This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ധവിശ്വാസങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്ധവിശ്വാസങ്ങള്‍
യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും. ആചാരവിശ്വാസങ്ങള്‍ ഒറ്റ വ്യക്തിയുടെയോ, സംഘത്തിന്റെയോ, മുഴുവന്‍ സമൂഹത്തിന്റെയോ ആകാം. ഇവയില്‍ ഏറിയകൂറും മതത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
അന്ധവിശ്വാസം എന്ന സംജ്ഞ തന്നെ അവ്യക്തമാണ്. പ്രായോഗികമായ അര്‍ഥത്തിലും കേവലമായ അര്‍ഥത്തിലും ഇതു പ്രയോഗിക്കപ്പെടാറുണ്ട്. ഒരു പ്രത്യേക സങ്കല്പത്തെ ഏതെങ്കിലും ഭൌതികാതീതശക്തിയുമായി ബന്ധപ്പെടുത്തുകയും, ആ ശക്തിയെ ഭൌതികജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഒന്നായി സ്വീകരിക്കാന്‍ സന്നദ്ധമാവുകയും ചെയ്യുന്ന ഒരു മനോഭാവം. ഈ ഭൌതികാതീതശക്തി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവുകള്‍ തേടിപ്പോകാന്‍ ഇവിടെ ഒരുക്കമില്ല. അപരിചിതമായ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അവയുടെ നിജസ്ഥിതി എന്തെന്ന് ഗ്രഹിക്കാനും ശ്രമിക്കുന്നില്ല. അവയെ ബുദ്ധിയുടെ സീമയ്ക്കു പുറത്തുനിര്‍ത്തി ദിവ്യത്വം കല്പിച്ചു സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഈ മാനസികഭാവം മനുഷ്യരാശിയുടെ ശരാശരി ഉദ്ബുദ്ധതയിലും താഴെയുള്ള ഒന്നാണ്. ഇവിടെ യുക്തിചിന്തയ്ക്ക് സ്ഥാനമില്ല. അതിനാല്‍ വസ്തുനിഷ്ഠമായി അടിസ്ഥാനരഹിതവും, മനുഷ്യസമൂഹം എത്തിച്ചേര്‍ന്നിട്ടുള്ള ഉദ്ബുദ്ധതയുടെ നിലവാരത്തിനു നിരക്കാത്തതുമായ വിശ്വാസങ്ങളാണ് അന്ധവിശ്വാസങ്ങള്‍ എന്നു പറയാം. മനഃശാസ്ത്രപരമായ ഈ അപഗ്രഥനം വെളിപ്പെടുത്തുന്നത്, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം മാനസികമായ അപക്വതയാണ് എന്നത്രേ.
എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ അന്ധവിശ്വാസികള്‍ ആയിരുന്നിട്ടുണ്ട്. ആദിമയുഗങ്ങളില്‍ കാട്ടില്‍ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യന്‍ മുതല്‍ ആധുനികയുഗത്തിലെ പരിഷ്കൃത മനുഷ്യന്‍ വരെയുള്ള ചരിത്രം അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ബോധനിലവാരത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അന്ധവിശ്വാസങ്ങള്‍ക്കു മാറ്റം വന്നിട്ടുണ്ടെന്നുമാത്രം. ചില അന്ധവിശ്വാസങ്ങള്‍ എല്ലാക്കാലത്തും എല്ലാദേശത്തും നിലനില്ക്കുന്നതായി കാണാം. മറ്റു ചിലവ ഒരു പ്രത്യേക പ്രദേശത്തോ സമൂഹത്തിലോ മാത്രമായി ഒതുങ്ങി നില്ക്കുന്നു.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മതവും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. വിഷമസന്ധിക്കു പരിഹാരം കാണാന്‍, ബൈബിള്‍ തുറന്ന് ആദ്യം കണ്ണില്‍പെടുന്ന ഭാഗം വായിച്ചു മാര്‍ഗദര്‍ശനം നേടാന്‍ കഴിയുമെന്ന ഒരു വിശ്വാസം ചില ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. അതുപോലെ ഗ്രന്ഥം 'കെട്ടിവായിക്കുന്ന' സമ്പ്രദായം ചില ഹിന്ദുക്കള്‍ക്കിടയിലുമുണ്ട്. പരദേവതയെ ധ്യാനിച്ചുകൊണ്ട്, രാമായണം (മറ്റു പുരാണഗ്രന്ഥങ്ങളും) തുറന്ന് വലതുപുറത്ത് ആദ്യത്തെ ഏഴു വരികളും ഏഴ് അക്ഷരങ്ങളും കഴിഞ്ഞുള്ള ഭാഗം വായിച്ച്, അതിന്റെ അര്‍ഥ വ്യാഖ്യാനത്തിലൂടെ ചെയ്യാന്‍പോകുന്ന കര്‍മങ്ങളുടെ വിജയപരാജയങ്ങള്‍ കണക്കാക്കുന്ന ഏര്‍പ്പാടാണിത്. മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണിവ. മറ്റു ചിലത് കാലഹരണപ്പെട്ട വിജ്ഞാനത്തിന്റെ അവശിഷ്ടങ്ങളായി നിലവില്‍ വന്നവയാണ്. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവ ഇതിനുദാഹരണങ്ങളായി ചിലര്‍ കരുതുന്നു.
താന്‍ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാന്‍ ഒരാളും തയ്യാറല്ല. എന്നാല്‍ അന്യരില്‍ അന്ധവിശ്വാസം കണ്ടെത്താന്‍ ആര്‍ക്കും ഒരു വിഷമവുമില്ല. ഒരു പ്രത്യേകവംശത്തില്‍ പെട്ടവര്‍, പ്രത്യേക സംസ്കാരമുള്ളവര്‍, പ്രത്യേക വീക്ഷണഗതി പുലര്‍ത്തുന്നവര്‍, തങ്ങളുടേതില്‍നിന്നു ഭിന്നമായ വംശവും സംസ്കാരവും വീക്ഷണവും ഉള്ളവരെ അന്ധവിശ്വാസികള്‍ എന്നു മുദ്രകുത്തുന്നു. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ മറ്റൊരു വശമാണിത്. ക്രിസ്തുമതത്തെ ടാസിറ്റസ് വിശേഷിപ്പിച്ചത് 'വിനാശകരമായ അന്ധവിശ്വാസം' എന്നാണ്. കത്തോലിക്കാസഭ തിരുശേഷിപ്പിനും വിഗ്രഹങ്ങള്‍ക്കും ദിവ്യത്വം കല്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് പ്രൊട്ടസ്റ്റന്റുകാര്‍ അധിക്ഷേപിക്കുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളായ ശവദാഹം, അപരക്രിയകള്‍ എന്നിവയെ അഹിന്ദുക്കള്‍ അന്ധവിശ്വാസമെന്നു വിളിക്കുന്നു. സര്‍വോപരി മതങ്ങള്‍ എല്ലാംതന്നെ അന്ധവിശ്വാസങ്ങളാണെന്ന് ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്കു തോന്നാം. ചരിത്രപരമായി നോക്കിയാല്‍, പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതല്‍ കൂടുതല്‍ ശാസ്ത്രീയമായ അറിവു വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങള്‍ കുറഞ്ഞുവരുന്നതായി കാണാം.