This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഡ്രോണിക്കസ് I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്‍ഡ്രോണിക്കസ് I (1100 - 85)

Andronicus I


ബൈസാന്റിയന്‍ ചക്രവര്‍ത്തി. ഐസക് I കൊംനേനസിന്റെ (ഭ.കാ. 1057-59) പുത്രനും അലക്സിയസ് I-ാമന്റെ (ഭ.കാ. 1081-1118) പൌത്രനുമായിരുന്ന അന്‍ഡ്രോണിക്കസ് I കൊംനേനസിനെ സെല്‍ജുക്ക് തുര്‍ക്കികള്‍ തട്ടിക്കൊണ്ടുപോയി (1141); ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചു. ബൈസാന്റിയന്‍ ചക്രവര്‍ത്തിയും ഒരകന്ന സഹോദരനുമായിരുന്ന മാനുവല്‍ (1120-80) ഇദ്ദേഹത്തെ മോചിപ്പിച്ചു. എന്നാല്‍ മാനുവലിനെതിരായി ഗൂഢാലോചന നടത്തിയ കുറ്റത്തിന് അന്‍ഡ്രോണിക്കസ് I ജയിലിലടയ്ക്കപ്പെട്ടു. പന്ത്രണ്ടു കൊല്ലത്തോളം ജയില്‍വാസം അനുഭവിച്ച അന്‍ഡ്രോണിക്കസ്, റഷ്യയിലേക്കു ഓടിപ്പോയി (1165). കീവ്, അന്ത്യോഖ്യാ, സിറിയ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളില്‍ ജീവിച്ചു. മാനുവല്‍ ചക്രവര്‍ത്തിയുടെ വിശ്വാസം വീണ്ടും ആര്‍ജിച്ച് സ്വദേശത്തു മടങ്ങിയെത്തി. ഒരു ഗവര്‍ണറായി നിയമനം നേടിയെങ്കിലും വീണ്ടും രാജ്യത്തുനിന്നും നിഷ്കാസിതനായി. ജറുസലേമില്‍ തീര്‍ഥയാത്രയ്ക്ക് എത്തിയ ഇദ്ദേഹം അവിടത്തെ രാജാവായിരുന്ന ബാള്‍ഡ്‍വിന്റെ വിധവയായ തിയോഡോറയുമായി പ്രേമത്തിലാവുകയും തുടര്‍ന്ന് ഏഷ്യാ മൈനറില്‍ വാസമുറപ്പിക്കുകയും ഒരു കൊള്ളസംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ച് വളരെ ധനം സമ്പാദിക്കുകയും ചെയ്തു. ബൈസാന്റിയന്‍ ചക്രവര്‍ത്തി മാനുവല്‍ നിര്യാതനായപ്പോള്‍ (1180) പ്രായപൂര്‍ത്തിയാകാത്ത അലക്സിയസ് II ചക്രവര്‍ത്തിയായി. ഈ സമയത്ത് കോണ്‍സ്റ്റന്റിനോപ്പിളില്‍ ആഭ്യന്തരക്കുഴപ്പം മൂര്‍ച്ഛിക്കുകയും അന്‍ഡ്രോണിക്കസ്, അലക്സിയസിന്റെ രക്ഷാകര്‍തൃത്വം എറ്റെടുത്തുകൊണ്ട്, അവിടെ പ്രവേശിക്കുകയും ചെയ്തു. അന്‍ഡ്രോണിക്കസ് അലക്സിയസിനെയും അദ്ദേഹത്തിന്റെ മാതാവിനെയും വധിച്ചശേഷം ചക്രവര്‍ത്തി പദം ഏറ്റെടുത്തു (1183). വധിക്കപ്പെട്ട ചക്രവര്‍ത്തി (അലക്സിയസ് II)യുടെ വിധവയും ഫ്രാന്‍സിലെ ലൂയി VII-ാമന്റെ പുത്രിയുമായ ആഗ്നസിനെ അന്‍ഡ്രോണിക്കസ് ഭാര്യയാക്കി. ചില ഭരണപരിഷ്കാരങ്ങള്‍ ഇദ്ദേഹം രാജ്യത്തു നടപ്പിലാക്കുകയുണ്ടായി. വന്‍ ഭൂസ്വത്തുടമകളുടെയും പ്രഭുക്കളുടെയും അധികാരങ്ങള്‍ ഇല്ലായ്മ ചെയ്യുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്തു. രാജ്യത്തു സമാധാനവും പുരോഗതിയും നിലവില്‍ വന്നു. തനിക്കെതിരായ എല്ലാ ഗൂഢാലോചനകളും ഇദ്ദേഹം നിഷ്കരുണം അടിച്ചമര്‍ത്തി. ഇക്കാലത്തു സിസിലിയിലെ വില്യം II-ാമനും നോര്‍മന്‍കാരും രാജ്യം ആക്രമിക്കുകയുണ്ടായി. അന്‍ഡ്രോണിക്കസ് തലസ്ഥാനനഗരിയിലില്ലാതിരുന്ന അവസരത്തില്‍, ഐസക് അന്‍ജേലസ് II-ാമന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റന്റിനോപ്പിളില്‍ ആഭ്യന്തരവിപ്ളവം പൊട്ടിപ്പുറപ്പെട്ടു. സോഫിയാപള്ളിയില്‍ അഭയം തേടിയ അന്‍ജേലസ് ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഐസക് അന്‍ജേലസിന് അനുകൂലരായിത്തീര്‍ന്ന ജനങ്ങള്‍ അന്‍ഡ്രോണിക്കസിനെതിരായി തിരിയുകയും ഇദ്ദേഹത്തെ പിടികൂടി മൂന്നു ദിവസം കഠിനമായി ദേഹോപദ്രവം ചെയ്തശേഷം വധിക്കുകയും ചെയ്തു (1185 സെപ്. 12). നോ: അലക്സിയസ് I, അലക്സിയസ് II

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍