This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനലെപ്റ്റിക്കുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനലെപ്റ്റിക്കുകള്‍
Analeptics
കേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ഔഷധങ്ങള്‍. താഴെ പറയുന്ന വിഷമാവസ്ഥകളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു: (i) ശ്വസനക്രിയ സംബന്ധിച്ചുള്ള സ്ഥായിയായ തകരാറുമൂലം ശരീരത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് സംഭരിക്കുക. (ii) നിശ്ചേതകമരുന്നുകള്‍ (anaesthetics) പ്രയോഗിച്ചതിന്റെ ഫലമായി ശ്വാസഗതി മന്ദീഭവിക്കുക. (iii) രക്തസമ്മര്‍ദം കുറയുമാറ് രക്തചംക്രമണം പരാജയപ്പെടുക. (iv) ബാര്‍ബിറ്റുറേറ്റുകള്‍ (barbiturates) മുതലായ ഉറക്കമരുന്നുകളോ, മോര്‍ഫീന്‍ മുതലായ മയക്കുമരുന്നുകളോ, ഫിനാസറ്റിന്‍ മുതലായ വേദനാ നിവാരണികളോ അധിമാത്രയില്‍ (overdose) കഴിച്ചതുമൂലം കേന്ദ്ര നാഡീവ്യൂഹം തളരുകയും ശ്വാസഗതി മന്ദീഭവിക്കുകയും ചെയ്യുക. ഇവയ്ക്കു പുറമേ ജീവകങ്ങളുടെ കുറവിനാലും, അസിഡോസിസ് (Acidosis), കീറ്റോസിസ് (Ketosis), യുറീമിയ (Uremia) മുതലായ വിഷമാവസ്ഥകളാലും ഉണ്ടാകുന്ന തളര്‍ച്ച നീക്കുന്നതിനും അനലെപ്റ്റിക്കുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. ഈ ഔഷധങ്ങളുടെ പ്രവര്‍ത്തനരീതി ഇപ്പോഴും വ്യക്തമായി അറിയപ്പെട്ടിട്ടില്ല.
മന്ദീഭവിച്ച ശ്വാസഗതിയേയും താണുപോയ രക്തസമ്മര്‍ദത്തെയും സാധാരണനിലയിലെത്തിക്കുവാന്‍ പറ്റിയ വിധം കേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ഒരു നല്ല അനലെപ്റ്റിക്കിന്റെ മുഖ്യമായ ഗുണധര്‍മം (property). എന്നാല്‍ അനലെപ്റ്റിക്കുകളായി പ്രവര്‍ത്തിക്കുന്ന മിക്ക ഔഷധങ്ങളും അധിമാത്രയില്‍ കഴിച്ചാല്‍ കമ്പനകാരികള്‍ (convulsants) ആണ്. അതായത് അവ ശരീരത്തില്‍ വിറയല്‍, കോച്ചി വലിക്കല്‍ എന്നീ വിഷമാവസ്ഥകള്‍ സഞ്ജനിപ്പിക്കും. ആകയാല്‍ ഈ സംഗതികൂടി കണക്കിലെടുത്തിട്ടുവേണം രോഗിക്കു കൊടുക്കേണ്ട മാത്രകള്‍ നിര്‍ണയിക്കുക.
ചില പ്രധാനപ്പെട്ട അനലെപ്റ്റിക്കുകള്‍ താഴെ പറയുന്നവയാണ്:
1. പിക്രൊടോക്സിന്‍ (Picrotoxin). കോക്കുലസ് ഇന്‍ഡിക്കസ് (Cocculus indicus) തുടങ്ങിയ കോക്കുലസ് സസ്യവര്‍ഗങ്ങളിലെ കുരുവില്‍നിന്ന് (ഉദാ. നഞ്ചിന്‍ കുരു) ലഭിക്കുന്ന ഒരു രാസവസ്തു. ചെറിയ മാത്രയില്‍ ആവര്‍ത്തിച്ചുകൊടുക്കുക എന്നതാണ് ഇതിന്റെ പ്രയോഗരീതി. ബാര്‍ബിറ്റുറേറ്റുകള്‍ അമിതമായികഴിച്ചാല്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ക്ക് ഇതു ഫലപ്രദമായ ഒരു പ്രതിവിധിയാണ്. മാത്ര അല്പം കൂടിപ്പോയാല്‍ കമ്പനകാരിയായി പ്രവര്‍ത്തിക്കും.
2. സ്റ്റ്രിക്നിന്‍ (Strychine). കാഞ്ഞിരക്കുരുവിലുള്ള ഒരു ആല്‍ക്കലോയ്ഡ്. ഇതിന്റെ പ്രവര്‍ത്തനം ബാര്‍ബിറ്റുറേറ്റിന്റേതിന് ഘടകവിരുദ്ധമാണ്. പിക്രൊടോക്സിനെ അപേക്ഷിച്ച് ഇതിന് അനലെപ്റ്റികപ്രവര്‍ത്തനം കുറവായിക്കാണുന്നു. വല്ലാത്ത കയ്പുള്ള ഈ വസ്തുവിന്റെ ഉപയോഗം ആധുനികചികിത്സയില്‍ വളരെ കുറഞ്ഞുപോയിട്ടുണ്ട്.
3. കര്‍പ്പൂരം (Camphor). ജപ്പാന്‍, ബോര്‍ണിയോ, സുമാറ്റ്രാ എന്നിങ്ങനെ ചില രാജ്യങ്ങളില്‍ സുലഭമായിക്കാണുന്ന കര്‍പ്പൂരമരങ്ങളില്‍നിന്ന് വാറ്റിയെടുത്തുകിട്ടുന്ന ബാഷ്പശീലമുള്ള ഒരു പദാര്‍ഥം. വെളുത്ത ക്രിസ്റ്റലുകളായി ഇതു വിപണിയിലെത്തുന്നു. ഇതിന് തുളച്ചുകയറുന്ന മണവും എരിവുള്ള രുചിയും ഉണ്ട്. എണ്ണയില്‍ 10 ശ.മാ. ലായനിയുണ്ടാക്കി തൊലിക്കു താഴെ കുത്തിവയ്ക്കുകയായിരുന്നു ഇതിന്റെ പ്രയോഗരീതി. ഇന്നത്തെ ചികിത്സാ സമ്പ്രദായത്തില്‍ ഇതിന്റെ പ്രചാരം കുറഞ്ഞു പോയിരിക്കുന്നു.
4. കഫീന്‍ (Caffeine). ചായയിലും കാപ്പിയിലും ഒന്ന്-അഞ്ച് ശ.മാ.-ത്തോളം കണ്ടുവരുന്ന ഒരു ആല്‍ക്കലോയ്ഡ്. ലോകത്തില്‍ ഇത്രയധികം ഉപയോഗിച്ചുവരുന്ന മറ്റൊരു ആല്‍ക്കലോയ്ഡ് ഇല്ല. ഇന്ത്യയില്‍ 50 ലക്ഷത്തിലധികം ടണ്‍ ചായ പ്രതിവര്‍ഷം ഉപയോഗിക്കപ്പെടുന്നുണ്ട്. ചായയുടെ ഈ പ്രചാരത്തിനുള്ള കാരണം അതിലടങ്ങിയ കഫീനിന്റെ അനലെപ്റ്റിക ഗുണമാണ്. 60-200 മി.ഗ്രാം ആണ് ഇതിന്റെ സാധാരണ ഡോസ്. തളര്‍ച്ച നീക്കുവാനും ഉന്‍മേഷം പകരുവാനും ഇതു മതിയാകും. മോര്‍ഫീന്‍ അധികമാവുകമൂലമുണ്ടാകുന്ന വൈഷമ്യങ്ങളെ ഇല്ലാതാക്കുവാന്‍ ഇതു കുത്തിവയ്ക്കാറുണ്ട്.
രാസപരമായി ഇത് ഒരു ക്സാന്‍ഥീന്‍ വ്യുത്പന്നം (1, 3, 7 ട്രൈ മെഥില്‍ ക്സാന്‍ഥീന്‍) ആണ്. പ്രകൃതിവിഭവങ്ങളില്‍നിന്നു ലഭ്യമാക്കുന്നതിനുപുറമേ ഉദ്ഗ്രഥനം വഴിയും ഇതു ധാരാളം നിര്‍മിക്കപ്പെട്ടുവരുന്നു.
5. ലോബലിന്‍ (Lobelin). കാട്ടുപുകയിലയില്‍നിന്നു ലഭിക്കുന്ന ഒരു ആല്‍ക്കലോയ്ഡ്. നാട്ടുപുകയിലയില്‍നിന്നു കിട്ടുന്ന നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയ്ഡും ഒരു അനലെപ്റ്റിക് ആണ്. പക്ഷേ ഇവ രണ്ടും ഇന്നു ചികിത്സാരംഗത്തുനിന്നു പുറംതള്ളപ്പെട്ടിരിക്കുന്നു.
6. പെന്റിലീന്‍ ടെറ്റ്രസോള്‍. ഇതിന് കാര്‍ഡിയസോള്‍ (Cardiazole) എന്നും മെറ്റ്രസോള്‍ (Metrazole) എന്നും പേരുകളുണ്ട്. ഒരു ഉദ്ഗ്രഥിത രാസവസ്തുവാണ് ഇത്. പ്രവര്‍ത്തനകാലം ഹ്രസ്വമാകകൊണ്ടും കരളില്‍വച്ചു എളുപ്പത്തില്‍ നശിപ്പിക്കപ്പെടുന്നതുകൊണ്ടും ബലഹീനരും വൃദ്ധരുമായ രോഗികളുടെ വിഷയത്തില്‍ ഇതിന്റെ പ്രയോഗം കൂടുതല്‍ പ്രചരിച്ചിട്ടുണ്ട്.
7. നിക്കഥമൈഡ് (Nikethamide). ഒരു ഉദ്ഗ്രഥിത രാസവസ്തു. കോറമീന്‍ (Coramine) എന്നുകൂടി പേരുള്ള ഇത് നിക്കോട്ടിനിക് ആസിഡിന്റെ ഡൈ എഥില്‍ അമൈഡ് ആണ്. അല്പം സ്നിഗ്ധമായ എണ്ണയുടെ രൂപത്തില്‍ ലഭ്യമാകുന്ന ഇത് ഞരമ്പിലോ മാംസപേശിയിലോ തൊലിക്കു താഴെയോ കുത്തിവയ്ക്കാം. ശ്വാസമാന്ദ്യം ഒഴിവാക്കിക്കൊണ്ട് മിതമായ ഒരു അനലെപ്റ്റിക്കായി ഇതു പ്രവര്‍ത്തിക്കുന്നു.
8. നലോര്‍ഫീന്‍ (Nalorphine). മോര്‍ഫീനില്‍ നിന്നു വ്യുത്പാദിപ്പിക്കാവുന്ന ഒരു പദാര്‍ഥം. ഇതിന്റെ പ്രവര്‍ത്തനം മോര്‍ഫീനിന്റേതിന് വിരുദ്ധമാണ്. മോര്‍ഫീന്‍ അധികമായാല്‍ മന്ദീഭവിക്കുന്ന ശ്വാസഗതിയേയും രക്തചംക്രമണത്തേയും ഇതു ത്വരിതപ്പെടുത്തുന്നു. N-അല്ലൈല്‍നോര്‍ മോര്‍ഫീന്‍ ( N-ally normorphine) എന്നാണ് രാസനാമം.
9. മറ്റു യൌഗികങ്ങള്‍. ഡോക്സാപ്രാം (Doxapram), അമിഫിനസോള്‍ (Amiphenazole), ഡൈമെഫ്ളിന്‍ (Dimeflin), ടെറ്റ്രാ ഹൈഡ്രൊ അമിനൊ അക്രിഡിന്‍ (Tetra hydro amino acridine), ഡൈ എഥഡയോണ്‍ (Diethadione) എന്നിങ്ങനെ അനലെപ്റ്റികഗുണധര്‍മങ്ങളോടുകൂടിയ അനേകം രാസവസ്തുക്കള്‍ പിന്നേയും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ആംഫിറ്റമീന്‍, എഫെഡ്രിന്‍ മുതലായ ചില അഡ്രിനര്‍ജിക് മരുന്നുകളും അനലെപ്റ്റിക്കുകളാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ വര്‍ധിപ്പിക്കുന്നതുകൊണ്ടാണ് ഇവ അപ്രകാരം പ്രവര്‍ത്തിക്കുന്നത്.
(പ്രൊഫ. ഐ. രാമഭദ്രന്‍)