This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തിക്കാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തിക്കാട്

തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. തൃശൂര്‍ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്. 10° 27' വ., 76° 80' കി. വടക്ക് മണലൂര്‍, എരവ്, വെളുത്തൂര്‍ എന്നിവയും കി. പുള്ളും തെക്കുചാഴൂര്‍, കിഴക്കുമുറി എന്നിവയും പ. വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള വില്ലേജുകള്‍. ഒരു കള്ളുചെത്തുവ്യവസായകേന്ദ്രമാണ് അന്തിക്കാട്. വിസ്തീര്‍ണം 7.5 ച.കി.മീ.

വില്ലേജിന്റെ കി.-ഉം വ.-ഉം ഭാഗങ്ങള്‍ പൊതുവേ ആള്‍പ്പാര്‍പ്പില്ലാത്തതാണ്. മണക്കുടിക്കായല്‍ നികത്തിയെടുത്ത 'കോള്‍കൃഷി'പ്പാടങ്ങള്‍ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താണുകിടക്കുന്ന ഈ പ്രദേശം ആണ്ടില്‍ ഏഴെട്ടുമാസത്തോളവും വെള്ളത്തിനടിയിലാണ്; വേനല്‍ക്കാലത്തു വെള്ളം വറ്റിച്ചു നെല്ലു കൃഷി ചെയ്യുന്നു. അന്തിക്കാടിന്റെ പടിഞ്ഞാറെ പകുതി നിരപ്പായ കൃഷിസ്ഥലങ്ങളാണ്. തെങ്ങിന്‍തോപ്പുകളും ഇരുപ്പൂനിലങ്ങളും കൊണ്ടു നിറഞ്ഞ ഇവിടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു.

കള്ളുചെത്തും കോള്‍കൃഷിയുമാണ് ഇവിടത്തെ പ്രധാന തൊഴിലുകള്‍. ജനങ്ങളില്‍ ഭൂരിഭാഗവും ഈഴവരാണ്; ബാക്കിയുള്ളവര്‍ ക്രിസ്ത്യാനികള്‍, മുസ്ളിങ്ങള്‍, വേട്ടുവര്‍ തുടങ്ങിയവരും.

തൃശൂര്‍-തൃപ്രയാര്‍ റോഡാണ് പ്രധാന ഗതാഗതമാര്‍ഗം. പോലീസ് സ്റ്റേഷന്‍, സബ്-രജിസ്ട്രാര്‍ ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ് തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. അന്തിക്കാട് ബ്ളോക്കിന്റെ ആസ്ഥാനം വില്ലേജിനു പുറത്താണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. ഇവിടത്തെ മൂകാംബികക്ഷേത്രം പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍