This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍ദേശീയ സമയക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍ദേശീയ സമയക്രമം

International Time Line

ഗ്രീനിച്ച് സമയത്തെ (Greenwich Mean Time) അടിസ്ഥാനമാക്കി 1880-ല്‍ അന്തര്‍ദേശീയമായി അംഗീകരിച്ച സമയഗണനാസമ്പ്രദായം. സൂര്യന്റെ ഉദയാസ്തമയങ്ങളെ ആസ്പദമാക്കി പ്രാദേശികമായി സമയക്രമങ്ങള്‍ ഓരോ രാജ്യവും പുലര്‍ത്തുകയാണ് പതിവ്. എന്നാല്‍ ടെലിഫോണും ടെലിഗ്രാമും ഇന്റര്‍നെറ്റും ഗതിവേഗമുള്ള കപ്പലുകളും തീവണ്ടികളും വ്യോമയാനങ്ങളും കൊണ്ട് രാജ്യങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടതോടുകൂടി പൊതുവായ ഒരു സമയക്രമം അത്യന്താപേക്ഷിതമായിത്തീര്‍ന്നു. വാണിജ്യവ്യാപാരാദികളില്‍ കൂടുതല്‍ വ്യാപൃതമായ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് കൂടിയാലോചനകള്‍ നടത്തിയതിന്റെ ഫലമായി ഗ്രീനിച്ച് (Greenwich) സമയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രസമയക്രമം 1880-ല്‍ സ്ഥാപിതമായി. സാന്‍ഫോര്‍ഡ് ഫ്ളെമിങ്ങും ചാള്‍സ് ഡൗളും ആണ് ഇതിനു നേതൃത്വം കൊടുത്തത്. അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും റയില്‍വേകള്‍ ആണ് ആദ്യമായി ഈ സമയക്രമം സ്വീകരിച്ചത്. ഒന്നൊന്നായി മിക്കവാറും എല്ലാ രാജ്യങ്ങളും ഈ സമയക്രമം പിന്നീട് അംഗീകരിക്കുകയുണ്ടായി.

സാര്‍വലൗകിക സമയത്തിലെ അടിസ്ഥാന മാത്ര മാധ്യസൗരദിനം (Mean Solar day) ആണ്. മുമ്പ് മധ്യാഹ്നം മുതല്‍ അടുത്ത മധ്യാഹ്നം വരെ ആയിരുന്നു ഒരു സൗരദിനം. വര്‍ഷചക്രത്തില്‍ ഈ സമയത്തിന് ഏറ്റക്കുറച്ചില്‍ വരുന്നതുകൊണ്ട് അവയുടെ ശരാശരി ആണ് മാധ്യ സൗരദിനം. ഇതിന്റെ 24-ല്‍ ഒരംശമാണ് അന്തര്‍ദേശീയ സമയക്രമത്തിലെ അഥവാ സാര്‍വലൗകിക സമയക്രമത്തിലെ ഒരു മണിക്കൂര്‍.

ഈ സമയക്രമം ഭൂമിയില്‍ എല്ലായിടത്തും നടപ്പാക്കുന്നതിന് ഗ്രീനിച്ചില്‍ നിന്നാരംഭിച്ച് 15ം വീതം അകലമുള്ള ധ്രുവരേഖകള്‍ (രേഖാംശങ്ങള്‍) കൊണ്ട് ഭൂമിയെ 24 സമയമേഖലകളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയിലെ സമയത്തിനും അതിനടുത്തതിന്റേതില്‍ നിന്ന് ഒരു മണിക്കൂര്‍ വ്യത്യാസമുണ്ട്: അതായത് ഗ്രീനിച്ചിലേതില്‍നിന്നും ഒരു മണിക്കൂര്‍ വീതം വ്യത്യാസമുണ്ട് തുടര്‍ന്നുള്ള ഓരോന്നിനും. കിഴക്കോട്ട് പോകുന്തോറും സമയക്രമം മുന്നോട്ട് ആയിരിക്കും. സൗകര്യത്തെ കണക്കിലെടുത്ത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനനുസൃതമായ വ്യതിയാനങ്ങള്‍ ചെറിയതോതില്‍ ഈ മേഖലാക്രമീകരണങ്ങളില്‍ വരുത്താറുണ്ട്.

ഗ്രീനിച്ച് സമയം, മധ്യയൂറോപ്യന്‍ സമയം, പൗരസ്ത്യ യൂറോപ്യന്‍ സമയം ഇങ്ങനെ ഓരോ മണിക്കൂര്‍ വ്യത്യാസമുള്ള മൂന്ന് സമയക്രമങ്ങള്‍ യൂറോപ്പില്‍ പ്രചാരത്തിലിരിക്കുന്നു.

യു എസ്സില്‍ ഓരോ മണിക്കൂര്‍ വീതം വ്യത്യാസമുള്ള അത് ലാന്തിക് (Atlantic), ഈസ്റ്റേണ്‍ (Eastern), സെന്‍ട്രല്‍ (Central), പസിഫിക് (Pacific), മൗണ്ടന്‍ (Mountain) എന്നീ സമയക്രമങ്ങള്‍ നിലവിലുണ്ട്. അരമണിക്കൂര്‍ വീതം വ്യത്യാസമുള്ള സമയമേഖലകളും ഉണ്ട്. ഉദാ. ഇന്ത്യയും പാകിസ്താനും യഥാക്രമം ഗ്രീനിച്ച് സമയത്തില്‍ നിന്ന് അഞ്ചരയും നാലരയും മണിക്കൂറുകള്‍ മുന്നോട്ട് വ്യത്യാസമുള്ള സമയക്രമങ്ങള്‍ പാലിച്ചുപോരുന്നു.

180 ഡിഗ്രിയിലുള്ള രേഖാംശത്തെ (ധ്രുവരേഖ) അന്താരാഷ്ട്ര ദിനാങ്കരേഖ (International date line) എന്നു പറയുന്നു. ഈ രേഖയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മില്‍ ഒരു കലണ്ടര്‍ ദിവസം വ്യത്യാസമുണ്ട്. പടിഞ്ഞാറ് ഭാഗത്തെ ദിവസം കിഴക്കുഭാഗത്തേതില്‍ നിന്ന് ഒരു കലണ്ടര്‍ ദിവസം പിന്നിലാണ്. അതായത് ജനുവരി 2-ന് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ഈ രേഖ കടക്കുമ്പോള്‍ ജനുവരി 1-എന്ന് കലണ്ടര്‍ തിരുത്തേണ്ടിയിരിക്കുന്നു. ജനുവരി 1-ന് പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് രേഖ കടക്കുന്നതെങ്കില്‍ ജനുവരി 2 എന്നും തിരുത്തണം. ഈ പൊതു തീരുമാനം (ഭൂമിയുടെ ചക്രണം കൊണ്ട്) സമയക്രമത്തില്‍ വന്നേക്കാവുന്ന അപാകതകള്‍ തിരുത്തുന്നതിനുവേണ്ടിയാകുന്നു.

ദിവസം ആരംഭിക്കുന്നത് മധ്യാഹ്നത്തില്‍ നിന്നാണ് എന്നു ജ്യോതിശ്ശാസ്ത്രത്തില്‍ കരുതപ്പെട്ടിരുന്നു. എന്നാല്‍ മറ്റെല്ലാകാര്യങ്ങള്‍ക്കും പാതിരാവില്‍ ആരംഭിക്കുന്ന 24 മണിക്കൂറാണ് ഒരു ദിവസം. ഈ വ്യത്യാസം ഇല്ലാതാക്കുന്നതിന് 1922-ലെ അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സമ്മേളനത്തില്‍ 1925 മുതല്‍, പാതിരാത്രി മുതല്‍ ആരംഭിക്കുന്ന ദിവസക്രമം ജ്യോതിശ്ശാസ്ത്രത്തിലും സ്വീകരിക്കുവാന്‍ തീരുമാനിച്ചു. പല രാജ്യങ്ങളിലും പല പേരുകളിലാണ് ഈ പൊതുസമയക്രമം അറിയപ്പെട്ടിരുന്നത്. 1928-ലെ ജ്യോതിശ്ശാസ്ത്ര സമ്മേളനത്തിലാണ് 'യൂണിവേഴ്സല്‍ ടൈം' (സാര്‍വലൗകിക സമയക്രമം അഥവാ അന്തര്‍ദേശീയ സമയക്രമം) എന്ന നാമം ഇതിന് നിര്‍ദേശിക്കപ്പെട്ടത്. ഇംഗ്ളണ്ടില്‍ ഈ സമയക്രമം 'യൂണിവേഴ്സല്‍ ടൈം' (UT) എന്നും ഫ്രാന്‍സില്‍ 'താം യൂണിവേഴ്സല്‍' (TU) എന്നും ജര്‍മനിയില്‍ 'വെല്റ്റ് സൈറ്റ്' (Welt zeit: WZ) എന്നും അറിയപ്പെടുന്നു. നോ: അക്ഷാംശ രേഖാംശങ്ങള്‍, കലണ്ടര്‍, പഞ്ചാംഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍