This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തര്‍ജാത-നിജാവര്‍ത്തനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്തര്‍ജാത-നിജാവര്‍ത്തനം
Endogenous Rhythm
നിശ്ചിത തോതിലും ദൈര്‍ഘ്യത്തിലുമുള്ള ശീതോഷ്ണം, വെളിച്ചം, ഇരുട്ട് തുടങ്ങിയ ബാഹ്യഘടകങ്ങള്‍ക്കു വിധേയമായും അനുയോജ്യമായുമുള്ള ജീവരാശികളുടെ ആവര്‍ത്തനപരമായ സവിശേഷ പ്രവര്‍ത്തനം. ബാഹ്യപ്രകൃതിയിലെ ശീതോഷ്ണം, ദിനരാത്രങ്ങള്‍, ചാന്ദ്രമാസദൈര്ഘ്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എന്നീ ഘടകങ്ങള്‍ക്ക് അനുസരണമായി ജീവജാലങ്ങളുടെ പ്രവര്ത്തനസമ്പ്രദായങ്ങളില് സമയപ്പൊരുത്തം കാണപ്പെടുന്നുണ്ട്. പ്രതിദിനവും പ്രതിവര്‍ഷവും ഏതാനും വര്‍ഷത്തിലൊരിക്കലും ക്ലുപ്തമായി ചില പ്രവര്‍ത്തന വിശേഷങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ദിവസത്തിലൊരിക്കല്‍ കൃത്യമായി സായാഹ്നത്തിലോ പ്രഭാതത്തിലോ മാത്രം പൂവ് വിരിയുന്ന ചെടികള്‍, പകല്‍ വിടര്‍ന്നു നില്ക്കുന്ന താമര, രാത്രിയില്‍ വികസിക്കുന്ന ആമ്പല്‍, പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന മുളംകാടുകള്‍ എന്നിവ ഈ ആവര്ത്തനശീലമുള്ള സസ്യങ്ങളാണ്. പകല്‍ സജീവമാകുകയും രാത്രിയില്‍ വിശ്രമിക്കുകയും ചെയ്യുന്ന അനേകം ജീവികളുണ്ട്; നേരെ മറിച്ചുള്ളവയും. സമുദ്രത്തിന്റെ ഉപരിതലങ്ങളില്‍ കഴിയുന്ന കോടാനുകോടി ചെറുജീവികള്‍ രാത്രിയില്‍ നിത്യവും മുകളിലേക്കും, പകല്‍ താഴ്ന്നഭാഗങ്ങളിലേക്കും പ്രയാണം ചെയ്യുന്നു. 'സോമലത' എന്ന ചെടിയുടെ വളര്‍ച്ചയും തളര്‍ച്ചയും ചാന്ദ്രമാസത്തിലെ പൂര്വോത്തരാര്ധങ്ങളോടൊത്തു പോകുന്നു. സ്ത്രീകളുടെ ആര്‍ത്തവക്രമം ചാന്ദ്രമാസത്തോട് ബന്ധപ്പെട്ട ആവര്‍ത്തനമാണ്. കടല്‍ ജീവികളായ പാലോലോ ഇരകള്‍ ഒ., ന. മാസങ്ങളിലെ വെളുത്തവാവിനോടടുത്ത രണ്ടു ദിവസങ്ങളില്‍ പ്രത്യുത്പാദനപ്രക്രിയക്കുവേണ്ടി നിശ്ചിത സ്ഥാനങ്ങളില്‍ തടിച്ചുകൂടുന്നത് ഫിജി തീരങ്ങളിലെ ചില ഭാഗങ്ങളില്‍ ആവര്‍ത്തിച്ചുകാണുന്ന ദൃശ്യമാണ്. പക്ഷികളുടെ അണ്ഡാശയ വളര്‍ച്ചയും അണ്ഡോത്സര്ഗത്തിനുള്ള ഒരുക്കവും പകല്‍വെളിച്ചത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഈ സമയബോധക്രമത്തില് കുറെയൊക്കെ വ്യതിയാനങ്ങളുണ്ടാക്കാന്‍ കൃത്രിമമായ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കഴിയും. പ്രാവ്, കോഴി മുതലായ പക്ഷികളില്‍ തദ്വിഷയകമായി സുപ്രധാന പഠനങ്ങള്‍ നടന്നിട്ടുണ്ട്. ആണ്ടുതോറും സമയക്ലുപ്തതയോടെ സഞ്ചരിക്കുന്ന പക്ഷികളുടെ ദേശാന്തരഗമനങ്ങള്‍ക്ക് (migration) ബാഹ്യഘടകങ്ങളായ ശീതോഷ്ണസ്ഥിതി, പകല്‍ വെളിച്ചത്തിന്റെ ദൈര്‍ഘ്യം, അന്തരീക്ഷത്തിലെ വായുസമ്മര്‍ദം എന്നിങ്ങനെ പലതും ബാധകങ്ങളാണ്.
എന്താണ് ഈ സമയബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്നത് പൂര്‍ണമായി അറിയപ്പെട്ടിട്ടില്ല. ഭൂമിയുടെ ആവര്‍ത്തനസ്വഭാവമുള്ള ഭൌതികഘടകങ്ങള്‍ പലതും ജീവിയുടെ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ ഈ സമയ ക്ളിപ്തത ഉണ്ടാക്കുന്നു. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ആന്തരികപ്രവര്ത്തനമണ്ഡലത്തില് സ്വാധീനം ചെലുത്തുന്നതാകാം അന്തര്‍ജാത-നിജാവര്ത്തനത്തിനു കാരണം. പരിസര ഘടകങ്ങളുടെ പ്രേരണയ്ക്കു വിധേയമാകാതെ പാരമ്പര്യമായി ജീവിക്കു ലഭിക്കുന്ന ഒരാന്തരിക സമയബോധമാണ് ഈ പ്രതിഭാസത്തിനുള്ള മറ്റൊരു കാരണം. 'ആന്തരികഘടികാരം' എന്ന് ഇതിനെ കരുതുന്നതില്‍ തെറ്റില്ല.
(ഡോ. എസ്. രാമചന്ദ്രന്)