This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അദര്‍ശനീയത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അദര്‍ശനീയത

Unseeability


മനുഷ്യര്‍ അന്യോന്യം കാണുന്നതിനെ വിലക്കിയിരുന്ന ഒരു ആചാരവ്യവസ്ഥ. ജാതിയുടെ പേരില്‍ ജനങ്ങള്‍ക്ക് ഉച്ചനീചത്വം നല്കി സമുദായത്തെ നിയന്ത്രിക്കുന്ന പതിവ് ഇന്ത്യയിലുണ്ടായിരുന്നു. വളരെ പഴക്കമുള്ളതാണ് ഈ ആചാരം. അദര്‍ശനീയത, അസ്പൃശ്യത, അടുത്തുവരാന്‍ പാടില്ലായ്മ എന്നിവയെല്ലാം സൂചിപ്പിക്കുവാന്‍ മലയാളത്തില്‍ 'തീണ്ടല്‍' എന്ന പദമാണ് പ്രചാരത്തിലിരിക്കുന്നത്. എന്നാല്‍ 'അസ്പൃശ്യത' എന്ന ആശയത്തെ പ്രത്യേകമായി സൂചിപ്പിക്കുവാന്‍ 'തൊടീല്‍' എന്ന പദം കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഉപയോഗിച്ചുവരുന്നുണ്ട്.


തീണ്ടലിന്റെ ഉത്പത്തിക്ക് അടിത്തറ പാകിയത് 'അശുദ്ധം' എന്ന സങ്കല്പമാണ്. ഹിന്ദുക്കളുടെ ഇടയില്‍ 'അശുദ്ധം' (അയിത്തം) മരണത്തിനും ജനനത്തിനും ആര്‍ത്തവത്തിനും കല്പിച്ചിരുന്നു. ചരിത്രപരമായി, തീണ്ടല്‍ ആര്യന്‍മാരുടെ ഒരു സംഭാവനയാണെന്ന് കരുതപ്പെടുന്നു. അവരുടെ ആഗമനത്തിനുശേഷം ഹിന്ദുക്കള്‍ സവര്‍ണര്‍, അവര്‍ണര്‍ എന്നു രണ്ടായി തിരിക്കപ്പെട്ടു. അവര്‍ണരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സവര്‍ണര്‍ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. അദര്‍ശനീയത ഈ ആചാരത്തിന്റെ ഏറ്റവും കഠിനമായ രൂപമാണ്. ജാതികളുടെ ഉച്ചനീചത്വകല്പനയനുസരിച്ച് ഇത് പല രൂപത്തിലും തോതിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജ നടത്തിയും വേദം ഉരുവിട്ടും ജീവിക്കുന്ന ആഢ്യബ്രാഹ്മണര്‍ പവിത്രമായതിനെ മാത്രമേ ദര്‍ശിക്കാവൂ. അധഃസ്ഥിതരെ ദര്‍ശിക്കുന്ന മാത്രയില്‍ ഇവര്‍ അശുദ്ധരാകുന്നു എന്നാണ് സങ്കല്പം. ഒരു നമ്പൂതിരി തെരുവില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ താഴ്ന്ന ജാതികള്‍ വഴിമാറിപ്പോകുന്നതിനുവേണ്ടി 'ഹോയ്, ഹോയ്' എന്നു വിളിക്കുമായിരുന്നു. മലബാറിലെ ക്ഷേത്രങ്ങളില്‍ 'ബ്രാഹ്മണഭിത്തി', 'ശൂദ്രഭിത്തി' മുതലായ പേരുകളില്‍ നിര്‍മിച്ചിരുന്ന ഭിത്തികളുടെ ഉദ്ദേശ്യം ഈ ജാതികള്‍ പരസ്പരം ദര്‍ശിക്കാതിരിക്കുക എന്നുള്ളതായിരുന്നിരിക്കണം.


ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിയിലുള്ള ഒരാളെ ഏതെങ്കിലും ജോലിക്കു നിര്‍ത്തുകയാണെങ്കില്‍ അയാളുടെ ദൃഷ്ടി മറ്റുള്ളവരുടെമേല്‍ പതിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യുമ്പോള്‍ അയാള്‍ താഴേക്കു മാത്രമേ നോക്കാന്‍ പാടുണ്ടായിരുന്നുള്ളു. അയാളുടെ ദൃഷ്ടി അടുക്കളയിലെ ഉപകരണങ്ങളുടെ മേല്‍ പതിഞ്ഞാല്‍ അവ ഉടഞ്ഞുപോകുമെന്ന് ഒരു വിശ്വാസം തന്നെ ഉണ്ടായിരുന്നു.


കൊല്ലവര്‍ഷം 871-നു മുമ്പുവരെ തെക്കന്‍ തിരുവിതാംകൂറില്‍ 'മണ്ണാപ്പേടി' എന്നും വടക്ക് 'പുലപ്പേടി' എന്നും 'പറപ്പേടി' എന്നും പറയപ്പെട്ടിരുന്ന ഒരു ആചാരം നിലവിലിരുന്നു. പുലയരും പറയരും മണ്ണാന്‍മാരും നായന്‍മാരെ ശല്യപ്പെടുത്തുക പതിവായിരുന്നു. നായന്‍മാരുടെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നത്രെ. ഇങ്ങനെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഇവരുടെ സമുദായത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വിവാഹസമ്പ്രദായവുമായിരുന്നു. ഒരിക്കല്‍ മോഷ്ടിക്കപ്പെട്ട് അന്യന്റെ കൂടെപ്പോയ സ്ത്രീകളെ സ്വസമുദായത്തിലേക്ക് തിരിച്ചെടുക്കുവാനും പ്രയാസമായിരുന്നു. ഒടുവില്‍ ഈ ശല്യത്തിന് ഒരറുതിവരുത്താന്‍ ഒരു സന്ധിയെന്നോണം ഒരാചാരം നിലവില്‍ വന്നു. ഈ സമ്പ്രദായം പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒരു പ്രത്യേക മാസവും ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഇതിന്റെ കാലം കര്‍ക്കടകമാസമാണ്. ഈ കാലത്ത് ഒരു നായര്‍ സ്ത്രീ അകമ്പടികൂടാതെ സൂര്യോദയത്തിനുമുന്‍പും സൂര്യാസ്തമനത്തിനുശേഷവും വീട്ടില്‍നിന്നു പുറത്തിറങ്ങിയാല്‍, വീടിന്റെ മുറ്റത്തായാല്‍ പോലും ഒരു മണ്ണാനോ പുലയനോ പറയനോ എവിടെയെങ്കിലും ഒളിച്ചിരുന്ന് 'കണ്ടേ, കണ്ടേ' എന്നു വിളിച്ചുപറഞ്ഞാല്‍, അങ്ങനെ വിളിച്ചുപറഞ്ഞവന്റെ കൂടെ അവള്‍ പോകണമായിരുന്നു. അങ്ങനെ പോകുന്ന സ്ത്രീക്ക് ജാതിഭ്രഷ്ട് കല്പിക്കുക ആയിരുന്നു ശിക്ഷ. അവള്‍ ഏതെങ്കിലുംവിധം ഓടി രക്ഷപ്പെടാന്‍ തുനിഞ്ഞാല്‍ ബന്ധുക്കള്‍ അവളെ കൊല്ലാന്‍വരെ തയ്യാറാകുമായിരുന്നു. ഇവിടെ സ്ത്രീയുടെ അപരാധം ഒരു താഴ്ന്ന ജാതിക്കാരനാല്‍ കാണപ്പെട്ടു എന്നതു മാത്രമാണ്. മൂന്നു നാലു ശതാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഈ ആചാരം നാമാവശേഷമായി. ഈ ആചാരം നിര്‍ത്തലാക്കിയത് വേണാട്ടധിപനായിരുന്ന ഉണ്ണിക്കേരളവര്‍മ മൂന്നാമന്‍ ആണ് (ഭ.കാ. എ.ഡി. 1718-24). കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലുള്ള നിരോധനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.


രജസ്വലകളായ സ്ത്രീകളെ കാണുന്നതും അദര്‍ശനീയതയുടെ പരിധിയില്‍ വരുന്നു. ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് തീര്‍ഥയാത്ര പോകാന്‍ വ്രതമെടുത്തിട്ടുള്ളവര്‍ രജസ്വലകളായ സ്ത്രീകളെ കാണാന്‍ പാടില്ലെന്ന് ഒരു ആചാരമുണ്ട്. അങ്ങനെ കണ്ടാല്‍ അയാള്‍ പ്രായശ്ചിത്തം ചെയ്യണം. ഇതില്‍ കാണുന്ന ആള്‍ക്കാണ് ദോഷം സംഭവിക്കുന്നത്. ധാര്‍മികമായി, വ്രതഭംഗം വരുത്തിയതിന്റെ ദോഷം രജസ്വലയായ ആ സ്ത്രീക്ക് ഉണ്ടെന്ന വിശ്വാസവും നിലവിലിരുന്നു.


നമ്പൂതിരിമാരില്‍ മൂത്ത സഹോദരന്‍ മാത്രമേ സജാതീയ വിവാഹം ചെയ്തിരുന്നുള്ളൂ. ജ്യേഷ്ഠന്റെ പത്നിയെ അനുജന്‍മാര്‍ കാണാന്‍ പാടില്ല എന്ന ഒരാചാരം ഉണ്ടായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ അന്തര്‍ജനങ്ങളായിരുന്നതുകൊണ്ട് പരപുരുഷന്‍മാര്‍ക്കും കാണാന്‍ പാടില്ലാത്തവരായിരുന്നു. ഇത് ഒരുതരം 'പര്‍ദാ' സമ്പ്രദായം തന്നെയാണെന്നു പറയാം.


ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഹിന്ദുക്കളുടെ ഇടയില്‍ പര്‍ദാ സമ്പ്രദായം നിലവിലിരുന്നു. ഇന്നും ചുരുക്കം ചില സ്ഥലങ്ങളില്‍ ഈ സമ്പ്രദായം നിലവിലുണ്ട്. മുഹമ്മദീയരുടെ ഇടയില്‍ പര്‍ദാസമ്പ്രദായം സര്‍വസാധാരണമാണ്. കേരളത്തിലെ മുഹമ്മദീയര്‍ സാമാന്യമായി പര്‍ദാ സ്വീകരിച്ചവരായിരുന്നില്ല. പക്ഷേ, അവരുടെ ഇടയിലെ യാഥാസ്ഥിതികരും ധനികരും ആ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഇന്നും അവര്‍ പര്‍ദാസമ്പ്രദായം ഏറെക്കുറെ ആചരിക്കുന്നുണ്ട്.


വംശശുദ്ധിയില്‍ നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ടാണ് ഹൈന്ദവ ആചാര്യന്മാര്‍ അദര്‍ശനീയത വിധിച്ചിരുന്നത്. വര്‍ണസങ്കരം വരുന്നത് പാപമായും സമുദായദ്രോഹമായും അവര്‍ കരുതിയിരുന്നു.


അയിത്താചാരം പ്രബലമായിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ നായാടികളെ കാണുന്നതുതന്നെ വിലക്കിയിരുന്നു. അങ്ങനെ 'നായാടി കണ്ടവരെ' പ്രായശ്ചിത്തം ചെയ്തിട്ടേ സമുദായം അംഗീകരിച്ചിരുന്നുള്ളു. ഇവിടെ നായാടി അദര്‍ശനീയനായിരുന്നു; കണ്ടതുകൊണ്ടുള്ള ദോഷം കണ്ടവനും.


ജാതിയുടെ പേരിലും മറ്റുമുള്ള ഈ അനാചാരങ്ങളുടെ നേര്‍ക്ക് പലരും വിരല്‍ ചൂണ്ടുകയുണ്ടായി. മതവും കീഴ്വഴക്കവും ഈ ആചാരത്തിന്റെ രക്ഷാകവചങ്ങളായിരുന്നതുകൊണ്ട് ആദ്യകാലങ്ങളില്‍ ഇതിനെതിരായി വളരെയൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായി ഇത്തരം ആചാരങ്ങള്‍ നിശ്ശേഷം തുടച്ചുമാറ്റപ്പെടുകയും അഖിലേന്ത്യാടിസ്ഥാനത്തില്‍ അധഃസ്ഥിതസംഘടനകള്‍ രൂപംകൊള്ളുകയും ഇന്ത്യന്‍ ഭരണഘടന അധഃസ്ഥിതര്‍ക്ക് അര്‍ഹമായ പദവി നല്‍കുകയും ചെയ്തു. 1965-ലെ അണ്‍ടച്ചബിലിറ്റി (ഫൈന്‍സ്) ആക്റ്റ് [അയിത്താചാര (കുറ്റങ്ങള്‍) ആക്റ്റ്] പാസ്സായതോടുകൂടി അയിത്തം ഏതുരൂപത്തിലും ആചരിക്കുന്നത് ഇന്ത്യ മുഴുവന്‍ കുറ്റകരമായി. അതോടുകൂടി നായാടിയെ കണ്ടാലുള്ള പാതിത്യവും അപ്രത്യക്ഷമായി. എങ്കിലും നാട്ടില്‍ ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ കാണുന്നുണ്ട്. നോ: അയിത്തം, ജാതിവ്യവസ്ഥ

(ഡോ. ജോസ് മുരിക്കന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍