This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഡാലൂസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്‍ഡാലൂസൈറ്റ്

Andalusite


അലൂമിനിയം സിലിക, ഓക്സിജന്‍ എന്നിവയുടെ യൌഗികമായ ഒരു നൈസോസിലികധാതു. രാസ സംഘടനം: Al2 Si O5 (Al2 O3. 63.2 ശ.മാ. SiO2. 36.8 ശ.മാ.) സാധാരണമായി അലൂമിനിയ ഷെയ്‍ലു(shlae)കളുടേയും സ്ളേറ്റു(slate)കളുടേയും കായാന്തരണ (metamorphism) ഫലമായി ഉണ്ടാകുന്നു. അന്തര്‍വേധ (intrusive) ഗ്രാനൈറ്റുകളുമായുള്ള സംസ്പര്‍ശകായാന്തരണവും (contact metamorphism) ഇതിന് സഹായകമാണ്. സമഫലക പ്രിസത്തിന്റെ ആകൃതിയാണ് പൊതുവിലുള്ളത്; എന്നാല്‍ ക്ലുപ്തമായ പരല്‍രൂപം ഉണ്ടാകണമെന്നില്ല.കാഠിന്യം 7.5; ഇത് പ്രതലത്തോടടുത്തു കുറഞ്ഞു കാണുന്നു. ആ.ഘ. 3.16 മുതല്‍ 3.20 വരെ. കാചദ്യുതിയുള്ള സുതാര്യ-അര്‍ധതാര്യ വസ്തുവാണിത്. ലോഹിതമോ ചുവപ്പു കലര്‍ന്ന തവിട്ടോ ഒലീവ് ഹരിതമോ ആയി പല നിറങ്ങളിലും കാണുന്നു. എന്നാല്‍ ഇതിന്റെ ഒരു വകഭേദമായ കയാസ്റ്റൊലൈറ്റ് (chiastolite) ദ്വിവര്‍ണസ്വഭാവമുള്ളതാണ്. അന്‍ഡാലുസൈറ്റ് എളുപ്പം ഉരുകുന്നില്ല, അലേയവുമാണ്. ധൂളീകൃത രൂപത്തില്‍ കോബാള്‍ട്ട് നൈട്രൈറ്റുമായി കുഴച്ചു ചൂടാക്കിയാല്‍ ഉയര്‍ന്ന ഊഷ്മാവില്‍ നീലനിറത്തില്‍ കത്തുന്നു. അലൂമിനിയം സിലിക്കേറ്റിന്റെ മറ്റൊരു ബഹുരൂപധാതുവായ കയോലിനൈറ്റായോ അഭ്രമായോ പരിവര്‍ത്തിതമാകുന്നു. എന്നാല്‍ അതേ രാസയോഗമുള്ള സില്ലിമനൈറ്റായി മാറുന്നില്ല. ഉച്ചതാപച്ചൂള, പോര്‍സെലെയ്ന്‍ എന്നിവയുടെ നിര്‍മാണത്തിലാണ് പ്രധാന ഉപയോഗം. സ്പെയിനിലെ അന്‍ഡാലുസിയയിലാണ് ഈ ധാതു ആദ്യമായി കണ്ടെത്തിയത്. കസാഖ്സ്താന്‍, ട്രാന്‍സ്വാള്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സമ്പന്ന നിക്ഷേപങ്ങളുണ്ട്. ഇന്ത്യയില്‍ മയൂര്‍ഭഞ്ജ് (ഒറീസ), മിര്‍സാപൂര്‍ (ഉ.പ്ര.) എന്നീ ജില്ലകളില്‍ മികച്ച നിക്ഷേപങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാംശ്ളേഷികമായും പരീക്ഷണശാലയില്‍ അന്‍ഡാലൂസൈറ്റ് നിര്‍മിക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍