This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനോനേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനോനേസീ

Annonaceae


വൃക്ഷങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി ലതകളും അടങ്ങിയിട്ടുള്ള ഒരു സസ്യകുടുംബം. ബന്തം-ഹുക്കര്‍ പദ്ധതിയനുസരിച്ച് ദ്വിബീജസസ്യങ്ങളില്‍ 'പോളിപെറ്റലെ'യിലെ 'താലാമിഫ്ളോറെ' എന്ന പരമ്പരയിലെ 'റനെയില്‍സ്' എന്ന ഗോത്രത്തിലാണ് ഈ സസ്യകുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കുടുംബത്തില്‍ 80-ല്‍ ഏറെ ജീനസ്സുകളും 850-ല്‍പ്പരം സ്പീഷീസുമുണ്ട്. മുഖ്യമായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ സസ്യങ്ങള്‍ വളരുന്നത്.


പത്രങ്ങള്‍ക്കും പട്ടയ്ക്കും പ്രത്യേക ഗന്ധമുണ്ട്. ലഘുപത്രങ്ങള്‍, അനനുപര്‍ണീയം (exstipulae), ഏകാന്തരന്യാസം (alternate), ഋജുവായ പത്രസീമാന്തം എന്നിവ ഈ സസ്യങ്ങളുടെ പ്രത്യേകതകളാണ്. പുഷ്പങ്ങള്‍ ഉഭയലിംഗികളാണ്. മൂന്നു ബാഹ്യദളങ്ങള്‍ കാണാം. ഒരു വൃത്തത്തില്‍ മൂന്നു ദളങ്ങളോ, അഥവാ രണ്ടു വൃത്തങ്ങളിലായി ആറു ദളങ്ങളോ കാണാറുണ്ട്. (3-3) 'സര്‍പ്പിള' ക്രമീകരണത്തിലുള്ള കേസരങ്ങള്‍ ധാരാളമായി കാണാം. ഓരോ ജനിപര്‍ണവും ഓരോ പ്രത്യേക അണ്ഡാശയമായി വളരുന്നു. ഓരോ അണ്ഡാശയത്തിലും ഒന്നോ അതിലധികമോ ബീജാണ്ഡങ്ങള്‍ ഉണ്ട്.
അനോനേസീ:ആത്ത 1.പു​ഷ്പങ്ങളോടുകൂടിയ ശാഖ 2.പരിദളപുടം(Perianth) 3.പരിദളപുടത്തിന്‍റ ഒരു ഇതള്‍ 4.അണ്ഡാശയത്തിന്‍റ അനുദൈര്‍ഘ്യഛേദം 5.ആന്തര്‍ 6.ബാഹ്യദളം7.അണ്ഡാശയത്തിന്‍റ അനുപ്രസ്ഥഛേദം8.തലാമസ്9.ഫലം


അമ്രകങ്ങളോ 'സരള' ഫലങ്ങളോ ചേര്‍ന്ന പുഞ്ജഫലമാണുള്ളത്. ആത്തയില്‍ അണ്ഡാശയങ്ങളും തലാമസും സംയോജിച്ചുണ്ടാകുന്ന സംയുക്ത മാംസളപുഞ്ജഫലം കാണാം. വിത്തുകളിലെ ബീജാന്നം വിത്തിന്റെ ഭിത്തികളുടെ അകത്തേയ്ക്കുള്ള വളര്‍ച്ചകൊണ്ട് പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു(ruminate endosperm).


അനോന സ്ക്വാമോസ (Annona squamosa) അഥവാ ആത്ത; അനോന മ്യൂരിക്കേറ്റ (A.muricata) അഥവാ മുള്ളാത്ത; പോളിയാല്‍ത്തിയ ലോഞ്ചിഫോളിയ (Polyalthia longiflia) അഥവാ അരണമരം; ആര്‍ടാബോട്രിസ് ഓഡോറാറ്റിസ്സിമസ് (Artabotrys odoratissimus) അഥവാ മനോരഞ്ജിതം; കനംഗ ഓഡോറേറ്റ (Conanga odorata) അഥവാ കനംഗമരം ഇവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അനോനേസി കുടുംബത്തിലെ ചെടികള്‍. ഇവയെ ഉദ്യാനസസ്യങ്ങളായും വളര്‍ത്താറുണ്ട്. കനംഗയില്‍ നിന്നും അതേ പേരിലുള്ള വാസനദ്രവ്യം ലഭിക്കുന്നു.


(ഡോ. ജോസ് കെ. മംഗലി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8B%E0%B4%A8%E0%B5%87%E0%B4%B8%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍