This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘട

International Astronomical Union-IAU

ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടന. വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവില്‍വന്ന ഈ സംഘടന അന്തര്‍ദേശീയ ശാസ്ത്ര കൗണ്‍സിലിന് (International Council for Science) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 1919-ല്‍ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം പാരിസാണ്.

അന്തര്‍ദേശീയ ശാസ്ത്രകൌണ്‍സിലിനു കീഴിലുള്ള വിവിധ ശാസ്ത്രസംഘടനകളുടെ സഹകരണത്തിലൂടെയും മറ്റും ജ്യോതിശ്ശാസ്ത്ര ശാഖയെ, അതിന്റെ എല്ലാ അര്‍ഥത്തിലും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയുടെ മുഖ്യ ലക്ഷ്യം. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, മറ്റു ഖഗോളീയ വസ്തുക്കള്‍, പ്രതിഭാസങ്ങള്‍ തുടങ്ങിയവയ്ക്ക് നാമകരണം ചെയ്യുവാന്‍ അധികാരമുള്ള ഔദ്യോഗിക സമിതികൂടിയാണ് ഐ.എ.യു. നാമകരണത്തിനും വര്‍ഗീകരണത്തിനുമായി, വര്‍ക്കിങ് ഗ്രൂപ്പ് ഫോര്‍ പ്ളാനറ്ററി നോമന്‍ക്ലേച്ചര്‍ (WGPN) എന്നൊരു പ്രത്യേക വിഭാഗം ഐ.എ.യു.-ല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ, ജ്യോതിശ്ശാസ്ത്ര സംബന്ധിയായ വിവരശേഖരണത്തിനും വിതരണത്തിനുമായി സെന്‍ട്രല്‍ ബ്യൂറോ ഫോര്‍ അസ്ട്രോണമിക്കല്‍ ടെലിഗ്രാംസ് എന്നൊരു വിഭാഗവും, സൌരയൂഥത്തിലെ ചിന്നപദാര്‍ഥങ്ങളെ (minor bodies) തിരിച്ചറിയുന്നതിനും അവയെ ഗ്രഹങ്ങളില്‍ നിന്നും മറ്റും വേര്‍തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമായി മൈനര്‍ പ്ലാനറ്റ് സെന്റര്‍ (MPC) എന്ന മറ്റൊരു വിഭാഗവും അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജ്യോതിശ്ശാസ്ത്ര ശാഖയുടെ വികാസവും പുരോഗതിയും ലക്ഷ്യമാക്കി, അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന നേരിട്ട് നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനായി 12 ജ്യോതിശ്ശാസ്ത്ര പഠനവിഭാഗങ്ങളിലായി 40 പ്രത്യേക കമ്മീഷനുകളും, 72 പ്രവര്‍ത്തക ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചുവരുന്നു. വികസ്വര രാജ്യങ്ങളില്‍ ജ്യോതിശ്ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക പദ്ധതികള്‍ തന്നെ ഐ.എ.യു ആവിഷ്കരിച്ചിട്ടുണ്ട്. പോഗ്രാം ഗ്രൂപ്സ് ഓണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍സ് ഫോര്‍ യങ് അസ്ട്രോണമേഴ്സ് (ISYA), ടീച്ചിങ് ഫോര്‍ അസ്ട്രോണമി ഡെവലപ്മെന്റ് (TAD), വേള്‍ഡ് വൈഡ് ഡെവലപ്മെന്റ് ഒഫ് അസ്ട്രോണമി (WWDA) തുടങ്ങിയവ ഇതില്‍ ചിലതാണ്. കോസ്പാറും യുനെസ്കോയുമായി സഹകരിച്ച് ഐ.എ.യു വിവിധപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു.

അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയില്‍ അംഗങ്ങളാകാം. നിലവില്‍ 86 ലോകരാഷ്ട്രങ്ങളില്‍ നിന്നായി 9600 പേര്‍ (2009) ഐ.എ.യു. വില്‍ അംഗങ്ങളായിട്ടുണ്ട്. അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ അസംബ്ലിയാണ് ഐ.എ.യു.വിന്റെ പരമാധികാരസമിതി. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജനറല്‍ അസംബ്ലി സംഘടനയുടെ ദീര്‍ഘകാല നയങ്ങള്‍ ആവിഷ്കരിക്കുന്നു. ആവിഷ്കരിക്കപ്പെടുന്ന നയങ്ങളും പരിപാടികളും നടപ്പിലാക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേകം ഓഫീസര്‍മാരുമുണ്ട്.

ജനറല്‍ അസംബ്ലി തെരഞ്ഞെടുക്കുന്ന പ്രസിഡന്റാണ് സംഘടനയെ നയിക്കുന്നത്. ബെഞ്ചമിന്‍ സെയിലാന്റ് ആയിരുന്നു സംഘടനയുടെ പ്രഥമ പ്രസിഡന്റ്; കാതറിന്‍ ജെ. സിസെര്‍സ്ക്കി ഇപ്പോഴത്തെ (2009) പ്രസിഡന്റും.

വിഖ്യാത കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞന്‍ വൈനുബാപ്പു 1967-73 കാലത്ത് ഐ.എ.യു. വിന്റെ വൈസ്പ്രസിഡന്റായും 1979-ല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നോ: വൈനുബാപ്പു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍