This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനോപ്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനോപ്ള

Anopla


റിങ്കോസീല എന്ന സീലോം രഹിത ജന്തുഫൈലത്തിലെ ഒരു വര്‍ഗം. വിരയുടെ രൂപമുള്ള ഇവ നീണ്ടതും അഖണ്ഡശരീരത്തോടുകൂടിയതുമാണ്. ചില ജീവികള്‍, അസാധാരണ ദൈര്‍ഘ്യം കാരണം, ചരടുപോലെ തോന്നിക്കും. തല പ്രത്യേകമായി രൂപാന്തരപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ സ്ഥാനത്ത് തലപോലെ വര്‍ത്തിക്കുന്ന ഒരു പാളി (lobe) ഉണ്ട്. മസ്തിഷ്കത്തിനു പുറകിലാണ് വായ് സ്ഥിതിചെയ്യുന്നത്. പ്രബോസിസില്‍ (proboscis) മുള്ളുകള്‍ കാണാറില്ല.


അനോപ്ളയെ പേലയോനെമര്‍ട്ടീനി, ഹെറ്ററോനെമര്‍ട്ടീനി എന്ന് രണ്ട് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പാര്‍ശ്വവര്‍ത്തിനാഡീതന്തുക്കള്‍ ദേഹഭിത്തിയിലെ രണ്ട് അട്ടിപേശികളില്‍ പുറംപേശിക്കകത്തോ അവയ്ക്കു പുറത്തോ സ്ഥിതിചെയ്യുന്നുവെന്നതാണ് പേലയോനെമര്‍ട്ടീനകളുടെ മുഖ്യലക്ഷണം. തീരത്തോടടുത്ത കടല്‍ജലത്തിലാണ് ഭൂരിഭാഗം പേലയോനെമര്‍ട്ടീനുകളും കാണപ്പെടുന്നത്. ട്യൂബുലാനസ് പ്രോകറീനിന, സെഫലോത്രിക്സ് മുതലായവ ഇതില്‍പ്പെടുന്ന പ്രധാന ജീനസ്സുകളാണ്.


ഹെറ്ററോനെമര്‍ട്ടീനുകളില്‍ പാര്‍ശ്വവര്‍ത്തിനാഡീതന്തുക്കള്‍ സ്ഥിതിചെയ്യുന്നത് ദേഹഭിത്തിയിലെ പുറത്തെ അനുദൈര്‍ഘ്യ പേശിക്കും അകത്തെ വര്‍ത്തുളപേശിക്കും ഇടയിലാണ്. ലീനിയസ്, യൂബോര്‍ലാസിയ തുടങ്ങിയ സുപരിചിതമായ ജീനസ്സുകള്‍ ഈ ഗോത്രത്തില്‍പ്പെടുന്നു. ലീനിയസ് റൂബര്‍ വളരെയധികം പഠനവിഷയമായ സ്പീഷീസാണ്.


(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍