This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്യാപദേശശതകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്യാപദേശശതകം
നീലകണ്ഠദീക്ഷിതരുടെ ഒരു സംസ്കൃത കാവ്യം. പേരുകൊണ്ടു വ്യക്തമാകുന്നതുപോലെ നൂറ് അന്യാപദേശശ്ളോകങ്ങളാണ് ഉള്ളടക്കം; ഒടുവില്‍ മംഗളാശംസയായി ഭൂദേവീസ്തുതിയായ ഒരു ശ്ളോകവും ഉണ്ട്. ശാര്‍ദൂലവിക്രീഡിതം ആണ് വൃത്തം.
ഈ കാവ്യം ഇതേ പേരില്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്, മണിപ്രവാളമായി വിവര്‍ത്തനം ചെയ്തിരിക്കുന്നു (1902); വൃത്തം, കുസുമമഞ്ജരി. ദീക്ഷിതരുടെ മൂലപദ്യങ്ങള്‍ക്ക് അവയുടെ പ്രസ്തുതമെന്തെന്ന് വ്യക്തമാക്കുന്ന ഓരോ ചെറിയ അവതാരികക്കുറിപ്പുകള്‍ സ്വാതിതിരുനാള്‍ രാമവര്മമഹാരാജാവ്, സംസ്കൃതഗദ്യത്തില്‍ മുമ്പേ എഴുതിയിട്ടുണ്ടായിരുന്നു. ഈ അവതാരികയോടുകൂടി മൂലപദ്യവും അതിനു കീഴില്‍ രണ്ടിന്റെയും മലയാളവിവര്‍ത്തനവും വിവര്‍ത്തിതപദ്യങ്ങള്‍ക്ക് എം. രാജാരാജവര്‍മയുടെ വിശദവ്യാഖ്യാനവും - ഇങ്ങനെയാണ് അന്യാപദേശശതക മണിപ്രവാളത്തിന്റെ പ്രസിദ്ധീകരണം.
സാഹിത്യസംരംഭമെല്ലാം ശമിച്ച് 'നിര്‍വാണമായ അഗ്നിപര്‍വതം പോലെ' അടങ്ങിയിരിക്കുന്ന താന്‍ ഇങ്ങനെയൊരു വിവര്‍ത്തനത്തിന് തുനിയാനിടയാക്കിയ ഹൃദയപ്രേരണകള്‍, കേരളവര്‍മ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദ്വിതീയാക്ഷരപ്രാസത്തില്‍ സാര്‍വത്രികമായി സ്വരവ്യഞ്ജനൈകരൂപ്യം വരുത്തുവാന്‍ സ്വതന്ത്രകൃതിയിലെന്നപോലെ വിവര്‍ത്തനത്തിലും അനായാസമായി കഴിയും എന്നു വെളിപ്പെടുത്തുകയാണ് അവയിലൊന്ന്.
മാതൃകയ്ക്കായി ഒരു പദ്യത്തിന്റെ മൂലവും വിവര്‍ത്തനവും അവതാരികസഹിതം ഉദ്ധരിക്കുന്നു:
'ലോകസ്ത്വസ്വാതന്ത്ര്യേണ മഹാഭോഗാനുഭവേƒപി സ്വച്ഛന്ദസ്ഥിതൌ ലഭ്യം സുഖം നാപ്നുയാദിത്യാഹ
ഭോജ്യം സ്വാദു പയഃ സ്ഥിതിര്മണിഗണൈ-
രാപിഞ്ജരേ പഞ്ജരേ
ദൂരേ ചിന്തയിതും ച ദംശമശകാഃ
പാരേ ഗിരാം ലാളനം
സത്യം സര്വമഥാപി കാനനഭുവി
സ്വാച്ഛന്ദ്യമവ്യാഹതം
ധ്യായന്തീ വിമനാ മനാഗപി ശുകീ
നാലംബതേ നിര്‍വൃതിം'
അസ്വാധീനനിലയിലിരുന്നുകൊണ്ട് വലിയ പദവിയെ അനുഭവിക്കുന്നതിന് സ്വേച്ഛപോലെ ഇരിക്കുന്നവന്റെ സുഖം കിട്ടുകയില്ലെന്നു പറയുന്നു.
'ക്ഷീരമുണ്ടു സരസം ഭുജിപ്പതിനിരിപ്പതിന്നു
മണിപഞ്ജരം,
ദൂരവേ മശകദംശചിന്തയുമജസ്രമെത്ര പരിലാളനം,
നേരതൊക്കെയുമഥാപി കാനനവിഹാരമോര്ത്തു
വിമനായിതാ
കീരസുന്ദരി കൃതാര്ഥഭാവമണയുന്നതില്ല
ലവലേശവും.'
(കെ.കെ. വാധ്യാര്)