This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തഃകരണം

വികാരങ്ങളുടേയും വിചാരങ്ങളുടേയും ആസ്ഥാനമായ അകത്തെ ഇന്ദ്രിയം. ആകാശാദിപഞ്ചഭൂതങ്ങളില്‍ എല്ലാം കൂടിയുള്ള സത്വഗുണാംശങ്ങള്‍ ഏകമായി ചേര്‍ന്ന് അന്തഃകരണം ഉണ്ടായി എന്ന് പഞ്ചദശിയില്‍ വിദ്യാരണ്യന്‍ പറഞ്ഞിട്ടുണ്ട്. യോഗശാസ്ത്രത്തില്‍ ചിത്തം എന്ന പദംകൊണ്ട് അന്തഃകരണത്തെ വിവക്ഷിച്ചിരിക്കുന്നു.

അന്തഃകരണത്തെ അവസ്ഥാഭേദം അനുസരിച്ച് സാംഖ്യന്‍മാര്‍ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ മൂന്നു വിധത്തിലും വേദാന്തികള്‍ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങ്ങനെ നാലു വിധത്തിലും വ്യവഹരിക്കാറുണ്ട്.

'മനോബുദ്ധിരഹങ്കാര-

ശ്ചിത്തം കരണമാന്തരം

സംശയോ നിശ്ചയോ ഗര്‍വഃ

സ്മരണം വിഷയാ ഹ്യമീ-'


എന്ന വേദാന്തമതമനുസരിച്ച് അന്തഃകരണം സംശയാവസ്ഥയിലുള്ളപ്പോള്‍ മനസ്സ് എന്നും നിശ്ചയാവസ്ഥയിലുള്ളപ്പോള്‍ ബുദ്ധി എന്നും ഗര്‍വാവസ്ഥയിലുള്ളപ്പോള്‍ അഹങ്കാരം എന്നും സ്മരണാവസ്ഥയിലുള്ളപ്പോള്‍ ചിത്തം എന്നും പറയപ്പെടുന്നു. വിശകലനം ചെയ്തു നോക്കിയാല്‍ ഈ അവസ്ഥകളുടെ ഉദ്ഭവം ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം എന്ന ക്രമത്തിലാണെന്നു കാണാം. സൃഷ്ടിക്രമം ഇങ്ങനെയാണെങ്കിലും ലൌകികാനുഭവമനുസരിച്ചുള്ള ക്രമം ചിത്തം, മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിങ്ങനെയാണ്. രജോഗുണവും തമോഗുണവും താഴ്ത്തപ്പെട്ട് സത്വഗുണം പരിസ്ഫുടമായിരിക്കുന്ന ഒരവസ്ഥയാണ് ബുദ്ധിയുടേത്. അഹങ്കാരവൃത്തിയില്‍ അന്തഃകരണം തമോഗുണപ്രധാനമാണ്; അപ്പോള്‍ സത്വവും രജസ്സും അമര്‍ത്തപ്പെട്ടിരിക്കും. സത്വവും തമസ്സും അഭിഭൂതങ്ങളായിത്തീര്‍ന്ന് അന്തഃകരണം രജോഗുണപ്രധാനമായിരിക്കുന്ന സ്ഥിതിയാണ് മനസ്സിന്റേത്. ചിത്തത്തെ ബുദ്ധിയിലന്തര്‍ഭവിച്ചതായി സാംഖ്യന്‍മാര്‍ കരുതുന്നു. ചിലപ്പോള്‍ ചിത്തത്തെ അവര്‍ അന്തഃകരണത്തിന്റെ പര്യായമായും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ വേദാന്തികള്‍ അന്തഃകരണത്തിന്റെ നാലാമതൊരു വൃത്തിവിശേഷമായി ചിത്തത്തെ പരിഗണിക്കുന്നു. പൂര്‍വകാലീനാനുഭവങ്ങളെയോ പ്രത്യക്ഷത്തിലുള്ള അറിവിനെയോ സ്മരിക്കുന്നതാണ് അതിന്റെ സ്വഭാവം. 'ചേതതി അനേന ഇതിചിത്തം' എന്നാണ് അവര്‍ അതിനു നല്കുന്ന പരിഭാഷ. ബുദ്ധി ആദ്യം ഒരിക്കല്‍ നിശ്ചയിക്കുന്നു എന്നും അതിനുശേഷമുള്ള സ്മരണവും ചിന്തനവും ചിത്തദ്വാരാ നിര്‍വഹിക്കപ്പെടുന്നു എന്നുമാണ് വേദാന്തികള്‍ സമര്‍ഥിക്കുന്നത്.


ഇന്ദ്രിയങ്ങളെ ചലിപ്പിക്കുന്നതില്‍ മനസ്സും മനസ്സിനെ ചലിപ്പിക്കുന്നതില്‍ അഹങ്കാരവും അഹങ്കാരത്തെ ചലിപ്പിക്കുന്നതില്‍ ബുദ്ധിയും പ്രാമുഖ്യേന പ്രവര്‍ത്തിക്കുന്നു. ബുദ്ധിയുടെ സര്‍വപ്രാധാന്യത്തേയും മനസ്സിന്റെ ഇന്ദ്രിയം വഴിയുള്ള ലോകസംബന്ധത്തേയും കണക്കിലെടുത്തുകൊണ്ട് കഠോപനിഷത്തില്‍ സുന്ദരമായ ഒരു കല്പനയുണ്ട്:

'ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവ തു

ബുദ്ധിം തു സാരഥിം വിദ്ധി

മനഃ പ്രഗ്രഹമേവ ച

ഇന്ദ്രിയാണി ഹയാന്യാഹുഃ

വിഷയാംസ്തത്ര ഗോചരാന്‍

ആത്മേന്ദ്രിയമനോയുക്തം

ഭോക്തേത്യാഹുര്‍മനീഷിണഃ' (കഠ-വല്ലി 3, 3-4).


ശരീരത്തെ രഥമായും ബുദ്ധിയെ സാരഥിയായും ഇന്ദ്രിയങ്ങളെ കുതിരകളായും മനസ്സിനെ കടിഞ്ഞാണായും പ്രാപഞ്ചികവിഷയങ്ങളെ ആ കുതിരകള്‍ക്ക് സഞ്ചരിക്കുവാനുള്ള മാര്‍ഗമായും ആത്മാവിനെ രഥിയായും ശരീരം, ഇന്ദ്രിയം, മനസ്സ് എന്നിവയോടുകൂടിയ ജീവാത്മാവിനെ ഭോക്താവായും ഇവിടെ വിഭാവനം ചെയ്തിരിക്കുന്നു. പ്രപഞ്ചത്തിന്റെയും ജീവാത്മാവിന്റെയും മധ്യവര്‍ത്തിയും ജ്ഞാനസാധനവുമായ അന്തഃകരണത്തിന്റെ വിഭിന്ന വൃത്തികളിലൂടെയാണ് ജീവാത്മാവിന് പ്രപഞ്ചാനുഭൂതിയുണ്ടാകുന്നത്. സിദ്ധസിദ്ധാന്തസംഗ്രഹം എന്ന കൃതിയില്‍ ചൈതന്യം എന്ന ഒരു അവസ്ഥകൂടി അന്തഃകരണത്തിന് കല്പിതമായിട്ടുണ്ട്. അപ്പോള്‍ ആ പക്ഷത്തില്‍ അന്തഃകരണം വൃത്തിഭേദമനുസരിച്ച് അഞ്ചാണ്. വിവേകം, വൈരാഗ്യം, ജ്ഞാനം, പ്രശാന്തി, ക്ഷമ എന്നിവ ബുദ്ധിയുടേയും; മാനം, മമത, സുഖം, ദുഃഖം, മോഹം എന്നിവ അഹങ്കാരത്തിന്റേയും; സങ്കല്പം, വികല്പം, ജഡത, മൂര്‍ഛ, മനനം എന്നിവ മനസ്സിന്റേയും; മതി, ധൃതി, സംസ്മൃതി, ഉത്കൃതി, സ്വീകൃതി എന്നിവ ചിത്തത്തിന്റേയും വിമര്‍ശം, ഹര്‍ഷം, ധൈര്യം ചിന്തനം, നിസ്പൃഹത എന്നിവ ചൈതന്യത്തിന്റെയും ധര്‍മങ്ങളാണ് എന്നത്രെ അവിടത്തെ നിഗമനം.


മനസ്സാക്ഷി, ഹൃദയം, ആത്മാവ്, മനസ്സ് എന്നീ അര്‍ഥങ്ങളിലും അന്തഃകരണപദം സാഹിത്യത്തില്‍ പ്രയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍