This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുകൂലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുകൂലനം

Adaptation


ജീവികളുടെ പരിസരവുമായുള്ള സമഞ്ജസമായ ഒത്തിണങ്ങല്‍. എല്ലാ ചുറ്റുപാടിലും അവിടത്തെ ജീവികള്‍ ശാരീരികഘടനയിലും പ്രവര്‍ത്തനത്തിലും അത്യന്തം പൊരുത്തപ്പെട്ടുപോകുന്നു. ജീവികളെന്ന നിലയ്ക്കുള്ള അവിടത്തെ വിജയത്തിന് ഈ അനുകൂലനം അനിവാര്യമാണ്. ഒരു ജീവിയെ സംബന്ധിക്കുന്ന എല്ലാ മണ്ഡലങ്ങളിലും അനുകൂലനം എന്ന പ്രതിഭാസം സ്പര്‍ശിക്കുന്നതുകൊണ്ട് ഈ പ്രശ്നം അതിസങ്കീര്‍ണമാണ്. ജീവിയും പരിസരഘടകങ്ങളുമായുള്ള പൊരുത്തവും അതിന്റെ ആന്തരികഘടകാവയവങ്ങളില്‍ അന്യോന്യമുള്ള പൊരുത്തങ്ങളും ഈ അനുകൂലനത്തില്‍പെടുന്നു.


ആന്തരികം. ശരീരഘടകങ്ങളായ അവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് ആന്തരികമായ അനുകൂലനത്തിന്റെ അടിസ്ഥാനം. ഉദാഹരണമായി, ചലനമെന്ന പ്രക്രിയ പരിശോധിക്കാം. അസ്ഥിഭാഗങ്ങളും മാംസപേശികളും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോഴാണ് വിരലുകള്‍ ചലിക്കുന്നതും കാലുകള്‍ നീങ്ങുന്നതും. കേള്‍വി, കാഴ്ച എന്നീ അനുഭൂതികള്‍ക്ക്, ഇന്ദ്രിയഘടകങ്ങളും നാഡീഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. സൂക്ഷ്മപരിശോധനയില്‍ ഒരു ജീവിയുടെ ഓരോ പ്രത്യേക പ്രവര്‍ത്തനത്തിലും അനവധി അവയവങ്ങളും അവയുടെ ഘടകങ്ങളും പൊരുത്തത്തോടെ ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമഞ്ജസമായി കൊണ്ടുപോകുന്നതില്‍ നാഡീവ്യൂഹത്തിന് പ്രധാനമായ പങ്കുണ്ട്. പരിസരഘടകങ്ങള്‍ക്ക് വിധേയമായ ഇന്ദ്രിയങ്ങളിലൂടെ പ്രേരണകളുള്‍ക്കൊണ്ട് ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നു. ഒരു പ്രത്യേക പ്രവര്‍ത്തനത്തെ ലാക്കാക്കിയുള്ള ശരീരഘടന പരിശോധിച്ചാല്‍ അതിസൂക്ഷ്മങ്ങളായ അംശങ്ങളില്‍പോലും ദൃശ്യമാകുന്ന യാന്ത്രികരൂപത്തിലുള്ള അനുയോജ്യത അദ്ഭുതം ഉളവാക്കുന്നതാണ്. കൊതുകിന്റെ അതിലോലവും സങ്കീര്‍ണവുമായ വായ്ഘടകങ്ങള്‍ രക്തം വലിച്ചെടുക്കുന്നതിന് അനുയോജ്യമായിരിക്കുന്നു. അതിന്റെ ഭാഗങ്ങള്‍ പരസ്പരപൂരകങ്ങളായ അനേകം ഉപഭാഗങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നു. പരസ്പരബന്ധത്തോടും ആശ്രയത്തോടുമുള്ള അവയവങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ആന്തരികമായ അനുകൂലനം ഉണ്ടാക്കുന്നത്.


ബാഹ്യം. ബാഹ്യലോകവുമായുണ്ടാകുന്ന അനുകൂലനം എല്ലാ ജീവജാലങ്ങളിലും ദൃശ്യമാണ്. വൈവിധ്യമാര്‍ന്ന പരിസരങ്ങള്‍ അവയ്ക്കു പൂര്‍ണമായി ഇണങ്ങിയതരം ജീവികളെ ഉള്‍ക്കൊള്ളുന്നു. ജലത്തിലും കരയിലും വൃക്ഷത്തിലും ഭൂമിക്കടിയിലും പരശരീരത്തിലും മരുഭൂമിയിലും കഴിയുന്ന ജീവികള്‍ അതതു പരിസരങ്ങളോട് അങ്ങേയറ്റം അനുയോജ്യമായ ശരീരഘടനയും പ്രവര്‍ത്തനരീതികളും ഉള്ളവയാണ്. ഈ വസ്തുത നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിട്ടാണ്, പ്രസിദ്ധ പുരാജീവിഗവേഷകനായ ഓസ്ബോണ്‍ ഒരു ജീവശാസ്ത്രനിയമമായി 'അനുകൂലക വികിരണം' (adaptive radiation) എന്ന തത്ത്വം ആവിഷ്കരിച്ചത്. ബഹുമുഖങ്ങളായ പരിതഃസ്ഥിതികളുള്ള ഒരു വിസ്തൃത ഭൂഖണ്ഡത്തില്‍, ജീവികളെ നാനാഭാഗത്തേക്കുമുള്ള യോജ്യതാപരമായ ഒരു വികിരണത്തിന്, അതായത് അവയ്ക്കു സഹജമായ അനുയോജ്യതയ്ക്ക് വിധേയമാക്കുന്നു. ഒരു സാമാന്യപ്രകൃതിയില്‍നിന്നും കാലക്രമേണ പലതായി തിരിഞ്ഞ് ആ ഭൂഖണ്ഡം പ്രദാനം ചെയ്യുന്ന ഏതൊരു വ്യത്യസ്തപരിസരത്തിലും ഒത്തിണങ്ങിക്കഴിയാനുള്ള വിധം അവ രൂപം പ്രാപിക്കുന്നു. ഇതേ കാരണംകൊണ്ടു തന്നെയാണ് 'അഭികേന്ദ്രസരണപരിണാമം' (convergent evolution) എന്ന മറ്റൊരു പ്രതിഭാസവും ജീവികളില്‍ കാണുന്നത്. വിഭിന്ന വര്‍ഗങ്ങളില്‍പെട്ട ജീവികള്‍ ഒരേ പരിതഃസ്ഥിതിയില്‍ ഒരേ ജീവിതസമ്പ്രദായം കൈക്കൊള്ളുകയാണെങ്കില്‍ സമാനമായ ശരീരഘടനയും പ്രവൃത്തിവിശേഷങ്ങളും കാണിക്കുന്നു. മത്സ്യവും തിമിംഗലവും അനേക ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന 'ഇക്തിയോസോറും' (Ichthyosaur) ആകൃതിയിലും പ്രകൃതിയിലും സാദൃശ്യങ്ങള്‍ കാണിക്കുന്നവയാണ്. ഇവയ്ക്കു പൊതുവായുള്ള ജലജീവിതമാണ് ഇതിന് കാരണം. നിലം തുരക്കുന്ന വിട്ടിലിനെയും (Gryllotalpa), സസ്തനിയായ 'മോളി'നെയും (Mole) ശ്രദ്ധിക്കുക. കൂര്‍ത്ത ശിരോഭാഗവും പ്രവര്‍ത്തനശേഷി കുറഞ്ഞ ശുഷ്കിച്ച കണ്ണുകളും മണ്ണിളക്കാന്‍ പര്യാപ്തമായ മുന്‍കാലുകളും അവയില്‍ പൊതുവായി കാണുന്നു.


അനുകരണം. അനുകൂലനത്തെക്കുറിച്ചുള്ള പരിഗണനയില്‍ അനുകരണം (mimicry), സംരക്ഷണനിറങ്ങള്‍ (protective colouration), പരോപജീവികളുടെ സവിശേഷതകള്‍, പ്രാണികളിലെ സാമൂഹ്യജീവിതം എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഉറുമ്പിനത്തില്‍പ്പെടുന്ന നീറിന്റെ (Oecophylla) കോളനികള്‍ക്ക് സമീപം കഴിയുന്ന ഒരിനം എട്ടുകാലി (Myrmarachna) നിറത്തിലും വലുപ്പത്തിലും നീറിനോടു വളരെ സാമ്യമുള്ളവയാണ്. വിഷമില്ലാത്ത ഹെറ്റരോഡോണ്‍ (Heterodon) എന്നയിനം പാമ്പ് മൂര്‍ഖനെപ്പോലെ പത്തി വിടര്‍ത്തുകയും ചീറ്റുകയും ചെയ്യുന്നു. പക്ഷികള്‍ ഭക്ഷിക്കാത്ത 'മോണാര്‍ക്ക്' (Monarch) ശലഭങ്ങളോട് വര്‍ണസംവിധാനത്തില്‍ (colour pattern) ഏതാണ്ട് തുല്യത പൂലര്‍ത്തിക്കൊണ്ട് അതേ പരിസരത്തില്‍ 'വൈസ്റോയി' (viceroy) ശലഭങ്ങളും കഴിയുന്നു. പല വണ്ടുകളും സ്പര്‍ശനമാത്രയില്‍ കമ്പിച്ചു നിലം പതിച്ച് ചത്തതുപോലെ കിടക്കുന്നു. ശത്രുക്കളില്‍നിന്നു രക്ഷനേടുന്നതിന് പ്രകൃതിയില്‍ കാണുന്ന അനുകരണമാര്‍ഗങ്ങളാണ് ഇവയെല്ലാം നോ: അനുകരണം


പരിവര്‍ത്തനം. അനുകൂലനം ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് പരോപജീവിയായ ഫാഷ്യോള ഹെപ്പാറ്റിക്ക(Fasciola hepatica)യുടെ ശരീരഘടനയും ജീവിതചക്രവും പരിശോധിച്ചാല്‍ മനസ്സിലാവുന്നതാണ്. ഇവയുടെ വാസം ചെമ്മരിയാടിന്റെ പിത്തവാഹിനിയിലാണ്. ഇലപോലെ പരന്ന ശരീരം, അള്ളിപ്പിടിക്കാന്‍ പുറംതൊലിയില്‍ കൊച്ചു മുള്ളുകള്‍, രണ്ടു ചൂഷകാംഗങ്ങള്‍ (suckers), ആഹാരം വലിച്ചെടുക്കാന്‍ പറ്റിയ ആമാശയഘടന എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ആവശ്യമില്ലാത്ത അവയവങ്ങള്‍ക്കെല്ലാം ക്ഷയിക്കല്‍ സംഭവിച്ചിരിക്കുന്നു. പ്രത്യുത്പാദനാവയവങ്ങള്‍ മാത്രം വൈപുല്യമാര്‍ന്നതാണ്. നിത്യജീവിതത്തിലെ പ്രശ്നങ്ങളായ ആഹാരസമ്പാദനം, താമസസൌകര്യം, ശത്രുക്കളില്‍നിന്നുമുള്ള സംരക്ഷണം എന്നിവ ഒരു പരോപജീവിക്ക് നിസ്സാരങ്ങളാണെങ്കിലും പിന്‍തലമുറയെ വിജയകരമായി മറ്റൊരു പരപോഷിയില്‍ എത്തിക്കുകയെന്നത് കടുത്ത പ്രശ്നം തന്നെയാണ്. ദുര്‍ഘടമായ ഈ പാത തരണം ചെയ്യാന്‍ പര്യാപ്തമായ വിധത്തില്‍ സങ്കീര്‍ണമാണ് പ്രത്യുത്പാദനാവയവങ്ങള്‍. അത്യധികം അണ്ഡങ്ങള്‍ ഉത്പാദിപ്പിച്ച് സംഭരണം ചെയ്തശേഷം ജീവിതദശകള്‍ ആരംഭിക്കുകയും മധ്യസ്ഥനായ മറ്റൊരു പരപോഷിയില്‍ ഇതിന്റെ കുറെ ഭാഗം നിര്‍വഹിക്കുകയും ചെയ്തിട്ട് വീണ്ടും നിശ്ചിത പരപോഷിയില്‍ എത്താനുതകുന്നവിധം ജീവിതചക്രത്തിന്റെ അന്ത്യഭാഗം രൂപവത്കൃതമാകുകയും ചെയ്യുന്ന ഇവയുടേത് സവിശേഷമായ അനുകൂലനംതന്നെ. ഒട്ടകത്തിന്റെ ശരീരഘടന മരുഭൂമിയുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയതാണ്. ജലം അസുലഭമായിരിക്കേ അത് കിട്ടുമ്പോള്‍ സംഭരിക്കാനും അല്പാല്പമായി ഉപയോഗിച്ച് കുറെ ദിവസങ്ങള്‍ ജലപാനമില്ലാതെതന്നെ കഴിയാനും അതിനു സാധിക്കുന്നു. മാത്രമല്ല, താഴുന്ന മണലില്‍ പുതഞ്ഞുപോകാത്ത പാദങ്ങളും അത്യുഷ്ണത്തില്‍ നിന്നും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളെ രക്ഷിക്കാന്‍ പാകത്തില്‍ ഉയര്‍ത്തിപ്പിടിച്ച തലയും ഒട്ടകം മരുഭൂമിയോട് എത്ര വളരെ ഇണങ്ങിയതാണ് എന്നു കാണിക്കുന്നു.


വ്യവസായമേഖലകളിലുള്ള ചില നിശാശലഭങ്ങള്‍ (moths) ഇരുണ്ടതും മങ്ങിയതുമായ നിറങ്ങളില്‍ കാണപ്പെടുന്നു. പ്രസ്തുത പ്രദേശങ്ങള്‍ വ്യവസായമേഖലകളാകുന്നതിനുമുമ്പേ നിറംമങ്ങിയ ഇനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, വ്യവസായശാലകളിലെ നിരന്തരമായ പുകപടലം കൊണ്ട് പരിസരം ഇരുണ്ടുപോയപ്പോള്‍ ഇരുണ്ട നിറമുള്ളവ ക്രമേണ കൂടിവരികയും ഏതാണ്ട് 80 ശ.മാ. വരെ ആകുകയും ചെയ്തിട്ടുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇതു പ്രകൃതിയുടെ തിരഞ്ഞെടുപ്പിന്റെ ഫലമായുണ്ടാകുന്ന വ്യതിയാനമാണെന്ന് ഡോ. കെറ്റില്‍വെല്ലിന്റെയും മറ്റും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അനുകൂലനം എങ്ങനെ വന്നുചേരുന്നുവെന്നതിന് ഈ പഠനം നല്ലൊരുദാഹരണമാണ്. ഒരു സ്പീഷീസുതന്നെ രണ്ടോ അതില്‍ കൂടുതലോ രൂപഭേദങ്ങളോടുകൂടി ഒരു നിശ്ചിതാനുപാതത്തില്‍ ഒരേ സ്ഥലത്ത് തന്നെ കഴിഞ്ഞുകൂടുന്നതിന് ചില ശലഭങ്ങളും (Papilio) ഒച്ചുകളും (Snails) മറ്റും ഉദാഹരണങ്ങളാണ്. സന്തുലിത ബഹുരൂപത (balanced polymorphism) എന്നാണിതിനു പേര്. സ്പീഷീസിന്റെ വിജയത്തിന് ഈ പ്രതിഭാസം പ്രയോജനകരമാണ്.


വര്‍ഗീകരണം. അനുകൂലനത്തെ പൊതുവിലുള്ളതെന്നും സവിശേഷമായതെന്നും രണ്ടായി തിരിക്കാം. ജലജീവികള്‍ക്ക് നീന്താനും ശ്വാസോച്ഛ്വാസം ചെയ്യാനും മുങ്ങാനും പൊങ്ങാനും സഹായകമായ ഒരു പൊതു ഘടനയുണ്ട്. അതുപോലെ ധാരാളമായ രോമപ്രകൃതി, വെള്ളനിറം എന്നിവ ഹിമാവൃതമായ ധ്രുവ (polar) പ്രദേശങ്ങളിലെ ജീവികളുടെ പൊതുസ്വഭാവമാണ്.


ഒരു പ്രത്യേക ജീവിതരീതിക്കുവേണ്ടിയുള്ള സവിശേഷമായ അനുയോജ്യത ചില ജീവികളില്‍ പ്രകടമാണ്. മാംസഭുക്കുകളുടെ ദന്തഘടന, തേനീച്ചകളുടെ സാമൂഹിക ജീവിതത്തിനനുസരണമായ പ്രത്യേക ഘടനകള്‍ എന്നിവ സവിശേഷമായ അനുകൂലനത്തിന് ഉദാഹരണങ്ങളാണ്. ഇത്രമാത്രം സങ്കുചിതമായ അനുകൂലനം പലപ്പോഴും സ്പീഷീസിന്റെ വര്‍ഗനാശത്തിന് ഇടയാക്കിയിട്ടുള്ളതിന് തെളിവുകളുണ്ട്.


അനുകൂലനം എങ്ങനെ ഉണ്ടാകുന്നു. അനുകൂലനം എങ്ങനെ വന്നുചേരുന്നു എന്നത് ശരിയായി അറിയപ്പെട്ടിട്ടില്ലെങ്കിലും, സഹജമായ പരിണാമപ്രക്രിയയുടെ കാതലായ ഭാഗമാണ് അതെന്നത് സ്പഷ്ടമാണ്. ജീവി-അതിന്റെ പ്രവര്‍ത്തനം - പരിസരം എന്നിവ ഒരു കോംപ്ളക്സാണ്. ജീവി സ്വപ്രവര്‍ത്തനത്തിലൂടെ പരിസരവുമായി യോജിക്കുന്നുവെന്നും അതല്ല പരിസരഘടകങ്ങള്‍ ജീവിയെ തദനുയോജ്യമായ തരത്തില്‍ രൂപപ്പെടുത്തിയെടുക്കുന്നുവെന്നും രണ്ടു വീക്ഷണങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അനുകൂലനം കൈവരുത്തുന്നതില്‍ രണ്ടും തുല്യമായ ഘടകങ്ങളാണെന്നാണ് ഇന്നത്തെ ചിന്താഗതി. പാരമ്പര്യത്തിന് അടിസ്ഥാനമായ ജീനുകള്‍ ഒരളവുവരെ പരിസരഘടകങ്ങളാല്‍ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് വാഡിങ്ടണ്‍ (Waddington) പ്രഭൃതികളുടെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പരിണാമവാദികളായ സിംപ്‍സണ്‍ തുടങ്ങിയവരും ഈ അഭിപ്രായത്തോടു യോജിക്കുന്നു. ജീനുകള്‍ ഉത്പരിവര്‍ത്തന(mutation) വിധേയമാണ്. അനിശ്ചിതവും യാദൃച്ഛികവുമായ ഉത്പരിവര്‍ത്തനങ്ങളാണ് പാരമ്പര്യ പ്രക്രിയയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നതിന്റെ മുഖ്യ കാരണം. ഈ വ്യതിയാനങ്ങളെ പരിസരവുമായി ഇണക്കിയെടുക്കുന്നത് പ്രകൃതിനിര്‍ധാരണത്തിലൂടെയാണ്. അനുസ്യൂതമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ അനുക്രമമായി അനുകൂലനത്തെ പുഷ്ടിപ്പെടുത്തുന്നു. പരിസരഘടകങ്ങള്‍ നിലവിലുള്ള ജീവികള്‍ക്ക് എപ്പോഴെങ്കിലും ദോഷമായി വരുമ്പോള്‍ (കൊതുകിനെ നശിപ്പിക്കുവാന്‍ ഡി.ഡി.റ്റി. ഉപയോഗിക്കുന്നത് ഈ ജീവിയെ സംബന്ധിച്ചിടത്തോളം പരിസരത്തിലെ വലിയ ഒരു പൊരുത്തക്കേടാണ്.) അവയ്ക്ക് വന്‍തോതില്‍ നാശം സംഭവിക്കുമെങ്കിലും ക്രമേണ അവ വീണ്ടും പ്രകൃതിയോടിണങ്ങിവരുന്നതായി കാണുന്നുണ്ട്. ഡി.ഡി.റ്റിയെ അതിജീവിച്ചുകൊണ്ട് വീണ്ടും കൊതുകുകള്‍ സമൃദ്ധമാകാന്‍ തുടങ്ങിയിട്ടുള്ളത് പ്രകൃതി അനുകൂലമായ ഉത്പരിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ്.

(ഡോ. എസ്. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍