This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റാര്‍ട്ടിക് ജ്യോതിശ്ശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്റാര്‍ട്ടിക് ജ്യോതിശ്ശാസ്ത്രം

Antarctic Astronomy

ഭൂമിയുടെ ദക്ഷിണധ്രുവ വന്‍കര കേന്ദ്രീകരിച്ചു നടക്കുന്ന ജ്യോതിശ്ശാസ്ത്ര ഗവേഷണ പഠനങ്ങളെ സംയുക്തമായി വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദം. അമുന്‍ഡ്സെന്‍- സ്കോട്ട് ധ്രുവ സ്റ്റേഷനാണ് അന്റാര്‍ട്ടിക് ജ്യോതിശ്ശാസ്ത്ര പഠനങ്ങളുടെ സിരാകേന്ദ്രം. ഇന്‍ഫ്രാറെഡ്, സബ്മില്ലീമീറ്റര്‍, മില്ലീമീറ്റര്‍ തരംഗങ്ങളുപയോഗിച്ച് ഖഗോള വസ്തുക്കളെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മാതൃകാ കേന്ദം എന്ന നിലയില്‍ ഇതിനകം തന്നെ ഈ കേന്ദ്രം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിദ്യുത് കാന്തിക വര്‍ണരാജിയിലെ ഇന്‍ഫ്രാറെഡ്, സബ് മില്ലീമീറ്റര്‍, മില്ലീമീറ്റര്‍ വിഭാഗങ്ങള്‍ ഭൂഗോളത്തിന്റെ ഇതരഭാഗങ്ങളില്‍ അന്തരീക്ഷത്തിലെ അമിത ബാഷ്പാംശത്താല്‍ നഷ്ടപ്പെടുകയാണ് പതിവ്. എന്നാല്‍ അന്റാര്‍ട്ടിക് ധ്രുവത്തില്‍ അന്തരീക്ഷത്തിലെ ബാഷ്പാംശം ഹിമകണങ്ങളായി കൊഴിയുന്നതിനാല്‍ ഇരുണ്ടതും സുതാര്യവുമായ ആകാശത്തിലൂടെ തന്മാത്രാമേഘങ്ങളില്‍ നടക്കുന്ന നക്ഷത്ര രൂപീകരണ പ്രക്രിയയെയും പ്രോട്ടോസ്റ്റാര്‍ ഉള്‍പ്പെടെയുള്ള ചെറുവസ്തുക്കളെയും നിരീക്ഷിക്കുവാന്‍ സാധിക്കുന്നു. അതുപോലെ വളരെ ദൂരത്തായി സ്ഥിതിചെയ്യുന്ന ഗാലക്സികളെ ഫലപ്രദമായി നിരീക്ഷിക്കാനും പഠിക്കുവാനും ഇവിടെ കഴിയുന്നു. പരഭാഗവികിരണത്തിന് (Background radiation) സംഭവിക്കുന്ന വ്യതിയാനത്തെ വിശകലനവിധേയമാക്കുന്നതിന് ഏറെ പര്യാപ്തമായ ഇടം എന്ന നിലയിലും അന്റാര്‍ട്ടിക് മേഖല ജ്യോതിശ്ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

ശൈത്യകാലത്തിന്റ മധ്യത്തില്‍ ദിവസം മുഴുവന്‍ അന്റാര്‍ട്ടിക് മേഖല ഇരുട്ടില്‍ മറയുന്നതിനാല്‍ തുടര്‍ച്ചയായ വാനനിരീക്ഷണവും ഇവിടെ സാധ്യമാകുന്നു. അതുപോലെ തന്നെ മധ്യവേനലില്‍ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാനും ഇവിടെ കഴിയുന്നു. 1980-കളില്‍ ഇത് തികച്ചും നിര്‍ണായകമായിരുന്നു. ഹീലിയൊസിസ്മോളജിയുടെ പ്രാരംഭം എന്നു കണക്കാക്കപ്പെടുന്ന ഈ ഘട്ടത്തിലായിരുന്നു സൂര്യന്റെ ആന്തരികഘടനയെക്കുറിച്ചുള്ള ആദ്യവിവരം സമാഹരിക്കപ്പെട്ടത്.

തികച്ചും നൂതനമായൊരു ജ്യോതിശ്ശാസ്ത്ര ശാഖയാണ് അന്റാര്‍ട്ടിക് ജ്യോതിശ്ശാസ്ത്രം. ചരിത്രപരമായി 1980-ല്‍ ആണ് അന്റാര്‍ട്ടിക് ജ്യോതിശ്ശാസ്ത്രം പിറവികൊണ്ടത്. തുടര്‍ന്ന് അന്റാര്‍ട്ടിക്കയിലെ മുഖ്യജ്യോതിര്‍ഭൌതിക ഗവേഷണ കേന്ദ്രമായ ബാര്‍ട്ടോള്‍ ഗവേഷണസ്ഥാപനത്തിന്റെ മേധാവിയായ മാര്‍ട്ടിന്‍ പൊമെറാന്റ്സിന്റെ മേല്‍നോട്ടത്തില്‍ ഈ ശാഖ വികസിക്കാനാരംഭിച്ചു. തുടര്‍ന്ന് അന്റാര്‍ട്ടിക് സബ്മില്ലീമീറ്റര്‍ ടെലിസ്കോപ്പ് റിമോട്ട് ഒബ്സര്‍വേറ്ററി (ASTRO)യും സി.എം. ബിയെ (Cosmic microwave background)പ്പറ്റി പഠിക്കാന്‍ ഡിഗ്രി ആംഗുലര്‍ സ്കെയില്‍ ഇന്റര്‍ഫെറോ മീറ്ററും സ്ഥാപിതമായി. ബലൂണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും അന്റാര്‍ട്ടിക്കാപ്രദേശം അനുയോജ്യമാണ്. ഗാമാവികിരണങ്ങള്‍, എക്സ്കിരണങ്ങള്‍, സി. എം. ബി. വികിരണം തുടങ്ങിയവ ബലൂണ്‍ സര്‍വേയിലൂടെ പഠനവിധേയമാക്കാന്‍ ഇവിടെ എളുപ്പമാണ്.

സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന്റെ പരീക്ഷണശാല എന്ന നിലയിലും അന്റാര്‍ട്ടിക് ധ്രുവം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പൂര്‍വ അന്റാര്‍ട്ടിക്കന്‍ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന വോസ്തോക്ക് തടാകവും ദശലക്ഷം വര്‍ഷങ്ങളായി ആയിരകണക്കിന് മീറ്റര്‍ കട്ടിയുള്ള ഹിമാനികളാല്‍ മൂടപ്പെട്ടുകിടക്കുന്ന വടക്കേ അമേരിക്കയിലെ ഒന്റാറിയോ തടാകവും ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വോസ്തോക്ക് തടാകം ഉള്‍ക്കൊള്ളുന്ന അസാധാരണ ജീവിവര്‍ഗങ്ങളെ (Extremophiles)ക്കുറിച്ചുള്ള പഠനം ഹിമാനികളാല്‍ മൂടപ്പെട്ട ഒയ്റോപ്പയിലെ സമുദ്രത്തില്‍ ജീവന്റെ സാധ്യതകളെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യും എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നോ: ഒയ്റോപ്പ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍