This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനക്സഗോറസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനക്സഗോറസ് (ബി.സി. 500 - 428)

Anaxagoras

ഏഷ്യാമൈനറിലെ ക്ളാസോമെനേ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന യവനദാര്‍ശനികന്‍. ബി.സി. 464 മുതല്‍ ഏതാണ്ട് 30 വര്‍ഷത്തോളം ഇദ്ദേഹം ആഥന്‍സില്‍ അധ്യാപകനായിരുന്നു. ആഥന്‍സ് നിവാസികള്‍ക്ക് തത്ത്വചിന്ത ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് ഇദ്ദേഹമാണ്. അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടം ഇദ്ദേഹം തയ്യാറാക്കിയതാണ് എന്നു കരുതപ്പെടുന്നു. പെരിക്ളിസ്, യൂറിപ്പിഡിസ്, സോക്രട്ടീസ് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു. അനക്സഗോറസ് തത്ത്വദര്‍ശനപഠനത്തിനായി പൌരസ്ത്യരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതായി യവനചരിത്രരേഖകളില്‍ സൂചനയുണ്ട്.

പ്രപഞ്ചത്തേയും പ്രപഞ്ചവസ്തുക്കളിലുണ്ടാകുന്ന മാറ്റങ്ങളെയും വിശദീകരിക്കുവാന്‍ അനക്സഗോറസ് ശ്രമിച്ചു. ഒരു മൂലപദാര്‍ഥത്തില്‍ നിന്നാണ് പ്രപഞ്ചോദ്ഭവം എന്ന മുന്‍സിദ്ധാന്തത്തെ എതിര്‍ത്ത ഇദ്ദേഹം എണ്ണമറ്റ പദാര്‍ഥങ്ങളെയാണ് മൂലകാരണമായി അംഗീകരിച്ചത്. എല്ലാ പദാര്‍ഥങ്ങളിലും മൂലവസ്തുക്കളുടെ അംശം ഉണ്ട്. ഈ മൂലപദാര്‍ഥങ്ങള്‍ അന്യോന്യം വേര്‍തിരിക്കപ്പെടാന്‍ കഴിയാത്തവയാണ്. ഓരോ പദാര്‍ഥത്തിലും അഗ്നി, ജലം, വായു, ഭൂമി എന്നീ നാലു ഭൂതങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏതൊന്ന് മുന്നിട്ടുനില്ക്കുന്നുവോ അതിന്റെ സ്വഭാവമാണ് വസ്തുവിന് കിട്ടുന്നത്. വസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസം അവയില്‍ അടങ്ങിയിട്ടുള്ള മൂലപദാര്‍ഥങ്ങളുടെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചിരിക്കും ഉദാ. മഞ്ഞ് ഒരളവില്‍ കറുത്തതാണെങ്കിലും വെളുപ്പുനിറം മുന്നിട്ടു നില്ക്കുന്നതുകൊണ്ട് വെളുത്തതാണെന്ന് നാം ധരിക്കുന്നു. ചില വസ്തുക്കളില്‍ മൂലവസ്തുക്കള്‍ക്കു പുറമേ മനസ്സും അടങ്ങിയിട്ടുണ്ട്. മനസ്സ് മറ്റു പദാര്‍ഥങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. പദാര്‍ഥങ്ങളുടെ ചലനത്തിന് അതു സഹായകമാണ്. സജീവവസ്തുക്കളെ നിര്‍ജീവ വസ്തുക്കളില്‍ നിന്നും വേര്‍തിരിക്കുന്നത് മനസ്സിന്റെ സാന്നിധ്യമാണ്. ഇതെല്ലാമാണ് ഇദ്ദേഹത്തിന്റെ മുഖ്യസിദ്ധാന്തങ്ങള്‍.

അണു സിദ്ധാന്തത്തെപ്പറ്റിയും അനക്സഗോറസ് ചില പുതിയ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. അണുക്കള്‍ നിര്‍ഗുണങ്ങളാണെന്ന് ലൂസിപ്പസും ഡമോക്രിറ്റസും വാദിച്ചപ്പോള്‍ അവയ്ക്ക് നിറം, രുചി, മണം തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. അനന്തമായ വിഭജനസാധ്യതയുള്ളതാണ് അണു എന്നും ഇതിനെ മനസ്സ് അഥവാ പ്രപഞ്ചബുദ്ധി നിയന്ത്രിക്കുന്നു എന്നും അനക്സഗോറസ് പറഞ്ഞു. സൂര്യന്‍ ചുട്ടുപഴുത്ത ലോഹമാണെന്നും സൂര്യനില്‍ നിന്നാണ് ചന്ദ്രന് പ്രകാശം ലഭിക്കുന്നതെന്നും ഇദ്ദേഹം പ്രസ്താവിക്കയുണ്ടായി. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും കല്പിക്കപ്പെട്ടിരുന്ന ദിവ്യത്വത്തെ ചോദ്യം ചെയ്തതു നിമിത്തം കുറ്റാരോപണ വിധേയനായ ഇദ്ദേഹം ലംപ്സാക്കസില്‍ അഭയം പ്രാപിച്ചു. പ്രപഞ്ചോദ്ഭവത്തെക്കുറിച്ചുള്ള അനക്സഗോറസിന്റെ സിദ്ധാന്തത്തിന് ആധുനിക സിദ്ധാന്തവുമായി ഏതാണ്ട് സാദൃശ്യമുണ്ട്. ഭൂമിയുടെ അതിവേഗത്തിലുള്ള ഭ്രമണഫലമായി വിദൂരതയിലേക്ക് തെറിച്ചുപോയ പാറക്കഷണങ്ങളാണ് നക്ഷത്രങ്ങളെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പൂര്‍വികര്‍ മൃഗങ്ങളായിരുന്നിരിക്കാം എന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു.

അനക്സഗോറസ് ഒരു നിരീശ്വരവാദിയായിരുന്നു എന്ന ധാരണ ശരിയല്ല. ഈശ്വരനും മനസ്സും ഒന്നാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. പ്രപഞ്ചചലനത്തിനു കാരണം മനസ്സാണെന്ന് ഇദ്ദേഹം വാദിച്ചു. ആഥന്‍സിലെ പഴയ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായിരുന്ന ഈ വാദഗതി ഇദ്ദേഹത്തെ ശിക്ഷാര്‍ഹനാക്കുന്നതിന് മറ്റൊരു കാരണമായിരുന്നു. ലംപ്സാക്കസില്‍ വച്ച് ബി.സി. 428-ല്‍ ഇദ്ദേഹം നിര്യാതനായി. അനക്സഗോറസിന്റെ കൃതികളില്‍ വളരെ കുറച്ചുമാത്രമേ അവശേഷിച്ചിട്ടുള്ളു. എങ്കിലും അവയുടെ പല വ്യാഖ്യാനങ്ങളും ഇന്ന് ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍