This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധീന നിയമനിര്‍മാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധീന നിയമനിര്‍മാണം

Subordinate Legislation

നിയമസഭ അംഗീകരിക്കുന്ന പൊതുനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപനിയമങ്ങള്‍, ചട്ടങ്ങള്‍ മുതലായവയ്ക്ക് എക്സിക്യൂട്ടീവ് (നിര്‍വഹണവിഭാഗം) രൂപം നല്കുന്ന സമ്പ്രദായം. ജനാധിപത്യ ഭരണസമ്പ്രദായത്തില്‍ പാര്‍ലമെന്റിന്റെ ചുമതലകള്‍ വിവിധവും സര്‍വതോമുഖവുമാണ്. ഭരണപ്രവര്‍ത്തനങ്ങള്‍ പൌരജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും കടന്നുചെല്ലുന്നതോടെ വിപുലമായ നിയമനിര്‍മാണം ആവശ്യമായിവരുന്നു. നിയമസഭ അംഗീകരിക്കുന്ന ഓരോ നിയമത്തിനും ആവശ്യമായ ഉപനിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിന് നിയമസഭപോലുള്ള ഒരു വലിയ സമിതിക്ക് വേണ്ടത്ര സൌകര്യമോ സമയമോ കിട്ടിയെന്നു വരില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസൃതമായി നിയമങ്ങളുടെ രൂപത്തിനും ഭാവത്തിനും യഥോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ നിയമത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നിയമസഭാസാമാജികന്മാര്‍ക്ക് ഉണ്ടാവുക സാധാരണവുമല്ല. 'അധീനനിയമനിര്‍മാണം' ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നു. ഈ സമ്പ്രദായമനുസരിച്ച് പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമനിര്‍മാണസഭ നിയമങ്ങളെ അവയുടെ വിശാലരൂപത്തില്‍ പാസ്സാക്കുകയും കൂടുതല്‍ സൂക്ഷ്മവും വിശദവുമായ അംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഗവണ്‍മെന്റിന്റെ എക്സിക്യൂട്ടീവ് വിഭാഗത്തെ ഏല്പിക്കുകയും ചെയ്യുന്നു. എക്സിക്യൂട്ടീവ് വിഭാഗം നിയമസഭ പാസ്സാക്കിയ പൊതുനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ സുഗമമായ നടത്തിപ്പിന് പ്രാദേശികവും കാലികവുമായ അനുവിധാനങ്ങളോടുകൂടിയ ഉപനിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഉണ്ടാക്കുന്നു. ഇ.ഭ.ഘ.യുടെ 309-ാം അനുച്ഛേദത്തില്‍ അധീന നിയമനിര്‍മാണത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് വിഭാഗത്തെ ബാധിക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ അനുച്ഛേദം എക്സിക്യൂട്ടീവിന് അംഗീകാരം നല്കുന്നു. ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി എക്സിക്യൂട്ടീവ് ചില അഡ്മിനിസ്റ്റ്രേറ്റീവ് ചട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. മൌലികാവകാശങ്ങളെ ബാധിക്കാതിരിക്കുകയും ഒരു നിയമത്തെയും പ്രത്യക്ഷത്തില്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം, കോടതികള്‍ ഈ ചട്ടങ്ങളുടെ പ്രയോഗത്തെ തടയാറില്ല. ഈ ചട്ടങ്ങളുടെ ലംഘനവും കോടതികളുടെ പരിശോധനയ്ക്കു വിധേയമാക്കാറില്ല.

ചുമതലകള്‍. ഈ സമിതിയുടെ പ്രധാന ജോലി അധീനനിയമങ്ങളെ ചില പ്രത്യേക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും സമിതിയുടെ നിഗമനങ്ങളടങ്ങിയ ആനുകാലിക റിപ്പോര്‍ട്ടുകള്‍ നിയമസഭയക്ക് സമര്‍പ്പിക്കുകയുമാകുന്നു. നിയമങ്ങള്‍ പരിശോധിക്കുന്നതില്‍ സമിതി പ്രധാനമായി നോക്കുന്നത് അവ മൂലനിയമം മുഖേന നിയമസഭ ഗവണ്‍മെന്റിനു നല്കിയിട്ടുള്ള നിയമനിര്‍മാണാധികാരത്തിന്റെ സീമയെ ഏതെങ്കിലും തരത്തില്‍ ലംഘിക്കുന്നുണ്ടോ, അവ ഭരണഘടനയിലെ ഏതെങ്കിലും വകുപ്പുകള്‍ക്ക് വിരുദ്ധമാണോ, മൂലനിയമങ്ങളായിത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കത്തക്ക പ്രാധാന്യമുള്ളവയാണോ, നിയമസഭയുടെ അംഗീകാരം കൂടാതെ ചുമത്താന്‍ പാടില്ലാത്ത നികുതികള്‍ അവ ചുമത്തുന്നുണ്ടോ, വ്യക്തിയുടെ മൌലികാവകാശങ്ങളില്‍ കൈകടത്തുന്നുണ്ടോ, മൂലനിയമപ്രകാരം അധികാരം ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും വകുപ്പുകള്‍ക്ക് പൂര്‍വകാലപ്രാബല്യം നല്കുന്നുണ്ടോ എന്നൊക്കെയാണ്.

ചരിത്രം. പാര്‍ലമെന്ററി ജനാധിപത്യ ഭരണത്തിലെ മറ്റു പല നൂതനസംവിധാനങ്ങളുടെയും കാര്യത്തിലെന്നപോലെ അധീനനിയമനിര്‍മാണസമിതിയുടെ കാര്യത്തിലും ആദ്യത്തെ കാല്‍വയ്പുണ്ടായത് ഗ്രേറ്റ് ബ്രിട്ടനിലാണ്. 1924-ല്‍ പ്രഭുസഭ 'സ്പെഷ്യല്‍ ഓര്‍ഡേഴ്സ് കമ്മിറ്റി' എന്നൊരു സമിതി രൂപവത്കരിച്ചു. ഈ സമിതിയുടെ പ്രധാന ജോലി പാര്‍ലമെന്റിന്റെ ഇരുമണ്ഡലങ്ങളുടെയും അനുകൂലമായ പ്രമേയങ്ങളും ആവശ്യമുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും പരിശോധിക്കുകയും അവ ഏതെങ്കിലും മൂലതത്ത്വങ്ങളെയോ നയപരമായ കാര്യങ്ങളെയോ കീഴ്വഴക്കങ്ങളെയോ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ടോ എന്നു നോക്കി പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യുകയുമാണ്. കോമണ്‍സ് സഭയില്‍ 'സിലക്ട് കമ്മിറ്റി ഓണ്‍ സ്റ്റ്യാറ്റൂട്ടറി ഇന്‍സ്ട്രമെന്റസ്' എന്ന പേരില്‍ ഒരു സമിതിയും 1944-ല്‍ രൂപവത്കൃതമായി. അധീന നിയമങ്ങള്‍ പരിശോധിക്കുകയാണ് ഈ സമിതിയുടെയും ജോലി. അധീനനിയമങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റി വിചിന്തനം ചെയ്യുവാന്‍ ഈ സമിതിക്കധികാരമില്ല. എക്സിക്യൂട്ടീവ് ഗവണ്‍മെന്റിന് അധീന നിയമങ്ങള്‍ നിര്‍മിക്കുവാന്‍ നിയമനിര്‍മാണസഭ അല്ലെങ്കില്‍ പാര്‍ലമെന്റ് നല്കിയിട്ടുള്ള അധികാരങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നു നോക്കുകയും ദത്തമായ അധികാരത്തിന്റെ സീമ ലംഘിക്കുന്നതായി കണ്ടാല്‍ അക്കാര്യം പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യുകയും സമിതിയുടെ മുഖ്യമായ ചുമതലയാണ്. അധീന നിയമനിര്‍മാണത്തില്‍ കാണുന്ന പൊതുവായ പ്രവണതയെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കുവാനും സമിതിക്കധികാരമുണ്ട്. 1946-ലെ സ്റ്റ്യാറ്റ്യൂട്ടറി ഇന്‍സ്ട്രമെന്റ്സ് ആക്ടിനു വഴിതെളിച്ചത് ഈ സമിതിയുടെ ഒരു പ്രത്യേക റിപ്പോര്‍ട്ടായിരുന്നു.

ലോക്‍സഭയില്‍ ആദ്യത്തെ അധീന നിയമനിര്‍മാണസമിതി സ്ഥാപിതമായത് 1953 ഡി. 1-ന് ആണ്. സമിതിയുടെ അംഗസംഖ്യ ആദ്യം 10 ആയിരുന്നുവെങ്കിലും 1954-ല്‍ 15 ആയി ഉയര്‍ത്തി. സമിതിയുടെ കാലാവധി ഒരു വര്‍ഷമാണ്. സാധാരണയായി എല്ലാ വര്‍ഷവും മേയ്‍മാസത്തില്‍ സമിതി പുനഃസംഘടിപ്പിക്കപ്പെടുന്നു. അംഗങ്ങളെ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്. പാര്‍ലമെന്റിന്റെ ഒരു യോഗത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന ക്രമത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് യഥാകാലം നടപ്പിലാക്കുന്നുണ്ടോയെന്ന് സമിതി നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയും അതിനെപ്പറ്റി റിപ്പോര്‍ട്ടുകള്‍ യഥാകാലം സഭയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.

ലോക്‍സഭയിലുള്ളതുപോലെ സംസ്ഥാന നിയമസഭകളിലും അധീന നിയമനിര്‍മാണസമിതികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അധീന നിയമനിര്‍മാണസമിതി രൂപവത്കരിച്ചത് 1954-ലാണ്. സമിതിയുടെ അംഗസംഖ്യ ഏഴാണ്. അംഗങ്ങളെ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്നു. സമിതിയുടെ കാലാവധി ഒരു വര്‍ഷമാണ്. എക്സിക്യൂട്ടീവിനുള്ള അധികാരങ്ങളും ഈ അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന അഡ്മിനിസ്റ്റ്രേറ്റീവ് ചട്ടങ്ങളും സ്റ്റ്യാറ്റ്യൂട്ടറി ചട്ടങ്ങളും (നിയമങ്ങള്‍ നല്കുന്ന അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടങ്ങളെ സ്റ്റ്യാറ്റ്യൂട്ടറി ചട്ടങ്ങള്‍ എന്നു പറയുന്നു) വളരെ വിപുലമാണ്. പാര്‍ലമെന്ററി സമ്പ്രദായം നിലവിലുള്ള എല്ലാ രാജ്യങ്ങളിലും ഇതിന് വ്യവസ്ഥയുണ്ട്. ഇംഗ്ളണ്ടിലെ എക്സിക്യൂട്ടീവിന്റെ ഈ അധികാരത്തെ 'പുതിയ സ്വേച്ഛാധിപത്യം' (New despotism) എന്ന് ഹ്യൂവര്‍ പ്രഭു വിശേഷിപ്പിച്ചിട്ടുണ്ട്. എക്സിക്യൂട്ടിവിന്റെ ഒരു സവിശേഷവിഭാഗത്തിനാണ് അധീന നിയമനിര്‍മാണാധികാരം നല്‍കുക പതിവ്. ആ വിഭാഗം ഈ അധികാരം നേരിട്ടേ ഉപയോഗിക്കാന്‍ പാടുള്ളു. മറ്റൊരാളെക്കൊണ്ടോ മറ്റൊരു വിഭാഗത്തിനെക്കൊണ്ടോ ആ അധികാരം ഉപയോഗിപ്പിക്കാന്‍ അധികാരമില്ല (A delegate cannot delgate).

നിയമനിര്‍മാണസഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പില്‍ കൊണ്ടുവരുന്നതിനു മുമ്പായി അവ നല്കിയിട്ടുള്ള അധികാരമുപയോഗിച്ച് ചട്ടങ്ങള്‍ നിര്‍മിച്ചിരിക്കണം. നടപടിക്രമം മിക്കവാറും ചട്ടങ്ങളിലൂടെയാണ് പാലിക്കുന്നത്.

(എസ്. വേലായുധന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍