This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റാര്‍ട്ടിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അന്റാര്‍ട്ടിക്ക

Antartica

ദക്ഷിണധ്രുവത്തെ വലയം ചെയ്തു കിടക്കുന്ന ഹിമാവൃതവന്‍കര; വിസ്തീര്‍ണം 1,42,44,000 ച.കി.മീ. വന്‍കരകളില്‍ ഏറ്റവും കൂടുതല്‍ ശൈത്യമനുഭവപ്പെടുന്ന അന്റാര്‍ട്ടിക്ക വലുപ്പത്തില്‍ അഞ്ചാം സ്ഥാനത്താണ്. 2,400 മീ. ആണ് വന്‍കരയുടെ ശ.ശ. ഉയരം. തെ. അമേരിക്കയില്‍നിന്ന് 970 കി.മീ. അകലെ വരെ എത്തുന്ന ഉപദ്വീപു ഭാഗം ഒഴിവാക്കിയാല്‍ ഈ വന്‍കരയ്ക്ക് വൃത്താകൃതിയാണുള്ളത്. വന്‍കരയ്ക്കുള്ളിലേക്കു കയറിക്കിടക്കുന്ന റാസ്, വെഡല്‍ എന്നീ ഉള്‍ക്കടലുകളും അവയ്ക്കിടയിലായി എഴുന്നിട്ടുള്ള ട്രാന്‍സ് അന്റാര്‍ട്ടിക് മലനിര(നീളം 3,040 കി.മീ.)യും ചേര്‍ന്ന് അന്റാര്‍ട്ടിക്കയെ പൂര്‍വ, പശ്ചിമ ഭാഗങ്ങളായി വിഭജിക്കുന്നു. ഇവയില്‍ പൂര്‍വ അന്റാര്‍ട്ടിക്ക ഒരു ഹിമാഛാദിത പീഠപ്രദേശമാണ്. താരതമ്യേന വലുപ്പം കുറഞ്ഞ പശ്ചിമ അന്റാര്‍ട്ടിക്ക അനേകശതം ദ്വീപുകളായി വീണ്ടുകീറിയ മട്ടിലാണ് അവസ്ഥിതമായിട്ടുള്ളത്. ഈ ദ്വീപുകളും അവയെ വേര്‍തിരിക്കുന്ന ചാലുകളും ഒന്നാകെ വിസ്തൃതമായ ഹിമപ്പരപ്പായി ദൃശ്യമാകുന്നു.

'ആര്‍ട്ടിക്കിനു പ്രതിലോമമായത്' എന്ന അര്‍ഥത്തിലാണ് 'അന്റാര്‍ട്ടിക്ക' എന്ന പേര് നിഷ്പന്നമായിരിക്കുന്നത്. ഇന്ത്യന്‍, പസിഫിക്, അത്‍ലാന്തിക് എന്നീ സമുദ്രങ്ങളുടെ ദക്ഷിണ ഭാഗങ്ങള്‍ ചേര്‍ന്ന് ഈ വന്‍കരയുടെ അതിര്‍ത്തിമേഖല സൃഷ്ടിക്കുന്നു. ജലമണ്ഡലത്തിന്റെ ഈ ഭാഗത്തിന് അന്റാര്‍ട്ടിക് സമുദ്രം എന്ന പ്രത്യേക സംജ്ഞ വ്യവഹാരത്തിലുണ്ട് (നോ: അന്റാര്‍ട്ടിക് സമുദ്രം). തെ. അക്ഷാ. 60ത്ഥ-ക്കു താഴെ സ്ഥിതി ചെയ്യുന്ന അന്റാര്‍ട്ടിക്ക ഉള്‍പ്പെടെയുള്ള ഭൂവിഭാഗങ്ങളെ മൊത്തത്തില്‍ ദക്ഷിണ ധ്രുവമേഖല എന്നു വിളിക്കാറുണ്ട്.

ഹിമാവൃത പരിസ്ഥിതി

അന്റാര്‍ട്ടിക്ക

വന്‍കരാമണ്ഡലത്തിന്റെ പത്തിലൊന്നോളം വരുന്ന, അന്റാര്‍ട്ടിക്കയുടെ 99 ശ.മാ. ഭാഗത്തും ശ.ശ. 2,000 മീ. കനത്തില്‍ ഹിമപാളികള്‍ അട്ടിയിട്ടിരിക്കുന്നു. ഭൂമുഖത്താകെയുള്ള ഹിമത്തിന്റെ 90 ശ.മാ. ആണിത്. ഇതിന്റെ മൊത്തം ഘനമാനം 30 ദശലക്ഷം ഘ.കി.മീറ്ററിലേറെയാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍, 4,600 മീ. കനത്തില്‍ മഞ്ഞുമൂടിക്കാണുന്നു. ദക്ഷിണ ധ്രുവത്തിന്റെ സ്ഥാനം 3,000 മീ. ഉയരമുള്ള പീഠഭൂമിയിലാണ്. ഉപഗ്രഹ നിരീക്ഷണത്തിലൂടെ 1978-1987 കാലഘട്ടത്തില്‍, ഗ്ളവര്‍സണ്‍, കാംപ്ബെല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍ണയിച്ചിട്ടുള്ളതനുസരിച്ച് അന്റാര്‍ട്ടിക്കയിലും സമീപ കടലുകളിലുമുള്ള ഹിമാവരണത്തിന്റെ വ്യാപ്തി, ഗ്രീഷ്മകാലത്ത് 3.5 ദശലക്ഷം ച.കി.മീ. ഉം ശൈത്യകാലത്ത് 18 ദശലക്ഷം ച.കി.മീ. ഉം ആണ്. ഈ ഹിമാവരണത്തിന്റെ ഉപരിതലത്തില്‍ 18 ശ.മാ.ത്തോളം ഭാഗത്ത് വെള്ളം തളം കെട്ടിക്കിടക്കുന്നു. ഈ ജലാശയങ്ങളെ പാളീന്യ (polyna) എന്നാണ് വിളിക്കുന്നത്.

ഇടതടവില്ലാതെ ആഞ്ഞുവീശുന്ന പടിഞ്ഞാറന്‍ കാറ്റുകള്‍ മൂലം അന്റാര്‍ട്ടിക് സമുദ്രം സദാ പ്രക്ഷുബ്ധമായി വര്‍ത്തിക്കുന്നു. തന്‍മൂലം കടലിലെ ഹിമാവരണം താരതമ്യേന കനം കുറഞ്ഞതാണ്; എല്ലായിടവും എപ്പോഴും ഹിമാഛാദിതമാവുന്നുമില്ല. കരയിലെ സ്ഥിരഹിമശിഖരങ്ങളില്‍ നിന്നു വഴുതിയിറങ്ങുന്ന ഹിമാനികള്‍ സാവധാനം സമുദ്രത്തിന്റെ നേര്‍ക്കു നീങ്ങുന്നു. ഇവയുടെ സ്ഥാനാന്തരം വര്‍ഷത്തില്‍ ഏതാനും മീറ്റര്‍ മുതല്‍ ആയിരക്കണക്കിനു മീറ്റര്‍ വരെയാവാം. കടലോരത്തെത്തുന്നതോടെ ഇവ ഉടഞ്ഞു ചിതറി വലിയ മഞ്ഞുകട്ടകളായി സമുദ്രത്തില്‍ പൊന്തിക്കിടക്കുന്നു. സമുദ്രതീരത്തുള്ള ചില പര്‍വതശിഖരങ്ങളില്‍ ഹിമാച്ഛാദിതമല്ലാത്ത നഗ്നശിലകള്‍ കാണാം. പക്ഷേ ഉള്ളിലേക്കു പോകുന്തോറും സ്ഥിതി വ്യത്യാസപ്പെടുന്നു. ഹിമപാളിക്കടിയിലെ പ്രതല സ്വഭാവം ഭൂകമ്പമാപിനികള്‍, ഭൂഭൌതിക സര്‍വേഷണം (geophysical survey) എന്നിവയിലൂടെ വ്യക്തമായിട്ടുണ്ട്. വിസ്തൃതമായ സമതലങ്ങള്‍ ധാരാളമായുള്ള വന്‍കരയാണ് അന്റാര്‍ട്ടിക്ക. മഞ്ഞിന്റെ ഭാരംമൂലം പലഭാഗങ്ങളും സമുദ്രനിരപ്പിലും താഴെപ്പോയിരിക്കുന്നു. അന്റാര്‍ട്ടിക്കന്‍ ഹിമത്തിന്റെ പരിമാണം വര്‍ഷംതോറും കുറഞ്ഞു വരുന്നതായാണു കാണുന്നത്. ഇപ്പോഴടിഞ്ഞിട്ടുള്ള ഹിമസഞ്ചയം ഒന്നാകെ ഉരുകിയാല്‍ ലോകസമുദ്രങ്ങളിലെ ജലനിരപ്പ് 76 മീ. ഉയരുമെന്നും തത്ഫലമായി 12 ദശലക്ഷം ച.കി.മീ. തീരപ്രദേശം, ഭൂമുഖത്തെ മികച്ച നഗരങ്ങളോടൊപ്പം വെള്ളത്തിലാണ്ടുപോകുമെന്നും അനുമാനിക്കപ്പെടുന്നു.

ഭൌതിക ഭൂമിശാസ്ത്രം.

വന്‍കരാവിസ്ഥാപനവും അന്റാര്‍ട്ടിക്കയും

വന്‍കരയുടെ പരിണാമപരമായ ദശാവ്യതിയാനങ്ങള്‍ക്ക് ദക്ഷിണാര്‍ധഗോളത്തിലെ ഇതര വന്‍കരകളിലേതിനോട് തികഞ്ഞ സാദൃശ്യം കാണാം. 300 കോടി വര്‍ഷം മുന്‍പ് മുതലുള്ള ഭൂവിജ്ഞാനീയ പ്രക്രമങ്ങള്‍ക്കു ശിലാപ്രസ്തരപരമായ സാക്ഷ്യം ലഭിച്ചിട്ടുള്ള ഭൂഭാഗങ്ങളെ അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാര്‍ധഗോളത്തിലെ വന്‍കരകളില്‍ ഭൂവല്കസംരചനയിലും ജീവജാലങ്ങളുടെ പരിണാമപരമായ വളര്‍ച്ചാ വിന്യാസങ്ങളിലും 15 കോടി വര്‍ഷം മുന്‍പ് പൊതുവില്‍ സാദൃശ്യമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായി തുടങ്ങിയത് ഇന്നേക്ക് 7 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്, സിനോസോയിക് കല്പത്തിന്റെ ആരംഭത്തോടെയാണ്. വന്‍കരകളിലെ സസ്യ-ജന്തുജാലത്തിന്റെ സുഗമമായ വിതരണത്തിന് ഈ കാലയളവില്‍ തടസ്സമുണ്ടായി. മറ്റു ഭാഗങ്ങളില്‍ കരജീവികളായ സസ്തനി വര്‍ഗങ്ങളുടെ അംഗസംഖ്യയില്‍ സാരമായ വര്‍ധനവുണ്ടായപ്പോള്‍ അന്റാര്‍ട്ടിക്കയിലുണ്ടായിരുന്നവ വംശനാശത്തിനു വഴിപ്പെട്ടു. സിനോസോയിക് കല്പത്തിന്റെ ആദ്യപാദങ്ങളില്‍ സഞ്ചിമൃഗങ്ങളു(marsupials)ടെ വിഹാരരംഗമായിരുന്നു അന്റാര്‍ട്ടിക്ക. ഈ വര്‍ഗത്തില്‍പെട്ട സസ്തനികള്‍ ഇവിടെ നിന്നാണ് ഇതരവന്‍കരകളിലേക്കു ചേക്കേറിയത്. ക്രമേണ അന്റാര്‍ട്ടിക്ക ഹിമാധിക്യത്തിനു വിധേയമാവുകയും കരജീവികളുടെ സുഗമജീവിതം തടസ്സപ്പെടുകയും ചെയ്തു. വെഡല്‍ കടലിലെ സെയ്മൂര്‍ ദ്വീപില്‍ നിന്ന് സഞ്ചിമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളമായി കണ്ടെടുത്തിട്ടുണ്ട്. ജീവാശ്മ (fossil) പരമായ തെളിവുകള്‍ പ്രകാരം അന്റാര്‍ട്ടിക്കയില്‍ ജീവജാലങ്ങളുടെ വംശവൃദ്ധിക്കു തികച്ചും അനുകൂലമായ കാലാവസ്ഥ നിലനിന്നിരുന്നുവെന്ന് അനുമാനിക്കേണ്ടിവരുന്നു. 266-245 ദശലക്ഷം വര്‍ഷം മുന്‍പുള്ള മീസോസോയിക് കല്പത്തില്‍ അന്റാര്‍ട്ടിക്കയില്‍ വന്‍വൃക്ഷങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, അടിക്കാടുകള്‍ തുടങ്ങിയവ ഇടതൂര്‍ന്നു വളര്‍ന്നിരുന്ന വനങ്ങള്‍ ഉണ്ടായിരുന്നു. ഇന്നേക്ക് 5.3-1.6 ദശലക്ഷം വര്‍ഷം മുന്‍പ് പ്ളയോസീനിന്റെ ആദ്യഘട്ടത്തില്‍ അന്റാര്‍ട്ടിക്ക ദ.ധ്രുവത്തിന്റെ ദിശയില്‍ വിസ്ഥാപിതമായി; അതോടെ ശൈത്യബാധിതവും ഹിമാഛാദിതവുമായി മാറുകയും ചെയ്തു. പ്ളയോസീനിന്റെ തുടക്കം വരെ ഈ വന്‍കരയില്‍ ഒറ്റപ്പെട്ട വനങ്ങള്‍ നിന്നുപോന്നതിനു തെളിവുണ്ട്. അന്യംനിന്നുപോയ പ്രത്യേകയിനം സസ്യങ്ങളുടേയും മീസോസോയിക് കല്പത്തിലെ ഇഴജന്തുക്കള്‍, ഉഭയജീവികള്‍ എന്നിവയുടേയും ജീവാശ്മങ്ങള്‍ ഇതര വന്‍കരകളില്‍ നിന്നു താദൃശകാലഘട്ടങ്ങളിലേതായി ലഭിച്ച ജീവാശ്മങ്ങളുമായി സാരൂപ്യം പുലര്‍ത്തുന്നതില്‍ നിന്ന്, പ്രാക്കാലത്ത് ദക്ഷിണാര്‍ധഗോളത്തിലെ അന്റാര്‍ട്ടിക്ക ഉള്‍പ്പെടെയുള്ള വന്‍കരകള്‍ ഒന്നുചേര്‍ന്ന് ഒരു ബൃഹദ് ഭൂഖണ്ഡ (ഗോണ്ട്യനാലന്‍ഡു)മായി കിടന്നിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. വന്‍കരഭാഗങ്ങളിലെ ശിലാസംരചനയും കടല്‍ത്തറകളുടെ പ്രായവും സംബന്ധിച്ച പഠനങ്ങളിലൂടെ ഗോണ്ഡ്വാനാലന്‍ഡ് 180-160 ദശലക്ഷം വര്‍ഷം മുമ്പ്, ജൂറാസിക് കാലഘട്ടത്തില്‍, പൊട്ടിപ്പിളര്‍ന്ന് നാനാദിശകളിലേക്കായി ചിതറിമാറിയെന്നു വ്യക്തമായിട്ടുണ്ട്. ആഫ്രിക്ക, ആസ്റ്റ്രേലിയ എന്നിവ ഉള്‍ക്കൊള്ളുന്ന വന്‍കരാഫലകങ്ങള്‍ ജൂറാസിക്കില്‍ തുടങ്ങി, തുടര്‍ന്നുള്ള ക്രിറ്റേഷ്യസ് മുതല്‍ സിനോസോയിക് വരെയുള്ള കാലഘട്ടങ്ങള്‍ക്കിടയില്‍ അന്റാര്‍ട്ടിക്കയില്‍ നിന്നു പൂര്‍ണമായും വേര്‍പിരിഞ്ഞ് അകലുകയായിരുന്നു. ഇതേയവസരത്തില്‍ അന്റാര്‍ട്ടിക്കയ്ക്ക് ധ്രുവീയദിശയില്‍ വിസ്ഥാപനം സംഭവിക്കുകയും ചെയ്തു.

ശിലാസംരചന

അന്റാര്‍ട്ടിക്കയുടെ 95 ശ.മാ.-ഓളം ഹിമപാളികളുടെ കനത്ത ആവരണത്തിനടിയിലാണ്. ഇവയ്ക്ക്അടിയിലുള്ള ശിലാഘടന നിര്‍ണയിക്കുന്നത് നന്നെ ദുഷ്കരമായിരിക്കുന്നു. പര്‍വത ശിഖരങ്ങളില്‍ അപൂര്‍വമായുള്ള നഗ്നശിലാതലങ്ങളെ പഠനവിധേയമാക്കിയും ഭൂകമ്പതരംഗങ്ങളുടെ പ്രതിപതനം ആസ്പദമാക്കിയുമുള്ള നിഗമനങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അന്റാര്‍ട്ടിക്കാസഖ്യത്തിലെ അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഭൂവിജ്ഞാനികള്‍ ഈ വന്‍കരയുടെ ശിലാഘടനയെ സംബന്ധിച്ച പഠനങ്ങളില്‍ വ്യാപൃതരാണ്. ഇക്കൂട്ടത്തില്‍ ബ്രിട്ടിഷ് ഭൂവിജ്ഞാനികളുടെ സംഭാവനകളാണ് മികച്ചുനില്ക്കുന്നത്.

ശിലാസംരചനയെ അടിസ്ഥാനമാക്കി അന്റാര്‍ട്ടിക്കയെ രണ്ട് അതുല്യമേഖലകളായി തിരിക്കാം: സ്ഥായിത്വം പുലര്‍ത്തുന്ന പ്രീകാമ്പ്രിയന്‍ ശിലകളുടെ സുദീര്‍ഘപടലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൂര്‍വ അന്റാര്‍ട്ടിക്ക; നന്നെ പ്രായംകുറഞ്ഞ, മീസോസോയിക്-സിനോസോയിക് കാലഘട്ടത്തിലെ അസ്ഥായി ശിലാക്രമങ്ങളുടേതായ പശ്ചിമ അന്റാര്‍ട്ടിക്ക. ഇവയ്ക്കു കുറുകെ വിഭാജകമായി വര്‍ത്തിക്കുന്ന ട്രാന്‍സ് അന്റാര്‍ട്ടിക് നിരകള്‍ ഒരു ഭ്രംശോത്ഥ-പര്‍വത(fault-block)മാണ്. പൂര്‍വ, പശ്ചിമ അന്റാര്‍ട്ടിക്കകളെ യഥാക്രമം ഗോണ്ഡ്വാനാമേഖല, ആന്‍ഡീയന്‍ മേഖല എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രസക്ത മേഖലയുടെ ശിലാപ്രസ്തരപരമായ പൂര്‍വകാലബന്ധം ദ്യോതിപ്പിക്കുന്ന സംജ്ഞകളാണ് ഇവ. ഇന്ത്യാ-ഉപദ്വീപിലെ ഗോണ്ഡ്വാനാ പ്രദേശത്തിനോടു സാദൃശ്യം പുലര്‍ത്തുന്നതാണ് പൂര്‍വ അന്റാര്‍ട്ടിക്കയിലെ ശിലാക്രമങ്ങള്‍. പ. അന്റാര്‍ട്ടിക്കയെ തെ. അമേരിക്കയിലെ ആന്‍ഡീസ് ശിലാ വ്യൂഹത്തിന്റെ തുടര്‍ച്ചയായി കരുതാവുന്നതാണ്. അന്റാര്‍ട്ടിക്കയുടെ സങ്കീര്‍ണമായ ശിലാസംരചനയെക്കുറിച്ച് സുവ്യക്തമായ അറിവുകള്‍ ഗവേഷണ പഠനങ്ങളിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇനിയും പൂര്‍ണമായിട്ടില്ല.

പൂര്‍വ, പശ്ചിമ അന്റാര്‍ട്ടിക്കകളിലെ ഭൂവല്ക്കശിലകളുടെ കനം മറ്റു വന്‍കരകളിലേതിനോട് ഏറെക്കുറെ തുല്യമാണ്. ഹിമാവരണം പാടെ ഒഴിവായാല്‍ ഒരു ദ്വീപസമൂഹത്തിന്റെ പ്രകൃതിയാവും ഈ വന്‍കരയ്ക്കുണ്ടാവുക. ഭൂവല്ക്കശിലകളുടെ ശ.ശ. കനം 32 കി.മീ. ആണ്. പൂര്‍വ അന്റാര്‍ട്ടിക്കയില്‍ ഭൂവല്ക്കപടലങ്ങള്‍ 40 കി.മീ. ആഴത്തില്‍ വരെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ് അന്റാര്‍ട്ടിക് നിരകള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ഭ്രംശമേഖലയുടെ പാര്‍ശ്വങ്ങളിലാണ് ഈ പടലങ്ങളുടെ കനം ഏറ്റവും കൂടിക്കാണുന്നത്. അന്റാര്‍ട്ടിക്കയിലെ ഭ്രംശമേഖലകളില്‍ ഭൂചലനങ്ങള്‍ നന്നെ വിരളമാണ്. ഭൂകമ്പീയ പ്രക്രിയകള്‍ ഏറ്റവും കുറവായുള്ള വന്‍കരയാണിത്. പ്രകമ്പനങ്ങള്‍ വിരളമായെങ്കിലും അനുഭവപ്പെടുന്നത് വന്‍കരയുടെ സീമാമേഖലയിലുള്ള ജലാന്തരവരമ്പു(submerged ridge)കളുടേയും അഗ്നിപര്‍വത ദ്വീപുകളുടേയും പ്രാന്തങ്ങളിലാണ്. എന്നിരിക്കിലും അന്റാര്‍ട്ടിക് ഫലകം (Antarctic plate) വിവര്‍ത്തനിക പ്രക്രമ(Tectonic process)ത്തില്‍നിന്നു തീര്‍ത്തും മുക്തമല്ല; 1977-ല്‍ ബെലിങ്ഷാസന്‍ കടലില്‍ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പം (തീവ്രത 6.4) ഇതാണ് സൂചിപ്പിക്കുന്നത്.

പ്രീകാമ്പ്രിയനിലും അതേ തുടര്‍ന്നുള്ള ഭൂവിജ്ഞാനീയ കല്പങ്ങളിലും അന്റാര്‍ട്ടിക്കയുടെ പ്രതല സ്വഭാവം ഇന്നത്തേതില്‍ നിന്നു തുലോം വിഭിന്നമായി വര്‍ത്തിച്ചിട്ടുണ്ടാവണം. അതിപ്രാചീനമായ ഒരു ഘട്ടത്തില്‍, അന്നത്തെ സമുദ്ര തടങ്ങളും തടാകങ്ങളും അഗ്നിപര്‍വത വിസ്ഫോടനത്തിലൂടെയും ശിലാവിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവസാദങ്ങളടിഞ്ഞ് നികന്നു പോയിട്ടുണ്ടാവാം. ആവര്‍ത്തിച്ചുണ്ടായ പര്‍വതന പ്രക്രിയയുടെ കാലത്ത് ഈ അടിവുകള്‍ ഞെരിഞ്ഞമര്‍ന്നും പല മടക്കുകളായി ഉയര്‍ത്തപ്പെട്ടും പരല്‍ ഘടനയും സങ്കീര്‍ണ സ്വഭാവവുമുള്ള ശിലാപടലങ്ങള്‍ക്കു രൂപംനല്കി. ഇങ്ങനെയുണ്ടായ മടക്കുപര്‍വതങ്ങള്‍ അപരദന വിധേയമായി കാര്‍ന്നെടുക്കപ്പെടുക, തുടര്‍ന്നുണ്ടായ അവസാദ സഞ്ചയങ്ങള്‍ വീണ്ടും മടക്കി ഉയര്‍ത്തപ്പെടുക, ഈ പ്രക്രമത്തിനിടയില്‍പ്പെട്ട് ശിലാഘടനയില്‍ കാതലായ മാറ്റങ്ങള്‍ വന്നുചേരുക തുടങ്ങിയ ഭൂവിജ്ഞാനീയ പ്രക്രിയകള്‍ പലവുരു ആവര്‍ത്തിക്കപ്പെട്ടു. പരിണാമപരമായ ഈ പ്രക്രമത്തിനിടയില്‍ വിവര്‍ത്തനിക പ്രക്രിയകളുടെ സജീവസാന്നിധ്യവും അനുഭവപ്പെട്ടിരിക്കാം. ഈ നീണ്ട കാലയളവിനിടയില്‍ അന്റാര്‍ട്ടിക് ഫലകത്തിന് വിസ്ഥാപനം (drift) മൂലം സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായും സ്ഥാനഭേദമനുസരിച്ച് വൈവിധ്യമാര്‍ന്ന കാലാവസ്ഥാപ്രകാരങ്ങളും അനുഭവസിദ്ധമായിട്ടുണ്ടാവാം. ഉദ്ദേശം 400 ദശലക്ഷം വര്‍ഷം മുമ്പ് അന്റാര്‍ട്ടിക്ക ദ.ധ്രുവത്തെ ചൂഴ്ന്നുള്ള ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കണം. ട്രാന്‍സ് അന്റാര്‍ട്ടിക് മലനിരകള്‍ ഉരുത്തിരിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അന്റാര്‍ട്ടിക്കയില്‍ പലയിടത്തും പെര്‍മിയന്‍ കല്കരി നിക്ഷേപങ്ങള്‍ക്കടിയിലായി, ഹിമനദീയനത്തെ (glacia-tion) തുടര്‍ന്നുണ്ടാവുന്ന സവിശേഷ നിക്ഷേപങ്ങളായ ടില്ലൈറ്റുകള്‍ (tillites) അവസ്ഥിതമായിക്കാണുന്നു. ഈ ഹിമാനീകൃത ശിലാക്രമങ്ങളുടേയും ക്രിറ്റേഷ്യസ്-സിനോസോയിക് കാലഘട്ടത്തിലേതായ സൂക്ഷ്മജീവാശ്മ(microfossil)ങ്ങളുടേയും വിന്യാസം ട്രാന്‍സ് അന്റാര്‍ട്ടിക് മലനിരകളുടെ ആവിര്‍ഭാവകാലത്തെയാണ് സൂചിപ്പിക്കുന്നത്. 408-360 ദശലക്ഷം വര്‍ഷം മുന്‍പു നിലനിന്നിരുന്ന ഡെവോണിയന്‍ യുഗത്തിന്റെ ആരംഭഘട്ടമായിരുന്നു ഇത്. തുടര്‍ന്ന് മധ്യ-ജൂറാസിക് (160 ദശലക്ഷം വര്‍ഷം മുന്‍പ്) വരെയുള്ള കാലയളവില്‍ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലും തടാകങ്ങളിലും ക്വാര്‍ട്ട്സോസ് (Quartzose) ഇനത്തില്‍പ്പെട്ട മണല്‍ക്കല്ല് (ബീക്കണ്‍ സാന്‍ഡ് സ്റ്റോണ്‍) തുടര്‍ച്ചയായി അടിഞ്ഞിരുന്നതായി കണ്ടെത്തിയിരിക്കുന്നു. ഈ അടിവുകള്‍ക്കിടയില്‍ അക്കാലത്ത് സമൃദ്ധമായിരുന്ന് അന്യംനിന്നു പോയിട്ടുള്ള ജീവജാലങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു; ഡെവോണിയന്‍ ശിലകള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുള്ളവയില്‍ ശുദ്ധജലമത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ഉള്‍പ്പെടുന്നു. ഇന്നേയ്ക്ക് 286-245 ദശലക്ഷം വര്‍ഷം മുന്‍പുള്ള പെര്‍മിയന്‍ യുഗത്തിലെ കല്കരിനിക്ഷേപങ്ങള്‍ക്കിടയിലെ ഗ്ളോസ്സോപ്പ്റ്റെറിസ് (glossopteris), ട്രയാസിക് (245-208 ദശലക്ഷം വര്‍ഷം മുന്‍പ്) യുഗത്തിലെ ഡൈക്രോഡിയം (Dicrodium) എന്നീ സസ്യങ്ങളുടേയും ട്രയാസിക് യുഗത്തിലെ ഉരഗങ്ങള്‍ (ഉദാ. ലിസ്റ്റ്രോസാറസ് -Listrosaurus), ഉഭയജീവികള്‍ എന്നിവയുടേയും ജീവാശ്മങ്ങള്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സ് അന്റാര്‍ട്ടിക് നിരകളിലെ ദ. ധ്രുവത്തോടടുത്ത ഭാഗങ്ങളില്‍നിന്ന് 1990-91 കാലത്ത് കണ്ടെടുത്ത ദിനോസാറി(Dinosaur)ന്റെ ജീവാശ്മങ്ങള്‍ ജൂറാസിക്കിന്റെ ആദ്യപാദത്തിലേതായി ചൈനയില്‍നിന്നു ലഭിച്ചിട്ടുള്ളവയുമായി ഉറ്റസാദൃശ്യം പുലര്‍ത്തിയിരുന്നു. ഇവയോടനുബന്ധിച്ചു കണ്ടെടുത്ത സസ്യാവശിഷ്ടങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ അന്നു നിലനിന്നിരുന്ന താരതമ്യേന സൌമ്യമായ കാലാവസ്ഥയുടെ സൂചകങ്ങളാണ്. ഈ കാലഘട്ടത്തില്‍ വന്‍കരയുടെ സ്ഥാനം ദ. അക്ഷാ. 65ത്ഥ ക്ക് ഇരുപുറവുമായിരുന്നെന്ന് കരുതാം.

ഉച്ചാവചം

അന്റാര്‍ട്ടിക്കയുടെ പ്രതലത്തെ പൊതുവേ രണ്ടുവിഭാഗങ്ങളില്‍പ്പെടുത്താം: (1) ഹിമാച്ഛാദിതമെങ്കിലും നേരിയ ആവരണം മാത്രമുള്ള മലനിരകളും പീഠഭൂമികളും, നന്നെ അപൂര്‍വമായി നഗ്നശിലാതലങ്ങള്‍; (2) ഹിമാച്ഛാദിതമായി അഗാധതയില്‍ വര്‍ത്തിക്കുന്ന ആധാത്രിശിലാപടലങ്ങള്‍ - സാങ്കേതിക പ്രവിധികളിലൂടെ നിര്‍ണയിക്കപ്പെട്ടിട്ടുള്ളവ. ഈ രണ്ടു വിഭാഗങ്ങളും യുഗാന്തരങ്ങളായുള്ള ഭൂവിജ്ഞാനീയ പ്രക്രമങ്ങളിലൂടെ രൂപം പ്രാപിച്ചവയാണ്.

ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകള്‍ ഈ വന്‍കരയില്‍ നിരന്തരം നടന്നുവരുന്നു; ഇതര വന്‍കരകളില്‍ നിന്നു വ്യത്യസ്തമായി, പ്രവാഹജലം, കാറ്റ്, ഭൂജലം തുടങ്ങിയ കാരകങ്ങള്‍ക്ക് ഇവിടുത്തെ ഭൂരൂപനിര്‍മാണത്തില്‍ പങ്കില്ല. ഗ്രീഷ്മ കാലത്ത് അല്പായുസ്സുകളായ അരുവികള്‍ പ്രത്യക്ഷപ്പെടാം. മഞ്ഞുരുകിയിറങ്ങുന്ന ജലമാണ് ഇവയെ പോഷിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖമായ ഒണിക്സ് ലോവര്‍ റൈറ്റ് ഹിമാനിയില്‍ നിന്നു പ്രഭവിച്ച് മക്മുര്‍ഡോ സൌണ്ടിനു സമീപത്തുള്ള വണ്ടാജലാശയത്തില്‍ പതിക്കുന്നു.

അന്റാര്‍ട്ടിക്കയിലെ ഏറിയ ഭാഗങ്ങളും സമുദ്രനിരപ്പില്‍ നിന്ന് ശ.ശ. 2,100-2,400 മീ. ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തില്‍ വന്‍കരകളുടെ കൂട്ടത്തില്‍ അന്റാര്‍ട്ടിക്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുനില്ക്കുന്ന ഏഷ്യയുടെ ശ.ശ. ഉയരം 915 മീ. മാത്രമാണ്. പൂര്‍വ അന്റാര്‍ട്ടിക്കയിലെ ഹിമശൃംഗങ്ങള്‍ ദ. അക്ഷാ. 800യിലും 750 യിലും 3,500 മീ. ലേറെ ഉയരം പ്രാപിച്ചിരിക്കുന്നു. ഹിമാവരണം പാടെ ഒഴിവായാല്‍ അന്റാര്‍ട്ടിക്കയുടെ മാധ്യ-ഉയരം 460 മീ. ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു; വന്‍കരയുടെ വ്യാപ്തി പൂര്‍വ അന്റാര്‍ട്ടിക്കയേയും സമീപ ദ്വീപുകളേയും മാത്രം ഉള്‍ക്കൊണ്ട് നന്നെ ചുരുങ്ങുകയും ചെയ്യും. പോളാര്‍, വില്‍ക്കീസ് എന്നീ ഹിമമഗ്ന തടങ്ങള്‍ ട്രാന്‍സ് അന്റാര്‍ട്ടിക്ക്്, ഗാംബുര്‍സ്റ്റേവ് എന്നീ മലനിരകള്‍ക്കിടയ്ക്ക് പൂര്‍വരേഖാ. 900 മുതല്‍ 1500 വരെ നീളുന്ന വിസ്തൃത സമതലമായി ഭവിക്കും. മലനിരകളുടെ ഉയരം 2,000-4,000 മീ. ആകുകയും വന്‍കരയുടെ ശേഷം ഭാഗങ്ങള്‍ക്ക് കുന്നുകളും മലനിരകളും കൂട്ടിക്കലര്‍ന്ന സങ്കീര്‍ണ ഭൂപ്രകൃതി ഉണ്ടാകുകയും ചെയ്യും. സെന്റെനല്‍ നിരകളിലെ വിന്‍സണ്‍ മാസ്സിഫ് (4,897 മീ.) ആയിരിക്കും വന്‍കരയിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി. എല്‍സ്വര്‍ത്ത് ലന്‍ഡ്, മേരി ബേര്‍ഡ് ലന്‍ഡ് തുടങ്ങി ഇന്നു കരയെന്നു വിശേഷിപ്പിക്കുന്ന മിക്കഭാഗങ്ങളും ഹിമാവരണം ഒഴിവാകുന്നതോടെ കടലിലാണ്ടുപോകും.

അഗ്നിപര്‍വത പ്രക്രിയകള്‍

എല്‍സ്വര്‍ത്ത് ലന്‍ഡ് മേരി ബേര്‍ഡ് ലന്‍ഡ്, വിക്റ്റോറിയാലന്‍ഡ്, അന്റാര്‍ട്ടിക് ഉപദ്വീപിന്റെ അരികുകള്‍ എന്നിവിടങ്ങളിലുള്ള അഗ്നിപര്‍വതങ്ങള്‍ ഹിമാവൃതമെങ്കിലും സജീവങ്ങളാണ്. സ്കോഷ്യാ ദ്വീപസമൂഹത്തിലാണ് അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍ രൂക്ഷമായതോതില്‍ നടക്കുന്നത്. പൂര്‍വ അന്റാര്‍ട്ടിക്കയുടെ കി. തീരത്ത് ഗാസ്സ്ബെര്‍ഗ് (900കി.) എന്ന ഒരേയൊരു അഗ്നിപര്‍തം മാത്രമേയുള്ളൂ. റാസ് ദ്വീപിലെ ദീര്‍ഘനാള്‍ സുക്ഷുപ്തിയിലാണ്ടിരുന്ന മൌണ്ട് എറിബസ് അഗ്നിപര്‍വതം 1970 മധ്യത്തോടെ വീണ്ടും സജീവമായി. ഇതില്‍ നിന്ന് ഉദ്ഗമിച്ച ലാവ നേരത്തേ ഉരുത്തിരിഞ്ഞിരുന്ന വിലമുഖതടാക(creater lake)ത്തെ പൂര്‍ണമായി നികത്തി. യു.എസ്സിന്റെ പ്രധാന നിരീക്ഷണ നിലയമായ മക്മുര്‍ഡോ എറിബസ്സിനുതൊട്ടടുത്താണ്. തന്മൂലം എറിബസ്സിന്റെ ഭാവമാറ്റങ്ങള്‍ സൂക്ഷ്മാവലോകനത്തിനു വിധേയമായിരിക്കുന്നു. ഡിസപ്ഷന്‍ ദ്വീപിലെ അഗ്നിപര്‍വത കുഹര(caldera) ത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനങ്ങളില്‍ സമീപസ്ഥങ്ങളായ നിരീക്ഷണ നിലയങ്ങള്‍ക്ക് (ബ്രിട്ടന്‍, ചിലി എന്നീ രാജ്യങ്ങളുടെ) സാരമായ കേടുപാടുകള്‍ സംഭവിച്ചു (1967-70). അന്റാര്‍ട്ടിക് ഉപദ്വീപിലും സ്കോഷ്യാ ദ്വീപസമൂഹത്തിലുമുള്ള അഗ്നിപര്‍തങ്ങള്‍ പസിഫിക് വക്കത്തുള്ളവയുമായി സ്വഭാവ സാദൃശ്യം പുലര്‍ത്തുന്നു; മറ്റിടങ്ങളിലുള്ളവ ആഫ്രിക്കന്‍ ഭ്രംശ താഴ്വരയില്‍പ്പെട്ട അഗ്നിപര്‍വതങ്ങളോടും.

ഹിമാനികള്‍

സെന്റെനല്‍ റേഞ്ച് പോലുള്ള ഉയര്‍ന്ന ഗിരിശൃംഗങ്ങളില്‍ ഉദ്ദേശം 50 ദശലക്ഷം വര്‍ഷത്തിനു മുന്‍പുതന്നെ ഹിമാനികള്‍ രൂപംകൊണ്ടിരുന്നു. ഇവ ക്രമേണ താഴ്വാരങ്ങളിലും തുടര്‍ന്ന് കടലോരത്തും എത്തി. ഹിമാനികളുടെ ആവര്‍ത്തിച്ചുള്ള അതിക്രമണവും പിന്മാറ്റവും മൂലം കടലോരമേഖലയില്‍ ഉടവുകളും ഉള്‍ക്കടലുകളും രൂപംകൊണ്ടു. കാലാന്തരത്തില്‍ അതിശൈത്യം നിമിത്തം വന്‍കരയിലെമ്പാടും ഹിമപാളികള്‍ അട്ടിയിട്ടുയര്‍ന്നു. ഇവയുടെ അതിപ്രസരത്തില്‍ നേരത്തേ രൂപംകൊണ്ടിരുന്ന മഞ്ഞുമലകള്‍ മൊത്തത്തിലുള്ള ഹിമപ്രതലത്തിന്റെ ഭാഗങ്ങളായിത്തീര്‍ന്നു. ഉദ്ദേശം 3 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമപടലങ്ങള്‍ക്ക് സാരമായ തോതില്‍ ശോഷണം സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ പ്രതിഭാസം ഒഴിവാക്കിയാല്‍, കഴിഞ്ഞ 50 ദശലക്ഷം വര്‍ഷങ്ങളായി അന്റാര്‍ട്ടിക്ക തുടര്‍ച്ചയായി ഹിമപ്രവൃദ്ധിക്കു വിധേയമായിരുന്നു.

ശൈത്യകാലത്ത് തണുത്തുവരണ്ട ധ്രുവീയ വാതങ്ങള്‍ വന്‍കരഭാഗം തണുപ്പിക്കുന്നതിനോടൊപ്പം അന്റാര്‍ട്ടിക് സമുദ്രം തണുത്തുറയുന്നതിനും നിദാനമാവുന്നു. ഉഷ്ണ-ഉപോഷ്ണമേഖലകളില്‍നിന്ന് സമുദ്രജലത്തിലൂടെ പകര്‍ന്നെത്തേണ്ട താപോര്‍ജം അന്റാര്‍ട്ടിക്കയ്ക്ക് ഇതുമൂലം നഷ്ടപ്പെടുന്നു. ആഗിരണം ചെയ്യാനാവുന്നതിലുപരി സൂര്യാതപം ഭൌമവികിരണവും ഹിമപാളികളില്‍ നിന്നുള്ള പ്രതിപതനവും മൂലം നഷ്ടപ്പെടുന്നത് വന്‍കരയെ അതിശീതളമാക്കുന്നു. ഹിമപാളികളുടെ സ്ഥായിത്വത്തിനും വ്യാപനത്തിനും ഈദൃശ ഘടകങ്ങള്‍ ഏറെ സഹായിക്കുന്നു. നന്നെ കൂടിയ കനത്തില്‍ അതിവിസ്തൃതമായി രൂപംകൊള്ളുന്ന പൂര്‍വ അന്റാര്‍ട്ടിക്കന്‍ ഹിമപ്രതലത്തിന്റെ ഉള്‍ഭാഗത്ത് അന്തരീക്ഷം നീരാവി ശൂന്യമായി വര്‍ത്തിക്കുന്നത് സാധാരണമാണ്.

അന്റാര്‍ട്ടിക്കയിലെ ഹിമസഞ്ചയത്തിന്റെ മൊത്തം വ്യാപ്തത്തില്‍ പലവുരു ഏറ്റക്കുറച്ചിലുകളുണ്ടായതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹിമപ്രതലത്തിനു മുകളില്‍ എഴുന്നുനില്ക്കുന്ന ഉന്നതഭാഗങ്ങളില്‍ ദൃശ്യമാവുന്ന ഹിമാനീകൃത ചാലുകളും ദ്രോണികളും നിക്ഷിപ്തമായ ഹിമപാളികളുടെ ആവര്‍ത്തിച്ചുള്ള അവശോഷണത്തിനും പ്രവൃദ്ധിക്കും തെളിവാണ്. ദ.ധ്രുവത്തിനു ചുറ്റും സഞ്ചിതമായിരുന്ന ഹിമപിണ്ഡങ്ങള്‍ ഭൂതലത്തിന്റെ പൊതുവായ ചായ്വിനെ അവലംബിച്ച് ട്രാന്‍സ് അന്റാര്‍ട്ടിക് മലയിടുക്കുകളിലൂടെ ഒഴുകി ഒടുവില്‍ പൂര്‍ണമായി ഉരുകി ശോഷിച്ചതിന്റെ പരിണതഫലമാണ് റൈറ്റ്, ടെയ്ലര്‍, വിക്റ്റോറിയ തുടങ്ങി നേര്‍ത്ത ഹിമാവരണത്തിലുള്ള താഴ്വാരങ്ങള്‍. ബേര്‍ഡ്മൂര്‍ ഹിമാനിയുടെ പ്രാന്തങ്ങളില്‍ 1983-ല്‍ പ്ളയോസീന്‍ യുഗത്തിലേതോ അതിലും പ്രായംകുറഞ്ഞതോ ആയ ഡയറ്റംനിക്ഷേപങ്ങള്‍ (Diatom deposits) കണ്ടെത്തിയിട്ടുണ്ട്. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണിവ. പൂര്‍വ അന്റാര്‍ട്ടിക്കാ തീരത്തെ വന്‍കരാവേദികയിലേക്ക് അതിക്രമിച്ച ഹിമാനികള്‍ കാര്‍ന്നെടുത്ത ഡയറ്റം ശേഖരങ്ങള്‍, അവ പിന്‍വാങ്ങിയപ്പോള്‍ വന്‍കരയുടെ ഉള്‍ഭാഗത്ത് എത്തപ്പെടുകയും തുടര്‍ന്നുള്ള ശോഷണത്തിനിടയില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മൂന്നു ദശലക്ഷം വര്‍ഷത്തിനു മുന്‍പ് അന്റാര്‍ട്ടിക് ഹിമസഞ്ചയത്തിനു നേരിട്ടശോഷണം വളരെ വ്യാപകമായിരുന്നുവെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. പില്ക്കാലങ്ങളില്‍ ഉത്തരാര്‍ധഗോളത്തില്‍ ഹിമയുഗങ്ങള്‍ക്കിടയ്ക്കുണ്ടായ തപിത(warm period)ഘട്ടങ്ങള്‍ക്കു സമാന്തരമായി ഈദൃശ ഹിമശോഷണം (deglaciation) ആവര്‍ത്തിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. തപിതഘട്ടങ്ങളില്‍ സമുദ്രനിരപ്പിലുണ്ടായ ആഗോളവര്‍ധനവ് ധ്രുവമേഖലകളിലെ ഹിമപാളികള്‍ ദ്രവീഭവിച്ചുണ്ടായ അധികജലം മൂലമായിരുന്നുവെന്നു കരുതപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അന്റാര്‍ട്ടിക്കയിലെ ഹിമശേഖരങ്ങള്‍ ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്; കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നില്ല. റാസ്, റോണ്‍, ഫില്‍നെര്‍, അമറി എന്നീ ഹിമാനികള്‍ക്ക് ഗണ്യമായ ശോഷണം സംഭവിക്കുന്നുണ്ടെങ്കിലും അടിത്തട്ടിലെ ദ്രവീകരണം കൂടുതല്‍ സാന്ദ്രമായ പുനഃഹിമായനത്തിനു നിദാനമാവുന്നതിനാല്‍ പ്രസക്ത ഹിമാനി പൂര്‍വാധികം പുഷ്ടിപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്.

വന്‍കരയോടനുബന്ധിച്ചുള്ള കടലുകള്‍

അന്റാര്‍ട്ടിക്കയെ വലയം ചെയ്തിട്ടുള്ള കടലുകളെ ഒരു 'കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങി'നോട് ഉപമിക്കാറുണ്ട്. ഇന്ത്യന്‍, പസിഫിക്, അത്‍ലാന്തിക് സമുദ്രങ്ങളുടെ പടിഞ്ഞാറരികുകളില്‍ നിന്ന് ഉപോഷ്ണമേഖലാ പ്രതലജലം തെക്കോട്ടൊഴുകി അന്റാര്‍ട്ടിക്കാ തീരത്തെ ലക്ഷ്യം വയ്ക്കുന്നുവെങ്കിലും പരിധ്രുവീയ പ്രവാഹവുമായി സന്ധിക്കുന്നതോടെ ഗതിമാറ്റി കിഴക്കോട്ടൊഴുകുന്നു. കൂടിയ താപനിലയിലുള്ള ഈ ജലം തണുത്ത അന്റാര്‍ട്ടിക് ജലവുമായി ഭാഗികമായി കൂടിക്കലരുന്നതിലൂടെ അന്റാര്‍ട്ടിക് പ്രതലജലം രൂപം കൊള്ളുന്നു. ദ. അക്ഷാ. 40° മുതല്‍ 50°-60° വരെയുള്ള മേഖലയില്‍ ഈ ജലപിണ്ഡം വ്യാപിച്ചുകാണുന്നു. ജലമിശ്രണത്തിന്റെ ഉത്തര സീമ(40° തെ.)യാണ് അന്റാര്‍ട്ടിക് സമുദ്രത്തിന്റെ വടക്കേ അതിരു നിര്‍ണയിക്കുന്നത്. ഈ സീമാമേഖലയെ ഉപോഷ്ണമേഖലാ അഭിസരണം (subtropical convergence) എന്നു വിശേഷിപ്പിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ ഉത്തരസീമ ദ. അക്ഷാ. 50° മുതല്‍ 60° വരെ വ്യതിചലിച്ചുകാണുന്നു; ഈ സീമാമേഖലയാണ് അന്റാര്‍ട്ടിക് അഭിസരണം (Antarctic convergence). അഭിസരണമേഖലകള്‍ കാലാവസ്ഥ, സമുദ്രജീവജാലം, കടല്‍ത്തറയിലെ അടിവുകള്‍, പ്ളവദ്ഹിമ പുഞ്ജം (ice pack), മഞ്ഞുമലകളുടെ പഥം എന്നിവയുടെ മേല്‍ സാരമായ സ്വാധീനം പുലര്‍ത്തുന്നു. ഈ മേഖലകളുടെ സ്ഥാനനിര്‍ണയനം സുസാധ്യമാക്കുന്നത് താപനിലയിലും ലവണതയിലും ദൃശ്യമാവുന്ന വ്യതിയാനമാണ്.

അന്റാര്‍ട്ടിക്കാതീരത്തു നിന്നു വടക്കോട്ടൊഴുകുന്ന ശീതളമായ പ്രതലജലം അന്റാര്‍ട്ടിക് അഭിസരണമേഖലയിലെ താരതമ്യേന ചൂടുകൂടിയ ജലപാളികള്‍ക്കടിയിലേക്കൊഴുകി 900 മീ. വരെ ആഴത്തിലെത്തുന്നതോടെ സബ് അന്റാര്‍ട്ടിക് മധ്യതല ജലപിണ്ഡം (Sub Antarctic Intermediate Watermass) ആയിത്തീരുന്നു. ഈ ജലപിണ്ഡം അന്റാര്‍ട്ടിക് അഗാധജല (Antarctic Bottom Water)ത്തിന്റെ സമ്മര്‍ദത്തില്‍പ്പെട്ടു വടക്കോട്ടൊഴുകുകയും ഭൂമധ്യരേഖയും കടന്ന് ഉത്തരാര്‍ധഗോളത്തിലെ ജലപിണ്ഡങ്ങളുമായി കലരുകയും ചെയ്യുന്നു. അന്റാര്‍ട്ടിക് അഗാധജലത്തിന്റെ പ്രഭാവം അത്‍ലാന്തിക് സമുദ്രത്തില്‍ ബെര്‍മുഡാ വരെയുള്ള മേഖലകളില്‍ അനുഭവപ്പെടുന്നു. അന്റാര്‍ട്ടിക്കാ വന്‍കരയ്ക്ക് തൊട്ടടുത്തുള്ള ഭാഗങ്ങളില്‍ പ്രതലജലത്തിന് ശക്തമായ അപസരണം (divergnce) സംഭവിക്കുന്നതിനാല്‍ അഗാധജലത്തിന്റെ ഉദ്ഗമനം (upwelling) സാധാരണമായിരിക്കുന്നു.

വന്‍കരയ്ക്ക് ചുറ്റുമുള്ള കടലുകളില്‍ രണ്ടിനങ്ങളില്‍ പെട്ട ഹിമപിണ്ഡങ്ങളാണുള്ളത്: (1) ഹിമാനികളാല്‍ പരിപോഷിപ്പിക്കപ്പെടുന്നവയും അര്‍ധ-സ്ഥായികളുമായ ബൃഹദാകാര ഹിമശൈലങ്ങള്‍ (ഉദാ. റാസ് ഐസ് ഷെല്‍ഫ്); (2) ഉറയലിനും ഉരുകലിനും ആവര്‍ത്തിച്ചു വിധേയമാവുന്ന പ്ളവദ്-ഹിമപുഞ്ജം. രണ്ടാമത്തെ ഇനത്തില്‍പ്പെട്ടവ അത്ലാന്തിക് ഭാഗത്ത് 56° തെ. വരെയും പസിഫിക്കില്‍ 64°തെ. വരെയും ശൈത്യകാലത്ത് അതിക്രമിച്ചു കാണുന്നു. വന്‍കരാഹിമാനികളില്‍ നിന്ന് അടര്‍ന്നു മാറുന്ന ഹിമഖണ്ഡങ്ങള്‍ കടലിലെത്തുന്നതോടെ മഞ്ഞുമലകളായി സഞ്ചലിക്കുന്നു; ഇവ ചിലപ്പോള്‍ ഉപോഷ്ണമേഖലാ അഭിസരണം (40° തെ.) വരെ എത്താറുണ്ട്. അന്റാര്‍ട്ടിക്കയോടനുബന്ധിച്ചുള്ള പ്ളവദ്-ഹിമപുഞ്ജം ആവര്‍ത്തിച്ചുള്ള പിന്‍വാങ്ങലും വ്യാപനവും മൂലം അസ്ഥിരവ്യാപ്തിയുള്ളതായിരിക്കുന്നു. വിസ്തീര്‍ണത്തിലുണ്ടാകുന്ന വാര്‍ഷിക ഏറ്റക്കുറച്ചില്‍ ആര്‍ട്ടിക്കിലേതിന്റെ ആറു മടങ്ങാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹസര്‍വേഷണം തുടങ്ങിയ അത്യാധുനിക പ്രവിധികളുപയോഗിച്ച് അന്റാര്‍ട്ടിക്കാ പ്ളവദ്-ഹിമപുഞ്ജത്തിലുണ്ടാവുന്ന ദീര്‍ഘകാല ഏറ്റക്കുറച്ചിലുകളേയും അവ ആഗോളകാലാവസ്ഥാ പ്രകാരങ്ങളില്‍ ചെലുത്തുന്ന സ്വാധീനതയേയും സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുന്നു.

കാലാവസ്ഥ

അനന്യമായ സവിശേഷതകളാണ് അന്റാര്‍ട്ടിക്കന്‍ കാലാവസ്ഥയ്ക്കുള്ളത്. ബ്ളിസ്സാര്‍ഡ് (Blizzard) എന്ന അതിശീത ഹിമവാതങ്ങളും മഞ്ഞുകൂനകള്‍ ഇടതൂര്‍ന്ന് അടുക്കപ്പെട്ട നിലയിലുള്ള വെണ്‍ മരുഭൂമി(white desert)കളും എടുത്തു പറയേണ്ട പ്രത്യേകതകളാണ്. -85°C വരെ താഴ്ന്ന ശൈത്യകാല താപനില അന്റാര്‍ട്ടിക്കയ്ക്ക് ഏറ്റവും തണുപ്പുള്ള വന്‍കരയെന്ന പദവി സമ്മാനിച്ചിരിക്കുന്നു; റഷ്യന്‍ നിരീക്ഷണ നിലയമായ വോസ്റ്റോഷ് 1983 ജൂലൈ 21-ന് രേഖപ്പെടുത്തിയ -89.2°C ഭൂമുഖത്ത് നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഏറ്റവും താണ ഊഷ്മാവായി തുടരുന്നു. കടലോരങ്ങളില്‍പോലും ശൈത്യകാല താപനില -60°Cണ്ട്. വിവിധ രാജ്യങ്ങളുടേതായി പ്രവര്‍ത്തനത്തിലുള്ള നിരീക്ഷണ നിലയങ്ങളില്‍ മാത്രമാണ് എല്ലാ ഋതുക്കളിലും തുടര്‍ച്ചയായി താപനില രേഖപ്പെടുത്തുന്നത്. മിക്കയിടത്തും നേരിട്ടുള്ള നിര്‍ണയനം സാധ്യമാവുന്നത് ഗ്രീഷ്മകാലത്തുമാത്രമാണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ വടക്കരികിലെ സമുദ്രസ്വാധീനതയുള്ളയിടങ്ങളില്‍ ശൈത്യകാല താപനില 11°C വരെ ഉയര്‍ന്നു കാണാറുണ്ട്. പൊതുവെ ശൈത്യകാലത്തെ മാധ്യതാപനില കടലോരഭാഗങ്ങളില്‍ -20°C മുതല്‍ -30°C വരെയും ഉള്‍ഭാഗങ്ങളില്‍ -40°C മുതല്‍ -70°C വരെയും വ്യതിചലിക്കുന്നു. ആഗ. അന്ത്യത്തിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. ഗ്രീഷ്മകാലത്ത് അന്റാര്‍ട്ടിക് ഉപദ്വീപിലെ താപനില 15°C ആയി ഉയരുന്നു. ശേഷിച്ച ഭാഗങ്ങളില്‍ കടലോര ശ.ശ. 0°C ആയും ഉള്‍ഭാഗങ്ങളിലേത് - 20°C മുതല്‍ 35°C വരെയും ആയും കാണപ്പെടുന്നു.

ആഗോളതാപനം (global warming) മൂലം അന്റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ ഉരുകിയൊടുങ്ങുന്നുണ്ടെന്ന സൂചനകള്‍ ആശങ്ക സൃഷ്ടിക്കുന്നുവെങ്കിലും ദീര്‍ഘകാലയളവിലെ തുടര്‍ച്ചയായ ഹിമക്ഷയത്തിനുള്ള സാഹചര്യം ഇനിയും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്.

അന്റാര്‍ട്ടിക്കയിലെ മാനവികവ്യാപാരങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് ഹിമക്കാറ്റുകളാണ്. പൂര്‍വ അന്റാര്‍ട്ടിക്കയിലെ കടലോര മേഖലയില്‍ പ്രചണ്ഡമായ ഹിമവാതങ്ങള്‍ സാധാരണമാണ്. വന്‍കരയുടെ ഉള്‍ഭാഗത്തുള്ള ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്നും കടലോരത്തേക്കു വിശുന്ന സ്ഥാനീയവാതങ്ങള്‍ക്കു ഭാവഭേദം സംഭവിച്ചാണ് അപകടകാരികളായ ബ്ളിസ്സാര്‍ഡുകള്‍ രൂപം കൊള്ളുന്നത്. കാറ്റിന്റെ ഗതിവേഗം നിശ്ചിത അളവില്‍ കൂടുന്നതോടെ അവ ചുഴലികളായി മാറുകയും ഹിമധൂളികളെ ഉള്‍ക്കൊണ്ട് ശക്തിയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു. തെളിഞ്ഞ ആകാശത്തിനു കീഴില്‍ ഹിമവര്‍ഷണത്തിനുള്ള സാധ്യതപോലും ഇല്ലാതിരിക്കുമ്പോഴാണ് ഈയിനം ചണ്ഡവാതങ്ങള്‍ ഉണ്ടാവുന്നത്. ഇവയ്ക്ക് സ്വയം ശക്തിയാര്‍ജിച്ച് വിനാശശേഷി ഇരട്ടിപ്പിക്കാനാവും. മിര്‍നേ നിരീക്ഷണ നിലയത്തിലെ രേഖകള്‍ പ്രകാരം ബ്ളിസ്സാര്‍ഡുകളുടെ ഗതിവേഗം മണിക്കൂറില്‍ 175 കി.മീറ്ററിലേറെയാവുന്നത് സാധാരണമാണ്. 1960 ഡി. 9-ന് മക്റോബര്‍ട്ട്സണ്‍ കടലോര നിരീക്ഷണ നിലയത്തിലെ ബീവര്‍ വിമാനം തകര്‍ത്ത ബ്ളിസ്സാര്‍ഡിന്റെ വേഗത മണിക്കൂറില്‍ 225 കി.മീ. ആയി നിര്‍ണയിക്കപ്പെട്ടു. ആസ്റ്റ്രലേഷ്യന്‍ അന്റാര്‍ട്ടിക് പര്യവേക്ഷണ (1911-14) സംഘത്തിന്റെ അഡ്ലീ ക്യാമ്പിലെ രേഖകള്‍ പ്രകാരം ശൈത്യകാല വാതങ്ങളുടെ ശ.ശ. വേഗത മണിക്കൂറില്‍ 65 കി.മീ. ആണ്. ദ. ധ്രുവപ്രദേശത്ത് താരതമ്യേന കുറഞ്ഞ വേഗതയിലുള്ള കാറ്റുകളാണുള്ളത്; ഗ്രീഷ്മ(ഡി.)ത്തില്‍ മണിക്കൂറില്‍ 14.5 കി.മീ.ഉം ശൈത്യകാല(ജൂണ്‍-ജൂലായ്)ത്ത് മണിക്കൂറില്‍ 27 കി.മീ.മാണ് ശ.ശ. വേഗതയായി കണക്കാക്കപ്പെട്ടിരിക്കുന്നത്.

പ. നിന്നു കിഴക്കോട്ടുവീശുന്ന ചക്രവാത പരമ്പര ഈ വന്‍കരയ്ക്കു ചുറ്റും നിരന്തരം അനുഭവപ്പെടുന്നു. പസിഫിക്, അത്‍ലാന്തിക്, ഇന്ത്യന്‍ സമുദ്രങ്ങളുടെ ദക്ഷിണ ഭാഗങ്ങളില്‍ നിന്നുള്ള നീരാവിപൂരിതമായ കാറ്റുകളും താരതമ്യേന ശുഷ്കമായ ധ്രുവീയ ശൈത്യവാതങ്ങളും തമ്മില്‍ കൂട്ടിമുട്ടുന്നതാണ് അന്റാര്‍ട്ടിക് സമുദ്രത്തെ ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഭവകേന്ദ്രമാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ചക്രവാതങ്ങള്‍ അന്റാര്‍ട്ടിക്കയുടെ അന്തരീക്ഷത്തിലേക്കു താപം വിസരിക്കുകയും നന്നെ ചുരുക്കമായി വന്‍കരയുടെ ഉള്‍ഭാഗങ്ങളില്‍ ഹിമവര്‍ഷത്തിനു കാരണമാവുകയും ചെയ്യുന്നു.

വര്‍ഷണത്തിന്റെ നിലവാരം അനുസരിച്ച് അന്റാര്‍ട്ടിക്കയെ ഒരു വരണ്ട മരുഭൂമിയായി ഗണിക്കാം. വന്‍കരയുടെ ഉള്‍ഭാഗത്ത് വര്‍ഷണത്തിന്റെ തോത് നന്നെകുറവാണ്; കടലോരത്തെ ശ.ശ. കേവലം 10 സെ.മീ. ഉം. അന്തരീക്ഷ ജലാംശത്തിന്റെ തോത് സമശീതോഷ്ണമേഖലയുടേതിന്റെ പത്തിലൊന്നും മാത്രമാണ്. വന്‍കരയെ വലയം ചെയ്തുകിടക്കുന്ന സമുദ്രങ്ങളിലെ ഹിമാവൃതമല്ലാത്ത ചുരുക്കം ഭാഗങ്ങളില്‍ നിന്ന് ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തിലെത്തിപ്പെടുന്ന നീരാവി കടലോരങ്ങളില്‍ മഞ്ഞു പെയ്യിക്കുന്നു. അന്തരീക്ഷത്തില്‍ ജലാംശത്തിന്റേയും കാര്‍ബണ്‍ഡൈഓക്സൈഡ് തുടങ്ങിയ അവശോഷകങ്ങളുടേയും അസാന്നിധ്യംമൂലം ഭൂമിയില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് വികിരണം അന്തരീക്ഷത്തില്‍ വിസരിതമാവാതെ പൂര്‍ണമായും ശൂന്യാകാശത്തിലേക്കു പോകുന്നു. ഹിമപാളികളുടെ പ്രതിപതനംമൂലം സൂര്യാതപത്തിന്റെ നല്ലൊരു പങ്ക് ഭൂമിയിലെത്തുന്നുമില്ല. ഇക്കാരണത്താലാണ് അന്റാര്‍ട്ടിക്കയിലെ അന്തരീക്ഷം വളരെ കുറഞ്ഞ താപനിലയില്‍ വര്‍ത്തിക്കുന്നത്.

വന്‍കരയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ക്കിടയില്‍ നിര്‍ണായകമായത് ഭൌമാക്ഷത്തിന്റെ ചായ്വാണ്. ഭൂഗോളത്തിന്റെ നന്നെ തെക്കായി കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലത്ത് നീണ്ടരാവുകളും ഗ്രീഷ്മകാലത്ത് ദൈര്‍ഘ്യമേറിയ പകലുകളും അനുഭവപ്പെടുന്നു. അന്റാര്‍ട്ടിക് വൃത്ത(66.5° തെ.)ത്തിനു തെ. ജൂണ്‍ 21 മുതല്‍ സൂര്യകിരണങ്ങള്‍ ദൃശ്യമല്ല; ഈ അവസ്ഥ 6 മാസത്തേക്കു തുടരുകയും ചെയ്യും. ഈ കാലയളവില്‍ ദ. ധ്രുവത്തില്‍ നിന്ന് 2,880 കി.മീ. അകലത്തോളമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുന്നത് വന്‍കരയിലേക്കു ജലമണ്ഡലത്തില്‍ നിന്നു വിസരിച്ചെത്തേണ്ടിയിരുന്ന താപോര്‍ജത്തെ നഷ്ടപ്പെടുത്തുന്നു. സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരവും ഹിമാവരണവുമാണ് ശൈത്യത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍.

സസ്യജാലം

മുരടിച്ചുവളരുന്ന അതിശൈത്യസഹങ്ങളായ ഏതാനും ഇനം സസ്യങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുള്ളത്. നീണ്ട രാത്രികളും ദീര്‍ഘവും കഠിനവുമായ ശൈത്യകാലവും പ്രകാശസംശ്ളേഷണത്തിനു തടസ്സം സൃഷ്ടിക്കുന്നു. അക്ഷാംശീയ സ്ഥിതി, ഉച്ചാവചം, ഭൂപ്രകൃതി, കാറ്റ്, ജല ദൌര്‍ലഭ്യം, ഹിമപുഞ്ജത്തിന്റെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന പ്രാതികൂല്യങ്ങളെ അതിജീവിച്ച്, ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ മാത്രം നീണ്ടുനില്ക്കുന്ന ഗ്രീഷ്മകാലത്തിനുള്ളില്‍, മുളയ്ക്കല്‍ മുതല്‍ പ്രജനനം വരെയുള്ള സമസ്തജീവധര്‍മങ്ങളും പൂര്‍ത്തിയാക്കാനാവുന്ന വിശേഷയിനം സസ്യങ്ങള്‍ക്കു മാത്രമേ അന്റാര്‍ട്ടിക്കയില്‍ നിലനില്പുള്ളൂ. നന്നെ ഹ്രസ്വമായ വളര്‍ച്ചാ കാലത്തിനിടയില്‍ തന്നെ അതിശൈത്യം, ശക്തമായ കാറ്റ്, വരള്‍ച്ച എന്നിവമൂലം നശിക്കാനുള്ള സാധ്യതയുമുണ്ട്. അവശ്യവസ്തുവായ ജലാംശം അന്തരീക്ഷത്തിലെ നേരിയ തോതിലുള്ള നീരാവിയില്‍ നിന്നോ മഞ്ഞുരുകി തളം കെട്ടുന്ന വെള്ളത്തില്‍ നിന്നോ സമ്പാദിക്കേണ്ടിവരുന്നു. ഉയരംകൂടിയ ഇടങ്ങളില്‍ അപൂര്‍വമായുള്ള നഗ്നഭൂമി ഇരുണ്ട നിറമുള്ളതാകയാല്‍ കൂടുതല്‍ സൂര്യാതപം സംഭരിക്കുന്നതിനും അതിലൂടെ സസ്യവളര്‍ച്ചയ്ക്ക് ആക്കം നല്കുന്നതിനും സഹായകങ്ങളാണ്.

അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയിട്ടുള്ള എണ്ണൂറോളം ഇനം സസ്യങ്ങളില്‍ 350-ലേറെ കല്‍പ്പായല്‍ (lichen) ഇനത്തില്‍പെട്ടവയാണ്. പ്രതികൂലപരിസ്ഥിതികളില്‍ നിദ്രിതാവസ്ഥയില്‍ കഴിച്ചുകൂട്ടി, അനൂകൂല സാഹചര്യമുണ്ടാവുമ്പോള്‍ ഉടനടി പ്രകാശസംശ്ളേഷണം പുനരാരംഭിക്കുവാനുള്ള കഴിവാണ് ഈയിനം സസ്യങ്ങളുടെ സമൃദ്ധിക്കു നിദാനം. പായലുകള്‍, ലിവര്‍വര്‍ട്ട് (liverwort) തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന ബ്രയോഫൈറ്റ് (bryophyte) സ്പീഷീസിലെ നൂറോളം ഇനങ്ങള്‍ കടലോരങ്ങളില്‍ വളരുന്നുണ്ട്. കൂണ്‍, പൂപ്പല്‍ തുടങ്ങിയ സസ്യങ്ങള്‍ക്കാണ് അടുത്ത സ്ഥാനം. പുഷ്പിക്കുന്ന ചെടികള്‍ നന്നെ വിരളമാണ്; വന്‍കരയ്ക്കു ചുറ്റുമുള്ള കടലുകളില്‍ സസ്യപ്ളവകങ്ങളും ഏകകോശകങ്ങളായ ഡയറ്റം സഞ്ചയങ്ങളും സമൃദ്ധമായുണ്ട്.

അന്റാര്‍ട്ടിക്കയിലെ മണ്ണ് വളക്കൂറുള്ളതല്ല; എന്നാല്‍ തീരെ ഊഷരവുമല്ല. ഹരിത-നീല നിറത്തിലുള്ള പായല്‍ (nostoc) തുടങ്ങി നിരവധി സൂക്ഷ്മ പോഷകങ്ങള്‍ ഇവിടത്തെ മണ്ണില്‍ സമൃദ്ധമാണ്.

ജന്തുജാലം

അന്റാര്‍ട്ടിക്കയിലെ ജന്തുജാലം മൊത്തമായും അകശേരുകി വിഭാഗത്തില്‍പെട്ടവയാണ്. സൂക്ഷ്മജീവികള്‍ പൊതുവേ സസ്യവളര്‍ച്ചയുള്ളയിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയില്‍ ബഹുലമായുള്ളവ ഹീലിയോസോവനുകള്‍ (heliozoans), റോട്ടെഫര്‍ (rotifer), ടാര്‍ഡെഗ്രാഡ് (tardigrade), നെമറ്റോഡു(nematode)കള്‍, സിലിയാമയ പ്രോട്ടോസോവ (siliate protozoans) എന്നീ ഇനങ്ങളാണ്. പക്ഷികള്‍, നീര്‍നായ എന്നിവയില്‍ പരോപജീവികളായി കാണപ്പെടുന്ന ആര്‍ത്രോപോഡുകളാണ് പരക്കെയുള്ള മറ്റൊരു ക്ഷുദ്രജീവി വര്‍ഗം; ചാഴി (acarina), പേന്‍ (mallofaga), കോളംബോള (collembola), അനോപ്ളുറേ (anoplura-രക്തമൂറ്റുന്നയിനം പേന്‍), പാറ്റ, അണുങ്ങീച്ച (diptera), ചെള്ളിനങ്ങള്‍ (siphonaptera) എന്നീയിനങ്ങളാണ് കൂടുതലുള്ളത്. അന്റാര്‍ട്ടിക് ഉപദ്വീപില്‍ കണ്ടെത്തിയിട്ടുള്ള രണ്ടിനം വണ്ടുകള്‍ അന്യദേശങ്ങളില്‍ നിന്ന് എത്തിപ്പെട്ടവയാണെന്നു കരുതുന്നു.

അന്റാര്‍ട്ടിക് അഭിസരണത്തിനു തെ. ഏതാണ്ട് 45 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ അന്റാര്‍ട്ടിക്കയിലും പരിസര ദ്വീപുകളിലും സമൃദ്ധമായുള്ളവ പെന്‍ഗ്വിന്‍, പെട്രെല്‍, സ്ക്യൂവ എന്നീ മൂന്നിനങ്ങളാണ്. കടലോരത്തെ ഭക്ഷ്യസമൃദ്ധിയും ഇരപിടിയന്മാരായ സസ്തനികളുടെ അസാന്നിധ്യവും പക്ഷികളുടെ വംശവര്‍ധനവിനു സഹായകമാവുന്നു. പെന്‍ഗ്വിനുകള്‍ അന്റാര്‍ട്ടിക്കയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. അറിയപ്പെട്ടിട്ടുള്ള 18 ഇനം പെന്‍ഗ്വിനുകളില്‍ എംപറര്‍, അഡ്ലീ എന്നിവയാണ് വന്‍തോതിലുള്ളത്. പ്രധാനയിനമായ എംപറര്‍ പെന്‍ഗ്വിന് 25-36 കിലോ തൂക്കവും 106 സെ.മീ. പൊക്കവും ഉണ്ടാകും. ഇവ ശൈത്യകാലത്ത് സന്താനോത്പാദനം നടത്തിയശേഷം വേനല്‍ക്കാലത്ത് കടലില്‍ പൊന്തിക്കിടക്കുന്ന ഹിമഖണ്ഡങ്ങളുടെ മേല്‍ കഴിച്ചുകൂട്ടുന്നു. ഇവ ഒരിക്കലും അന്റാര്‍ട്ടിക്കാ പരിസരം വിട്ടുപോകാറില്ല. മറ്റൊരിനമായ അഡ്ലീ പെന്‍ഗ്വിന്‍ ഗ്രീഷ്മകാലത്താണ് സന്താനോത്പാദനം നടത്തുന്നത്: ശൈത്യകാലത്ത് കടലിലെ മഞ്ഞുകട്ടകളുടെ മേല്‍ വാസമുറപ്പിക്കുന്നു. ഈയിനം പെന്‍ഗ്വിനുകള്‍ സ്വന്തമായി കൂടുണ്ടാക്കുന്നു. എംപറര്‍ പെന്‍ഗ്വിനുകള്‍ അങ്ങനെ ചെയ്യുന്നില്ല. വന്‍കരയിലെ ചിലയിടങ്ങളില്‍ കിംഗ്, റോക് ഹോപര്‍, മാഗറോണി തുടങ്ങിയ ഇനം പെന്‍ഗ്വിനുകളും കാണപ്പെടുന്നു. പറക്കാന്‍ കഴിവില്ലാത്ത പെന്‍ഗ്വിന്‍ വര്‍ഗം 40 ദശലക്ഷം വര്‍ഷം മുന്‍പ് (ഇയോസീന്‍ കാലഘട്ടം) മുതല്ക്ക് ഈ വന്‍കരയില്‍ ജീവിച്ചിരുന്നുവെന്ന സൂചനയാണ് ഫോസിലുകള്‍ നല്കുന്നത്. അംഗബലത്തില്‍ രണ്ടാംസ്ഥാനത്തുള്ള പക്ഷിയാണ് പെട്രെല്‍. ആല്‍ബട്രോസ്, കാര്‍മറാണ്ട്, പിന്‍ടെയ്ല്‍, ഗള്‍, ടേണ്‍, ഷീത്ത്ബിന്‍, പിപ്പെറ്റ് എന്നിവയാണ് സാമാന്യമായ തോതില്‍ കാണപ്പെടുന്ന മറ്റിനം പക്ഷികള്‍. പെട്രെല്‍, സ്‍ക്യുവ എന്നീയിനങ്ങളെ ദ. ധ്രുവമേഖലയില്‍ പോലും കണ്ടെത്താം. ധ്രുവത്തിന് ഏറ്റവുമടുത്ത്, 128 കി.മീ. അകലെവരെ സൌത്ത് പോളാര്‍ സ്‍ക്യൂവ വാസമുറപ്പിച്ചിട്ടുണ്ട്. ഇവയുള്‍പ്പെടെയുള്ള അതിശൈത്യസഹങ്ങളായ അന്റാര്‍ട്ടിക്കന്‍ പക്ഷികള്‍ ഭൂമുഖത്തൊട്ടാകെ സഞ്ചരിച്ചെത്തുകയും വിവിധയിടങ്ങളില്‍ ചേക്കേറുകയും ചെയ്തിട്ടുണ്ടാവാമെന്ന് അനുമാനിക്കപ്പെടുന്നു.

പക്ഷിവര്‍ഗങ്ങളുടെ പ്രധാന ആഹാരം സമുദ്രജീവികളാണ്. പെട്രെല്‍, സ്ക്യുവ എന്നീയിനങ്ങള്‍ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുപക്ഷികളേയും ഇരയാക്കുന്നു. ശിശിരകാലാരംഭത്തില്‍ അന്റാര്‍ട്ടിക് ഹിമപടലങ്ങള്‍ കടലിലേക്ക് അതിക്രമിക്കുന്നതോടെ, പെന്‍ഗ്വിന്‍ ഒഴിച്ചുള്ള പക്ഷിവര്‍ഗങ്ങള്‍ തുറന്ന കടലുകള്‍ തേടി പ്രവാസമാരംഭിക്കുന്നു. ഈ യാത്രയില്‍ പങ്കുചേരാതെ ദശലക്ഷത്തോളം വരുന്ന പെന്‍ഗ്വിനുകള്‍, ശൈത്യകാല കാവല്‍ക്കാരെന്നോണം വന്‍കരയില്‍ തങ്ങുന്നു.

സമുദ്രജീവികളുടെ പ്രാഥമികാഹാരമായ സസ്യപ്ളവകങ്ങളുടെ സമൃദ്ധമായ കലവറയാണ് അന്റാര്‍ട്ടിക് സമുദ്രം. ഇക്കാരണത്താല്‍ തിമിംഗലങ്ങള്‍, സീല്‍, മത്സ്യങ്ങള്‍, കടല്‍പ്പറവകള്‍ എന്നിവയിലെ മിക്കയിനങ്ങളും ഈ സമുദ്രത്തിലുണ്ട്. പ്ളവകങ്ങളുടെ ഉത്പാദനത്തോത് മറ്റു സമുദ്രങ്ങളിലേതിന്റെ ഏഴു മടങ്ങിലധികമാണ്. ഇവയ്ക്കു തൊട്ടുമുകളിലത്തെ ശ്രേണിയില്‍പെട്ട ചെമ്മീന്‍ വര്‍ഗത്തിന്റെ വര്‍ധനവും നന്നെ കൂടിയ നിരക്കിലാണ്. ഇക്കൂട്ടത്തില്‍പെട്ട ക്രില്‍ പ്രതിദിനവും ടണ്‍ കണക്കിനാണു പെരുകുന്നത്. അന്റാര്‍ട്ടിക് സമുദ്രത്തില്‍ മൂന്നു നാലുമാസം മാത്രം തങ്ങുന്ന ബെലീന്‍ തിമിംഗലങ്ങള്‍ മാത്രമായി 150 ദശലക്ഷം ടണ്‍ ക്രില്ലുകളെ ആഹരിക്കുന്നുവെന്നത് ഈയിനം ജീവികളുടെ അഭൂതപൂര്‍വമായ വര്‍ധനവിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. വന്‍കരയോരത്തെ കടല്‍ത്തറകളില്‍ ഹൈഡ്രോസോവനുകള്‍ (hydrozoans), കോറലുകള്‍, സ്പഞ്ച്, ബ്രയോസോവ, ഞണ്ടിനോടു സാദൃശ്യമുള്ള ഐസോപോഡ് (isopod), വിരവര്‍ഗത്തിലെ പോളിക്കേറ്റ (polychaeta), സ്റ്റാര്‍ഫിഷ് തുടങ്ങിയവ സമൃദ്ധമാണ്. എന്നാല്‍ തടരേഖ മുതല്‍ 50 മീ. ആഴം വരെയുള്ള കടല്‍ത്തറ പെട്ടെന്ന് ഉറയുന്നതിനാല്‍ ജന്തുശൂന്യമായി വര്‍ത്തിക്കുന്നു.

അറിയപ്പെട്ടിട്ടുള്ള 20,000-ത്തോളം ഇനം മത്സ്യങ്ങളില്‍ നൂറില്‍ താഴെ മാത്രമെ അന്റാര്‍ട്ടിക്കന്‍ കടലുകളില്‍ കണ്ടെത്തിയിട്ടുള്ളൂ. ഇവയില്‍ തൊണ്ണൂറിലധികമിനം ആഴക്കടല്‍ മത്സ്യങ്ങളാണ്.ഇവയെ അന്റാര്‍ട്ടിക്കന്‍ പരിസരങ്ങളില്‍ മാത്രമേ കാണാനുള്ളൂ. ഈ വന്‍കര യുഗാന്തരങ്ങളായി ഒറ്റപ്പെട്ടു കഴിയുകയാണെന്ന നിഗമനത്തെ ശരിവയ്ക്കുന്ന വസ്തുതയാണിത്. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് കെയ്നിക്ക്റ്റയിഡ് (chaenichtayid) എന്ന ഒരു പ്രത്യേക മത്സ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ 1954-ല്‍ നോര്‍വീജിയന്‍ ശാസ്ത്രജ്ഞര്‍ ലഭ്യമാക്കി. ഹീമോഗ്ളോബിന്‍ അടങ്ങിയിട്ടില്ലാത്ത, വെളുത്ത രക്തത്തോടുകൂടിയ ഏക കശേരുകിയാണ് ഈ മത്സ്യം.

അന്റാര്‍ട്ടിക്കാ വന്‍കരയുമായി ബന്ധപ്പെട്ട എല്ലാ സസ്തനികളും കടല്‍ ജീവികളാണ്. സീല്‍, തിമിംഗലങ്ങള്‍, കടല്‍പ്പന്നി (porpoise), ഡോള്‍ഫിന്‍ എന്നിവയാണ് കൂടുതലുള്ളത്. സീലുകളിലെ രോമം നല്കുന്ന ഒരേയൊരിനമായ ഓട്ടരിഡ് വംശനാശത്തിന്റെ വക്കിലെത്തിയശേഷം വീണ്ടും പെരുകുന്നവയാണ്; എലിഫന്റ് സീല്‍ എന്ന മറ്റൊരിനത്തേയും വിരളമായി കണ്ടെത്താം.

വിവിധയിനത്തിലുള്ള തിമിംഗലങ്ങള്‍ വന്‍കരയുടെ ചുറ്റുമുള്ള കടലുകളില്‍ ധാരാളമായുണ്ടായിരുന്നതിനാല്‍. തിമിംഗലവേട്ട അടുത്തകാലം വരെ സുഗമമായ ധനാഗമമാര്‍ഗമായിരുന്നു. പല്ലുള്ളതും ഇല്ലാത്തവയുമായി രണ്ടു വിഭാഗം തിമിംഗലങ്ങളുള്ളവയില്‍ പല്ലില്ലാത്തവയ്ക്കാണ് സാമ്പത്തിക പ്രാധാന്യം കൂടുതലുളളത്. ഈയിനത്തില്‍പെട്ട നീലത്തിമിംഗലങ്ങളാണ് ഏറ്റവും വലുപ്പം കൂടിയ സസ്തനി. മറ്റൊരിനമായ ഫിന്‍തിമിംഗലങ്ങളെയാണ് അധികവും വേട്ടയാടുന്നത്. തിമിംഗലവേട്ടയുടെ നിയന്ത്രണം 1946-ല്‍ രൂപവത്കരിക്കപ്പെട്ട അന്താരാഷ്ട്രക്കമ്മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്.

സമ്പദ് വിഭവങ്ങള്‍

ഭൂമുഖത്തെ വന്‍കരകള്‍ ഒന്നായിക്കിടന്നശേഷം വിഘടിച്ചു ചിതറി ഇപ്പോഴത്തെ സ്ഥാനങ്ങളിലെത്തിയതാണെന്ന വസ്തുത ശാസ്ത്രസത്യമായി അംഗീകരിക്കപ്പെട്ടതോടെ, ആഫ്രിക്ക, ആസ്റ്റ്രേലിയ, തെക്കേ അമേരിക്ക തുടങ്ങി പ്രാക്കാലത്ത് അന്റാര്‍ട്ടിക്കയുമായി ചേര്‍ന്നു കിടന്നിരുന്നയിടങ്ങളിലെ ഭൂവിജ്ഞാനീയ പരിസ്ഥിതിയുടെ തുടര്‍ച്ചയാണ് അന്റാര്‍ട്ടിക്കയിലും ഉണ്ടായിരിക്കുകയെന്ന് ന്യായമായും അനുമാനിക്കപ്പെട്ടു. എന്നാല്‍ നഗ്നശിലകളുടെ അഭാവംമൂലം ശിലാഘടനയെ സംബന്ധിച്ച് പര്യാപ്തമായ അറിവു നേടുവാനായിട്ടില്ല. ഉപഗ്രഹ സര്‍വേക്ഷണം, ഭൂഭൌതിക പര്യവേക്ഷണം തുടങ്ങി അത്യാധുനിക സാങ്കേതിക പ്രവിധികളുപയോഗിച്ചള്ള പഠനവും കാലാവസ്ഥയുടെ കാഠിന്യം നിമിത്തം മന്ദഗതിയിലേ നടക്കുന്നുള്ളൂ. ഗോണ്ഡ്വാനാലന്‍ഡിന്റെ പ്രരൂപം പുനര്‍നിര്‍ണയിക്കപ്പെട്ടതു പ്രകാരം ദ. ആഫ്രിക്കയിലെ സ്വര്‍ണ, പ്ളാറ്റിനം നിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്ന വിറ്റ്വാട്ടര്‍ ക്ളാന്‍ഡ് ശിലാക്രമത്തിന്റെ തുടര്‍ച്ച ക്വീന്‍മാഡ്സ്ലന്‍ഡിന്റെ പടിഞ്ഞാറേപ്പകുതിയില്‍ അവസ്ഥിതമായിരിക്കണം. തെ. അമേരിക്കയിലെ ചെമ്പിന്റെ അക്ഷയഖനികളടങ്ങുന്ന ദ. ആന്‍ഡീസ് നിരകളുടെ തുടര്‍ച്ച സ്കോഷ്യാ ദ്വീപസമൂഹത്തിലൂടെ അന്റാര്‍ട്ടിക്കാ ഉപദ്വീപിലേക്ക് നീണ്ടുകാണുന്നു. ഈ ശിലാഘടന എല്‍സ്വര്‍ത്ത്ലന്‍ഡിന്റെ മറുപുറം വരെ തുടരേണ്ടതുമാണ്. ദ. പ. ആസ്റ്റ്രേലിയയിലെ സ്വര്‍ണ, പ്ളാറ്റിന ഖനികളെ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ സ്റ്റോണ്‍ ശിലാക്രമം വൈക്സ്ലന്‍ഡിലെ ഹിമാവൃത ശിലാസ്തരങ്ങളോടു സാദൃശ്യമുള്ളതാവണം. ഈദൃശ അനുമാനങ്ങളെ അധികരിച്ചു നടത്തിയ പഠനങ്ങളിലൂടെ അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആന്റിമണി, ക്രോമിയം, ചെമ്പ്, സ്വര്‍ണം, കറുത്തീയം, മോളിബ്ഡനം, തകരം, നാകം, യുറേനിയം എന്നിവയുടെ അവസ്ഥിതി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയുടെ അളവ് നിര്‍ണയിക്കാനായിട്ടില്ല. മാത്രവുമല്ല ലാഭകരമായി ഖനനം ചെയ്തെടുക്കുവാനുള്ള സാങ്കേതിക പ്രവിധികള്‍ കണ്ടെത്തിയിട്ടുമില്ല. കല്ക്കരി, ഇരുമ്പ് എന്നിവയുടെ ഖനന സാധ്യമല്ലാത്ത വന്‍നിക്ഷേപങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഉന്നതമൂല്യം ലഭിക്കുന്ന സ്വര്‍ണം, പ്ളാറ്റിനം, വജ്രം എന്നിവയൊഴികെയുള്ളവയുടെ ലാഭകരമായ ഖനനം സമീപഭാവിയില്‍ ദുസ്സാധ്യമായിരിക്കും.

വന്‍കരാവേദികയിലെ പെട്രോളിയം നിക്ഷേപങ്ങളുടെ സ്ഥിതി വിഭിന്നമാണ്. തീരക്കടലില്‍ നിന്നു പെട്രോളിയം ഉത്പാദിപ്പിക്കുന്നത് ദുഷ്കരമെങ്കിലും അസാധ്യമല്ല. ആര്‍ട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഹിമപാളികളുടെ ശീതകാലാതിക്രമണത്തില്‍ യന്ത്രസംവിധാനങ്ങള്‍ക്ക് ഇളക്കവും നാശവും സംഭവിക്കാമെന്നതാണ് പ്രധാന തടസ്സം. എന്നിരിക്കിലും മറ്റു വന്‍കരകളില്‍ നിന്നുള്ള പെട്രോളിയം ലഭ്യത കുറയുന്നതോടെ ആന്റാര്‍ട്ടിക്കാ തീരത്ത് എണ്ണ ഉത്പാദനം ആരംഭിക്കുവാനുള്ള സാധ്യതയുണ്ട്.

അന്റാര്‍ട്ടിക്കയിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകര്‍ഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു. രോമം സമ്പാദിക്കുവാന്‍ വേണ്ടിയുള്ള സീല്‍വേട്ട 1766-ല്‍ ആരംഭിച്ചു. 1780-കളില്‍ ഫാക്ലന്‍ഡില്‍നിന്ന് ദശലക്ഷക്കണക്കിന് സീല്‍ തോലുകളാണ് അന്താരാഷ്ട്ര വിപണിയില്‍ എത്തിയിരുന്നത്. ഒരു ശ.-ത്തിനുള്ളില്‍ സീലുകള്‍ ഏതാണ്ട് വംശനാശത്തിലെത്തി. തുടര്‍ന്ന് എണ്ണയ്ക്കായി എലിഫന്റ് സീല്‍ എന്ന ഇനത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടിപ്പോന്നു. പിന്നീട് ആക്രമണം തിമിംഗലങ്ങളുടെ നേര്‍ക്കായി. 1994-ല്‍ 40 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള, ഇന്റര്‍നാഷനല്‍ വേലിങ് കമ്മിഷന്‍ (International Whaling Commission) ആസ്റ്റ്രേലിയയ്ക്കു തെക്കുള്ള മുഴുവന്‍ കടലുകളിലും തിമിംഗലവേട്ട നിരോധിച്ചു.

1970-നുശേഷം അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള കടലുകളില്‍ മത്സ്യബന്ധനം പുരോഗമിച്ചുവരുന്നു. വന്‍തോതില്‍ മത്സ്യങ്ങളെ ബന്ധിച്ച്, കപ്പലിനുള്ളില്‍ വച്ചു സംസ്കരിച്ചു ടിന്നിലാക്കുന്നതിനുള്ള സൌകര്യമാണ് ഈ പുരോഗതിക്കു നിദാനം. അന്റാര്‍ട്ടിക് കോഡ് എന്നയിനമാണ് മുഖ്യമായും പിടിക്കപ്പെടുന്നത്. പ്രതിവര്‍ഷം ശ.ശ. 4 ലക്ഷം ടണ്‍ കോഡ് സംസ്കരണ വിധേയമാവുന്നു. 1958 ഫെ.-ല്‍ ആര്‍ജന്റീനയിലെ നാവിക ഗതാഗത കമാന്‍ഡ് അന്റാര്‍ട്ടിക് ഉപദ്വീപിലേക്ക് ഒരു യാത്രാക്കപ്പല്‍ ഏര്‍പ്പെടുത്തിയതോടെ ഈ വന്‍കര ടൂറിസ്റ്റുകളെ ആകര്‍ഷിച്ചു തുടങ്ങി. പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം സാഹസിക യാത്രയ്ക്കുള്ള സൌകര്യവും വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കു വഴിതെളിച്ചു. 1966 ജനു. മുതല്‍ സഞ്ചാരികള്‍ക്കായി എല്ലാ വര്‍ഷവും പ്രത്യേക കപ്പലുകള്‍ ഏര്‍പ്പാടാക്കപ്പെട്ടു. നേരത്തേ മുതല്‍ക്കേ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറപ്പിച്ചു തുടങ്ങിയിരുന്നു. 1979-ല്‍ ന്യൂസിലന്‍ഡിന്റെ 279 യാത്രക്കാരെ വഹിച്ചു പറന്ന വിമാനം മൌണ്ട് എറീബസ്സിനടുത്ത് തകര്‍ന്നുവീണ് വിമാനോദ്യോഗസ്ഥരടക്കമുള്ള മുഴുവന്‍ യാത്രികരും മൃതിയടഞ്ഞു. ഇത് വിനോദസഞ്ചാരത്തിന്റെ വികസനത്തെ തളര്‍ത്തി. എങ്കിലും 1990-91-ലെ വേനല്‍ക്കാലത്ത് 4,800 സന്ദര്‍ശകര്‍ ഈ വന്‍കരയിലെത്തിയിരുന്നു. സ്വകാര്യ വിമാനങ്ങളില്‍ അന്റാര്‍ട്ടിക്കയുടെ ഉള്ളറയിലേക്കു പറക്കുന്ന സാഹസികരുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ ഏറ്റമുണ്ടാവുന്നു. എന്നിരിക്കിലും തുറമുഖങ്ങളുടേയും പാര്‍പ്പിട സൌകര്യങ്ങളുടേയും അഭാവം വിനോദസഞ്ചാര വികസനത്തിനു വിലങ്ങുതടിയാണ്.

അന്വേഷണചരിത്രം

ആദ്യശ്രമങ്ങള്‍

അന്റാര്‍ട്ടിക്കയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ 1950-നുശേഷമാണ് ലഭിച്ചുതുടങ്ങിയത്. ഉത്തരാര്‍ധ ഗോളത്തിലേതിനു സദൃശമായകാലാവസ്ഥാ പ്രകാരങ്ങള്‍ ദക്ഷിണാര്‍ധഗോളത്തിലും ഉണ്ടായിരിക്കേണ്ടതാണെന്നും അതിന് ദക്ഷിണാര്‍ധഗോളത്തില്‍ വന്‍കരകള്‍ നിലവിലുണ്ടാവണമെന്നും പ്രാക്കാല യവനപണ്ഡിതന്മാര്‍ യുക്തി വിചാരം നടത്തിയിരിക്കുന്നു. മഞ്ഞുകട്ടകള്‍ നിറഞ്ഞ അന്റാര്‍ട്ടിക് സമുദ്രം ആദ്യം തരണം ചെയ്തത് പോളിനേഷ്യര്‍ (7-ാം) ആയിരുന്നുവെന്ന് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യര്‍ ദക്ഷിണാര്‍ധഗോളത്തിലേക്കു പര്യടനങ്ങളാരംഭിച്ചത് 15-ാം ശ. മുതല്ക്കായിരുന്നു. പോര്‍ത്തുഗീസിലെ നാവികനായ രാജാവ് ഹെന്റിയാണ് ഇവയ്ക്ക് ആദ്യമായി പ്രേരണയും പ്രോത്സാഹനവും നല്കിയത്. ആഫ്രിക്കയുടേയും തെ. അമേരിക്കയുടേയും അഗ്രങ്ങള്‍ ദ. ധ്രുവത്തോളം നീളുന്നുവെന്ന വിശ്വാസത്തിനാണ് അക്കാലത്ത് പ്രാബല്യമുണ്ടായിരുന്നത്. വാസ്കോ-ദെ-ഗാമ ആഫ്രിക്കാ വന്‍കരയെ ചുറ്റി ഇന്ത്യാതീരത്തെത്തി മടങ്ങിയതോടെ ഈ വിശ്വാസത്തിന് ഇളക്കം തട്ടി. ഏറെത്താമസിയാതെ തെ. അമേരിക്കയുടെ ദക്ഷിണാഗ്രം കണ്ടെത്തിയതോടെ പ്രസക്ത വന്‍കരകള്‍ക്ക് തെ. സമുദ്രം മാത്രമാണുള്ളത് എന്ന വിശ്വാസം പ്രബലമായി. എന്നാല്‍ ഭൂവിജ്ഞാനികള്‍ ദ. ധ്രുവമേഖലയില്‍ വിസ്തൃതമായ ഒരു ഭൂഖണ്ഡമുണ്ടായിരിക്കണമെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഇങ്ങനെ ഒരു ഭൂഖണ്ഡമുള്ളപക്ഷം അതു കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ 16-ഉം, 17-ഉം ശ.-ങ്ങളില്‍ പല അന്വേഷണങ്ങളെത്തുടര്‍ന്ന് തുറന്ന സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്നതിലുള്ള ആശങ്കകള്‍ വിട്ടൊഴിഞ്ഞിരുന്നു. 1739-ല്‍ ബവേ ദെലാസര്‍ എന്ന ഫ്രഞ്ചു നാവികന്‍ തെ. അക്ഷാ. 55° യിലൂടെ 48° രേഖാംശീയ ദൂരം മഞ്ഞുമൂടിയ സമുദ്രത്തിലൂടെ സഞ്ചരിച്ചു; തെ. അക്ഷാ. 54010'-ല്‍ ഒരു ദ്വീപ് കണ്ടെത്തുകയുമുണ്ടായി. ഇതാണ് ബൂവേ ദ്വീപ്. 1772-ല്‍ മറ്റൊരു ഫ്രഞ്ചു നാവികനായ വൈ.ജെ.ഡി. കെര്‍ഗലെന്‍ തെ. അക്ഷാ. 500-യില്‍ ഒരു കര കണ്ടെത്തിയതിന് ഒരു ദ്വീപസമൂഹം മാത്രമായിരുന്നുവെന്നു വ്യക്തമായി. അവ കെര്‍ഗലന്‍ ദ്വീപസമൂഹം എന്നു വിളിക്കപ്പെട്ടു. ഇതിനു സമകാലികമായി മറ്റൊരു ഫ്രഞ്ച് പര്യവേക്ഷകന്‍ പ്രിന്‍സ് എഡ്വേഡ്, ക്രോസെറ്റ്, ദുപ്രേയ്ന്‍ എന്നീ ദ്വീപുകള്‍ കണ്ടെത്തുകയുണ്ടായി.

അന്റാര്‍ട്ടിക് വൃത്തം

അന്റാര്‍ട്ടിക് വൃത്തം ആദ്യം കടന്നത് ബ്രിട്ടിഷ് നാവികനായ ജെയിംസ് കുക്ക് ആയിരുന്നു. ഭൂവിജ്ഞാനികളുടെ സങ്കല്പത്തിലുണ്ടായിരുന്ന ദക്ഷിണ ഭൂഖണ്ഡത്തിലെത്തുവാന്‍ ആഫ്രിക്കയില്‍ നിന്നു നേരെ തെക്കോട്ടു പ്രയാണം ചെയ്ത കുക്കിന് അന്റാര്‍ട്ടിക് വൃത്തം കടക്കാനായെങ്കിലും മഞ്ഞുകട്ടകളുടെ ബാഹുല്യംമൂലം അന്റാര്‍ട്ടിക്കയ്ക്ക് 160 കി.മീ. അകലെവച്ച് പിന്‍തിരിയേണ്ടിവന്നു. 1772-75 കാലത്ത് പര്യടനങ്ങളാവര്‍ത്തിച്ച കുക്കിന് പല പ്രാവശ്യവും അന്റാര്‍ട്ടിക് വൃത്തം കടക്കാനായി. 1774-ല്‍ 71°10' തെ.; 106°54' പ. വരെ ചെന്നെത്തുകയും ചെയ്തു. ന്യൂസിലന്‍ഡിന് ദ. ഭൂഖണ്ഡവുമായി ബന്ധമില്ലെന്നു സ്ഥാപിക്കാനും കുക്കിനു കഴിഞ്ഞു. ഒടുവില്‍ ദ. അത്‍ലാന്തിക്കിലെ സാന്‍ഡ്വിച്ച് ദ്വീപുകളിലെത്തിച്ചേര്‍ന്ന കുക്ക്, അവയ്ക്ക് തെ. ഒരു ഭൂഖണ്ഡമുണ്ടെങ്കില്‍ അത് നിവാസയോഗ്യമല്ലാത്തതും ദുഷ്‍പ്രാപ്യവുമായിരിക്കുമെന്ന നിഗമനത്തിലെത്തി.

വന്‍കര കണ്ടെത്തല്‍

അന്റാര്‍ട്ടിക്കാ വന്‍കരയില്‍ ആദ്യം ചെന്നെത്തിയത് ആരാണെന്നത് ഇന്നും തര്‍ക്കവിഷയമാണ് റഷ്യന്‍ പര്യവേക്ഷകന്‍ ഫാബിയന്‍ ഗോട്ലീബ് ഫൊണ്‍ബെലിങ് ഷാസന്‍, ബ്രിട്ടിഷ് നാവികന്‍ എഡ്വേഡ് ബ്രന്‍സ്ഫീല്‍ഡ്, അമേരിക്കന്‍ സീല്‍ വേട്ടക്കാരന്‍ നഥാനിയേന്‍ പാമര്‍ എന്നീ മൂവരും 1820-ല്‍ അന്റാര്‍ട്ടിക്കാ തീരത്തെ വ്യത്യസ്ത സ്ഥാനങ്ങളിലെത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്. 1821-ല്‍ ബ്രിട്ടിഷ് സീല്‍വേട്ടക്കാര്‍ ഷെട്ലണ്ടിലെ കിങ് ജോര്‍ജ് ദ്വീപില്‍ ശൈത്യകാലം കഴിച്ചുകൂട്ടിയതായിക്കാണുന്നു. ഇതേ വര്‍ഷം ജോര്‍ജ് പവലും പാമറും ചേര്‍ന്ന് സൌത്ത് ഓര്‍ക്നി ദ്വീപുകള്‍ കണ്ടെത്തി. 1921-ല്‍ ബെലിങ് ഷാസല്‍ അന്റാര്‍ട്ടിക്കയെ ചുറ്റി പര്യവേക്ഷണത്തിലായിരുന്നു; അതിനിടയില്‍ പീറ്റര്‍ 2, അലക്സാണ്ടര്‍ 1 എന്നീ ദ്വീപുകള്‍ കണ്ടെത്തുകയും ചെയ്തു. 1823-ല്‍ ജെയിംസ് വെഡല്‍ എന്ന ബ്രിട്ടിഷ് നാവികന്‍ തന്റെ പേരിലറിയപ്പെടുന്ന വെഡല്‍ ഉള്‍ക്കടലില്‍ പര്യടനം നടത്തി. 1832-ല്‍ ജോണ്‍ ബിസ്കോ ഗ്രഹാം തീരവും ബിസ്കോ ദ്വീപുകളും കണ്ടെത്തി. 1833-ല്‍ പീറ്റര്‍ കെംപ് എന്ന നാവികന്‍ ഹേര്‍ഡ് ദ്വീപും കൊപ്തീരവും സന്ദര്‍ശിച്ചു. 1839-ല്‍ ന്യൂസിലന്‍ഡില്‍ നിന്നു തെക്കോട്ടു യാത്ര ചെയ്ത ജോണ്‍ ബാല്ലനി 178° കി. രേഖാംശത്തില്‍വച്ച് അന്റാര്‍ട്ടിക് വൃത്തം കടന്ന് ഇന്നത്തെ ബാല്ലനി ദ്വീപുകളില്‍ എത്തിച്ചേര്‍ന്നു. 1835 മുതല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങള്‍ ദക്ഷിണ കാന്തിക ധ്രുവത്തിന്റെ സ്ഥാനം കണ്ടെത്തുവാനുള്ള ശ്രമമാരംഭിച്ചു. ഫ്രഞ്ച് നാവികനായ ഡ്യൂമോണ്ട് ദെ ഉര്‍വിന്‍ തെ. അക്ഷാ. 64°31' വരെ എത്തി മടങ്ങി. ചാള്‍സ് വൈക്സ് എന്ന അമേരിക്കന്‍ വൈക്സ് തീരം കണ്ടെത്തുകയും ദ. ധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. 1839-ല്‍ ബ്രിട്ടന്റെ എറീബസ്, ടെറര്‍ എന്നീ രണ്ടു കപ്പലുകള്‍ പര്യവേക്ഷണ സംഘങ്ങളുമായി അന്റാര്‍ട്ടിക്കയിലേക്ക് തിരിച്ചു; 1841-ല്‍ അന്റാര്‍ട്ടിക് വൃത്തം കടന്ന് കി. രേഖാ. 174° യിലൂടെ മഞ്ഞുകട്ടകളെ ഭേദിച്ചു മുന്നേറിയ ഇവര്‍ രണ്ടു കപ്പലുകളേയും റാസ് ഉള്‍ക്കടലിലെത്തിച്ചു. റാസ് കടല്‍തീരത്ത് 71° തെ. മുതല്‍ തെക്കോട്ടു നീളുന്ന ഒരു പര്‍വത നിരയുണ്ടെന്ന് ഇവര്‍ കണ്ടെത്തി. വീണ്ടും തെക്കോട്ടു പ്രയാണം തുടര്‍ന്ന റാസും ക്രോസിയറും 78° തെ. അക്ഷാംശത്തില്‍ രണ്ട് അഗ്നിപര്‍വതങ്ങള്‍ കണ്ടെത്തുകയും (എറീബസ്, ടെറര്‍) തുടര്‍ന്ന് 78°4' തെ. 167° പ. എത്തിയശേഷം മടങ്ങുകയും ചെയ്തു. 1841 ന.-ലും 1842 ഫെ.-ലും റാസിന്റെ നേതൃത്വത്തില്‍ വീണ്ടും പര്യവേക്ഷണം നടന്നതായി രേഖകളുണ്ടെങ്കിലും വിലപ്പെട്ട വിവരങ്ങള്‍ നേടിയതായോ കണ്ടുപിടുത്തങ്ങളുണ്ടായതായോ കാണുന്നില്ല: 19-ാം ശ.-ത്തിന്റെ അന്ത്യത്തോളം അന്റാര്‍ട്ടിക് പര്യവേക്ഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

ധ്രുവപര്യടനം

1895-ല്‍ ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമ്മേളനത്തെ തുടര്‍ന്ന് അന്റാര്‍ട്ടിക് പര്യവേക്ഷണംവീണ്ടുംഊര്‍ജ്ജിതപ്പെട്ടു.
റോള്‍ഡ് അമൂണ്‍സെന്‍
അന്റാര്‍ട്ടിക്കന്‍ തീരത്തെ ഹിമപുഞ്ജങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ 'ബല്‍ജിക്ക' പര്യവേക്ഷണക്കപ്പലിലെ യാത്രക്കാര്‍ ഒരു വര്‍ഷത്തിനുശേഷം, അന്റാര്‍ട്ടിക്കയിലെ അതികഠിനമായ ശൈത്യകാലം പിന്നിട്ട് രക്ഷപ്പെട്ടെത്തിയത് ആ വന്‍കരയിലെ നിശാന്ധകാരം തുടങ്ങിയ പ്രാതികൂല്യങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന ഭയാശങ്കകള്‍ക്ക് അറുതി വരുത്തി. ഇതേകാലത്തുതന്നെ ഡേവിസ് കടലില്‍ 'ഗാസ്സ്' എന്ന ജര്‍മന്‍ കപ്പലും ഉറച്ചുപോയിരുന്നു. അതിലെ ഒരു യാത്രികന്‍ ഹിമശകടത്തിന്റെ സഹായത്തോടെ കുംഭാകൃതിയിലുള്ള ഒരു മലയുടെ മുകളറ്റത്തോളം യാത്ര ചെയ്തു. നിശ്ചേതമായ ഒരു അഗ്നിപര്‍വതമായിരുന്നു അത്. ഇതിനു സമകാലികമായി സ്വീഡനില്‍ നിന്നുള്ള ഒരു പര്യവേക്ഷണ സംഘം അന്റാര്‍ട്ടിക്കാ ഉപദ്വീപിന്റെ അഗ്രഭാഗങ്ങളിലും തുടര്‍ന്ന് കിഴക്കന്‍ തീരത്തും പഠനങ്ങള്‍ നടത്തി. ഇവിടുത്തെ മലയില്‍ നിന്നു കണ്ടെടുത്ത ഫോസിലുകള്‍ പ്രസക്ത ഭൂഭാഗങ്ങളില്‍ പിന്നിട്ട യുഗങ്ങളില്‍ നിബിഡവനങ്ങള്‍ നിലനിന്നിരുന്ന സൂചനകള്‍ നല്കി. ഈ മലയ്ക്ക് മോണ്ട് ഫ്ളോറ എന്ന പേരു നല്കപ്പെട്ടിരിക്കുന്നു. 1901-ല്‍ റോബര്‍ട്ട് ഫാള്‍ക്കണ്‍ മക്മുര്‍ഡോ സൌണ്ടില്‍ താവളമുറപ്പിച്ചു. ബാരിയര്‍ തുരുത്തിനു സമാന്തരമായി സഞ്ചരിച്ച് അതിന്റെ കിഴക്കേ അഗ്രത്തിലെത്തിയ ഡിസ്കവറി എന്ന കപ്പലിലെ പര്യവേക്ഷകര്‍ അവിടെ ഒരു ഉള്‍ക്കടല്‍ കണ്ടെത്തി. ഈ ഉള്‍ക്കടലിനും തെക്കുള്ള വസ്തുതകള്‍ ഗ്രഹിക്കുവാനായി 'ഡിസ്കവറി'യുടെ കപ്പിത്താനായ റോബര്‍ട്ട് എഫ്. സ്കോട്ട് ബലൂണില്‍ പറന്ന് നിരീക്ഷണങ്ങളിലേര്‍പ്പെട്ടു. സ്കോട്ട് കണ്ടെത്തിയ ഉള്‍ക്കടല്‍ ഇപ്പോള്‍ തിമിംഗലക്കടല്‍ (gulf of whales) എന്നറിയപ്പെടുന്നു.
ക്യാപ്റ്റന്‍ സ്കോട്ട്

ദക്ഷിണധ്രുവത്തിലേക്കുള്ള വഴികണ്ടെത്തുന്നതിനായി സ്കോട്ട് ഷാക്കിള്‍ട്ടണ്‍, ഇ.എ. വില്‍സണ്‍ എന്നിവരോടൊപ്പം മക്മുര്‍ഡോ താവളത്തില്‍ നിന്നു പ്രയാണം തുടങ്ങി. രണ്ടുമാസങ്ങള്‍ കൊണ്ട് 600 കി.മീ. തെക്കോട്ടുപോയ ശേഷം അവര്‍ക്കു മടങ്ങേണ്ടിവന്നു. ഹിമപാളികള്‍ പ്രതിപതിപ്പിക്കുന്ന സൂര്യാതപത്തിന്റെ തീവ്രതമൂലം യാത്രികരുടെ കാഴ്ചശക്തി മന്ദീഭവിക്കുകയും രക്തദൂഷ്യം അനുഭവപ്പെടുന്ന നിലയിലേക്ക് അവരുടെ ശരീരത്തിലെ ജീവകം-സിയുടെ അംശം ശോഷിച്ചു പോവുകയുമുണ്ടായി. 1907-08-ല്‍ വീണ്ടും ഷാക്കിള്‍ട്ടണ്‍ നടത്തിയ പര്യവേക്ഷണവും ഫലപ്രാപ്തമായില്ല.

അമുണ്‍സെനിന്റെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ സംഘം ഫ്രാം എന്ന കപ്പലില്‍ (1911 ഒ. 20) വെയ്ല്‍സ് ഉള്‍ക്കടലിലൂടെ യാത്രചെയ്ത് (തെ. അക്ഷാ. 85° ലുള്ള അക്സല്‍ ഹീബെര്‍ഗ് ഹിമപ്രവാഹം വഴി) 1911 ഡി. 14-ന് ദക്ഷിണധ്രുവത്തിലെത്തി. (നോ: അമുണ്‍സെന്‍ റോള്‍ഡ്) ധ്രുവത്തിന്റെ സ്ഥാനത്ത് തങ്ങളുടെ പതാക പാറിക്കുകയും ഒരു ലിഖിതം സ്ഥാപിക്കുകയും ചെയ്തശേഷം 38 ദിവസം കൊണ്ട് ഇവര്‍ സുരക്ഷിതമായി മടങ്ങിയെത്തി. ടെറനോവ എന്ന കപ്പലില്‍ ഇംഗ്ളണ്ടില്‍ നിന്നു പുറപ്പെട്ട (1910) ക്യാപ്റ്റന്‍ സ്കോട്ടും സംഘവും 69 ദിവസത്തെ ദുരിതപൂര്‍ണമായ യാത്രയ്ക്കുശേഷം 1912 ജനു. 17-ന് ദക്ഷിണധ്രുവത്തിലെത്തി.

കൈവശാവകാശ വാദങ്ങള്‍

രണ്ടാം ലോകയുദ്ധത്തിനുശേഷം അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളുടെമേല്‍ വ്യത്യസ്ത രാഷ്ട്രങ്ങള്‍ അവകാശവാദം ഉന്നയിച്ചുതുടങ്ങി. 1947-48-ല്‍ ഹേന്‍ഡ്, മക്വാറി ദ്വീപുകളില്‍ ആസ്റ്റ്രേലിയ താവളങ്ങളുറപ്പിച്ചു. ഒരു വിസ്തൃതമേഖലയിലെ അധീശാധികാരം സ്വന്തമാക്കുവാനുള്ള ഗൂഢോദ്ദേശ്യമാണ് ഈ നിര്‍മിതികള്‍ക്കു പിന്നിലുണ്ടായിരുന്നത്. പ്രിന്‍സ് എഡ്വേഡ്, മേരിയോണ്‍ എന്നീ ദ്വീപുകളില്‍ തങ്ങളുടെ പതാകനാട്ടിക്കൊണ്ട് ദ. ആഫ്രിക്ക അവയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു. കെര്‍ഗലന്‍, ക്രോസെറ്റ് എന്നീ ദ്വീപുകളിലും അഡ്ലീലന്‍ഡ് തീരത്തും സ്ഥിരതാവളങ്ങള്‍ ഉറപ്പിക്കുകയും ഈ പ്രദേശങ്ങളുടെ വിശദമായ സര്‍വേക്ഷണത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ടാണ് ഫ്രാന്‍സ് തങ്ങളുടെ അവകാശവാദം ഉന്നയിച്ചത്. ഫില്‍ക്നര്‍ ഹിമശൃംഗത്തിന്റെ നെറുകയില്‍ 'ജനറല്‍ ബെല്‍ഗ്രാനോ' സ്റ്റേഷന്‍ നിര്‍മിക്കുവാന്‍ ആര്‍ജന്റീന ഒരുമ്പെട്ടതും അധികാരം ഉറപ്പിക്കുവാനായിരുന്നു. അന്റാര്‍ട്ടിക് ഉപദ്വീപില്‍ വിളിപ്പാടകലങ്ങളില്‍ ബ്രിട്ടണ്‍, ചിലി, ആര്‍ജന്റീന എന്നീ രാജ്യങ്ങളുടെ സ്ഥിരം താവളങ്ങളുയര്‍ത്തി, ശാസ്ത്ര ഗവേഷണത്തെക്കാള്‍ ചാരപ്രവര്‍ത്തനത്തിനു മുന്‍ഗണന നല്കി. ക്വീന്‍മാഡ്ലന്‍ഡിന് നോര്‍വേ നേരത്തേ തന്നെ അവകാശം ഉന്നയിച്ചിരുന്നു. ഈദൃശ അവകാശവാദങ്ങളെ യു.എസ്. അംഗീകരിച്ചിരുന്നില്ല, തങ്ങളുടേതായ മേല്‍ക്കോയ്മയ്ക്ക് താത്പര്യം കാട്ടിയതുമില്ല. പഴയ സോവിയറ്റ് യൂണിയനും അന്റാര്‍ട്ടിക്കയില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വന്‍കരഭാഗങ്ങളുടെ ഉടമാവകാശം സംബന്ധിച്ച ഏതു തീര്‍പ്പിലും തങ്ങളുടെ അഭിപ്രായം ആദരിക്കപ്പെടണമെന്ന നിര്‍ദ്ദേശം മറ്റു രാജ്യങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ യു.എസ്.എസ്.ആര്‍. മുന്നോട്ടു വന്നു (1950). അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിനു തൊട്ടുമുന്‍പ് വിവിധ രാജ്യങ്ങളുടെ കൈവശാവകാശവാദം ചാര്‍ട്ടില്‍ സംഗ്രഹിച്ചിരിക്കുന്നു.

Image:p681.png

അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷം

International Geophysical Year-IGY

1957-58-ല്‍ അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിന്റെ ആരംഭത്തോടുകൂടി വിവിധ രാഷ്ട്രങ്ങള്‍ അവകാശവാദങ്ങളില്‍ അയവു വരുത്തി സഹകരണ മനോഭാവം പ്രദര്‍ശിപ്പിച്ചു. 1957 ജൂലൈ 1 മുതല്‍ 1958 ഡി. 31 വരെയുള്ള ഈ പഠനകാലത്ത് (നോ: അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍) ലോകത്തെയൊട്ടാകെ ബാധിക്കുന്ന വിവരങ്ങളുടെ 20 ശ.മാ. അന്റാര്‍ട്ടിക്കയില്‍ നിന്നാണ് ശേഖരിക്കേണ്ടിയിരുന്നത്. ഈ പഠന ശൃംഖലയില്‍ പങ്കാളികളായ 66 രാഷ്ട്രങ്ങളില്‍ 12 എണ്ണം അന്റാര്‍ട്ടിക്കയില്‍ നിലവിലുണ്ടായിരുന്ന താവളങ്ങളുപയോഗിച്ചോ പുതിയവ സ്ഥാപിച്ചോ ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു. തീരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദ. ധ്രുവത്തില്‍പ്പോലും നിരീക്ഷണാലയങ്ങള്‍ വേണ്ടിവന്നു. 7 അധീശരാജ്യങ്ങള്‍ക്കു പുറമെ, യു.എസ്., മുന്‍ യു.എസ്.എസ്.ആര്‍., ജപ്പാന്‍, ബല്‍ജിയം, ദ. ആഫ്രിക്ക എന്നീ 5 രാജ്യങ്ങളും കൂടി ചേര്‍ന്നായിരുന്നു അന്റാര്‍ട്ടിക്കയിലെ ഗവേഷണ പഠനങ്ങള്‍ നിര്‍വഹിച്ചത്. ഇവര്‍ സ്ഥാപിച്ച വിവിധ സ്റ്റേഷനുകളില്‍ നിന്നും അന്തരീക്ഷാവസ്ഥ, ഭൂകാന്തികത, ഭൂകമ്പവിജ്ഞാനീയം, സമുദ്രവിജ്ഞാനീയം, ഹിമനദീയനം, പുരാകാലാവസ്ഥ മുതലായവയെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ സംഗ്രഹിച്ചു. പരസ്പര സഹകരണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഈ ഗവേഷണയജ്ഞം. ഈ സഹകരണം 1958 ഡി. 31-നുശേഷവും നിലനിന്നുവരുന്നു.


അന്റാര്‍ട്ടിക്കാ ഉടമ്പടി

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിന്റെ വിജയത്തെത്തുടര്‍ന്ന് അതില്‍ പങ്കെടുത്ത 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് വാഷിങ്ടണില്‍ വച്ച് ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. രണ്ടു കൊല്ലത്തിനുശേഷം ആസ്റ്റ്രേലിയായിലെ കാന്‍ബറായില്‍വച്ച് ഈ ഉടമ്പടി പുതുക്കുകയുണ്ടായി. അന്റാര്‍ട്ടിക്കാ വന്‍കര സമാധാനപരമായ പ്രവര്‍ത്തങ്ങള്‍ക്കു മാത്രം ഉപയോഗിക്കുക, ശാസ്ത്രീയ ഗവേഷണത്തിനായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, ശാസ്ത്രജ്ഞന്മാരേയും ഗവേഷണഫലങ്ങളേയും പരസ്പരം കൈമാറുക തുടങ്ങിയവയാണ് ഉടമ്പടിയിലെ മുഖ്യ വ്യവസ്ഥകള്‍. ഉടമ്പടിയനുസരിച്ച് അംഗരാഷ്ട്രങ്ങള്‍ അവരവരുടെ മുന്‍ അവകാശങ്ങളെ പിന്‍വലിക്കേണ്ട ആവശ്യമില്ല; എന്നാല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. വന്‍കരയിലെവിടെയും ഏതുരാജ്യക്കാര്‍ക്കും നിര്‍ബാധം സഞ്ചരിക്കാവുന്നതാണ്. തെ. അക്ഷാ. 600 ക്കു തെക്കുള്ള പ്രദേശങ്ങള്‍ക്കു മാത്രമേ ഈ ഉടമ്പടി ബാധകമായുള്ളൂ; സമുദ്രത്തെ സംബന്ധിച്ച് വിശദമായ നിബന്ധനകള്‍ ഉടമ്പടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1946, 65 എന്നീ വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ശാന്ത-സൂര്യ സംവത്സരങ്ങളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, സൂര്യനെ സംബന്ധിക്കുന്ന പഠനങ്ങള്‍ ഉടമ്പടിയിലെ അംഗരാഷ്ട്രങ്ങള്‍ സഹകരിച്ചു നടത്തുകയുണ്ടായി. സ്ഥാപകാംഗങ്ങള്‍ക്കൊപ്പം താത്പര്യമുള്ള മറ്റു രാഷ്ട്രങ്ങള്‍ക്കു കൂടി സഖ്യത്തില്‍ അംഗത്വം നല്കുവാന്‍ 1977-ല്‍ തീരുമാനമായി. ഇതിന്‍പ്രകാരം ഇന്ത്യയ്ക്ക് 1983-ല്‍ അന്റാര്‍ട്ടിക്കാസഖ്യത്തില്‍ അംഗത്വം ലഭിച്ചു. ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍, 30 വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും അംഗരാഷ്ട്രം ആവശ്യപ്പെടുന്നപക്ഷം പുനരവലോകനം ചെയ്യാവുന്നതാണ്.


വന്‍കരയുടെ ഭാവി

മറ്റു ഭൂഭാഗങ്ങളെക്കുറിച്ചെന്നപോലെ അന്റാര്‍ട്ടിക്കയെ സംബന്ധിച്ചും വേണ്ടുവോളം വിവരങ്ങള്‍ ശേഖരിക്കുവാനാവുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ശൂന്യവും നിര്‍ജീവവുമായ ഈ വന്‍കരയിലെ പ്രശ്നങ്ങള്‍ പഠിച്ച്, അവയ്ക്ക് പരിഹാരം കണ്ടുപിടിക്കുവാനായി നൂറുകണക്കിനു ശാസ്ത്രജ്ഞന്മാര്‍ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭൂഭൌതികഘടന, ചരിത്രം, ജീവജാലങ്ങള്‍ തുടങ്ങിയവയില്‍ അന്റാര്‍ട്ടിക്ക ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വിശദമായി മനസ്സിലാക്കുകയാണ് ഇപ്പോഴത്തെ ഗവേഷണങ്ങളുടെ പരമലക്ഷ്യം. അന്റാര്‍ട്ടിക്കയിലെ ഹിമാവരണത്തേയും ഭൂഗര്‍ഭസ്ഥിതിയേയും കാലാവസ്ഥയേയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത സൌകര്യങ്ങളും വളരെ വേഗം വികസിക്കുന്നുണ്ട്. ഈ വന്‍കരയുടെ നൈസര്‍ഗിക പരിസ്ഥിതിക്ക് കോട്ടം വരാതിരിക്കുന്നതിനുള്ള നടപടികളും അന്താരാഷ്ട്രധാരണയും നിലവില്‍ വന്നിട്ടുണ്ട്. നോ: അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍

(പ്രൊഫ. യു. ജമാല്‍ മുഹമ്മദ്, എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍