This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വംശബന്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍വംശബന്ധങ്ങള്‍

Inter-Racial Relatins


വിഭിന്നവംശങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനബന്ധങ്ങള്‍. സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകളില്‍ ഒട്ടേറെ വിഭിന്നതകള്‍ ഉള്ള സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുന്ന പെരുമാറ്റത്തെയാണ് അന്തര്‍വംശബന്ധമായി വിവക്ഷിക്കുന്നത്. ഇതിന്റെ പ്രകൃതം സൌഹാര്‍ദപരമോ ശത്രുതാപരമോ ആകാം. എന്നാല്‍ അന്തര്‍വംശബന്ധങ്ങളുടെ ചരിത്രം ഏറിയകൂറും ശത്രുതയുടെ ചരിത്രമാണ്. അതിനാല്‍ അന്തര്‍വംശബന്ധം പ്രായേണ അന്തര്‍വംശസംഘട്ടനത്തിന്റെ പര്യായമായിത്തീര്‍ന്നിരിക്കുന്നു.


ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്യന്‍ കോളോണിയലിസം സ്ഥാപിതമായതോടെ, അധിനിവേശക്കാരെ അധിനിവേശിത തദ്ദേശീയ ജനതയില്‍ നിന്നു വിഭിന്നമായി കാണുന്ന വീക്ഷണത്തിന് പ്രചാരം സിദ്ധിച്ചു. യൂറോപ്യരുടെ സാംസ്കാരികവും സാമൂഹ്യവുമായ 'ഉല്‍കൃഷ്ടത' സ്ഥാപിച്ചെടുക്കുന്നതിന് ശാരീരികവും ജൈവശാസ്ത്രപരമായ വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും അവര്‍ ആയുധമാക്കി. തലയോട്ടിന്റെ വലുപ്പം, വര്‍ണം, മറ്റു ശാരീരിക പ്രത്യേകതകള്‍ എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യര്‍ വിഭിന്ന വംശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്ന് ശാമുവല്‍ ജോര്‍ജ് മോര്‍ട്ടറിനെപോലുള്ള നരവംശ ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചു. ഓരോ വംശീയവിഭാഗവും വിഭിന്ന ജനിതക ഗുണങ്ങളുള്ള വിഭാഗമാണെന്നും, ഉല്‍കൃഷ്ടമായ ജനിതകം യൂറോപ്യന്‍ ലോകത്തിലെ ഗുണങ്ങളുള്ള ഉല്‍കൃഷ്ടവംശമാണെന്നുള്ള വംശീയമനോഭാവം ക്രമേണ പ്രചരിച്ചു. കൊളോണിയല്‍ അധീശത്വം, യൂറോപ്യന്‍ വംശങ്ങളുടെ ജനിതക മേല്‍കോയ്മയുടെ ഫലമാണെന്നുമുള്ള വംശീയവാദസിദ്ധാന്തങ്ങള്‍, ഫലത്തില്‍, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കുമേല്‍ നടപ്പിലാക്കിയ കൂട്ടക്കൊലകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സാധൂകരണമായി. എന്നാല്‍, ബാഹ്യമായ ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ ഭിന്ന വംശങ്ങളായി വേര്‍തിരിക്കുന്ന വംശീയസിദ്ധാന്തത്തെ ആധുനിക ശാസ്ത്രം ഇന്ന് ചോദ്യം ചെയ്യുന്നു. നിറവ്യത്യാസം ശരീരത്തിന്റെ വലുപ്പച്ചെറുപ്പം എന്നീ ഘടകങ്ങള്‍ ജനിതക ഭിന്നതകളുടെ ഫലമല്ലെന്നും കാലാവസ്ഥാഭേദങ്ങളും ഭക്ഷ്യശൃംഖലയിലെ വ്യതിയാനങ്ങളുമാണ് അവയ്ക്കാധാരമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതിനാല്‍, 'വംശം' എന്ന സംവര്‍ഗത്തിന് ശാസ്ത്രീയമായി നിലനില്‍പ്പില്ല. യൂറോപ്യന്‍ ആധിപത്യവാഴ്ചയെ ന്യായീകരിക്കാന്‍ ആവിഷ്ക്കരിച്ച ഒരു യൂറോകേന്ദ്രിതവീക്ഷണം എന്നതില്‍ കവിഞ്ഞ പ്രസക്തിയൊന്നും ഈ സംവര്‍ഗത്തിനില്ല.


'വംശം' എന്നത് ഒരു യാഥാര്‍ഥ്യമല്ലെന്നും, കേവലം ഒരു മാനസികഭാവം മാത്രമാണെന്നുമാണ് ആധുനികവീക്ഷണഗതി. സാമൂഹികശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ഒട്ടേറെ ഗവേഷണപഠനങ്ങള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. അവയെല്ലാം ചെന്നെത്തുന്ന നിഗമനം സാരാംശത്തില്‍ ഒന്നാണ്: വംശപരമായ വൈജാത്യം എന്നത്, ചില ജനതകളില്‍ കാണപ്പെടുന്ന കേവലം ബാഹ്യമായ ശാരീരികവ്യത്യാസം മാത്രമാണ്. മറ്റെല്ലാക്കാര്യത്തിലും ഗോത്രങ്ങള്‍ എന്നു പറയപ്പെടുന്നവര്‍ക്കു തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. തലയുടെ ആകൃതി കണക്കിലെടുത്തുകൊണ്ടാണ് നരവംശശാസ്ത്രജ്ഞനായ ജി. സര്‍ഗി, മനുഷ്യവര്‍ഗത്തെ 'യൂറേഷ്യാറ്റിക്', 'യൂറാഫ്രിക്കന്‍' എന്നു രണ്ടായി തരംതിരിച്ചത്. തലയുടെ രൂപവും ചര്‍മത്തിന്റെ നിറവും അടിസ്ഥാനമാക്കിയാണ് ജെ. ഡെനികര്‍, മനുഷ്യരില്‍ 17 ഗോത്രങ്ങളും 29 ഉപഗോത്രങ്ങളുമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ തലയുടെ ആകൃതി മാത്രം കണക്കിലെടുത്താല്‍, ബലിഷ്ഠകായനായ വെളുത്ത സ്കാന്‍ഡിനേവിയനും കറുത്ത നീഗ്രോയും ഒരു വര്‍ഗത്തില്‍പെട്ടവരാണെന്ന് പറയേണ്ടിവരും. അപ്പോള്‍ ശാരീരികമായ ബാഹ്യലക്ഷണങ്ങളാണ് 'ഗോത്രം' എന്ന വര്‍ഗീകരണത്തിനടിസ്ഥാനം. എന്നാല്‍ ബാഹ്യമായ ഈ വിഭിന്നത, അതെത്ര നിസ്സാരമായാലും, മനുഷ്യരെ വിവിധ സംഘങ്ങളായി വേര്‍തിരിച്ചു നിര്‍ത്തുന്നു എന്നത് ഒരു വസ്തുതയാണ്. ഇതോടൊപ്പം ഭാഷ, മതം, ദേശീയത എന്നിവയിലുള്ള വൈജാത്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിവിധ ജനസമൂഹങ്ങള്‍ക്ക് ഐക്യത്തിന്റെ പൊതുവേദി ഇല്ലാതാകുന്നു. സാധാരണയായി ഓരോ സംഘത്തിന്റെയും സാമൂഹികഘടന, രാഷ്ട്രീയസംവിധാനം, മതവിശ്വാസം, ജീവിതമൂല്യങ്ങള്‍ എന്നിവ വിഭിന്നമാണ്. നരവംശപരമായ ബന്ധങ്ങള്‍, ഭൂരിപക്ഷന്യൂനപക്ഷബന്ധങ്ങള്‍, ജാതിബന്ധങ്ങള്‍ എന്നിവ വംശങ്ങള്‍ തമ്മില്‍ സംഘട്ടനത്തിനു വഴിതെളിക്കുന്നു. കാരണം, ഇത്തരം ബന്ധങ്ങളില്‍ സംഘങ്ങള്‍ക്കു തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. ഏറിയകൂറും ഈ വ്യത്യാസം പ്രകടമാകുന്നത് ദേശം, വേഷം, മതം, ആചാരം എന്നിവയിലാണ്. ഈ വിഭിന്നത സംഘങ്ങളില്‍ ഒരുതരം വിജാതീയബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാകുന്നു. വംശപരമായ ന്യൂനപക്ഷവിഭാഗങ്ങള്‍ സമൂഹത്തില്‍ അധഃസ്ഥിതരാണ്. വര്‍ണവിവേചനത്തോടൊപ്പം രാഷ്ട്രീയനിയന്ത്രണത്തിനും അവര്‍ വിധേയരാക്കപ്പെടുന്നു.


അന്തര്‍വംശബന്ധങ്ങളെ രൂപപ്പെടുത്തുന്നത് പരസ്പരബദ്ധമായ മൂന്നുതരം ഘടകങ്ങളാണ്. ചരിത്രപശ്ചാത്തലവും പ്രത്യക്ഷ സമ്പര്‍ക്കോപാധികളുടെ വികാസവുമാണ് ആദ്യത്തേത്. യു.എസ്സിലെ ഉത്തരദക്ഷിണഭാഗങ്ങളില്‍ നിലവിലുള്ള അന്തര്‍വംശബന്ധങ്ങള്‍ ഇതിനുദാഹരണമാണ്. സാമൂഹിക സാംസ്കാരിക പാരമ്പര്യമാണ് മറ്റൊന്ന്. വ്യക്തിഗതമായ ഘടകങ്ങളാണ് മൂന്നാമത്തേത്. സാമൂഹ്യവത്കരണപ്രക്രിയയുടെ ഫലമായുണ്ടാകുന്ന വ്യക്തിത്വബോധം അന്തര്‍വംശബന്ധത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു. ഒരു ഗോത്രം മറ്റൊന്നിനെ നേരിടുമ്പോള്‍ ഈ ഘടകങ്ങളെല്ലാം സുശക്തമായി പ്രവര്‍ത്തിക്കുന്നതു കാണാം.


യൂറോപ്യന്‍മാര്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ സ്ഥാപിച്ച കോളനികളുടെ പ്രകൃതം മൂന്നുതരം അന്തര്‍വംശബന്ധങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇ. ഫ്രാങ്ക്ളിന്‍ ഫ്രേസിയര്‍ (1965) അഭിപ്രായപ്പെടുന്നു. സ്ഥിരം കോളനികള്‍ സ്ഥാപിതമായ രാജ്യങ്ങളിലുണ്ടായ പ്രത്യേകതരം ബന്ധമാണ് ഇവയിലൊന്ന്. യു.എസ്., ലാറ്റിന്‍ അമേരിക്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ആസ്റ്റ്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുണ്ടായ വംശബന്ധങ്ങള്‍ ഇത്തരത്തില്‍പ്പെടുന്നു. സ്ഥിരം കോളനികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങളെ ആശ്രയിക്കേണ്ടി വന്ന ദക്ഷിണ പൂര്‍വേഷ്യയിലും പസിഫിക് ദ്വീപുകളിലും മറ്റൊരുതരം ബന്ധമാണുണ്ടായത്. പുരാതന സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ ചൈനയിലും ജപ്പാനിലും മൂന്നാമതൊരുതരം ബന്ധമാണ് നിലവില്‍ വന്നത്.


കോളനികള്‍ സ്വതന്ത്ര രാഷ്ട്രങ്ങളാവുകയും ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡിന് അന്ത്യമുണ്ടാവുകയും വര്‍ണവിവേചനത്തിനെതിരായ സമരങ്ങളുടെ പ്രതീകമായി നെല്‍സണ്‍ മണ്ഡേല ആഗോളാംഗീകാരം നേടുകയും ചെയ്തതോടെ, ഒരു പ്രത്യക്ഷ രാഷ്ട്രീയ-സാമൂഹിക സംവിധാനമെന്ന നിലയ്ക്ക് വംശീയവാദം ക്ഷയിച്ചിരിക്കുന്നു. ഇത് മനുഷ്യര്‍ക്കിടയില്‍ വംശീയേതരമായ നരസാഹോദര്യം ഉണ്ടാക്കുന്നതിന് പ്രേരകമായിട്ടുണ്ട്.


രണ്ടാം ലോകയുദ്ധത്തിനുശേഷം അന്തര്‍ഗോത്രബന്ധങ്ങളുടെ തീവ്രത വളരെയേറെ കുറഞ്ഞിട്ടുണ്ട്. കോളനികള്‍ പലതും സ്വതന്ത്ര രാഷ്ട്രീയങ്ങളായിത്തീര്‍ന്നു. എങ്കിലും ദക്ഷിണാഫ്രിക്ക, തെക്കന്‍ റൊഡേഷ്യ, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും വര്‍ണവിവേചനം പോലെയുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.

(ഡോ. ജി. രാമചന്ദ്രരാജ്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍