This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാഥമന്ദിരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനാഥമന്ദിരം

Orphanage


അനാഥശിശുക്കള്‍ക്കു പാര്‍പ്പിടവും മറ്റു സംരക്ഷണങ്ങളും നല്കുന്ന സ്ഥാപനങ്ങള്‍. അന്തേവാസികളായ ശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കുതകുന്ന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യലക്ഷ്യം.


അനാഥരായിത്തീരുന്ന കുട്ടികളെ സംരക്ഷിക്കുകയെന്നത് പണ്ടുമുതല്ക്കേ ഉയര്‍ന്നുവന്നിട്ടുള്ള ഒരു സാമൂഹിക പ്രശ്നമാണ്. 1800-നു മുമ്പുതന്നെ യു.എസ്സില്‍ അനാഥമന്ദിരങ്ങള്‍ സ്ഥാപിതമായി. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിലാണ് ഇവ ശ്രദ്ധിച്ചിരുന്നത്. 1552-ല്‍ ഇംഗ്ളണ്ടില്‍ ഏതാനും സ്വകാര്യ സംഘടനകള്‍ അനാഥാലയങ്ങള്‍ നടത്തിപ്പോന്നു. ക്രിസ്തീയ സഭകളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ അനാഥശിശു സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അനാഥമന്ദിരങ്ങളുടെ സ്ഥാപനത്തില്‍ ഇന്ത്യയും ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ അനാഥമന്ദിരങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു ശ. കഴിഞ്ഞിരിക്കുന്നു. സാമ്പത്തികഭദ്രതയുള്ള മാതാപിതാക്കള്‍ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന സമ്പ്രദായവും വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്നു.


അനാഥശിശുസംരക്ഷണം എന്ന സാമൂഹിക കര്‍ത്തവ്യത്തിന് 19-ാം ശ.-ത്തിന്റെ അവസാനം വരെ ഇന്നത്തെപ്പോലെ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല. വിധവകള്‍ക്കും, അനാഥര്‍ക്കുംവേണ്ടി 1864-ല്‍ ജ്യോതിറഫൂലെ പൂനയില്‍ ഒരു അനാഥാലയം സ്ഥാപിച്ചു. അന്നുവരെ യാചകമന്ദിരങ്ങളായിരുന്നു ശിശുക്കളുടെ രക്ഷാകേന്ദ്രങ്ങള്‍. അവര്‍ക്കു ശാരീരികവും മാനസികവുമായി ആരോഗ്യകരമായ വളര്‍ച്ച നല്കുന്ന സാഹചര്യങ്ങള്‍ വിരളമായിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ ശിശുസംരക്ഷണം സമൂഹത്തിന്റെ ഒരു കര്‍ത്തവ്യമായി പരക്കെ അംഗീകരിക്കപ്പെട്ടു. ഗവണ്‍മെന്റുകളോടൊപ്പം ദേശീയവും അന്തര്‍ദേശീയവുമായ ധര്‍മസ്ഥാപനങ്ങളും ഈ ആശയത്തെ ഉയര്‍ത്തിപ്പിടിച്ചു. നിരവധി 'അനാഥമന്ദിരങ്ങ'ളും 'ശിശുഭവനങ്ങ'ളും നിലവില്‍വന്നു.


ഓരോ ശിശുവിനും സ്വന്തമായി ഒരു വീടും കുടുംബവും നല്കുക എന്നത് ആധുനിക ശിശുസംരക്ഷണത്തിന്റെ അംഗീകൃത തത്ത്വമാണ്. ഈ തത്ത്വത്തില്‍ ഊന്നിക്കൊണ്ടാണ് 1906-ല്‍ ഒന്നാം വൈറ്റ്ഹൌസ് സമ്മേളനം നടത്തപ്പെട്ടത്. ഭക്ഷണം, വസ്ത്രം, ഔഷധം എന്നിവ ലഭ്യമാക്കുന്നതിനും സാമൂഹിക ക്ഷേമം, കുടുംബഭദ്രത എന്നിവ ഉറപ്പു വരുത്തുന്നതിനും പദ്ധതികള്‍ ആസൂത്രിതമായതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. 1883-ല്‍ പാരീസില്‍ ചേര്‍ന്ന ഒന്നാം അന്താരാഷ്ട്ര ശിശുക്ഷേമ സമ്മേളനവും, 1928-ല്‍ നടന്ന ഒന്നാം അന്താരാഷ്ട്ര സാമൂഹിക പ്രവര്‍ത്തക സമ്മേളനവും അനാഥമന്ദിരങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കുകയുണ്ടായി. 1948-ല്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ശിശുസംരക്ഷണത്തിനു പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. അന്താരാഷ്ട്ര ശിശുക്ഷേമസമിതി, ലോകാരോഗ്യസംഘടന എന്നിവയും ഈ വിഷയത്തില്‍ ശ്രദ്ധാര്‍ഹമായ പങ്കു വഹിക്കുന്നു. നോ: ശിശുസംരക്ഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍