This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വാഹിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍വാഹിനി

Submarine

ജലപ്പരപ്പിലും ജലാന്തര്‍ഭാഗത്തും ഒന്നുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു യാനപാത്രം. ഇതിന് മുങ്ങിക്കപ്പല്‍ എന്നും പേരുണ്ട്. പ്രധാനമായും യുദ്ധാവശ്യത്തിനുപയോഗിക്കുന്നു. സമുദ്രഗവേഷണത്തിനും മറ്റും പ്രത്യേകം നിര്‍മിച്ചിട്ടുള്ള അന്തര്‍വാഹിനികള്‍ ഉപയോഗിച്ചുവരുന്നു.

ചരിത്രം. അന്തര്‍വാഹിനിയുടെ കണ്ടുപിടിത്തത്തിനടിസ്ഥാനമായത് ബി.സി. 3-ാം ശ.-ത്തില്‍ ആര്‍ക്കിമിഡിസ് പ്രഖ്യാപിച്ച പ്ളവന തത്ത്വമാണ്. അതായത്, ഏതെങ്കിലും ഒരു പ്ളവം ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ അതിന്റെ ഭാരത്തോളം ദ്രവത്തെ അത് ആദേശം ചെയ്യുന്നു. ഈ പ്ളവത്തിന്റെ രൂപത്തിന് വ്യത്യാസം വരുത്താതെ ഭാരം വര്‍ധിപ്പിക്കുകയാണെങ്കില്‍ ക്രമേണ അത് ദ്രവത്തില്‍ മുങ്ങുന്നതാണ്. പഴയതുപോലെ ഭാരം കുറയ്ക്കുകയാണെങ്കില്‍ വീണ്ടും അത് ദ്രാവകത്തിനു മുകളില്‍ പൊങ്ങിവരും. ഈ തത്ത്വമാണ് അന്തര്‍വാഹിനിയുടെ നിര്‍മാണത്തിനാധാരം. ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ വില്യം ബേണ്‍ (William Bourne) ആണ് അന്തര്‍വാഹിനിയെപ്പോലുള്ള ഒരു ഉപകരണത്തെക്കുറിച്ച് ആദ്യമായി (1578) പ്രതിപാദിച്ചത്. മാഗ്നസ് പേജിലിയസ് (Magnes Pegilius) അതു നിര്‍മിച്ചുവെങ്കിലും ആദ്യത്തെ അന്തര്‍വാഹിനി നിര്‍മാതാവ് എന്ന മേന്മ ലഭിച്ചത് കോര്‍ണിലിസ് ജേക്കബ്സൂണ്‍ (വാന്‍) ഡ്രെബ്ബെല്‍ (Cornelis Jacobszoon (van)Drebbel) എന്ന ഡച്ചുകാരനാണ്.

18-ാം ശ.-ത്തിന്റെ ആരംഭത്തില്‍ അനേകതരത്തിലുള്ള അന്തര്‍വാഹിനികള്‍ ഉണ്ടായിരുന്നെങ്കിലും മുങ്ങുന്നതിനും പൊങ്ങുന്നതിനും ആവശ്യമായ ബല്ലാസ്റ്റ് ടാങ്കി (Ballast tank)ന് രൂപംകൊടുത്തത് 1747-ാമാണ്ടോടുകൂടിയാണ്. ഇക്കാലഘട്ടത്തില്‍ ഡേവിഡ് ബുഷ്നല്‍ (David Bushnell) എന്ന അമേരിക്കക്കാരന്‍ ഒരു അന്തര്‍വാഹിനി നിര്‍മിച്ചു. ഇതില്‍ നോദന (propulsion)ത്തിനായി ഒരു സ്ക്രൂപ്രൊപ്പല്ലര്‍ (screw propeller) ആണ് ഉപയോഗിച്ചിരുന്നത്. ജലപ്പരപ്പിലായിരിക്കുമ്പോള്‍ നോദനത്തിനായി കപ്പല്‍പായ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു അന്തര്‍വാഹിനി റോബര്‍ട്ട് ഫുള്‍ട്ടന്‍ (Robert Fulton) പില്ക്കാലത്ത് നിര്‍മിച്ചു. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ അന്തര്‍വാഹിനി നിര്‍മാണം തുടരാന്‍ ഫുള്‍ട്ടന് കഴിഞ്ഞില്ല.

അന്തര്‍വാഹിനി നിര്‍മാണത്തിനു നേരിട്ട ഒരു പ്രധാന തടസ്സം അനുയോജ്യമായ ഒരു ഊര്‍ജോത്പാദന കേന്ദ്രത്തിന്റെ (power plant) അഭാവമായിരുന്നു. 1880-ല്‍ ജോര്‍ജ് വില്യം ഗാരെറ്റ് (George William Garrett) ആവിയന്ത്രം ഉപയോഗിച്ചുള്ള ഒരു അന്തര്‍വാഹിനി നിര്‍മിച്ചു. അതില്‍ ഇന്ധനമായി കല്ക്കരിയാണുപയോഗിച്ചിരുന്നത്. കൂടാതെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതരത്തിലുള്ള ഒരു പുകക്കുഴലും അതിനുണ്ടായിരുന്നു. ഇതേ കാലഘട്ടത്തില്‍ സ്വീഡന്‍കാരനായ തോസ്റ്റര്‍ നോര്‍ദോഫില്‍റ്റ് (Thorster Nrodoufilt) ആവിയന്ത്രങ്ങള്‍ ഘടിപ്പിച്ച രണ്ടു പ്രൊപ്പല്ലറുകള്‍ ഉള്ള ഒരു അന്തര്‍വാഹിനി നിര്‍മിക്കുകയുണ്ടായി. 16 മീറ്റര്‍ വരെ മുങ്ങുന്നതിന് കഴിഞ്ഞിരുന്ന ഇതില്‍ ടോര്‍പിഡൊ ട്യൂബുകളും ഘടിപ്പിച്ചിരുന്നു.

സംചായക ബാറ്ററി (storage battery) യുടെ ഉപയോഗം നിലവില്‍ വന്നശേഷം 1886-ല്‍ ഇതുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 50 കുതിരശക്തിയുള്ള മോട്ടോര്‍ ഘടിപ്പിച്ച ഒരു അന്തര്‍വാഹിനി ഹോള്‍സിലിയും ലിയോണ്‍സും (Wholsely and Lyons) ചേര്‍ന്ന് നിര്‍മിക്കുകയുണ്ടായി. സംചായക ബാറ്ററിയുടെ വൈദ്യുത സംഭരണശേഷിക്കുള്ള പരിമിതി ഇതിന്റെ ഒരു ന്യൂനതയായിരുന്നു. ഇതിനുമുന്‍പ് (1875) ന്യൂജെര്‍സിക്കാരനായ ഹോളണ്ട് (J.P.Holland-U.S.A) ബല്ലാസ്റ്റ് ടാങ്കും ഹൈഡ്രോപ്ളെയിനു (Hydro plane)കളും ഉള്ള ഒരു അന്തര്‍വാഹിനി നിര്‍മിക്കുകയുണ്ടായി. ഇതാണ് പില്ക്കാല അന്തര്‍വാഹിനികള്‍ക്കെല്ലാം മാതൃകയായിത്തീര്‍ന്നത്.

സൈമണ്‍ ലേക്ക് (Simon Lake) 1894-ല്‍ നിര്‍മിച്ച അന്തര്‍വാഹിനി ഒരു വലിയ നേട്ടമായിരുന്നു. ചുരുട്ടിന്റെ ആകൃതിയോടുകൂടിയ ഇതില്‍ പെട്രോള്‍ യന്ത്രമാണ് നോദനോപാധിയായി സ്വീകരിച്ചിരുന്നത്.

ഒന്നാം ലോകയുദ്ധത്തിനു മുമ്പുതന്നെ ക്രമമായി അന്തര്‍വാഹിനിയുടെ നിര്‍മിതിയിലെ മൌലിക തത്ത്വങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. ആന്തരദഹന യന്ത്രങ്ങളുടെ ആവിര്‍ഭാവവും പെരിസ്കോപ്പിന്റെ കണ്ടുപിടിത്തവും ആക്രമണോപകരണമായ ടോര്‍പിഡൊയുടെ നിര്‍മാണവും എല്ലാം കൂടിയായപ്പോള്‍ അന്തര്‍വാഹിനിയുടെ പ്രാഥമിക സജ്ജീകരണങ്ങളായി. ഇത്തരത്തില്‍ സജ്ജീകരിച്ച അന്തര്‍വാഹിനിക്ക് നാവിക സേനയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്.

നിര്‍മാണം. വിവിധ രാജ്യങ്ങളിലുണ്ടാക്കിയിട്ടുള്ള അന്തര്‍വാഹിനികള്‍ക്ക് വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അവയുടെ എല്ലാം നിര്‍മാണത്തിനടിസ്ഥാനമായ തത്ത്വങ്ങള്‍ ഒന്നുതന്നെയാണ്. ജലപ്പരപ്പിലായിരിക്കുമ്പോള്‍ വളരെ കുറച്ചുമാത്രം പുറത്തു കാണത്തക്കവിധമാണ് എല്ലാ അന്തര്‍വാഹിനികളും രൂപകല്പന ചെയ്യാറുള്ളത്. മധ്യഭാഗത്തു നിന്നും ഇരുവശങ്ങളിലേക്ക് പോകുംതോറും വണ്ണം കുറഞ്ഞുവരുന്ന വിധമാണ് ഇതിന്റെ രൂപം. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക നിര്‍മിച്ച അന്തര്‍വാഹിനികള്‍ക്ക് 95 മീ. നീളവും 4.9 മീ. മധ്യവ്യാസവും ഉണ്ടായിരുന്നു.

ജലമര്‍ദത്തെ രോധിച്ചുനില്ക്കുന്ന കമ്പാര്‍ട്ടുമെന്റുകളെ കൂട്ടി യോജിപ്പിച്ച് ഒരു വലിയ വൃത്തസ്തംഭാകൃതിയിലാണ് അന്തര്‍വാഹിനി നിര്‍മിക്കുന്നത്. സമ്മര്‍ദത്തിനു വിധേയമാകുന്ന മര്‍ദപേടക (pressure vessels) ങ്ങളെ ബലിഷ്ഠങ്ങളാക്കാന്‍ അവയെ ഒരു പ്രധാന ദണ്ഡുകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

അന്തര്‍വാഹിനിക്കു രണ്ടു പുറംചട്ടക്കൂടുകളുണ്ട് (double hull). ഇതില്‍ അകത്തുള്ളതാണ് ജലമര്‍ദരോധക്കൂട് (water-tight pressure hull). രണ്ടു ചട്ടക്കൂടുകള്‍ക്കുമിടയ്ക്കുള്ള ഭാഗം ഇന്ധന അറകളും ബല്ലാസ്റ്റ് ടാങ്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പുറം ചട്ടക്കൂടിനു മുകളിലായി നിര്‍മിച്ചിട്ടുള്ള മേല്‍ത്തട്ട് (superstructure) കപ്പല്‍, ജലപ്പരപ്പിലായിരിക്കുമ്പോള്‍ ഗതാഗതനിയന്ത്രണത്തിനുള്ള പ്രധാന ഡെക്കായി ഉപയോഗിക്കുന്നു. ഡെക്കിനും ജലരോധപേടകത്തിനും ഇടയ്ക്കുള്ള ജലരോധഗോപുരഭാഗത്തെ കോണിങ് ടവര്‍ (conning tower) എന്നു പറയുന്നു (അമേരിക്കന്‍ അന്തര്‍വാഹിനികളില്‍ ഇന്നിതു നിലവിലില്ല). കപ്പല്‍ മുങ്ങിക്കിടക്കുമ്പോള്‍ കോണിങ് ടവറില്‍നിന്നുമാണ് ഗതാഗതനിയന്ത്രണം നടത്തുന്നത്.

ആയുധസജ്ജീകരണം (Armaments). അന്തര്‍വാഹിനിയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ടോര്‍പിഡോയാണ്. സാധാരണയായി 53.35 സെ.മീ. വ്യാസമുള്ള പത്ത് ടോര്‍പിഡോ ട്യൂബുകളാണുള്ളത്. ആറെണ്ണം അണിയത്തും നാലെണ്ണം അമരത്തുമായി ഘടിപ്പിച്ചിരിക്കും. ടോര്‍പിഡോകള്‍ 24 എണ്ണം വരെ സൂക്ഷിച്ചിരിക്കും. അവ അകത്തുനിന്നും ടോര്‍പിഡോ ട്യൂബുകളില്‍ നിറയ്ക്കുന്നതിനുള്ള സജ്ജീകരണവുമുണ്ടായിരിക്കും. കൂടാതെ ഡെക്ക് ഗണ്ണുകളും വിമാനവേധത്തോക്കുകളും (40 മി.മീ.-ഉം, 20 മി.മീ.-ഉം; അമേരിക്കന്‍ അന്തര്‍വാഹിനികളില്‍ ഇന്നിവ ഘടിപ്പിക്കുന്നില്ല). ചെറുകിട യന്ത്രത്തോക്കുകളും കൂടി സജ്ജീകരിച്ചിരിക്കും. രണ്ടാം ലോകയുദ്ധകാലത്ത് ഇവയ്ക്കെല്ലാം പുറമേ കുഴിബോംബുകളുമുണ്ടായിരുന്നു.

വിവിധ ഘടകങ്ങള്‍. കപ്പല്‍ ജലപ്പരപ്പിലായിരിക്കുമ്പോള്‍ അതു പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടതിലേറെ ഉപകരണങ്ങള്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ആവശ്യമാണ്. ഇവയെല്ലാം സംവിധാനം ചെയ്തിരിക്കുന്നത് കൂടുതല്‍ വേഗതയും കാര്യക്ഷമതയും പ്രദാനം ചെയ്യത്തക്കവിധമാണ്.

ബാഹ്യതലം (Exterior). പ്രധാന ഡെക്ക് ജലമര്‍ദരോധപേടകവുമായി ഉരുണ്ട സംരചനാഘടകങ്ങള്‍ (rounded structural members) കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. മുങ്ങുമ്പോള്‍ വായുഉറ (air pocket) ഉണ്ടാകാതിരിക്കുന്നതിനും പൊങ്ങുമ്പോള്‍ ജലനിര്‍ഗമനത്തിനുമായി വശങ്ങളില്‍ സുഷിരങ്ങള്‍ ഉണ്ട്. പ്രധാന ഡെക്കില്‍ റേഡിയൊ, റഡാര്‍ മുതലായവയും മുന്‍ഭാഗത്ത് സ്ഥാനനിര്‍ണയം ചെയ്യുന്നതിനുള്ള പ്ളവഗോള(marked buoys)ങ്ങളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള വാതിലുകളും വാര്‍ത്താവിനിമയം ചെയ്യുന്നതിനുള്ള ഹൈഡ്രോഫോണുകളും വശങ്ങളില്‍ മുങ്ങുന്നതിനു സഹായിക്കുന്ന ഹൈഡ്രോപ്ളെയിനുകളും അടിയില്‍ ബല്ലാസ്റ്റ് ടാങ്കുകളും ഉണ്ട്.

ടാങ്കുകള്‍. കപ്പലില്‍ പ്രധാനമായി ബല്ലാസ്റ്റ് ടാങ്കുകള്‍, ഇന്ധന ടാങ്കുകള്‍, സന്തുലനാവസ്ഥ വരുത്തുന്നതിനുള്ള ടാങ്കുകള്‍ എന്നിവയാണുള്ളത്.

ബല്ലാസ്റ്റ് ടാങ്കുകളില്‍ ജലം നിറച്ച് ഭാരം വര്‍ധിപ്പിച്ചാണ് മുങ്ങുന്നത്. പൊങ്ങുന്നതിന്, ഈ ടാങ്കുകളില്‍നിന്ന് സമ്മര്‍ദിതവായു (compressed air) ഉപയോഗിച്ചോ പമ്പുകള്‍ ഉപയോഗിച്ചോ ജലം നിര്‍ഗമിപ്പിച്ച് ഭാരം കുറയ്ക്കുന്നു. കപ്പലിനാവശ്യമുള്ള ഇന്ധനം നിറച്ചിട്ടുള്ളവയാണ് ഇന്ധന ടാങ്കുകള്‍. ഇവയില്‍നിന്നും ഇന്ധനം ഉപയോഗിച്ചുകഴിയുമ്പോള്‍, ഇന്ധനോപയോഗത്തിനനുസരിച്ച് അവയില്‍ ജലം നിറച്ച് ഭാരം ക്രമപ്പെടുത്തുന്നു. എന്നാല്‍ കപ്പല്‍ ജലപ്പരപ്പിലായിരിക്കുമ്പോള്‍, ഇന്ധനം ഒഴിഞ്ഞ ടാങ്കുകളില്‍ ജലം നിറയ്ക്കുന്നതല്ല.

ഭക്ഷണപദാര്‍ഥങ്ങള്‍, ഇന്ധനം, സ്ഫോടകവസ്തുക്കള്‍ ഇവ ഉപയോഗിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മാറ്റി നിഷ്പക്ഷ പ്ളവക്ഷമത (neutral buoyancy) വരുത്തുന്നതിന് ഏകദേശം മധ്യഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള ടാങ്കുകള്‍ക്ക് ട്രിമ്മിങ് ടാങ്കു (trimming tank)കള്‍ എന്നു പറയുന്നു.

മേല്പറഞ്ഞവ കൂടാതെ ശുദ്ധജലശേഖരണത്തിനും മറ്റുമായി ഒട്ടനവധി ടാങ്കുകള്‍ അന്തര്‍വാഹിനിയിലുണ്ട്.

വായുസംവിധാനങ്ങള്‍ (Air systems). ഡീസല്‍ യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനും ബല്ലാസ്റ്റ് ടാങ്കുകളിലെ ജലം നിര്‍ഗമിപ്പിക്കുന്നതിനും ഏറെനേരം ജലാന്തര്‍ഭാഗത്തു കഴിഞ്ഞാല്‍ സമ്മര്‍ദിത ഓക്സിജന്‍ കലര്‍ത്തി കപ്പലിലെ വായുചൈതന്യവത്താക്കുന്നതിനും മറ്റും മര്‍ദിതവായു (compressed air) ആവശ്യമാണ്. ഇത് പ്രത്യേകം നിര്‍മിച്ച സിലിണ്ടറുകളില്‍ ശേഖരിച്ചുവച്ചിരിക്കുന്നു (സമ്മര്‍ദ നിരക്ക് 135-200 കി.ഗ്രാം/ (സെ.മീ.2)).

പ്രവര്‍ത്തന സജ്ജീകരണം. രൂപകല്പന ചെയ്ത വേഗത്തില്‍ കപ്പല്‍ സഞ്ചരിക്കണമെങ്കില്‍ നെടുകെയും കുറുകെയും ഉള്ള സന്തുലനാവസ്ഥ ശരിയായിരിക്കണം. കപ്പലിലെ ടാങ്കുകളിലുള്ള ജലത്തിന്റെ അളവ് ക്രമപ്പെടുത്തിയാണ് ഇതു സാധിക്കുന്നത്.

ചുക്കാന്‍ (Rudder). കപ്പലിന്റെ ഗതി നിയന്ത്രിക്കുന്നതിനായി പുറകില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഫലകമാണിത്. ജലീയശക്തി (hydraulic power) ഉപയോഗിച്ചാണ് ഗതി നിയന്ത്രിക്കുന്നത്. കൂടാതെ മുങ്ങുന്നതിനും കപ്പലിന്റെ വിതാനം നിയന്ത്രിക്കുന്നതിനുമായി അണിയത്തും അമരത്തും ഈരണ്ടുവീതം നാലു ഹൈഡ്രോപ്ളെയിനുകള്‍ അക്ഷത്തിനു സമാന്തരമായി കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് 35° വരെ യഥേഷ്ടം ഇരുവശങ്ങളിലേക്കും തിരിക്കാവുന്നതാണ്.

അന്തര്‍വാഹിനി-ജലോപരിതലത്തില്‍

പെരിസ്കോപ്പ്. ഇതിനെ മുങ്ങിക്കപ്പലിന്റെ കണ്ണ് എന്നു വിളിക്കാം. കപ്പല്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ഉപരിതലത്തിലുള്ള വസ്തുക്കള്‍ വീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. ആദ്യകാലത്തെ കപ്പലുകളില്‍ ഇതുണ്ടായിരുന്നില്ല. നോ: പെരിസ്കോപ്പ്

നോദനയന്ത്രങ്ങള്‍ (Propulsion engines). ആദ്യകാലത്തെ അന്തര്‍വാഹിനികളില്‍ യന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പകരം കൈകൊണ്ടു തിരിക്കാവുന്ന സ്ക്രൂ പ്രൊപ്പല്ലറുകളാണുണ്ടായിരുന്നത്. ഇന്ന് ഡീസല്‍ യന്ത്രങ്ങളും വൈദ്യുത ജനറേറ്ററുകളും (electric generators) വൈദ്യുത മോട്ടോറും കൂട്ടിയിണക്കിക്കൊണ്ടുള്ള ശക്തിനോദന സംവിധാനമാണ് നിലവിലുള്ളത്. കൂടാതെ കപ്പല്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സംചായക ബാറ്ററികളും ഉപയോഗിക്കുന്നു. ആധുനിക അന്തര്‍വാഹിനി(അമേരിക്കന്‍ മാതൃക)കളില്‍ 1,600 കുതിരശക്തി വീതമുള്ള നാല് ഡീസല്‍ യന്ത്രങ്ങളും വൈദ്യുത-ജനറേറ്ററുകള്‍ കൊണ്ടും ബാറ്ററികൊണ്ടും പ്രവര്‍ത്തിപ്പിക്കാവുന്ന 1375 കുതിരശക്തി വീതമുള്ള വൈദ്യുത മോട്ടോറുകളുമാണുള്ളത്. ഇതരാവശ്യങ്ങള്‍ക്ക് വൈദ്യുതി നല്കുന്നതിനായി 300 കി.വാ. ശക്തിയുത്പാദിപ്പിക്കുന്ന ഒരു വൈദ്യുത ജനറേറ്ററും അതു പ്രവര്‍ത്തിപ്പിക്കുന്നതിനായി 450 കുതിരശക്തിയുള്ള ഒരു സഹായകയന്ത്രവും കൂടിയുണ്ട്.

സംചായക ബാറ്ററികള്‍ (Storage cells). അന്തര്‍വാഹിനികള്‍ക്ക് ജലപ്പരപ്പില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ അതിന്റെ ഊര്‍ജോത്പാദനകേന്ദ്രം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ അന്തര്‍വാഹിനി നോദനം ചെയ്യുന്നതിനും അതിനകത്തുള്ള ഇതരാവശ്യങ്ങള്‍ക്ക് ഊര്‍ജം നല്കുന്നതിനുമായി രണ്ടു സെറ്റ് ബാറ്ററികള്‍ ഉണ്ട്. ഓരോ സെറ്റിലും സാധാരണയായി 800 കി.ഗ്രാം. വീതം ഭാരമുള്ള 126 സെല്ലുകളാണുള്ളത്. അന്തര്‍വാഹിനി ജലപ്പരപ്പിലായിരിക്കുമ്പോള്‍ പ്രധാന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തനക്ഷമ(charge)മാക്കുന്നത്.

രക്ഷോപായങ്ങള്‍ (Rescue apparatus). അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനിയില്‍നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണിത്. അതിനുപയോഗിക്കുന്ന ഒരുപകരണമാണ് റെസ്ക്യൂ അപ്പാരറ്റസ്. ആദ്യകാലങ്ങളില്‍ ഇത്തരമൊന്ന് ഉണ്ടായിരുന്നില്ല. വളരെക്കാലത്തിനു ശേഷമാണ് മൂന്നു ഘട്ടങ്ങളിലുള്ള ഒരു രക്ഷാമാര്‍ഗം ആവിഷ്കരിച്ചത്. ആദ്യഘട്ടത്തില്‍, അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും അടയാളപ്പെടുത്തിയ പ്ളവഗോളങ്ങള്‍ (marked buoys) വിക്ഷേപിക്കുന്നു. ഇതുമൂലം ജലോപരിതലത്തിലുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായി അപകടസ്ഥാനം നിര്‍ണയിക്കാന്‍ കഴിയുന്നു. അടുത്ത ഘട്ടത്തില്‍ രക്ഷാകോശം (rescue chamber) ഉപയോഗിച്ച് ഓരോരുത്തരെയായി രക്ഷപ്പെടുത്തുന്നു. സ്ഥാനനിര്‍ണയം അസാധ്യമായ സാഹചര്യത്തില്‍ കൃത്രിമശ്വസനോപകരണങ്ങളുടെ സഹായത്താല്‍, അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും ഓരോരുത്തരായി മുകളിലോട്ട് പൊങ്ങി, രക്ഷപ്പെടുന്നതാണ് മൂന്നാം ഘട്ടം. ഇക്കാലത്താകട്ടെ കൃത്രിമ ശ്വസനോപകരണങ്ങള്‍ക്കുപകരം രക്ഷാകവചം (life jacket) ഉപയോഗിച്ചുള്ള പ്ളവനാരോഹണ (buoyant ascent)മാണ് നിലവിലുള്ളത്.

സ്നോര്‍ക്കല്‍ (Schnorkel). രണ്ടാം ലോകയുദ്ധത്തിന്റെ ഉത്തരാര്‍ധത്തില്‍ ജര്‍മനി ആവിഷ്കരിച്ചതാണ് സ്നോര്‍ക്കല്‍. കപ്പല്‍ ആഴത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിലെ യന്ത്രങ്ങള്‍ക്കാവശ്യമുള്ള വായു അന്തരീക്ഷത്തില്‍നിന്നും വലിച്ചെടുക്കുന്നതിനും നിഷ്കാസിത വാതകങ്ങള്‍ പുറത്തേക്ക് നിര്‍ഗമിപ്പിക്കുന്നതിനും ഉള്ള ഒരു ശ്വസനക്കുഴലാണ് സ്നോര്‍ക്കല്‍. കപ്പല്‍ കൂടുതല്‍ മുങ്ങിക്കഴിയുമ്പോള്‍ അതിനകത്ത് ജലം കയറാതിരിക്കുന്നതിനുള്ള ഉപാധികളും അതിനോടുകൂടിയുണ്ട്.

സ്നോര്‍ക്കല്‍(Schnorkel):1.നിര്‍വാതകശീര്‍ഷം (Exhaust head) 2.ബ്രിഡ്ജ് ഡെക്ക് 3.ബ്രിഡ്ജ് കവാടം 4.സ്വചാലിത വാല്‍വ് 5.ഡ്രെയിന്‍ (Drain) 6.എന്‍ജിന്‍ മുറിയിലേക്കുള്ള വായു വിതരണം 7.എന്‍ജിന്‍ നിര്‍വാതകം (Engine exhaust) 8.സംവാതനം (Ventilation) 9.പ്രധാന ഇന്‍ഡക്ഷന്‍ വാല്‍വ് 10.ഇന്‍ഡക്ഷന്‍ ട്രന്‍ക്

ഗപ്പി (Guppy). പരിഷ്കരിച്ച സ്നോര്‍ക്കലും രൂപസംവിധാനവും കൊണ്ട് അമേരിക്കന്‍ നാവികസേന രൂപപ്പെടുത്തിയ കപ്പലാണ് ഗപ്പി (Guppy). ഇതില്‍ മേല്‍ത്തട്ടില്‍ ഘടിപ്പിക്കുന്ന തോക്കുകള്‍ അകത്തേക്കു വലിക്കുകയോ മാറ്റുകയോ ചെയ്യാം. തന്മൂലം വേഗത രണ്ടിരട്ടിയായി വര്‍ധിപ്പിക്കാനും കഴിയും.

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള പുരോഗതി. ഒന്നും രണ്ടും ലോകയുദ്ധകാലത്തുണ്ടായ അനുഭവപാഠങ്ങള്‍ അന്തര്‍വാഹിനിക്ക് പല പരിവര്‍ത്തനങ്ങളും വരുത്തുന്നതിനു കാരണമായി. യാന്ത്രികസജ്ജീകരണത്തിലും സംവിധാനത്തിലും മാത്രമല്ല, അതില്‍ സജ്ജീകരിക്കുന്ന പടക്കോപ്പുകളിലും സാരമായ മാറ്റങ്ങളുണ്ടായി. ഊര്‍ജോത്പാദനത്തിനായി അണുശക്തിയുപയോഗിച്ചു തുടങ്ങിയതാണ് അതില്‍ ഏറ്റവും പ്രധാനം.

ആദ്യകാലങ്ങളില്‍ പ്രധാനമായും ആന്തരദഹന യന്ത്രങ്ങളാണ് ഊര്‍ജോത്പാദനത്തിനുപയോഗിച്ചിരുന്നത്. ജലപ്പരപ്പില്‍ ആയിരിക്കുമ്പോള്‍ ജലം വിശ്ളേഷണം ചെയ്തുകിട്ടുന്ന വാതകങ്ങള്‍ ശേഖരിക്കുകയും കപ്പല്‍ ജലാന്തര്‍ ഭാഗത്തായിരിക്കുമ്പോള്‍ അവ ഇന്ധനവായു ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഏതാനും മുങ്ങിക്കപ്പലുകള്‍ പില്ക്കാലത്ത് ജര്‍മനി നിര്‍മിക്കുകയുണ്ടായി. തുടര്‍ന്ന് ഹൈഡ്രജന്‍ പെറോക്സൈഡിലെ ഓക്സിജന്‍ ഉപയോഗിച്ചുള്ള സംവൃതചക്ര യന്ത്രങ്ങള്‍ (closed cycle engines) ഘടിപ്പിച്ചിട്ടുള്ള അന്തര്‍വാഹിനികള്‍, ജര്‍മനി നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും നിര്‍മിക്കുകയുണ്ടായി.

മറ്റനവധി ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ പരീക്ഷണവിധേയമാക്കിയെങ്കിലും പ്രയോഗത്തില്‍ വന്നത് അണുശക്തി പ്ളാന്റ് ആണ്. അമേരിക്കയാണ് ആദ്യമായി (1955-ല്‍) അണുശക്തികൊണ്ടോടുന്ന ഒരു മുങ്ങിക്കപ്പല്‍ (USS Nautilus) നിര്‍മിച്ചത്. ഇതിന് അന്തരീക്ഷ വായുവിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ട്. ജലോപരിതലത്തില്‍ വരാതെതന്നെ അനേകനാള്‍ സമുദ്രാന്തര്‍ഭാഗത്ത് കഴിയാമെന്നതിനാല്‍ ഏറ്റവും മെച്ചപ്പെട്ട വേഗം കിട്ടത്തക്കവിധത്തില്‍ ഇതിനെ രൂപപ്പെടുത്തുന്നതിനും കഴിഞ്ഞു. മാത്രമല്ല ഇവയ്ക്ക് മഞ്ഞുകട്ടകളില്‍ക്കൂടിയും സഞ്ചരിക്കാന്‍ കഴിയും.

വിവിധാവശ്യങ്ങള്‍ക്കായി വ്യത്യസ്തരീതിയിലാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതും സജ്ജീകരിക്കുന്നതും. ഉദ്ദേശ്യത്തെ ആസ്പദമാക്കി അമേരിക്കന്‍ നാവികസേന അന്തര്‍വാഹിനികളെ താഴെ പറയുന്നവിധത്തില്‍ തരംതിരിച്ചിരിക്കുന്നു.

(1) അക്രമണത്തിനുള്ളവ. (2) അതിവേഗത്തിലുള്ള ആക്രമണത്തിനുള്ളവ. (3) നിയന്ത്രിത മിസ്സൈലുകള്‍ ഘടിപ്പിച്ചിട്ടുള്ളവ. (4) റഡാര്‍ പിക്കറ്റ്തരം (Radar picket class) - ഇവയില്‍ ശക്തിയേറിയ റഡാറും മറ്റ് വാര്‍ത്താവിനിമയ ഉപകരണങ്ങളുമുണ്ട്; മറ്റു കപ്പലുകള്‍ക്ക് വേണ്ടമുന്നറിയിപ്പും മാര്‍ഗനിര്‍ദേശങ്ങളും ഇവ നല്കുന്നു. (5) ഹണ്ടര്‍ കില്ലര്‍ തരം (Hunter killer class) - ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടുപിടിച്ച് നശിപ്പിക്കുകയാണ് ഇവകൊണ്ടുദ്ദേശിക്കുന്നത്. (6) ബാലിസ്റ്റിക് മിസൈല്‍ തരം (Ballistic missile class) - ഇവയില്‍ പ്രത്യേക ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. (7) പരീക്ഷണങ്ങള്‍ക്കുള്ളവ - ഇവ ദ്രവഗതിക (Hydrodynamics) പഠനത്തിനും മറ്റുമായി ഉപയോഗിക്കുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് സമ്മര്‍ദിതവായു ഉപയോഗിച്ചാണ് ടോര്‍പിഡോകള്‍ വിക്ഷേപിച്ചിരുന്നത്. സമ്മര്‍ദിത ഓക്സിജന്‍ ഉപയോഗിച്ചുള്ള നോദന സംവിധാനങ്ങളും പില്ക്കാലത്ത് വികസിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രവര്‍ത്തന വേളയില്‍ രൂപപ്പെടുന്ന വാതകങ്ങള്‍ ജലപ്പരപ്പില്‍ കുമിളകള്‍ ഉണ്ടാക്കിയിരുന്നു എന്നത് ഒരു ന്യൂനതയാണ്. തുടര്‍ന്ന് കുറേക്കൂടി കാര്യക്ഷമമായ ഹൈഡ്രോളിക മാര്‍ഗങ്ങള്‍ (hydraulic systems) ആവിഷ്കരിക്കുകയുണ്ടായി. ഇന്നാകട്ടെ ലക്ഷ്യത്തെ ലാക്കാക്കി സ്വയം ഗമിക്കുന്ന ടോര്‍പിഡോകളുമുണ്ട്. അവ എളുപ്പത്തില്‍ വിക്ഷേപിക്കാനും കഴിയും. വളരെ സങ്കീര്‍ണമാണ് ഇന്നത്തെ അന്തര്‍വാഹിനികളിലെ ആയുധസജ്ജീകരണം. നോ: അന്തര്‍വാഹിനിയുദ്ധമുറ

മറ്റുപയോഗങ്ങള്‍. യുദ്ധകാലാവശ്യത്തിനുവേണ്ടിയാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെങ്കിലും സമുദ്രത്തിന്റെ അടിത്തട്ടിലെ സ്ഥിതി, ധാതുനിക്ഷേപങ്ങള്‍ മുതലായവയെക്കുറിച്ച് പര്യവേക്ഷണങ്ങള്‍ നടത്തുന്നതിനും പ്രത്യേകം രൂപകല്പന ചെയ്ത അന്തര്‍വാഹിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് വളരെ ആഴത്തില്‍ (2000 മുതല്‍ 3000 മീ. വരെ) മുങ്ങാന്‍ കഴിവുള്ള അന്തര്‍വാഹിനികള്‍ ആണ് ഉപയോഗിക്കുന്നത്. മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അപകടകരമായ ആഴങ്ങളില്‍ ഉപയോഗിക്കുന്നതിനായി വളരെ ചെറിയ 'വിദൂര നിയന്ത്രിത അന്തര്‍വാഹിനി' (marine remotely operated vehicle-MROV) ഈ അടുത്തകാലത്ത് വികസിപ്പിക്കപ്പെട്ടു. ഉള്‍ക്കടലിലെ പെട്രോളിയം പ്ളാറ്റ്ഫോമുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും മുങ്ങിപ്പോയ കപ്പലുകള്‍ ഉയര്‍ത്തുന്നതിനായി കേബിളുകള്‍ ബന്ധിക്കുന്നതിനും വിദൂര നിയന്ത്രിത അന്തര്‍വാഹിനികള്‍ ഉപയോഗിക്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിനോദസഞ്ചാരാവശ്യങ്ങള്‍ക്കായും അന്തര്‍വാഹിനികള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

അണുശക്തിയുടെ ആവിര്‍ഭാവം കപ്പലിന്റെ രൂപകല്പനയിലും തന്‍മൂലം വേഗതയ്ക്കും മാറ്റം വരുത്തി. മാത്രമല്ല ഊര്‍ജത്തിന്റെ സഹായത്താല്‍ ആയുധസജ്ജീകരണങ്ങള്‍ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാമെന്നതിനാല്‍ അന്തര്‍വാഹിനികള്‍ക്ക് ജലപ്പരപ്പില്‍ വരാതെ വളരെയധികം നാളുകള്‍ മുങ്ങിക്കിടക്കുന്നതിനും ഉത്തരവുകള്‍ക്കനുസരിച്ച് ഉദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കു നീങ്ങുന്നതിനും സാധിക്കുന്നതാണ്.

ഇന്ന് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള നാവികസേനയിലും അന്തര്‍വാഹിനികളുടെ ഒരു വ്യൂഹമുണ്ട്.

(വി. ശിവരാമന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍