This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര നീതിന്യായക്കോടതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര നീതിന്യായക്കോടതി

International Court Justics

ഐക്യരാഷ്ട്രസംഘടനയുടെ നീതിന്യായനിര്‍വഹണത്തിനുള്ള മുഖ്യസ്ഥാപനം. അംഗരാഷ്ട്രങ്ങളെല്ലാം ഈ കോടതിയുടെ നിയമാനുശാസനങ്ങളെ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.


രാഷ്ട്രങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും കലഹങ്ങളും നിയമാനുസൃതമായി പറഞ്ഞുതീര്‍ക്കുന്നതിനും അവയ്ക്ക് വിധി കല്പിക്കുന്നതിനും ഇതുപോലെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ഇതിനു മുന്‍പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉടലെടുത്ത ആദ്യത്തെ ആധുനികസ്ഥാപനം സര്‍വരാജ്യസഖ്യ(League of Nations)ത്തിന്റെ ഘടകമായിരുന്ന 'അന്താരാഷ്ട്രനീതിക്കുള്ള സ്ഥിരംകോടതി' (permanent Court of International Justics) ആണ്. 1921 സെപ്.-ല്‍ നിലവില്‍ വന്ന ഈ കോടതി വര്‍ഷത്തില്‍ ശ.ശ. ഒരു തര്‍ക്കത്തിനുവീതം വിധി കല്പിച്ചുകൊണ്ട് 25 വര്‍ഷത്തോളം പ്രവര്‍ത്തനം നടത്തുകയും 1946-ല്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി സ്ഥാപിതമായതോടെ സ്വാഭാവികമായി തിരോഭവിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രചാര്‍ട്ടറിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന നിയമവ്യവസ്ഥകള്‍ അനുസരിച്ച് അന്താരാഷ്ട്ര നീതിന്യായക്കോടതി നിലവില്‍വന്നത് 1946 ഏ. 3-നു ആണ്. കോടതിയുടെ ഘടന, നടപടിക്രമങ്ങള്‍, അധികാരപരിധി, ചുമതലകള്‍, അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നിയമവ്യവസ്ഥകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ സര്‍വരാജ്യസഖ്യത്തിന്റെ ഘടകമായിരുന്ന 'സ്ഥിരംകോടതി' അംഗീകരിച്ചിരുന്ന നിയമാവലി തന്നെയാണ് ഇതിനും ബാധകമെന്ന് വ്യവസ്ഥകളുടെ 36(5)-ാം വകുപ്പില്‍ എടുത്തുപറഞ്ഞിരിക്കുന്നു. സ്ഥിരം കോടതി ഇല്ലാതായിത്തീര്‍ന്നതിനുശേഷവും അതിന്റെ പരിഗണനയ്ക്ക് വിധേയമായിരുന്നതും അതിനു വിധി കല്പിക്കുവാന്‍ അധികാരമുണ്ടായിരുന്നതും ആയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് 'ദക്ഷിണാഫ്രിക്ക കേസി'ല്‍ (1962) അന്താരാഷ്ട്രക്കോടതി തീര്‍പ്പ് കല്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ആസ്ഥാനം ഹേഗ് (നെതര്‍ലാന്‍ഡ്സ്) ആണ്. കോടതി കൈകാര്യം ചെയ്യുന്ന ഭാഷകള്‍ ഫ്രഞ്ചും ഇംഗ്ളീഷുമാണ്. ഇതിനെ ലോക കോടതി (World Court) എന്നും വിളിക്കാറുണ്ട്.

ഘടന. രക്ഷാസമിതി(Security Council)യും പൊതുസഭയും (General Assembly) പ്രത്യേകം തിരഞ്ഞെടുക്കുന്ന 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്. ഓരോ മൂന്നുവര്‍ഷം കഴിയുമ്പോഴും ഇവരില്‍ മൂന്നിലൊന്നുഭാഗം വിരമിക്കുന്നു. ഉദ്യോഗ കാലാവധി ഒന്‍പത് കൊല്ലമാണ്. വിരമിച്ചവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതില്‍ വിലക്കൊന്നുമില്ല. സ്വന്തം രാജ്യങ്ങളിലെ ഏറ്റവും ഉന്നതമായ ന്യായാസനങ്ങളില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളവരോ, അന്താരാഷ്ട്രനിയമശാസ്ത്ര വിദഗ്ധരോ ആയിട്ടുള്ളവരില്‍ നിന്നാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. വിവിധ സംസ്കാരികമേഖലകളുടേയും സാര്‍വലൌകിക നീതിശാസ്ത്രത്തിന്റേയും പ്രാതിനിധ്യം വഹിക്കുന്നവരായിരിക്കും ജഡ്ജിമാര്‍. രക്ഷാസമിതിയില്‍നിന്നുള്ള തിരഞ്ഞെടുപ്പിന് ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്. സ്ഥിരാംഗങ്ങളുടെ നിഷേധാ(veto)ധികാരം ഇവിടെ പ്രയോഗിക്കപ്പെടാറില്ല. സ്വന്തം രാഷ്ട്രത്തിന്റെ പ്രതിനിധിയായ ഒരു ജഡ്ജി ഇല്ലാതിരിക്കുമ്പോള്‍ ഒരു കക്ഷിക്ക് ഒരു താത്കാലിക (adhoc) ജഡ്ജിയെ നാമനിര്‍ദേശം ചെയ്യാം. ഒരു രാഷ്ട്രത്തിന് ഒരേസമയം രണ്ടു ജഡ്ജിമാരുണ്ടായിരിക്കാന്‍ പാടില്ല. ഒരു കേസില്‍ അഭിഭാഷകനായി കോടതിയില്‍ ഹാജരായിട്ടുള്ള ഒരാള്‍ അതേ കേസില്‍ ഒരു ജഡ്ജിയായി നിയമിക്കപ്പടാന്‍ അര്‍ഹനല്ല എന്ന് 17(2)-ാം വകുപ്പ് അനുശാസിക്കുന്നു. ഒരു ജഡ്ജിയെ പിരിച്ചയക്കണമെങ്കില്‍ കോടതിയിലുള്ള മറ്റെല്ലാ ജഡ്ജിമാരും അക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം എടുക്കേണ്ടതുണ്ട്. സര്‍. ബി. നരസിംഹറാവു (ഇന്ത്യ), സര്‍ എം. സഫറുള്ളാഖാന്‍ (പാകിസ്താന്‍) തുടങ്ങിയവര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്തരായ ജഡ്ജിമാരാണ്.


ഐക്യരാഷ്ട്രസഭയിലെ എല്ലാ രാഷ്ട്രങ്ങളും കോടതിയുടെ നിയമാവലിക്ക് വിധേയരാണ് ധ93(1)-ാം വകുപ്പ്പ. അംഗമല്ലാത്ത ഒരു രാഷ്ട്രത്തെ തര്‍ക്കവിഷയങ്ങളില്‍ കക്ഷി ചേര്‍ക്കാന്‍ രക്ഷാസമിതിയുടെ ശുപാര്‍ശ അനുസരിച്ച് പൊതുസഭയ്ക്ക് കഴിയും. കോടതിയുടെ തീരുമാനങ്ങള്‍ അനുസരിക്കുവാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്; ഒരംഗരാഷ്ട്രം അനുസരിക്കാതെയിരുന്നാല്‍ എതിര്‍കക്ഷിക്ക് രക്ഷാസമിതിയില്‍ പരാതിപ്പെടാം; രക്ഷാസമിതിയാണ് യുക്തമായ പരിഹാരം ഉണ്ടാക്കുന്നത് (94-ാം വകുപ്പ്). ചില പ്രത്യേക പരിതഃസ്ഥിതികളില്‍ ഏത് അംഗത്തിനും അന്താരാഷ്ട്രക്കോടതിക്ക് പുറമേയുള്ള ഏതെങ്കിലും നീതിപീഠത്തെ അഭയം പ്രാപിക്കുന്നതിനും വ്യവസ്ഥകളുണ്ട്.


കോടതിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും. ഏത് വിവാദപ്രശ്നത്തിലും തീര്‍പ്പ് കല്പിക്കാനും ഉപദേശരൂപേണയുള്ള അഭിപ്രായങ്ങള്‍ (advisory opinion) നല്കാനും കോടതിക്ക് അധികാരമുണ്ട്. തര്‍ക്കപ്രശ്നങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ മാത്രമാണ് കക്ഷികള്‍. രാഷ്ട്രങ്ങളോ വ്യക്തികളോ അല്ലാത്ത അന്താരാഷ്ട്ര സ്ഥാപന(International Entity)ങ്ങള്‍ക്ക് കോടതിയില്‍ കക്ഷിചേരാന്‍ അര്‍ഹതയില്ലെന്നാണ് ഇതിന് അര്‍ഥമെങ്കിലും ഏതു കേസിലും ആവശ്യമായ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊതുസ്വഭാവമുള്ള അന്താരാഷ്ട്രസംഘടനകളോട് കോടതിക്ക് ആവശ്യപ്പെടാം. തങ്ങളുടെ അവകാശവാദങ്ങള്‍ക്കുള്ള നിയമപരമായ അര്‍ഹതയേയും തങ്ങളുടെ താത്പര്യങ്ങളേയും രാഷ്ട്രങ്ങള്‍ പോലും കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിയില്ലെങ്കില്‍ മാനുഷികമായ പരിഗണനകള്‍പോലും നിയമവിധേയമായ കര്‍ത്തവ്യാവകാശങ്ങള്‍ ഉദിപ്പിക്കുന്നില്ല എന്ന് തെ.പ.-ന്‍ ആഫ്രിക്കയുടെ കേസില്‍ (രണ്ടാംഘട്ടം) കോടതി വിധിച്ചത് അങ്ങനെയാണ്. മുന്‍പിലത്തെ സര്‍വരാജ്യസഖ്യത്തിലെ ഒരംഗമെന്നനിലയില്‍ ദക്ഷിണാഫ്രിക്ക കര്‍ത്തവ്യലോപം വരുത്തിയെന്ന് വാദിക്കാന്‍ എത്യോപ്യയ്ക്കും സൈബീരിയയ്ക്കും നിയമപരമായ അവകാശമില്ലാതായത് ഈ അടിസ്ഥാനത്തിലാണ്. ഹര്‍ജിക്കാര്‍ പഴയസഖ്യത്തിലെ അംഗങ്ങളായിരുന്നിരിക്കാമെങ്കിലും സഖ്യത്തിന്റെ ഒരു 'സംരക്ഷിത' (Mandatory) മേഖലയില്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നില്ല. കോടതിനിയമങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരു രാഷ്ട്രത്തിനുപോലും രക്ഷാസമിതി കല്പിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി കക്ഷി ചേരാമെന്ന് 35(2)-ാം വകുപ്പ് അനുശാസിക്കുന്നു. അംഗരാഷ്ട്രങ്ങളുമായി അവര്‍ക്ക് ഒരു കാര്യത്തിലും അസമത്വമുണ്ടായിരിക്കുന്നതല്ല.

ഒരു നിയമപ്രശ്നത്തിന്‍മേല്‍ ഉപദേശപരമായ അഭിപ്രായം തരുന്നതിന് അന്താരാഷ്ട്രകോടതിയോട് അഭ്യര്‍ഥിക്കുവാന്‍ പൊതുസഭയേയും രക്ഷാസമിതിയേയും, പൊതുസഭ അധികാരപ്പെടുത്തിയിട്ടുള്ള അതിന്റെ ഉപസംഘടനകളെയും, ചാര്‍ട്ടറിന്റെ 96-ാം വകുപ്പ് അര്‍ഹമാക്കുന്നു. എന്നാല്‍ ഉപദേശാഭിപ്രായങ്ങള്‍ നല്കാന്‍ കോടതി ബാധ്യസ്ഥമല്ല. ഉപദേശത്തിന്റെ പ്രസക്തിയേ അഭിപ്രായത്തിനുള്ളൂവെന്നതിനാല്‍, അതിനാവശ്യപ്പെട്ട സമിതി അതനുസരിച്ചേ മതിയാവൂ എന്ന് നിര്‍ബന്ധവുമില്ല. ഐക്യരാഷ്ട്രങ്ങളുടെ ചില ആയവ്യയങ്ങളെ ആധാരമാക്കി കോടതിയുടെ ഉപദേശവും അഭിപ്രായവും ആരാഞ്ഞപ്പോള്‍, ആ അഭ്യര്‍ഥനയെക്കുറിച്ച് പരിഗണിക്കുവാന്‍ കോടതി വിസമ്മതിച്ചിട്ടുണ്ട്. നിയമപ്രശ്നങ്ങളില്‍ മാത്രമേ കോടതി അഭിപ്രായം പുറപ്പെടുവിക്കാറുള്ളുവെങ്കിലും, ഒരു പ്രശ്നം രാഷ്ട്രീയ പരിഗണനകളുമായി സങ്കീര്‍ണമായിക്കിടക്കുകയാണെന്ന അടിസ്ഥാനത്തില്‍ അഭിപ്രായം പറയാന്‍ കോടതി വിസമ്മതിക്കരുതെന്നാണ് വഴക്കം. ഐക്യരാഷ്ട്രചാര്‍ട്ടറിന്റെ മിക്ക വ്യാഖ്യാനങ്ങള്‍ക്കും രാഷ്ട്രീയ പ്രസക്തികളുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്; ഒരു സഖ്യവ്യവസ്ഥയുടെ വ്യാഖ്യാനംപോലുള്ള തികച്ചും നിയമപരമായ ഒരു പ്രശ്നത്തിന്‍മേല്‍ കോടതിയുടെ അഭിപ്രായം ആരാഞ്ഞ ഒരു കക്ഷിയോട് അതിന് രാഷ്ട്രീയസ്വഭാവമുണ്ടെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കോടതിക്ക് സാധ്യമല്ല. ഐക്യരാഷ്ട്രസംഘടനയുടെ ഒരു ജിഹ്വയായ കോടതി, ഉപദേശാഭിപ്രായങ്ങള്‍ക്കുള്ള അപേക്ഷയിന്‍മേല്‍ നടത്തുന്ന പരിഗണന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അത് നടത്തുന്ന ഭാഗഭാഗിത്വം വെളിവാക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ചാര്‍ട്ടറിലെ വ്യവസ്ഥകള്‍ക്ക് പ്രാമാണികമായ വ്യാഖ്യാനവും സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിവിധ അംഗസംഘടനകള്‍ക്ക് മാര്‍ഗദര്‍ശനവും നല്കുക എന്നതാണ് കോടതിയുടെ ഉപദേശപരമായ അഭിപ്രായപ്രകടനങ്ങളുടെ മുഖ്യലക്ഷ്യങ്ങള്‍. കോടതിയില്‍ വരുന്ന വിവാദപ്രശ്നങ്ങളില്‍മേല്‍ രാഷ്ട്രങ്ങള്‍ക്കു മാത്രമേ കക്ഷികളാകാന്‍ അനുവാദമുള്ളുവെങ്കിലും ഉപദേശപരമായ അഭിപ്രായങ്ങളെ സംബന്ധിച്ചിടത്തോളം അവ തരണമെന്ന് നിര്‍ബന്ധിക്കുവാന്‍ ഒരു രാഷ്ട്രത്തിനും സാധ്യമല്ല.

തര്‍ക്കപ്രശ്നങ്ങളില്‍ അധികാരപരിധി. അംഗരാഷ്ട്രങ്ങള്‍ ഫയല്‍ ചെയ്യുന്നതും ഐക്യരാഷ്ട്രചാര്‍ട്ടറിനോ നിലവിലുള്ള ഏതെങ്കിലും ഉടമ്പടിക്കോ വിധേയമായതും ആയ എല്ലാ കേസുകളും കേള്‍ക്കാനും വിധികല്പിക്കാനും അന്താരാഷ്ട്രകോടതിക്ക് അധികാരമുണ്ട് (കോടതി നിയമാവലിയുടെ 36[1]-ാം വകുപ്പ്). ഒരു താത്കാലിക യോജിപ്പിന്റെ (adhoc agreement) അടിസ്ഥാനത്തിലുള്ള അധികാര പരിധിനിര്‍ണയത്തില്‍, മറ്റു കാര്യങ്ങളില്‍ പതിവുള്ളതുപോലെ, വേണമെങ്കില്‍ കോടതിക്ക് ഒരു ഒത്തുതീര്‍പ്പ് കൈവരുത്താവുന്നതാണ്. എന്നാല്‍ കോര്‍ഫു ചാനല്‍ കേസി(Corfu Channel Case)ന്റെ പ്രാരംഭവാദത്തില്‍ അല്‍ബേനിയന്‍ വിദേശകാര്യോപമന്ത്രി കോടതിയിലെ രജിസ്ട്രാര്‍ക്കെഴുതിയ ഒരു കത്ത് അല്‍ബേനിയയുടെ സമ്മതപ്രകടനമായി കോടതി സ്വീകരിക്കുകയുണ്ടായി. കോടതിയുടെ അധികാരം പ്രയോഗിക്കുന്നതിന് ഇരുകക്ഷികളുടേയും മുന്‍കൂട്ടിയുള്ള സമ്മതം ആവശ്യമാണെന്ന് ഐക്യരാഷ്ട്രചാര്‍ട്ടറിലോ കോടതിനിയമാവലിയിലോ ഒരിടത്തും പറയുന്നില്ല. ഏതെങ്കിലും കക്ഷി ആക്ഷേപം പുറപ്പെടുവിക്കുകയാണെങ്കില്‍ ജഡ്ജിമാര്‍ തന്നെയാണ് അധികാരപരിധിയെ സംബന്ധിക്കുന്ന പ്രശ്നം തീരുമാനിക്കേണ്ടത് (36[6]-ാം വകുപ്പ്). ഐക്യരാഷ്ട്രസംഘടനയിലെ ചില ഉപസമിതികള്‍ക്ക്, അവയുടെ ഭരണഘടനാ വ്യവസ്ഥയ്ക്ക് വിധേയമായി അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കാം; അതനുസരിച്ചുണ്ടാകുന്ന കരാറിന്‍മേലാണ് ഈ അവസരങ്ങളില്‍ കോടതിയുടെ അധികാരപരിധി നിര്‍ണയിക്കപ്പെടുക. എല്ലാ നിയമപ്രശ്നങ്ങളിലും തര്‍ക്കങ്ങളിലും കോടതിയുടെ അധികാരപരിധി തങ്ങള്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് 'ഐച്ഛികം' ആയ അവകാശം കൊടുക്കുന്നതാണ് (36[2]-ാം വകുപ്പ്). ഒരു സഖ്യത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തെയോ, ഏതെങ്കിലും അന്താരാഷ്ട്രനിയമപ്രശ്നത്തെയോ, അന്താരാഷ്ട്രബാധ്യതകളുടെ ലംഘനത്തിന് ഇടയാക്കിയേക്കാവുന്ന ഏതെങ്കിലും പ്രവൃത്തിയെയോ അതിന്റെ ഫലമായി ഉണ്ടാകാന്‍ ഇടയുള്ള ഏതെങ്കിലും നഷ്ടപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും സ്വഭാവത്തെയോ സംബന്ധിക്കുന്നതാകാം ഈ 'ഐച്ഛിക' പ്രയോഗം. സ്വമേധയാ കോടതിയുടെ അധികാരപരിധി ഒരിക്കല്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അത് അനുസരിക്കണമെന്ന കാര്യം നിര്‍ബന്ധിതമാണ്. ഈ ഐച്ഛികാവകാശം ഉഭയാപേക്ഷിതമായി അംഗീകരിക്കപ്പെടുന്നതിന് ഇരുരാഷ്ട്രങ്ങളുടേയും പരസ്പര ബാധ്യത സാധുവായിരിക്കണമെന്നുണ്ട്. ഒരു നിശ്ചിത കാലത്തേക്കുള്ള ഈ ഐച്ഛികാവകാശപ്രഖ്യാപനം ആ ഘട്ടം അവസാനിക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി പിന്‍വലിക്കുക സാധ്യമല്ല; രാഷ്ട്രങ്ങള്‍ എന്തെങ്കിലും മുന്‍വ്യവസ്ഥകള്‍ വയ്ക്കുന്നതുകൊണ്ട് കോടതിയുടെ അധികാരപരിധിക്ക് ഊനം തട്ടുകയുമില്ല. ഇങ്ങനെ മുന്‍വ്യവസ്ഥകള്‍ വയ്ക്കുന്നത് ഐക്യരാഷ്ട്രചാര്‍ട്ടറിലെ 2[7]-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള 'ആഭ്യന്തരാധികാരപരിധി'(Domestic Jurisdiction)യുടെ അടിസ്ഥാനത്തിലാണ്. ദേശീയസുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ട് ബ്രിട്ടന്‍ 1955-ലും 1957-ലും ഇങ്ങനെ ചില മുന്നുപാധികള്‍ വയ്ക്കുകയുണ്ടായി. കോടതിനിയമാവലിയിലെ 36[6]-ാം വകുപ്പനുസരിച്ചുള്ള അധികാരപരിധി വ്യവസ്ഥകളെ പരാജയപ്പെടുത്താന്‍ ഇവ ഇടയാക്കും.

കോടതിയുടെ നിയമവ്യവസ്ഥകള്‍. കോടതിനിയമാവലി(Statute of the Court)യിലെ 38-ാം വകുപ്പില്‍ അന്താരാഷ്ട്രകോടതി കൈകാര്യം ചെയ്യേണ്ട നിയമവ്യവസ്ഥകളെപ്പറ്റി പ്രതിപാദിക്കുന്നു. അന്താരാഷ്ട്രനിയമം അനുസരിച്ച് സമര്‍പ്പിക്കപ്പെടുന്ന തര്‍ക്കപ്രശ്നങ്ങളില്‍മേലാണ് അതിനു വിധി പ്രസ്ഥാവിക്കേണ്ടത്. തര്‍ക്കകക്ഷികള്‍ വ്യക്തമായും അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്രകീഴ്വഴക്കങ്ങളനുസരിച്ച ചട്ടങ്ങള്‍, പൊതുവായി അനുവര്‍ത്തിക്കപ്പെട്ടുപോരുന്ന സാര്‍വലൌകികാചാരരീതികള്‍, പരിഷ്കൃതരാജ്യങ്ങളില്‍ നിലവിലിരിക്കുന്ന നിയമശാസ്ത്രസിദ്ധാന്തങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി തര്‍ക്കങ്ങള്‍ കേട്ട് തീരുമാനം പ്രസ്താവിക്കുക. സുസ്ഥാപിതമായ കോടതിവിധികളും നിയമശാസ്ത്രപണ്ഡിതന്മാരുടെ സുചിന്തിതമായ അഭിപ്രായപ്രകടനങ്ങളും അന്താരാഷ്ട്രകോടതി കണക്കിലെടുക്കാറുണ്ട്. തര്‍ക്കകക്ഷികളേയും തര്‍ക്കപ്രശ്നങ്ങളേയും സംബന്ധിച്ചല്ലാതെ കോടതിവിധികള്‍ മറ്റൊന്നിനേയും ബാധിക്കുകയില്ലെന്നുള്ള 59-ാം വകുപ്പ് ഇവിടെ സ്മരിക്കേണ്ടതുണ്ട്. കീഴ്വഴക്കങ്ങള്‍, ആചാരങ്ങള്‍, നിയമശാസ്ത്രസിദ്ധാന്തങ്ങള്‍, കോടതിവിധികള്‍, നിയമശാസ്ത്രചിന്തകന്മാരുടെ കൃതികള്‍ എന്നിവയാണ് അന്താരാഷ്ട്രനീതിശാസ്ത്രത്തിന്റെ അടിസ്ഥാനശിലകള്‍. ഒരു കേസിന്, അതിന്റെ 'ശരിയും നന്മയും അനുസരിച്ച്' (ex aequo et bono) തീര്‍പ്പു കല്പിക്കാനുള്ള കോടതിയുടെ അധികാരത്തെ ഈ അടിസ്ഥാന സിദ്ധാന്തങ്ങളുടെ പ്രയോഗം ദൂഷിതമാക്കരുതെന്ന് 38(2)-ാം വകുപ്പ് പ്രത്യേകം അനുശാസിക്കുന്നു. 'നോര്‍ത്ത് സീ കോണ്‍ടിനന്റല്‍ ഷെല്‍ഫ് കേസു'(North Sea Continental Shelf Case)കളില്‍ ഈ സിദ്ധാന്തം കോടതി പ്രയോഗിക്കുകയും ആ കടലിന്റെ വന്‍കരത്തിട്ടുകള്‍ ചുറ്റും കിടക്കുന്ന രാജ്യങ്ങള്‍ ന്യായമായി വിഭജിച്ചെടുക്കണമെന്ന് തീരുമാനിക്കുകയുമുണ്ടായി. (ഇതിനെതിരായി ചില വിമര്‍ശനങ്ങളുണ്ടാകാതെയിരുന്നിട്ടില്ല.)


ഇതില്‍നിന്നെല്ലാം, അന്താരാഷ്ട്രനീതിന്യായക്കോടതിക്ക് പല പരിമിതികളുമുണ്ടെന്ന് തെളിയുന്നു. എന്നാല്‍, മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള വര്‍ധമാനമായ ആദരവും അവയുടെ അംഗീകരണവും സ്വകീയാവകാശങ്ങള്‍ അല്പാല്പം വിട്ടുകൊടുക്കാനുള്ള രാഷ്ട്രങ്ങളുടെ സന്നദ്ധതാപ്രകടനവും സാര്‍വലൌകികാധികാരപരിധിയുള്ള ഒരു ലോകകോടതി ഒരസാധ്യസങ്കല്പമല്ലെന്ന ആശയ്ക്ക് വക തരുന്നു. അതുതന്നെ ഒരു വലിയ നേട്ടമാണ്; 20-ാം ശ.-നുമുമ്പ് ഇത്തരം ഒരു ആശയംപോലും ജനിച്ചിരുന്നില്ല. നോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍