This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃപ്രജനനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തഃപ്രജനനം

Inbreeding


ജനിതകപരമായി അത്യധികം അടുത്തു ബന്ധമുള്ളവര്‍ തമ്മിലുള്ള പ്രജനനപ്രക്രിയ. സംയോജിത ലിംഗവ്യവസ്ഥയുള്ള പയറ് തുടങ്ങിയ അനേകം സസ്യങ്ങളുടെ പ്രത്യുത്പാദനപ്രക്രിയയില്‍ അന്തഃപ്രജനനം നിരന്തരമായി നടക്കുന്നുണ്ടെങ്കിലും പൊതുവേ പ്രകൃതി ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായല്ല കണ്ടുവരുന്നത്. സ്വയമായി ബീജസങ്കലനം ഒഴിവാക്കുന്ന പല മാര്‍ഗങ്ങളും സംയോജിത ലിംഗവ്യവസ്ഥയുള്ള സസ്യങ്ങളില്‍ തന്നെ കാണപ്പെടുന്നുണ്ട്. നിരന്തരമായ അന്തഃപ്രജനനം പാരമ്പര്യത്തില്‍ വരുത്തിത്തീര്‍ക്കുന്ന സവിശേഷതകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നവയാണ് യോഹാന്‍സന്‍ എന്ന ശാസ്ത്രകാരന്‍ അമരയില്‍ നടത്തിയ പരീക്ഷണങ്ങള്‍. ഈജിപ്തിലെ ടോളമി, ഫറോവാ എന്നീ രാജാക്കന്‍മാര്‍ സ്വസഹോദരികളെ വിവാഹം കഴിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.


അന്തഃപ്രജനനം പാരമ്പര്യത്തില്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടാക്കുന്നു. ഒരു ജീവിയില്‍ സാധാരണയായി പ്രഭാവി ജീനുകളും (dominant genes) അപ്രഭാവിതജീനുകളും (recessive genes) കാണും. സാധാരണഗതിയില്‍ രണ്ടും ഇടകലര്‍ന്നു കാണുകയാണ് പതിവ്. ഇതിന് വിഷമയുഗ്മജത (heterozygosity) എന്നു പറയും. ഒരേതരം അപ്രഭാവി ജീനുകള്‍ മാതൃഭാഗത്തുനിന്നും പിതൃഭാഗത്തുനിന്നും സന്താനത്തില്‍ വന്നുചേരുമ്പോള്‍ അവയാല്‍ നിര്‍ണീതമാകുന്ന ദുര്‍ബലങ്ങളോ ദോഷകരങ്ങളോ ആയ സ്വഭാവങ്ങള്‍ പൂര്‍ണമായി പ്രകടിതമാകും. ജീനുകള്‍ സമയുഗ്മജ (homozygous) നിലയില്‍ എത്തിച്ചേരാന്‍ അന്തഃപ്രജനനം കാരണമാകുന്നു. അപ്രഭാവിജീനുകള്‍ നിര്‍ണയിക്കുന്ന ദുര്‍ബലസ്വഭാവങ്ങള്‍ വിഷമയുഗ്മജനിലയില്‍ പ്രകടിതമാവുകയില്ല. അന്തഃപ്രജനനം ഏറെനാള്‍ തുടര്‍ന്നാല്‍ എല്ലാ ജീനുകളും, അവ ഏതു തരത്തില്‍പ്പെട്ടതായാലും സമയുഗ്മജനിലയില്‍ എത്തിച്ചേരുന്നു. പാരമ്പര്യ ഗുണവിശേഷങ്ങള്‍ പൂര്‍ണതയിലെത്തുന്നതും ദൌര്‍ബല്യങ്ങള്‍ സ്പഷ്ടമായി പ്രകാശിതമാകുന്നതും ഇതുകൊണ്ടാണ്. ടോളമി രാജവംശത്തിന്റെ ഗുണപൌഷ്കല്യത്തിനും, ഷള്ളിന്റെ (Shull) പരീക്ഷണങ്ങളില്‍ ചോളച്ചെടികള്‍ ക്രമേണ ഗുണം കെട്ടുപോയതിനുമെല്ലാം കാരണം ഇതുതന്നെയാണ്. ചില പ്രത്യേക വംശഗുണങ്ങള്‍ നിലനിറുത്തുന്നതിന് കുതിര, കന്നുകാലി മുതലായ ജീവികളില്‍ അന്തഃപ്രജനനം വിജയകരമായി നടത്താറുണ്ട്. സ്വസഹോദരികളെ വിവാഹം കഴിക്കുന്ന സമ്പ്രദായം പരിഷ്കൃതസമുദായങ്ങളില്‍ ഇല്ലെങ്കിലും അമ്മാവന്റെ മക്കളെ (cousins) വിവാഹം കഴിക്കുന്ന രീതി ഇന്നും നിലവിലുണ്ട്. ഇത് ശരിയായ അന്തഃപ്രജനനം അല്ലെങ്കിലും ജനിതപരമായി വളരെ അടുത്ത സംയോഗമാണ്. പ്രകൃതിയുടെ ഉന്നം ഒരു ജീവിവര്‍ഗത്തെ കഴിയുന്നതും വിഷമയുഗ്മജമായി നിലനിര്‍ത്തുകയെന്നുള്ളതാണ്. അനുകൂലനത്തിനും (adaptation) ഇതാണ് കൂടുതല്‍ നല്ലതെന്ന് പരീക്ഷണങ്ങള്‍ കാണിക്കുന്നു. നോ: അനുകൂലനം

(ഡോ. എസ്. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍