This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാപക സംഘടനകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധ്യാപക സംഘടനകള്‍

അധ്യാപകരുടെ തൊഴില്‍പരമായ കാര്യക്ഷമതയും മാന്യതയും ഉയര്‍ത്തുക, അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി വ്യാപകമായ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തിട്ടുള്ള സംഘടനകള്‍.

പത്തൊന്‍പതാം ശ.-ത്തിലാണ് അധ്യാപനം ഒരു ജീവിതവൃത്തിയെന്നനിലയില്‍ പരക്കെ അംഗീകാരം നേടിത്തുടങ്ങിയത്. അതോടെ അധ്യാപകസംഘടനകളും രൂപംകൊള്ളാന്‍ തുടങ്ങി. പ്രാരംഭഘട്ടത്തില്‍ പ്രാദേശികനിലവാരത്തിലുള്ള ചെറിയ അധ്യാപകസംഘടനകളാണ് രൂപമെടുത്തത്. അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ വിവിധ നിലവാരത്തില്‍പെട്ട അധ്യാപകര്‍ പ്രത്യേകം പ്രത്യേകം സംഘടിച്ച് അവയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു പതിവ്. വിസ്തൃതമേഖലകള്‍ ഉള്‍ക്കൊള്ളുന്ന വലിയ സംഘടനകള്‍ കൂടുതല്‍ കാര്യക്ഷമവും സുശക്തവുമായിരിക്കും എന്ന ധാരണ ക്രമേണ വളര്‍ന്നുവന്നു. അങ്ങനെ പ്രാദേശികതലത്തിലും സംസ്ഥാനതലത്തിലും ഉള്ള വിവിധസംഘടനകള്‍ സംയോജിപ്പിച്ച് ദേശീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടു. ചെറിയ സംഘടനകളുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ (അധ്യാപകര്‍, പരിശോധനോദ്യോഗസ്ഥന്മാര്‍, ഭരണകര്‍ത്താക്കള്‍) ഒരേ സംഘടനയ്ക്കകത്തു കൊണ്ടുവരികയായിരുന്നു ദേശീയ സംഘടനകളുടെ ലക്ഷ്യം. എങ്കിലും ഓരോ രാജ്യത്തിലും ദേശീയനിലവാരത്തില്‍ തന്നെ അനേകം സംഘടനകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലത് അധ്യാപകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം നേടി വളര്‍ന്നുവന്നിട്ടുണ്ട്.

ക്രമേണ അധ്യാപകസംഘടനകളുടെ അതിരുകള്‍ വിസ്തൃതമാകുവാന്‍ തുടങ്ങി. അന്തര്‍ദേശീയധാരണ വളര്‍ത്തുക, പഠനനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന അനേകം അന്താരാഷ്ട്ര സംഘടനകള്‍ അങ്ങനെ നിലവില്‍വന്നു.

ആദ്യമാദ്യം അക്കാദമീയമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കല്പിച്ച സംഘടനകള്‍ പില്ക്കാലത്ത് അധ്യാപകരുടെ വേതനം, പദവി, സൌകര്യങ്ങള്‍ മുതലായവ വര്‍ധിപ്പിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്കി. ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമായതോടുകൂടി അവയുടെ മാതൃകയില്‍ അധ്യാപകസംഘടനകളേയും രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുതുടങ്ങി. എന്നാല്‍ പ്രധാനപ്പെട്ട ദേശീയസംഘടനകളെല്ലാം ഈ പ്രവണതയ്ക്ക് എതിരാണ്.

പ്രസിദ്ധ അധ്യാപക സംഘടനകള്‍.

നാഷനല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ (N.E.A) യു.എസ്സില്‍ നിലവിലുള്ള അഞ്ഞൂറോളം അധ്യാപകസംഘടനകളില്‍ ഏറ്റവും ബൃഹത്തും ശക്തവുമാണ് എന്‍.ഇ.എ. 1857-ല്‍ ചുരുങ്ങിയ തോതില്‍ ആരംഭിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 2.5 ദശലക്ഷത്തിലേറെ അംഗങ്ങളുണ്ട്. പ്രൈമറിസ്കൂള്‍ അധ്യാപകര്‍ മുതല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍വരെ അംഗങ്ങളായ ഈ ബൃഹത്‍സംഘടനയില്‍ പരിശോധനോദ്യോഗസ്ഥന്മാര്‍ക്കും വിദ്യാലയഭരണകര്‍ത്താക്കള്‍ക്കും അംഗത്വമുണ്ട്. പ്രാദേശികതലത്തിലുള്ള വിവിധ വിദ്യാഭ്യാസസംഘടനകളെ ഇതുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രാദേശികസംഘടനകള്‍ക്ക് സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അംഗസംഘടനകളായി പ്രവര്‍ത്തിക്കത്തക്കവിധം ജനാധിപത്യപരമാണ് ഇതിന്റെ ഭരണഘടന.

തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍പ്പെട്ട 'ഡലിഗേറ്റ് (റപ്രസന്റേറ്റീവ്) അസംബ്ളി'യാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് സംഘടനയുടെ നയപരിപാടികള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുന്നത്. കേന്ദ്ര ആസ്ഥാനം വാഷിങ്ടണ്‍ ആണെങ്കിലും കണ്‍വെന്‍ഷനോടനുബന്ധിച്ച് അതു നടത്തുന്ന നഗരത്തില്‍ താത്കാലികമായി ആസ്ഥാനങ്ങള്‍ സ്ഥാപിക്കുകയാണ് പതിവ്.

ഗവേഷണപ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം അധ്യാപകരുടെ മാന്യതയും അവകാശങ്ങളും ഭദ്രമാക്കുന്നതിന് എന്‍.ഇ.എ. യത്നിക്കുന്നു. യു.എസ്സിലെ മറ്റൊരു പ്രമുഖ അധ്യാപക സംഘടനയായ അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ടിച്ചേഴ്സുമായി (AFT) സഹകരിച്ച് എന്‍.ഇ.എ. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

നാഷനല്‍ യൂണിയന്‍ ഒഫ് ടീച്ചേഴ്സ് (N.U.T). ഇംഗ്ളണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന ദേശീയസംഘടനയാണ് എന്‍.യു.ടി. വമ്പിച്ച പ്രാതിനിധ്യമുള്ള ഒരു അധ്യാപകസംഘടനയാണ് ഇത്. 1870-ലെ വിദ്യാഭ്യാസ നിയമത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം അധ്യാപകര്‍ക്ക് ബോധ്യമായത്. പ്രൈമറി അധ്യാപകര്‍ മുതല്‍ കോളജു പ്രൊഫസര്‍മാര്‍വരെ ഇതില്‍ അംഗങ്ങളാണ്. അഖിലലോക-അധ്യാപകരുടെ ഐക്യമാണ് എന്‍.യു.ടി.യുടെ ലക്ഷ്യം.

ട്രേഡ് യൂണിയന്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തെ എന്‍.യു.ടി. എതിര്‍ക്കുന്നു. എങ്കിലും അക്കാദമീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കാന്‍ സംഘടന ശ്രദ്ധിക്കാറുണ്ട്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും വിദ്യാഭ്യാസരംഗത്ത് എന്‍.യു.ടി.യുടെ സ്വാധീനശക്തി കുറച്ചൊന്നുമല്ല. നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സ്കൂള്‍ മാസ്റ്റേഴ്സ് യൂണിയന്‍ ഒഫ് വുമണ്‍ ടീച്ചഴ്സ് (NASUWT) ആണ് യു.കെ.യിലെ ഏറ്റവും വലിയ അധ്യാപക സംഘടന.

എഡ്യൂക്കേഷന്‍ ഇന്റര്‍നാഷനല്‍ (EI). അന്തര്‍ദേശീയധാരണ വളര്‍ത്തുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ അന്തര്‍ദേശീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഒഫ് ഓര്‍ഗനൈസേഷന്‍ ഒഫ് ദി ടീച്ചിങ് പ്രൊഫഷന്‍ (WCOTP), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഫ്രീ ടീച്ചേഴ്സ് യൂണിയന്‍സ് (IFFTU) എന്നിവയുടെ ലയനത്തിലൂടെ 1993-ല്‍ രൂപീകൃതമായ സംഘടന. 166 രാജ്യങ്ങളില്‍ നിന്നായി 348 സംഘടനകള്‍ ഇതിലംഗങ്ങളാണ്.

കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE). അധ്യാപകരുടെ അധ്യാപകരും അധ്യാപകവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റുള്ളവരും അംഗങ്ങളായുള്ള ഇന്ത്യന്‍ ദേശീയ സംഘടന. വിദ്യാഭ്യാസ പരിഷ്കരണം, അധ്യാപക പരിശീലനം എന്നീ മണ്ഡലങ്ങളിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്.

ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഒഫ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍സ്. ഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടനയാണിത്. 1925-ല്‍ കോണ്‍പൂരില്‍ നടന്ന ഒരു സമ്മേളനമാണ് ഈ ദേശീയസംഘടനക്ക് അടിസ്ഥാനമിട്ടത്. 1933-ല്‍ ഇപ്പോഴത്തെ പേര് നല്കപ്പെട്ടു. ലോകത്തിലെ വിവിധ ദേശീയസംഘടനകളുമായും അന്തര്‍ദേശീയ സംഘടനകളുമായും ഇത് ബന്ധം പുലര്‍ത്തുന്നുണ്ട്.

കേരളത്തില്‍. ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍തന്നെ വിഭന്നങ്ങളായ സംഘടനകള്‍ രൂപവത്കരിക്കുന്ന പ്രവണതയാണ് കേരളത്തില്‍ ഇപ്പോഴും കാണുന്നത്. പൊതു താത്പര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ ചിലപ്പോഴൊക്കെ യോജിക്കാറുണ്ടെങ്കിലും അവ ഏകനേതൃത്വത്തെ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നില്ല. ദ കേരളാ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന്‍, ദ കേരളാ ഗവ. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍, ദ കേരളാ ഗവ. ടീച്ചേഴ്സ് ഫെഡറേഷന്‍, ആള്‍ കേരളാ ഗവ. ഓറിയന്റല്‍ ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന്‍, അറബിക് ടീച്ചേഴ്സ് അസോസിയേഷന്‍, ദ കേരളാ പ്രൈവറ്റ് സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്‍, കേരളാ സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍, ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍, ആള്‍ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് ഫെഡറേഷന്‍, ആള്‍ കേരളാ ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്സ് യൂണിയന്‍ എന്നിവയാണ് കേരളത്തിലെ പ്രധാന അധ്യാപക സംഘടനകള്‍. എല്ലാത്തരത്തിലുള്ള അധ്യാപകരുടേയും പൊതുതാത്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകസംഘടന കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഇന്നില്ല.

(കെ. സോമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍