതിനെ അന്തര്‍മുഖത (introversion) (നോ: അന്തര്‍മുഖത) എന്നും യൂങ്ങ് വിളിച്ചു. ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെങ്കിലും പരസ്പരപൂരകങ്ങള്‍ കൂടിയാണെന്നു യൂങ്ങ് കരുതുന്നു. ഉദാ. ഒരാളുടെ ബോധമനസ് അന്തര്‍മുഖമാണെങ്കില്‍ അയാളുടെ അബോധമനസ് ബഹിര്‍മുഖമായിരിക്കും. ഈ രണ്ടു മനോഭാവങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ഓരോരുത്തരുടെയും ബോധമണ്ഡലത്തില്‍ ഏതെങ്കിലും ഒരു ഭാവം സ്ഥായിയായി കാണപ്പെടും. രണ്ടു മനോഭാവങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന് യൂങ്ങ് കരുതുന്നില്ല.

നേരത്തെ രേഖപ്പെടുത്തിയ സൈക്കിയുടെ നാലുതരം പ്രവര്‍ത്തനങ്ങള്‍ അന്തര്‍മുഖമോ ബഹിര്‍മുഖമോ ആകാം. അങ്ങനെ വരുമ്പോള്‍ മനുഷ്യരെ അവരുടെ വ്യക്തിസ്വഭാവത്തെ അടിസ്ഥാനമാക്കി എട്ടായി തിരിക്കാമെന്ന് യൂങ്ങ് വിശ്വസിക്കുന്നു.

ബഹിര്‍മുഖചിന്താശീലര്‍

Extroverted intution type

വസ്തുനിഷ്ഠമായി ചിന്തിക്കാനിഷ്ടപ്പെടുന്നവരാണിവര്‍. ഇക്കൂട്ടര്‍ തത്ത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതുതന്നെ വസ്തുക്കളിലുള്ള തങ്ങളുടെ പിടിമുറുക്കാനായിരിക്കും. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും ഇവരില്‍പെടും. പരിണാമസിദ്ധാന്ത പ്രണേതാവായ ചാള്‍സ് ഡാര്‍വിനെ(1809-82)യാണ് ഇത്തരം ആളുകള്‍ക്ക് ഉദാഹരണമായി യൂങ്ങ് ചൂണ്ടിക്കാണിക്കുന്നത്.

ബഹിര്‍മുഖാനുഭൂതിശീലര്‍

Extroverted feeling type

വികാരങ്ങളെ ഇളക്കുന്ന വസ്തുക്കളിലാണിവര്‍ക്കു താത്പര്യം.ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ 'ഒരു രസമില്ല' എന്ന് ഇവര്‍ പരാതിപ്പെട്ടുകൊണ്ടിരിക്കും.

ബഹിര്‍മുഖ സംവേദനശീലര്‍

Extroverted sensation type

ഭക്ഷണം, മദ്യം, സ്ത്രീ എന്നിവയില്‍ കമ്പമുള്ളവര്‍. 'തിന്നുക, കുടിക്കുക, ആനന്ദിക്കുക; എന്തെന്നാല്‍ നാം മരിക്കാന്‍ പോകുന്നു' എന്ന തത്ത്വചിന്തയില്‍ വിശ്വസിക്കുന്നവര്‍. ഇത്തരക്കാരില്‍ അധികവും പുരുഷന്മാരായിരിക്കും.

ബഹിര്‍മുഖാന്തഃപ്രജ്ഞാശീലര്‍

Extroverted intuition

അന്തര്‍ജ്ഞാനത്തിന് അബോധാത്മകമായ ഉള്‍ക്കാഴ്ച എന്നര്‍ഥം. ജീവിതവിജയത്തിനാവശ്യമായ വസ്തുക്കളെയും ഭൌതികപരിതഃസ്ഥിതികളെയും അബോധമായിത്തന്നെ തെരഞ്ഞെടുക്കുന്നവരാണിവര്‍. ഇക്കൂട്ടര്‍ അധികവും സ്ത്രീകളായിരിക്കും. ഇക്കൂട്ടത്തില്‍പെടുന്ന പുരുഷന്മാര്‍ കച്ചവടക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും ഊഹക്കച്ചവടക്കാരും ആകാനാണ് സാധ്യത.

അന്തര്‍മുഖചിന്താശീലര്‍

Introverted thinking type

കര്‍ക്കശമായ നിയമങ്ങള്‍, തത്ത്വങ്ങള്‍ മുതലായവ, അവയുടെ പ്രായോഗികഫലങ്ങള്‍ എന്തുതന്നെയായാലും മുറുകെപ്പിടിക്കുന്നവരാണിവര്‍. ഇമ്മാനുവല്‍ കാന്റ് (1724-1804), ഫ്രഡറിക് നിഷേ (1844-1900) എന്നീ തത്ത്വചിന്തകരാണ് ഇക്കൂട്ടര്‍ക്ക് യൂങ്ങ് നല്കുന്ന ഉദാഹരണങ്ങള്‍. മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്നവരും സമയോചിതമായി പെരുമാറാന്‍ അറിയാത്തവരും ഇക്കാരണങ്ങളാല്‍തന്നെ മറ്റാളുകളുമായി ഇടപെടുന്നതില്‍ പരാജയപ്പെടുന്നവരുമാണിവര്‍.

അന്തര്‍മുഖാനുഭൂതിശീലര്‍

Introverted feeling type

തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത നിശ്ശബ്ദര്‍. പുറമേ നിര്‍വികാരത്വം പ്രദര്‍ശിപ്പിക്കുമെങ്കിലും ഇവരുടെ അകം വികാരച്ചൂളയായിരിക്കും. ഈ വിഭാഗത്തില്‍പെടുന്നത് അധികവും സ്ത്രീകളായിരിക്കും.

അന്തര്‍മുഖസംവേദനശീലര്‍

Introverted sensation type

മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍ മുതലായ ഭൌതികയാഥാര്‍ഥ്യങ്ങളില്‍ ദൈവികത്വം (രാക്ഷസീയത്വവും) ആരോപിച്ച് ഒരു തരം ആധ്യാത്മികജീവിതം ഇഷ്ടപ്പെടുന്നവര്‍. കലാകാരന്മാരില്‍ ഒരു വിഭാഗം ഇക്കൂട്ടത്തില്‍പെടുന്നു.

അന്തര്‍മുഖാന്തഃപ്രജ്ഞാശീലര്‍

Introverted intuition

പ്രവാചകര്‍, കാല്പനിക കവികള്‍, യന്ത്രങ്ങളും മറ്റും കണ്ടുപിടിക്കുന്നവര്‍, വഴിതെറ്റിപ്പോയ പ്രതിഭാശാലികള്‍, അനുയായികളില്ലാത്ത നേതാക്കള്‍, അപ്രായോഗിക കാര്യങ്ങളെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നവര്‍ എന്നിവരെയൊക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.

മനോഭാവങ്ങള്‍ക്ക് അപഗ്രഥനമനഃശാസ്ത്രത്തില്‍ പരമ പ്രാധാന്യമുണ്ട്. യൂങ്ങിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരുവശത്തു ബാഹ്യവൃത്തികളെ നിയന്ത്രിക്കുകയും മറുവശത്ത് അനുഭവങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര 'സ്വിച്ച് ബോര്‍ഡാ'ണ് മനോഭാവങ്ങള്‍.

മനസ്'

മനസ് എന്ന് യൂങ്ങ് വിളിക്കുന്നത് ബോധാത്മകമായ ബുദ്ധി (conscious Intelligence) യെയാണ്. അബോധമനസ് രണ്ടുതരമുണ്ട്.

വ്യക്തിപരമായ അബോധമനസ്

Personal unconscious

മറവിയിലാണ്ടുപോയതും നിഷേധിക്കപ്പെട്ടതും അമര്‍ത്തിവയ്ക്കപ്പെട്ടതും അവ്യക്തരൂപത്തില്‍ ഉള്ളതുമായ എല്ലാ ആശയങ്ങളും അഭിലാഷങ്ങളും ചേര്‍ന്നുണ്ടാകുന്നതാണിത്.

സമഷ്ടിപരമായ അബോധമനസ്

Collective unconscious

മസ്തിഷ്കത്തിന്റെ ജന്മസിദ്ധമായ ഘടനയോടു ബന്ധപ്പെട്ടതും മനുഷ്യവര്‍ഗത്തിന്റെ മാനസികപരിണാമത്തെ അനുസ്മരിപ്പിക്കുന്നതും നൈസര്‍ഗിക ചോദനകളുടെ (instincts) പ്രതീകങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതുമാണിത്. ഈ പ്രതീകങ്ങള്‍ക്ക് യൂങ്ങ് നല്കുന്ന പ്രത്യേക പേര് പ്രാകൃതരൂപങ്ങള്‍ (Arche types) എന്നാണ്.


ബോധമനസ്സിനെക്കുറിച്ച് നേരിട്ടറിയാന്‍ കഴിയും. എന്നാല്‍ അബോധമനസ്സിനെക്കുറിച്ച് പരോക്ഷമായി മാത്രമേ അറിയാന്‍ പറ്റൂ. സ്വപ്നങ്ങളിലും ഭാവനയിലും ഉള്‍ക്കാഴ്ചകളിലും പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍, ആശയങ്ങള്‍, പ്രതീകങ്ങള്‍ എന്നിവയിലൂടെ മാത്രമാണ് അബോധമനസ്സിനെക്കുറിച്ചറിയാന്‍ കഴിയുന്നത്. ബോധമനസും അബോധമനസും പരസ്പരപൂരകങ്ങളാണ്. ബോധമനസ്സിന് ബാഹ്യലോകവുമായുള്ള പൊരുത്തപ്പെടലാണ് ലക്ഷ്യമെങ്കില്‍ അബോധമനസ്സിന് ബാഹ്യലോകവുമായി ബന്ധം ഇല്ല. പിന്നെങ്ങനെ രണ്ടും ഒരു പ്രക്രിയയുടെ രണ്ടുഭാഗങ്ങളാകും? യൂങ്ങ് പറയുന്നത് ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നത് പാരമ്പര്യമായി ഓരോ ശിശുവിനും ലഭിക്കുന്ന സമഷ്ടിപരമായ അബോധമനസ് കൂട്ടിച്ചേര്‍ക്കുന്ന പ്രതീകങ്ങളിലൂടെയാണെന്നാണ്. ഓരോ വര്‍ഗത്തിന്റെയും വംശത്തിന്റെയും തലമുറകളായുള്ള മാനസികാനുഭവങ്ങള്‍ പാരമ്പര്യംവഴി കൈമാറുന്ന ഒന്നാണ് ഈ അബോധമനസ്. എല്ലാ സംവേദനങ്ങളും സമഷ്ടിപരമായ അബോധമനസ്സാകുന്ന മൂശയിലിട്ടു കരുപ്പിടിച്ചശേഷമാണ് ബോധമണ്ഡലത്തിലെ അനുഭവങ്ങള്‍ ആയിത്തീരുന്നതെന്ന് അപഗ്രഥനമനഃശാസ്ത്രം സിദ്ധാന്തിക്കുന്നു. തന്നെ സമീപിച്ച രോഗികളുടെ സ്വപ്നങ്ങള്‍ അപഗ്രഥിച്ചപ്പോള്‍ യൂങ്ങിനു തോന്നിയത് പുരാണേതിഹാസങ്ങളിലെ പ്രതിപാദ്യങ്ങളുടെ പ്രതിബിംബങ്ങളും അവരുടെ സ്വപ്നങ്ങളില്‍ കാണപ്പെടുന്നുവെന്നാണ്. എന്നാല്‍ രോഗികള്‍ക്ക് ഇവയെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. അതില്‍നിന്നും യൂങ്ങ് ഊഹിച്ചത് അവയിലെ ആശയങ്ങള്‍ ഉറഞ്ഞുകൂടിയ സമഷ്ടിപരമായ അബോധമനസ് എല്ലാ മനുഷ്യര്‍ക്കും ജന്മനാതന്നെ ലഭിക്കുന്നുണ്ടായിരിക്കണമെന്നാണ്.


രണ്ടു തത്ത്വങ്ങള്‍

പ്രധാനമായും രണ്ടു പൊതുതത്ത്വങ്ങള്‍ മാനസികപ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്ന് യൂങ്ങ് കരുതുന്നു. ഒന്നാമതായി, എല്ലാ മാനസികവൃത്തികളും ഗതിശീലമുള്ളവ (dynamic) ആണ്. ഭൌതികശാസ്ത്രത്തിലെ 'എനര്‍ജി' (energy) ക്ക് തുല്യമായ ഇതിനെ 'ലിബിഡോ' (libido) എന്നാണ് യൂങ്ങ് പറയുന്നത്. ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം ലിബിഡോ ലൈംഗികാനന്ദം തരുന്ന ഊര്‍ജമാണെന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഓരോ നിറത്തിനും പൂരകവര്‍ണം ഉള്ളതുപോലെ ഓരോ മാനസികധര്‍മത്തിനും പൂരകധര്‍മംകൂടിയുണ്ടെന്ന് യൂങ്ങ് വിശ്വസിക്കുന്നു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വിനാശകരമായ പ്രവൃത്തികളിലേക്ക് മനസുതിരിയുന്നത് പലര്‍ക്കും അനുഭവപ്പെട്ടിരിക്കാനിടയുണ്ട്.

ഭൌതികശാസ്ത്രത്തിലെ ഊര്‍ജസംരക്ഷണനിയമ (The Law of Conservation of Energy) ത്തോട് സാധര്‍മ്യമുള്ളതാണ് രണ്ടാമത്തെ നിയമം; അതായത് 'സൈക്കി'ലെ ഊര്‍ജത്തിന്റെ ആകെ അളവിന് മാറ്റമുണ്ടാകുന്നില്ല. ബോധമണ്ഡലത്തില്‍നിന്ന് അബോധമണ്ഡലത്തിലേക്കും മറിച്ചും ഈ ഊര്‍ജം സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജം മുഴുവന്‍ ഒരു മണ്ഡലത്തിലായിപ്പോകുന്നത് അപകടകരമാണ്. ബോധമണ്ഡലത്തിലെ ഊര്‍ജം മുഴുവന്‍ അബോധമണ്ഡലത്തിലേക്കൊഴുകി നഷ്ടപ്പെട്ടാല്‍ അബോധമണ്ഡലത്തിലെ പ്രാകൃതരൂപങ്ങള്‍, കോംപ്ളക്സുകള്‍ മുതലായവയ്ക്ക് ശക്തി ലഭിക്കുകയും അവ ബോധമണ്ഡലത്തിലേക്കു നുഴഞ്ഞുകയറി മാനസികസമനിലയെ തെറ്റിക്കുകയും ചെയ്യും. ലഘുമനോരോഗത്തിനും (neurosis) ചിത്തരോഗത്തിനും (psychosis) ഇതാണ് കാരണം. പ്രശ്നപരിഹാരചിന്ത, തീരുമാനമെടുക്കല്‍ മുതലായ മാനസികവൃത്തികളില്‍ അബോധമണ്ഡലത്തില്‍നിന്ന് ബോധമണ്ഡലത്തിലേക്കാണ് ലിബിഡോ പ്രവഹിക്കുന്നത്. ലിബിഡോ രണ്ടു മണ്ഡലങ്ങളിലും സമമായി നില്ക്കുന്നതും അപകടകരമത്രേ. ഭാഗ്യവശാല്‍ അത്തരം സ്ഥിതിവിശേഷം വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളു എന്ന് യൂങ്ങ് പറയുന്നു.

മനോരോഗചികിത്സ

അബോധമനസ്സില്‍ ആണ്ടുപോയ കോംപ്ളക്സുകള്‍ക്ക് ശക്തി ലഭിക്കുമ്പോള്‍ ബോധമണ്ഡലത്തിലേക്ക് അവ കടന്നുവരുമെന്നും അതാണ് മാനസികരോഗങ്ങള്‍ക്ക് കാരണമെന്നുമാണ് യൂങ്ങിന്റെ അഭിപ്രായം. രോഗിയുടെ അബോധമനസ്സിലേക്കുള്ള എത്തിനോക്കല്‍ നാലു ഘട്ടങ്ങളായിട്ടാണ് സാധിക്കുന്നത്.

സ്വതന്ത്രമായ ആശയാനുബന്ധം

Free association method

സാധാരണ മനുഷ്യര്‍ക്ക് ഉദാസീന (neutral) മായി തോന്നുന്ന കുറെ വാക്കുകള്‍ ഓരോന്നായി രോഗിയെ കേള്‍പ്പിക്കുന്നു. ഓരോ വാക്കിന്റെയും പ്രഥമ ശ്രവണത്തില്‍തന്നെ രോഗിക്കു തോന്നുന്ന ആശയത്തെ അപഗ്രഥിച്ച് രോഗനിദാനമായ കോംപ്ളക്സുകളെക്കുറിച്ചറിയുന്നു. ഇതിനുവേണ്ടി യൂങ്ങ് നിര്‍മിച്ച പദാനുബന്ധനപരീക്ഷ (word association test) വ്യക്തിത്വപഠനത്തിനുള്ള മനഃശാസ്ത്ര പരീക്ഷകളില്‍ പ്രമുഖമാണ്. ഇത്തരം പരീക്ഷകള്‍ പ്രചാരത്തിലിരിക്കുന്നു.

രോഗലക്ഷണാപഗ്രഥനം

Symptom analysis method

ഹിപ്നോട്ടിക് നിര്‍ദേശങ്ങളിലൂടെ പൂര്‍വകാലസംഭവങ്ങളെ രോഗിയുടെ സ്മൃതിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് രണ്ടാം ഘട്ടം.

വിസ്മൃതി നിര്‍മാര്‍ജനം

Anamnestic method

രോഗലക്ഷണത്തോട് ബന്ധപ്പെട്ട സംഭവങ്ങളെ കാലക്രമത്തില്‍ അടുക്കി ഓര്‍മയുടെ ഒരു ശൃംഖല നിര്‍മിക്കുന്നു.

വ്യക്തിത്വവിപുലനം

Amplification method

നാലാമത്തേതായ ഈ ഘട്ടത്തിലാണ് അബോധമനസ്സിലേക്കു ചൂഴ്‍ന്നിറങ്ങുന്നത്. ഈ സമയം രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധം ഏറ്റവും ദൃഢമായിരിക്കും.

സ്വപ്നങ്ങള്‍

അബോധമനസ്സിലേക്കിറങ്ങാനുള്ള പ്രധാനപാത, ഫ്രോയിഡിനെന്നപോലെ, യൂങ്ങിനും സ്വപ്നങ്ങള്‍തന്നെ. സമഷ്ടിപരമായ അബോധമനസ്സാണ് സ്വപ്നങ്ങളെ രൂപപ്പെടുത്തുന്നതെന്ന് യൂങ്ങ് കരുതുന്നു. ഫ്രോയിഡിന്റെ സ്വതന്ത്രമായ ആശയാനുബന്ധനരീതിയില്‍ സ്വപ്നത്തിലെ ആശയങ്ങളോടു ബന്ധപ്പെട്ട് അതിനുമുമ്പുണ്ടായ സംഭവങ്ങളെ സ്മൃതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍, അപഗ്രഥനമനഃശാസ്ത്രത്തില്‍ ചെയ്യുന്നത്, സ്വപ്നത്തിലെ ആശയങ്ങള്‍ക്ക് പുരാണം, ഇതിഹാസം, ഐതിഹ്യം, നാടോടിക്കഥകള്‍, കെട്ടുകഥകള്‍ എന്നിവയില്‍നിന്നെല്ലാം നല്കാവുന്നത്ര അര്‍ഥം നല്കി അവയെ വിപുലീകരിച്ച് സംപുഷ്ടമാക്കിത്തീര്‍ക്കുകയാണ്. ഈ മാര്‍ഗത്തിന് യൂങ്ങ് നല്കുന്ന പേര്‍ വിപുലനം എന്നാണ്. മാനസികാപഗ്രഥനത്തില്‍ ആശയാനുബന്ധനം രോഗിയാണ് ചെയ്യുന്നതെങ്കില്‍, വിപുലനത്തില്‍ ചികിത്സകന്റെ സഹായം അനിവാര്യമാണ്. പുരാണേതിഹാസങ്ങളില്‍ ചികിത്സകന് നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.

സ്വപ്നത്തില്‍ കാണുന്ന ആശയങ്ങളെ നൈസര്‍ഗികവാസനകളുടെ പ്രതീകങ്ങളായിട്ടാണ് ഫ്രോയിഡ് കരുതുന്നത്. ഉദാഹരണമായി പാമ്പ് പുരുഷലിംഗത്തിന്റെ പ്രതീകമാണ് ഫ്രോയിഡിന്. എന്നാല്‍ യൂങ്ങിനാകട്ടെ മൂര്‍ഖത, ചതി, നന്ദിയില്ലായ്മ മുതലായി പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും നാടോടിക്കഥകളിലും മറ്റും ആരോപിക്കപ്പെട്ടിട്ടുള്ള സകല പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രതീകമാണ് പാമ്പ്. ഫ്രോയിഡ് സ്വപ്നത്തിലൂടെ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളുടെ ഉറവിടം അന്വേഷിക്കുമ്പോള്‍ യൂങ്ങ് ആ ആശയങ്ങളുടെ ലക്ഷ്യം എന്താണെന്ന് ആരായുന്നു. ഈ ലക്ഷ്യബോധം നിമിത്തം ലഘുമനോരോഗങ്ങളെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കണക്കാക്കേണ്ടതെന്ന് യൂങ്ങ് പറയുന്നു; മധ്യവയസ്സിനുമേല്‍ ഉണ്ടാകുന്ന ലഘുമനോരോഗങ്ങളെ മിക്കവാറും ഇത്തരത്തിലാണ് യൂങ്ങ് കണക്കാക്കുന്നത്.

ബാല്യകാലത്തുണ്ടാകുന്ന ഭീകരാനുഭവങ്ങളില്‍ (trauma) നിന്നും ലഘുമനോരോഗങ്ങള്‍ ഉണ്ടാകാമെന്ന് യൂങ്ങ് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഫ്രോയിഡിനെപ്പോലെ എല്ലാ ലഘുമനോരോഗങ്ങളും അങ്ങനെയുണ്ടാകുന്നവയാണെന്നു കരുതുന്നുമില്ല.

ആത്മാവബോധം

വ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവായ സ്വത്വം അറിയുന്നതിനെയാണ് ആത്മാവബോധം (self realization) എന്നു പറയുന്നത്. സ്വത്വത്തെ പൊതിഞ്ഞിരിക്കുന്നതെന്നു കരുതാവുന്ന പലതരം പോളകളുണ്ട്. ഈ പോളകളെ തിരിച്ചറിഞ്ഞ് ആത്മാവബോധം നേടുന്നതിനുള്ള അപഗ്രഥനാത്മകമായ മാര്‍ഗത്തിന് യൂങ്ങ് നല്കുന്ന പേര് പൃഥക്കരണം (individuation) എന്നാണ്. പൃഥക്കരണത്തിന് പല ശ്രേണികളുണ്ട്; ആദ്യമായി പേര്‍സണാലിറ്റിയുടെ മറുവശം അറിയണം. 'നിഴല്‍' (shadow), 'കറുത്ത സഹോദരന്‍' (dark brother) എന്നൊക്കെയാണ് വ്യക്തിത്വത്തിന്റെ മറുവശത്തിന് യൂങ്ങ് നല്കുന്ന പേരുകള്‍. ആചാരം, കീഴ്വഴക്കം, നല്ലനടത്ത, അന്തസ് എന്നിവയ്ക്കെല്ലാം എതിരായ ആഗ്രഹങ്ങള്‍ എല്ലാ വ്യക്തികള്‍ക്കുമുണ്ട്. വ്യക്തിത്വത്തിന്റെ പുറംമൂടി നീക്കിയാല്‍ ഈ 'കറുത്ത സഹോദര' നെ കണ്ടെത്താന്‍ കഴിയും. നിഴലിനെക്കുറിച്ച് ബോധമണ്ഡലത്തിന് എത്രകണ്ട് അറിവു കുറയുന്നുവോ അത്രകണ്ട് കട്ടികൂടിയിരിക്കും നിഴലിന്. ദാക്ഷിണ്യമില്ലാത്ത നിരൂപണബുദ്ധികൊണ്ടു വേണം നിഴലിനെ നേരിടുക. കാരണം നിഴലിനെക്കുറിച്ച് ഓര്‍മിക്കുന്നതുതന്നെ സാധാരണഗതിയില്‍ എതിര്‍പ്പുളവാക്കുന്നതാണ്. തന്റെ വ്യക്തിത്വത്തിന് ഒരു ഇരുണ്ട വശമുണ്ടെന്നു വിചാരിക്കാന്‍കൂടി മിക്കവരും കൂട്ടാക്കുകയില്ല; പിന്നെ വേണമല്ലോ അതംഗീകരിക്കുക. നിഴലിനെ അംഗീകരിച്ചാല്‍ തന്റെ നിലനില്പുതന്നെ അപകടത്തിലായേക്കുമോ എന്ന് വ്യക്തി ഭയപ്പെടുന്നു. എന്നാല്‍ എത്രമാത്രം ഹൃദയവേദന ഉളവാക്കുന്നതായാലും നിഴലിനെ മനസ്സിലാക്കുകയും വ്യക്തിത്വത്തില്‍നിന്നു മുറിച്ചുകളയുകയും ചെയ്തില്ലെങ്കില്‍ പൃഥക്കരണത്തിന്റെ അടുത്ത പടിയിലേക്കു കടക്കാന്‍ പറ്റുകയില്ല.

പുരുഷനില്‍ 'അനിമ' (anima) എന്നും സ്ത്രീയില്‍ 'അനിമസ്' (animus) എന്നും യൂങ്ങ് വിളിക്കുന്ന ലിംഗവൈരുധ്യത്തെ അറിയുകയാണ് അടുത്ത പടി. പുരുഷന്മാരുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കന്യാസ്ത്രീ, മാലാഖ, ഭിക്ഷക്കാരി മുതലായ രൂപങ്ങള്‍ 'അനിമ'യുടെ പ്രതീകങ്ങളാണ്. ഇതുപോലെ സ്ത്രീകളില്‍ അനിമസും വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പുരുഷന്‍, തന്നിലുള്ള സ്ത്രീത്വത്തെ(സ്ത്രൈണാഭിലാഷങ്ങളെ)യും സ്ത്രീ തന്നിലുള്ള പുരുഷത്വത്തെ(പുരുഷാഭിലാഷങ്ങളെ)യും അംഗീകരിക്കണമെന്നു താത്പര്യം. ഓരോ വ്യക്തിയിലും ഉള്ള ലിംഗവൈരുധ്യം അംഗീകരിക്കുകവഴി വ്യക്തിത്വം വിപുലീകരിക്കപ്പെടുന്നുവെന്നാണ് യൂങ്ങിന്റെ അഭിപ്രായം.

പൃഥക്കരണത്തിന്റെ മൂന്നാമത്തെ പടി നമ്മിലുള്ള ആത്മീയ തത്ത്വത്തെ അറിയുകയാണ്. ഓരോ വ്യക്തിയിലും ഓരോ വന്ദ്യവയോധികനും (old wise woman), ഓരോ വന്ദ്യവയോധികയും (old wise woman ) ഉണ്ട്. ആത്മീയതയുടെയും സന്മാര്‍ഗ ചിന്തയുടെയും ഉറവിടമാണിത്. പുരുഷനെ 'പദാര്‍ഥമാക്കപ്പെട്ട ചൈതന്യം' (materialized spirit) എന്നും, സ്ത്രീയെ 'ചൈതന്യമാവേശിച്ച പദാര്‍ഥം' (matter impregnated) എന്നും യൂങ്ങ് വിളിക്കുന്നു. ഒരുവന്റെ വ്യക്തിത്വത്തില്‍ ആത്മീയാംശം ഉണ്ടെന്ന് അദ്ദേഹം കരുതുന്നതാണ് ഇതിനു കാരണം.

പൃഥക്കരണത്തിന്റെ അവസാനഘട്ടമാണ് ആത്മാവബോധം. വ്യക്തിത്വത്തിലെ വൈരുധ്യങ്ങള്‍ അവസാനിക്കുകയും ബോധാബോധമണ്ഡലങ്ങള്‍ സ്വത്വം എന്ന കേന്ദ്രബിന്ദുവില്‍ ഒന്നിച്ചുചേരുകയും ആഭ്യന്തര-ബാഹ്യയാഥാര്‍ഥ്യങ്ങളുമായി വ്യക്തിത്വം പൂര്‍ണയോജിപ്പിലെത്തുകയും അങ്ങനെ വ്യക്തിത്വം സംപൂര്‍ണതയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. സ്വത്വം എന്നത് 'അതീന്ദ്രിയമായ ഒരു സങ്കല്പം' (transcendental postulate) മാത്രമായിട്ടാണ് അപഗ്രഥന മനഃശാസ്ത്രത്തില്‍ വ്യവഹരിക്കുന്നത്. അത് മനുഷ്യന്‍ എത്തിച്ചേരേണ്ട സന്മാര്‍ഗാധിഷ്ഠിതമായ ഒരു ലക്ഷ്യം ആകുന്നു. അപഗ്രഥനമനഃശാസ്ത്രത്തിന് ആത്മീയവും മതപരവുമായ പരിവേഷം നല്കുന്നത് ഈ സങ്കല്പമാണ്. യൂങ്ങിന് പൌരസ്ത്യദേശത്തെ, പ്രത്യേകിച്ചും ഭാരതത്തിലെ തത്ത്വചിന്തയോട് നിസ്സീമമായ ആദരം ഉണ്ടായിരുന്നു. മനുഷ്യനില്‍ ആത്മാവ് എന്നറിയപ്പെടുന്ന ശാശ്വതമായ ഒരു തത്ത്വം ഉണ്ടെന്നും അതിനെ ചുറ്റി യഥാക്രമം ആനന്ദമയം, ജ്ഞാനമയം, മനോമയം, പ്രാണമയം, അന്നമയം എന്ന് അഞ്ചു കോശങ്ങള്‍ ഉണ്ടെന്നും മറ്റുമുള്ള ഭാരതീയ തത്ത്വചിന്തയ്ക്കും യൂങ്ങിന്റെ അപഗ്രഥനമനഃശാസ്ത്രസിദ്ധാന്തത്തിനും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. പൃഥക്കരണത്തിലൂടെ ആത്മാവബോധം നേടാനുള്ള മനുഷ്യന്റെ ആദ്യകാലപ്രയത്നങ്ങള്‍ക്ക് കാല്പനികരൂപം നല്കിയതാണ് ഇരുമ്പും ചെമ്പും സ്വര്‍ണമാക്കി മാറ്റാമെന്നുള്ള പ്രാചീന ഈജിപ്തുകാരുടെ വിശ്വാസത്തില്‍ (alchemy) കാണുന്നതെന്ന് യൂങ്ങ് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ, കൂടെക്കൂടെ വര്‍ത്തമാനപത്രങ്ങളിലും മറ്റും സ്ഥലം പിടിക്കുന്ന പറക്കും തളികകളും സ്വത്വത്തെക്കുറിച്ചുള്ള അബോധാത്മക സങ്കല്പത്തില്‍നിന്നു രൂപമെടുക്കുന്ന മിഥ്യാദര്‍ശനങ്ങള്‍ (hallucinations) ആണെന്ന് സമര്‍ഥിക്കാന്‍ യൂങ്ങ് ശ്രമിച്ചിട്ടുണ്ട്.

അപഗ്രഥനമനഃശാസ്ത്രം, ഇന്ന്

യൂങ്ങിന്റെ മനോരോഗചികിത്സയെ പിന്തുടരുന്നവര്‍ അദ്ദേഹത്തിന്റെ കാലത്തെന്നപോലെ, എന്നും അപൂര്‍വമായി മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും വ്യക്തിത്വപരിശോധനയ്ക്കും കോംപ്ളെക്സുകള്‍ കണ്ടെത്താനും യൂങ്ങ് നടപ്പില്‍ വരുത്തിയ പദാനുബന്ധനപരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതേ രൂപത്തിലല്ലെങ്കിലും അതുപോലെതന്നെ, വ്യക്തിത്വത്തിന് അന്തര്‍മുഖതയെന്നും ബഹിര്‍മുഖതയെന്നും രണ്ടു ഭാവങ്ങള്‍ ഉണ്ടെന്ന യൂങ്ങിന്റെ കണ്ടുപിടിത്തവും സര്‍വാദൃതമായിത്തീര്‍ന്നിട്ടുണ്ട്. വ്യക്തിത്വത്തിന്റെ ഈ പരസ്പരവിരുദ്ധഭാവങ്ങളെ മസ്തിഷ്കപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി അവയ്ക്കു ജീവശാസ്ത്രപരമായ അടിസ്ഥാനംതന്നെ ഉണ്ടെന്ന് ആധുനികമനഃശാസ്ത്രം ഏറെക്കുറെ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 1940-കളില്‍ സ്ഥാപിതമായ ലണ്ടനിലെ അപഗ്രഥന മനഃശാസ്ത്ര സൊസൈറ്റി അപഗ്രഥന മനഃശാസ്ത്രത്തിലധിഷ്ഠിതമായ പഠനങ്ങളും ചികിത്സാരീതികളും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

(ഡോ. വി. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍