This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര തൊഴില്‍ സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര തൊഴില്‍ സംഘടന

International Labour Organiszation

ഒന്നാം ലോകയുദ്ധത്തിനു പൂര്‍ണവിരാമമിട്ട 1919-ലെ സന്ധിപ്രമാണത്തിന്റെ ഫലമായി രൂപംകൊണ്ട ഒരു അന്താരാഷ്ട്ര സ്ഥാപനം. 'ലീഗ് ഒഫ് നേഷന്‍സി'ന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സംഘടന 1946-ല്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധമണ്ഡലമായിത്തീര്‍ന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക-സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അന്താരാഷ്ട്രസംഘടനകളില്‍ ത്രികക്ഷി പ്രാതിനിധ്യമുള്ള ഏകസ്ഥാപനമാണ് അന്താരാഷ്ട്രതൊഴില്‍സംഘടന. ഓരോ അംഗരാഷ്ട്രത്തിന്റെയും ഗവണ്‍മെന്റുകള്‍ക്കു മാത്രമല്ല. അവിടങ്ങളിലെ സംഘടിത തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഈ സംഘടനയില്‍ പ്രാതിനിധ്യമുണ്ട്. ഗവണ്‍മെന്റ്, മുതലുടമ, തൊഴിലാളി എന്നിവരുടെ പ്രാതിനിധ്യം 2:1:1 എന്ന അനുപാതത്തിലാണ്. എല്ലാ അംഗങ്ങള്‍ക്കും തുല്യവോട്ടവകാശമുണ്ട്. ഈ സംഘടനയുടെ ആസ്ഥാനം ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്) ആണ്. 1969-ല്‍ സംഘടനയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.


ലക്ഷ്യങ്ങള്‍. സാമ്പത്തികസമത്വത്തിലും സാമൂഹികനീതിയിലും കൂടി മാത്രമേ ലോകമെങ്ങും സ്ഥായിയായ സമാധാനം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് സംഘടനയുടെ മൌലികതത്ത്വം. 1919-ല്‍ സംഘടനയുടെ ഭരണഘടന ഉണ്ടാക്കിയപ്പോഴും 1944-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന തൊഴില്‍സമ്മേളനത്തിലും ഈ വസ്തുത ഊന്നിപ്പറഞ്ഞിരുന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താതിരിക്കുന്നതും അവര്‍ക്കു ദോഷം ഉണ്ടാകുന്ന രീതിയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ലോകസമാധാനത്തിന് അപകടമാണെന്നതുകൊണ്ട് ഈ ദുഃസ്ഥിതി അവസാനിപ്പിക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ പ്രധാനോദ്ദേശ്യങ്ങള്‍ 1944-ല്‍ പ്രസ്താവിച്ചപ്പോഴും മൌലികതത്ത്വങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. 'എവിടെയെങ്കിലും ദാരിദ്യ്രമുണ്ടെങ്കില്‍ അത് എല്ലായിടത്തും ഐശ്വര്യത്തിന് വിഘാതമായിരിക്കും' എന്നത് സംഘടനയുടെ ആദര്‍ശസൂക്തമാണ്. ജനങ്ങള്‍ക്ക് സ്വാതന്ത്യ്രവും സാമ്പത്തികസുരക്ഷിതത്വവും അവസരസമത്വവും പ്രദാനം ചെയ്യുന്നതോടൊപ്പം അവര്‍ക്ക് ഭൌതികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാന്‍ കഴിയണമെന്നും ഈ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുകയാണ് സംഘടനയുടെ ദേശീയവും അന്താരാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും ഇതിന്റെ വെളിച്ചത്തില്‍ എല്ലാ അന്താരാഷ്ട്ര സാമ്പത്തികബന്ധങ്ങളും പരിശോധിക്കുന്നതിനുള്ള ചുമതല അന്താരാഷ്ട്രതൊഴില്‍ സംഘടനയ്ക്കുള്ളതാണെന്നും സംഘടനയുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


മൌലികോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ സംബന്ധമായ എല്ലാ പരിപാടികളും നിര്‍വഹിക്കുകയും അവയുടെ അഭിവൃദ്ധിക്കുവേണ്ടി സംഘടന സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തൊഴില്‍സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുക; തൊഴിലാളികള്‍ക്ക് സാങ്കേതികപരിശീലനം നല്കുക; ജോലിസമയം, വേതനം എന്നിവയെ സംബന്ധിച്ച നയങ്ങള്‍ രൂപവത്കരിക്കുക; സൌഹാര്‍ദപരമായ മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക; തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഏര്‍പ്പെടുത്തുക; ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ഇവ കൂടാതെ അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ ഏര്‍പ്പെടുത്തുന്നതിന് അംഗരാഷ്ട്രങ്ങളോടു ശുപാര്‍ശ ചെയ്യുക, അംഗരാജ്യങ്ങള്‍ അന്യോന്യം സാങ്കേതിക സഹായങ്ങള്‍ നല്കുക, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുക എന്നിവയും സംഘടനയുടെ പ്രവര്‍ത്തനങ്ങളാണ്.


സംഘടനയുടെ ആവിര്‍ഭാവം. സാര്‍വത്രികമായ വ്യവസായവത്കരണവും അന്താരാഷ്ട്ര-സാമ്പത്തിക മത്സരങ്ങളും ഉള്‍ക്കൊണ്ട സമാധാനഭഞ്ജകങ്ങളായ വിപത്തുകളെയും തൊഴിലാളികളുടെ ദുരിതങ്ങളെയും അവ ഇല്ലാതാക്കാന്‍ ഭരണകൂടങ്ങള്‍ തമ്മില്‍ സാമ്പത്തികക്കരാറുകള്‍ ഉണ്ടാക്കുന്നതിന്റെയും അഭിലഷണീയത 19-ാം ശ.-ത്തില്‍തന്നെ പല സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കും ബോധ്യപ്പെട്ടുതുടങ്ങിയിരുന്നു. അതിന്റെ ഫലമായി സ്വിറ്റ്സര്‍ലന്‍ഡിലെ ബേസില്‍ നഗരം ആസ്ഥാനമാക്കി തൊഴില്‍ നിയമനിര്‍മാണത്തിന് 1900-ല്‍ 'ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ലേബര്‍ ലജിസ്ളേഷന്‍' (International Association for labour Legislation) എന്ന ഒരു അന്താരാഷ്ട്രസംഘം സ്വകാര്യമേഖലയില്‍ ഉദയം ചെയ്തു. അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ മുന്‍ഗാമികളില്‍ ഒന്നായിരുന്നു ഈ സ്ഥാപനം.


ഒന്നാംലോകയുദ്ധകാലത്ത് വ്യവസായശാലകളില്‍ തീവ്രയത്നം നടത്താനും പടക്കളങ്ങളില്‍ ജീവത്യാഗം ചെയ്യാനും പ്രേരിതരായ തൊഴിലാളികള്‍ സമാധാന-സന്ധിയാലോചനക്കാലത്ത് തങ്ങളുടെ നേതാക്കള്‍ മുഖേന അതില്‍ പ്രാതിനിധ്യം വേണമെന്ന് വാദിച്ചു. 1919-ല്‍ ആദ്യം ബേണ്‍ നഗരത്തില്‍ ചേര്‍ന്ന ഒരു അന്താരാഷ്ട്ര തൊഴിലാളി സമ്മേളനം തൊഴിലാളികള്‍ക്ക് പകുതി അംഗസംഖ്യയുള്ളതും നിയമ നിര്‍മാണാധികാരം ഉള്ളതുമായ ഒരു അന്താരാഷ്ട്രതൊഴില്‍ പാര്‍ലമെന്റ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ ഫലമായി 'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബറി'ന്റെ പ്രസിഡന്റായ സാമുവല്‍ ഗോംപേഴ്സിന്റെ അധ്യക്ഷതയില്‍ ഒരു കമ്മീഷന്‍ രൂപവത്കൃതമായി. നിയമനിര്‍മാണാധികാരമുളള ഒരു മഹാസമിതിയുടെ രൂപവത്കരണം അപ്രായോഗികമെന്ന് ബോധ്യമായതിനാല്‍ ത്രികക്ഷി പ്രാതിനിധ്യമുള്ളതും അംഗരാഷ്ട്രങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുവാന്‍ അധികാരമുള്ളതുമായ ഒരു സംഘടന വിഭാവന ചെയ്യപ്പെട്ടു. ഇവ അംഗീകരിച്ച് വാഴ്സായി സമാധാന ഉടമ്പടിയുടെ ഭാഗമാക്കിയാണ് അന്താരാഷ്ട്രതൊഴില്‍സംഘടന രൂപംകൊണ്ടത്. അന്താരാഷ്ട്രക്കരാറുകള്‍, ശുപാര്‍ശകള്‍, സാങ്കേതികസഹായം, ഗവേഷണം, പ്രചാരണം എന്നീ രംഗങ്ങളില്‍ സംഘടന ശ്രദ്ധിക്കുവാന്‍ തുടങ്ങി. ജനാധിപത്യ ഗവണ്‍മെന്റുകളില്‍ നിന്നാണ് ഈ സ്ഥാപനം അതിന്റെ നിയാമകശക്തിയും, മറ്റു വിഭവങ്ങളും സംഭരിക്കുന്നത്.


അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ പ്രഥമസമ്മേളനം 1919 ഒ.-ല്‍ വാഷിങ്ടണില്‍ ചേര്‍ന്നു. ആല്‍ബര്‍ട് തോമസ് സംഘടനയുടെ ആദ്യ ഡയറക്ടര്‍ ജനറലായി. തോമസിന്റെ നേതൃത്വത്തില്‍, സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വിഭാവന ചെയ്യുകയും സംഘടന കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ലീഗ് ഒഫ് നേഷന്‍സ് ഈ സംഘടനയുടെ പ്രാതിനിധ്യം അംഗീകരിച്ചു. 1932-ല്‍ ഹാരോള്‍ഡ് ബട്ലര്‍ ഡയറക്ടര്‍ ജനറലായി. വൈനന്റും, ഡേവിഡ് മോര്‍സും, എഡ്വേര്‍ഡ് ഫിലനേയും പിന്നീട് ഡയറക്ടര്‍ ജനറല്‍മാരായി. 1940-ല്‍ സംഘടനയുടെ ആസ്ഥാനം ജനീവയില്‍ നിന്ന് മോണ്‍ട്രിയലിലേക്കുമാറ്റി. യുദ്ധാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കുന്നതിന് 1944-ഫിലാഡല്‍ഫിയയില്‍ ഒരു അന്താരാഷ്ട്രസമ്മേളനം വിളിച്ചുകൂട്ടി. 1946-ല്‍ അന്താരാഷ്ട്രതൊഴില്‍സംഘടന ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായിത്തീര്‍ന്നു. 1946 വരെ തൊഴില്‍പരമായ നിരീക്ഷണങ്ങളിലും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മാണങ്ങളിലും കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. 1946-നുശേഷം അല്പവികസിതരാഷ്ട്രങ്ങള്‍ക്കു സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി.


ഭരണസംവിധാനം. സംഘടനയ്ക്ക് അന്താരാഷ്ട്ര തൊഴില്‍ കോണ്‍ഫറന്‍സ്, ഭരണസമിതി, അന്താരാഷ്ട്ര തൊഴില്‍കാര്യാലയം എന്നിങ്ങനെ മൂന്ന് പ്രധാന ഭരണഘടകങ്ങള്‍ ഉണ്ട്. അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സാണ് സംഘടനയുടെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഘടനയുടെ ബഡ്ജറ്റ് ചര്‍ച്ച, ഡയറക്ടര്‍ ജനറലിന്റെ നിയമനം, തൊഴില്‍കാര്യാലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഭരണസമിതിയുടെ അധികാരത്തില്‍പ്പെടുന്നു. കോണ്‍ഫറന്‍സില്‍ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും തുല്യമായ അധികാരങ്ങളുണ്ട്. ഓരോ പ്രതിനിധിക്കും ഓരോ വോട്ട് രേഖപ്പെടുത്താം. ഭരണസമിതിയുടെ അംഗങ്ങളില്‍ വ്യവസായപ്രാധാന്യമുള്ള 10 അംഗരാഷ്ട്രങ്ങളില്‍നിന്നുള്ള 10 പ്രതിനിധികള്‍ ഉള്‍പ്പെടുന്നു.


അംഗത്വം. ഏതു രാജ്യത്തിനും സംഘടനയുടെ അംഗമാകാവുന്നതാണ്. 1919-ല്‍ ജര്‍മനിയും 1934-ല്‍ അമേരിക്കയും റഷ്യയും സംഘടനയില്‍ അംഗങ്ങളായി. 1939-ല്‍ റഷ്യ സംഘടനയില്‍നിന്ന് പിന്‍മാറിയെങ്കിലും 1954-ല്‍ വീണ്ടും ചേരുകയുണ്ടായി. 1977-80 കാലത്ത് യു.എസ്. സംഘടനയില്‍ നിന്ന് വിട്ടുനിന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പടിഞ്ഞാറന്‍ ജര്‍മനി അംഗത്വം സ്വീകരിച്ചു. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങള്‍ക്ക് സംഘടനയുടെ ഭരണഘടനയും വ്യവസ്ഥകളും ഒപ്പുവച്ച് സംഘടനയില്‍ അംഗങ്ങളാകാം. 2006-ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ 179 അംഗങ്ങളുണ്ട്. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങളുടെ പ്രവേശനം ഗവണ്‍മെന്റ് പ്രതിനിധികളില്‍ മൂന്നില്‍ രണ്ടു ഭാഗംകൂടി ഉള്‍ക്കൊള്ളുന്ന സമ്മേളനപ്രതിനിധികളുടെ മൂന്നില്‍ രണ്ടുഭാഗത്തിന്റെ വോട്ടുകൊണ്ടു മാത്രമേ സാധ്യമാകൂ.


കണ്‍വെന്‍ഷനുകളും ശുപാര്‍ശകളും. അന്താരാഷ്ട്രസാമൂഹിക-സാമ്പത്തികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയുമാണ് സംഘടനയുടെ ജോലി. കണ്‍വെന്‍ഷനും ശുപാര്‍ശയും ഇതിനുള്ള രണ്ടുമാര്‍ഗങ്ങളാണ്. കണ്‍വെന്‍ഷന്റെയും ശുപാര്‍ശയുടെയും കരട് തൊഴില്‍കാര്യാലയമാണ് തയ്യാറാക്കുന്നത്. ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കുന്ന കരടുകള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ പരിശോധനയ്ക്കയയ്ക്കുന്നു. കോണ്‍ഫറന്‍സില്‍ മൂന്നിലൊന്നു ഭൂരിപക്ഷത്തോടെ ഇതംഗീകരിക്കപ്പെടുന്നു. അംഗരാഷ്ട്രങ്ങള്‍ക്ക് നിയമമാക്കാന്‍ പാകത്തിലുള്ള മാതൃകാനിയമാവലിയാണ് കണ്‍വെന്‍ഷന്‍. ശുപാര്‍ശകള്‍ക്ക് കണ്‍വെന്‍ഷനെക്കാള്‍ കുറഞ്ഞ നിയമസാധ്യതയേയുള്ളൂ.


സാങ്കേതികസഹായം. തൊഴില്‍നിയമനിര്‍മാണത്തിലും അവ നടപ്പിലാക്കുന്നതിലുമായിരുന്നു സംഘടന ആദ്യകാലങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1949-നുശേഷം സംഘടന അതിന്റെ സാങ്കേതിക സഹായപരിപാടികള്‍ വിപുലീകരിച്ചു. തൊഴില്‍സാധ്യതകള്‍ ആരായുന്നതിനും ഉന്നതപരിശീലനത്തിനും കൃഷി, വ്യവസായം, ചെറുകിട തൊഴിലുകള്‍ എന്നിവയുടെ വികസനത്തിനും വേണ്ട സഹായങ്ങള്‍ നല്കിവരുന്നുണ്ട്.


തൊഴിലാളി യൂണിയനുകളുണ്ടാക്കുന്നതിനുള്ള അവകാശം നേടുന്നതിനായി 1948-ല്‍ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടത്തി. തൊഴില്‍ സംഘടനകള്‍ രൂപവത്കരിക്കുന്നതിലും സംഘടിതമായ വിലപേശലിനുംവേണ്ടി 1949-ലും കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി. പരാതികളെപ്പറ്റി അന്വേഷിക്കുന്നതിന് ഭരണസമിതി 1951-ല്‍ ഒരു സമിതിയെ നിയോഗിച്ചു. നിര്‍ബന്ധമായി തൊഴിലെടുപ്പിക്കുന്നതിനെക്കുറിച്ചന്വേഷിക്കുന്നതിന് 1951-ല്‍ നിയമിച്ച ഒരു അഡ്ഹോക്ക് സമിതി 24 രാജ്യങ്ങളിലായി 100 അന്വേഷണങ്ങള്‍ നടത്തി. അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ 1968 ഒ. 23 മുതല്‍ ന. 15 വരെ ജംഷഡ്പൂരില്‍ സാങ്കേതിക വിദഗ്ധ പരിശീലനത്തെപ്പറ്റി ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. 14 ഏഷ്യന്‍ രാജ്യങ്ങളിലെ വിദഗ്ധന്‍മാര്‍ ചേര്‍ന്ന് 'ഏഷ്യന്‍ അസോസിയേഷന്‍ ഒഫ് പേര്‍സണേല്‍ മാനേജ്മെന്റ്' രൂപവത്കരിച്ചു. എല്ലാ രാജ്യങ്ങളും 1969 ജൂല. 15-ന് ഈ അസോസിയേഷന്റെ അംഗത്വം സ്വീകരിച്ചു. ആഗോളവത്കരണത്തിന്റെ വരവും ലോകവാണിജ്യ സംഘടനയുടെ രൂപീകരണവും ഈ സംഘടനയുടെ പ്രസക്തിയെയും പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കാരണം ഐ.എല്‍.ഒയുടെ തീരുമാനങ്ങള്‍ ലോകവാണിജ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഉടലെടുക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ തീര്‍പ്പിന് വിധേയമാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ റിവ്യു (International Labour Review), ബുള്ളറ്റിന്‍ ഒഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് (Bulletin of Labour Statistics ), ട്രെയിനിങ് ഫോര്‍ പ്രോഗ്രസ് (Training for progress) എന്നിവ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്. നോ: തൊഴില്‍ബന്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍