This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപഗ്രഥനം-തത്ത്വശാസ്ത്രത്തില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപഗ്രഥനം-തത്ത്വശാസ്ത്രത്തില്‍
സങ്കീര്‍ണമായ പദാര്‍ഥത്തെയോ സ്ഥിതിയെയോ വിഭിന്നവും ലളിതവുമായ ഘടകങ്ങളായോ വസ്തുതകളായോ വിഭജനം ചെയ്യുന്ന പ്രക്രിയ. ഇതു തത്ത്വശാസ്ത്രത്തില്‍ ഒരു രീതിയായും സിദ്ധാന്തമായും രൂപംകൊണ്ടിട്ടുണ്ട്.
തത്ത്വശാസ്ത്രത്തില്‍, യാഥാര്‍ഥ്യം കണ്ടെത്താന്‍ അവലംബിക്കുന്ന പല മാര്‍ഗങ്ങളില്‍ ഒന്നാണ് അപഗ്രഥനം. ഭാരതീയ ദര്‍ശനങ്ങളില്‍ പണ്ടുമുതലേ അപഗ്രഥനരീതിക്ക് സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ പാശ്ചാത്യതത്ത്വശാസ്ത്രത്തില്‍ സോക്രട്ടീസിനു മുമ്പുള്ള ദര്‍ശനങ്ങളില്‍ ഇതിനെ ഒരു അംഗീകൃത സമ്പ്രദായമായി കണക്കാക്കിയിരുന്നില്ല. എങ്കിലും പരോക്ഷമായി അപഗ്രഥനം അതിലും ഉപയോഗിക്കപ്പെട്ടിരുന്നു. അനുഭവവാദത്തിന്റെയും (Empiricism) ആശയവാദ (Idealism) ത്തിന്റെയും രീതികളില്‍നിന്നു വ്യത്യസ്തമായി അപഗ്രഥനരീതി അടുത്തകാലത്തു സത്യാന്വേഷണത്തിനുള്ള പ്രധാനോപാധിയായി ഉപയോഗിച്ചത് ബര്‍ട്രാന്‍ഡ് റസ്സല്‍ ആണ്. ജി.ഇ. മൂര്‍, ലുദ്വിഗ് വിറ്റ്ഗെന്‍ സ്റ്റൈന്‍, സി.ഡി. ബ്രോഡ്, ഗില്‍ബര്‍ട്ട്റൈല്‍, ജോണ്‍ വിസ്ഡം, സൂസന്‍ സ്റ്റെബിങ്, റൂഡോള്‍ഫ് കാര്‍ണാപ്, എ.ജെ. എയര്‍ തുടങ്ങിയ ദാര്‍ശനികരും പിന്നീട് ഈ രീതി ഉപയോഗപ്പെടുത്തി.
മനസ്സും ദ്രവ്യവും 'സാമാന്യ'ങ്ങളും 'വിശേഷ'ങ്ങളും (Universals and Particulars) അടങ്ങിയ ഒരു സങ്കീര്‍ണ പ്രതിഭാസമാണ് യാഥാര്‍ഥ്യം എന്നതായിരുന്നു റസ്സലിന്റെ ദ്വന്ദ്വവാദം. ജി.ഇ. മൂറിനെ സംബന്ധിച്ചിടത്തോളം അപഗ്രഥനം ഒരുതരം നിര്‍വചനമാണ്. സംപ്രത്യയങ്ങളു (concepts) ടെയോ തര്‍ക്കവാക്യങ്ങളു (propositions) ടെയോ നിര്‍വചനമാണിത്. സി.ഡി. ബ്രോഡ്, ലുദ്വിഗ് വിറ്റ്ഗെന്‍സ്റ്റൈന്‍, സൂസന്‍ സ്റ്റെബിങ്, ജോണ്‍ വിസ്ഡം, ഗില്‍ബര്‍ട്ട്റൈല്‍ തുടങ്ങിയവര്‍ റസ്സലിന്റെയും മൂറിന്റെയും അപഗ്രഥനസിദ്ധാന്തത്തിന് ചില പരിഷ്കാരങ്ങള്‍ വരുത്തി. വിറ്റ്ഗന്‍സ്റ്റൈനിന്റെ ട്രാക്ടാടസ് ലോജിക്കോ ഫിലസോഫിക്സ് ഇരുപതാം ശ.-ത്തിലെ അപഗ്രഥനാത്മകതത്ത്വചിന്തയെപ്പറ്റിയുള്ള ക്ളാസിക് ആയി കണക്കാക്കപ്പെടുന്നു.
വ്യാകരണപരമായി തെറ്റായ തര്‍ക്കവാക്യങ്ങളെ ശരിയായ തര്‍ക്കവാക്യങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുക എന്നത് തത്ത്വശാസ്ത്രത്തിന്റെ ചുമതലയാണെന്നവാദം 20-ാം ശ.-ത്തിന്റെ പ്രാരംഭദശയില്‍ അപഗ്രഥനദര്‍ശനത്തിന്റെ പ്രധാന ആശയമായിരുന്നു. ദ്രവ്യപരം, രൂപപരം, ദര്‍ശനപരം എന്ന് മൂന്നായി അപഗ്രഥനത്തെ ജോണ്‍ വിസ്ഡം തരംതിരിച്ചിരിക്കുന്നു. തത്ത്വദര്‍ശനത്തിന്റെ ചുമതല ചില പദപ്രയോഗങ്ങളെ അപഗ്രഥിക്കുകയാണെന്ന് ഗില്‍ബര്‍ട്ട്റൈല്‍ സിദ്ധാന്തിക്കുന്നു. കാര്‍ണാപ്, എയര്‍ തുടങ്ങിയ ലോജിക്കല്‍ പോസിറ്റിവിസ്റ്റുകളുടെ അഭിപ്രായത്തില്‍ അപഗ്രഥനം തികച്ചും ഭാഷാപരമാണ്.
(പി.എം. കുമാരന്‍ നായര്‍)