This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലെറ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്‍ലെറ്റിക്സ്

Athletics


കായികാധ്വാനം ആവശ്യമായിവരുന്ന മത്സരം എന്നാണ് അത്‍ലെറ്റിക്സിന്റെ സാമാന്യാര്‍ഥം. 'ഒരു സമ്മാനത്തിനുവേണ്ടി മത്സരിക്കുക' എന്ന് അര്‍ഥം വരുന്ന 'അത് ലീന്‍' (Athlein) എന്ന ഗ്രീക്കു ശബ്ദത്തില്‍നിന്നാണ് അത് ലെറ്റിക്സ് നിഷ്പന്നമായിട്ടുള്ളത്. സമനിരപ്പായ സ്ഥലത്തുകൂടെയോ തടസ്സങ്ങളെ മറികടന്നോ ഓടുകയും ചാടുകയും ചെയ്യുക, ചില പദാര്‍ഥങ്ങള്‍ ചുഴറ്റി എറിയുക എന്നെല്ലാമുള്ള അര്‍ഥകല്പന ഇംഗ്ളീഷില്‍ ഈ പദത്തിന് സിദ്ധിച്ചിരിക്കുന്നു.

പോള്‍ വാള്‍ട്ട്

ചരിത്രം. ഈജിപ്തുകാരും മറ്റു മധ്യപൂര്‍വദേശവാസികളും ക്രിസ്തുവിന് വളരെ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കായികാഭ്യാസങ്ങളില്‍ തത്പരരായിരുന്നു. ബി.സി. 800-ന് അടുപ്പിച്ച് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക് കായികമത്സരങ്ങളെ സംബന്ധിച്ചതാണ് പ്രാചീനതമമായ ചരിത്രരേഖ. വേഗം, ശക്തി, സാമര്‍ഥ്യം എന്നിവയ്ക്കും ചരിത്രാതീതകാലത്തുതന്നെ പ്രാധാന്യം കല്പിച്ചിരുന്നതായി ഹോമറിന്റെ ഇതിഹാസങ്ങളിലും യവന വീരേതിഹാസങ്ങളിലും കാണുന്നുണ്ട്. ബി.സി. 1000-ത്തോടടുപ്പിച്ച് ടെയില്‍ടീന്‍ (Tailltean) രാജ്ഞിയുടെ സ്മരണയ്ക്കുവേണ്ടി അയര്‍ലണ്ടില്‍ നടത്തിയിരുന്ന ടെയില്‍ടീന്‍ ഗെയിംസില്‍കൂടെയാണ് അത് ലെറ്റിക്സ് സംഘടിതമായി രൂപംകൊണ്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു. മാരത്തോണ്‍ മത്സരം ബി.സി. 146-ന് മുന്‍പാണ് പ്രചാരത്തില്‍ വന്നത്. ബി.സി. 5-ാം ശ.-ത്തോടുകൂടി അമച്യുര്‍, പ്രൊഫഷണല്‍ എന്ന വിഭജനം അത് ലെറ്റിക്സില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. സാമ്പത്തികലക്ഷ്യം ഇല്ലാതെ, കേവലം കളിയിലുള്ള താത്പര്യവും വ്യക്തിപരമായ പ്രശസ്തി നേടുന്നതിനുള്ള ഔല്‍സുക്യവും കരുതി മത്സരിക്കുന്നവരാണ് അമച്യുര്‍ അത് ലെറ്റുകള്‍. തങ്ങളുടെ കായികശേഷിയും കളികളിലുള്ള സാമര്‍ഥ്യവും കൊണ്ട് കായികമത്സരങ്ങളെ ഉപജീവനമാര്‍ഗമായി കണക്കാക്കുന്നവരാണ് പ്രൊഫഷണല്‍ അത് ലെറ്റുകള്‍. റോമിലെ ഗ്ളാഡിയേറ്റര്‍മാര്‍ പ്രൊഫഷണല്‍ അത് ലെറ്റുകള്‍ക്ക് ഉദാഹരണമാണ്. താഴ്ന്ന ജനവിഭാഗങ്ങളില്‍നിന്നും അടിമകളില്‍നിന്നുമാണ് ഇവരെ ഏറിയകൂറും തിരഞ്ഞെടുത്തിരുന്നത്. ഈ പ്രൊഫഷണല്‍ അത് ലെറ്റുകള്‍ ഒളിമ്പിക് മത്സരങ്ങളില്‍ പ്രശസ്തി നേടി. ഇത്തരം കായികമത്സരക്കാരുടെ പ്രവര്‍ത്തനങ്ങളും അഴിമതികളും നിമിത്തം എ.ഡി. 394-ല്‍ തിയോഡോഷ്യസ് ചക്രവര്‍ത്തി ഒളിമ്പിക് മത്സരങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചു. അമച്യുര്‍മാര്‍ ആണ് അത് ലെറ്റിക്സില്‍ പങ്കെടുക്കുകയും വിജയം നേടുകയും ഒരു നല്ലപങ്ക് ലോകറെക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത്. അമച്യുര്‍ അത് ലെറ്റുകള്‍ സമ്മാനപ്പണത്തിനുവേണ്ടി പ്രൊഫഷണല്‍ കളിക്കാരുമായി മത്സരിച്ചാല്‍ അവരുടെ അമച്യുര്‍ പദവി നഷ്ടപ്പെടുന്നു.

ജാവലിന്‍ത്രോ
ഹര്‍ഡില്‍സ്

റോമാ സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി (എ.ഡി. 5-ാം ശ.) അത് ലെറ്റിക്സിന്റെ പതനവും ആരംഭിച്ചു. 19-ാം ശ.-വരെ ഈ അവസ്ഥ തുടര്‍ന്നു. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യദേശങ്ങളില്‍ മതാഘോഷങ്ങളോടനുബന്ധിച്ചും വിളവെടുപ്പുത്സവങ്ങളുടെ ഭാഗമായും ചില മത്സരങ്ങള്‍ നടത്തപ്പെട്ടിരുന്നു. ഗ്രാമങ്ങള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലും അന്നു നടത്തിയിരുന്ന മത്സരപ്പന്തുകളി ഇന്നത്തെ ഫുട്ബാള്‍, ബേസ്ബാള്‍, ടെന്നീസ് എന്നിവയുടെ മുന്നോടിയായിരുന്നു. ഇങ്ങനെ മതപരവും സാമൂഹികവുമായ ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരപ്പന്തുകളികളും മറ്റും പണ്ടുമുതല്‍ക്കേ ഇന്ത്യയിലും പൊതുവേ നടത്തപ്പെട്ടുവന്നു. ഓണക്കാലത്ത് കേരളത്തിലെങ്ങും നടത്തപ്പെടാറുള്ള ഓണപ്പന്തുകളി (തലപ്പന്തുകളി, കുഴിപ്പന്തുകളി മുതലായവ) ഇതിനുദാഹരണമാണ്. ഇംഗ്ളണ്ടില്‍ 15-ഉം 16-ഉം ശ.-ങ്ങളില്‍ കായികമത്സരങ്ങള്‍ക്ക് കുറച്ചു പ്രചാരമുണ്ടായി. ഹെന്റി എട്ടാമന്‍ (1491-1547) ഒരു കായികാഭ്യാസകുതുകി ആയിരുന്നു. ഇക്കാലത്ത് ഇംഗ്ളണ്ടില്‍ ഒട്ടാകെ ഹൈലാന്‍ഡ് വിനോദങ്ങള്‍ (Highland games) എന്ന പേരില്‍ കായികവിനോദാഭിരുചി വളര്‍ത്താനുതകുന്ന പ്രസ്ഥാനങ്ങള്‍ പ്രചരിച്ചു.


വ്യാവസായിക വിപ്ളവത്തിന്റെ (1760)യും, തോമസ് ആര്‍നോള്‍ഡ് ഇംഗ്ളിഷ് പബ്ളിക് സ്കൂളുകളില്‍ കായികാഭ്യാസം ഒരു സാധാരണ പാഠ്യേതരവിഷയമാക്കിയതിന്റെ(1830)യും ഫലമായി വിക്ടോറിയന്‍ കാലഘട്ടത്തില്‍ കായികാഭ്യാസരംഗത്തുണ്ടായ നവോത്ഥാനം 1896-ല്‍ ആഥന്‍സില്‍ ഒളിമ്പിക് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് വഴിതെളിച്ചു. 19-ാം ശ.-ത്തിന്റെ മധ്യത്തോടെ 'അമച്യുര്‍ അത് ലെറ്റിക്സ്' (Amateur athletics) ബ്രിട്ടിഷ് ദ്വീപുകളിലെ മിക്ക സര്‍വകലാശാലാകേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏതാണ്ട് ഈ കാലഘട്ടത്തില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അവരുടെ സമുദ്രാന്തര ഡൊമിനിയനുകളിലും അമേരിക്കയിലും കായികാഭ്യാസകൗതുകം സാര്‍വത്രികമായി പരന്നു.

മത്സരയോട്ടം-ആരംഭം

പരിശീലനം. അത് ലെറ്റുകള്‍ക്ക് ശാരീരികമായ ശിക്ഷണത്തോടൊപ്പം തന്നെ മാനസികമായ തയ്യാറെടുപ്പുകള്‍ക്കും പുരാതന ഗ്രീസില്‍ സന്ദര്‍ഭം നല്കിയിരുന്നു. പ്രത്യേക ആഹാരക്രമങ്ങളും ബ്രഹ്മചര്യവും പരിശീലനകാലത്ത് നിര്‍ബന്ധമാക്കിയിരുന്നു. അത് ലെറ്റുകള്‍ ഓട്ടം, ചാട്ടം, ജാവലിന്‍ത്രോ, ഡിസ്കസ്ത്രോ, ബോക്സിങ്, ഗുസ്തി എന്നിവയില്‍ അഭ്യസനം നടത്തുന്നതോടൊപ്പം മാംസപേശികള്‍ ദൃഢപ്പെടുത്തുന്നതിന് ഭാരോദ്വഹനം, ഇരുമ്പുകമ്പി വളയ്ക്കല്‍, കാളയെമെരുക്കല്‍ എന്നിവയും പരിശീലിച്ചിരുന്നു. സ്ത്രീകളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നില്ലെന്നു മാത്രമല്ല, പ്രേക്ഷകവിഭാഗത്തില്‍പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സരങ്ങള്‍ക്കുമുമ്പ് അത് ലെറ്റുകള്‍ മതപരമായ ചടങ്ങുകള്‍ ആചരിക്കാറുണ്ടായിരുന്നു. കളിക്കാരുടെ സാങ്കേതികപരിജ്ഞാനത്തിനും പ്രത്യേക വിഭാഗം കളികളിലുള്ള പ്രാഗല്ഭ്യത്തിനുമാണ് കായികബലത്തേക്കാള്‍ ഇന്ന് പ്രാധാന്യം നല്കുന്നത്. ഗോള്‍ഫ്, ബേസ്ബാള്‍, ക്രിക്കറ്റ് എന്നീയിനങ്ങളിലെല്ലാം തന്നെ സാങ്കേതിക പരിജ്ഞാനത്തിനാണ് പ്രാധാന്യം. കളികളില്‍ പങ്കെടുക്കുന്നവരെ മാനസികമായും ശാരീരികമായും ചിട്ടപ്പെടുത്തുകയാണ് ആധുനിക പരിശീലനത്തിന്റെയും ഉദ്ദേശ്യം. കായികശിക്ഷണ(Physical education)ത്തിനുള്ള ഒരു വകുപ്പ് ആദ്യമായി ആരംഭിച്ചത് ഫ്രാന്‍സാണ്. 1958-ല്‍ ഇത് ഒരു പ്രത്യേക മന്ത്രാലയത്തിന്റെ (ഹൈക്കമ്മീഷന്‍ ഫോര്‍ ദ് യൂത്ത് ആന്‍ഡ് സ്പോര്‍ട്ട്സ്)കീഴിലാക്കുകയുണ്ടായി. ഇന്ന് എല്ലാ സംഘടനകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് കായികശിക്ഷണവകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരരംഗത്തുനിന്നും പിന്‍മാറുന്ന പ്രൊഫഷണല്‍ അത് ലെറ്റുകളാണ് സാധാരണയായി ചെറുപ്പക്കാരുടെ പരിശീലകന്മാരായി മാറുന്നത്. പരിശീലനം തുടങ്ങുന്നതിനുമുമ്പും പരിശീലനകാലത്തും അത് ലെറ്റുകള്‍ക്ക് വൈദ്യപരിശോധനയും പരിചരണവും ലഭിക്കുന്നു. കായികമത്സരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അധികം പരിശീലനം ആവശ്യമായത് ഓട്ടത്തിനാണ്. ബാഡ്മിന്റണ്‍, ക്രിക്കറ്റ് എന്നിവയില്‍ ഓരോ അത് ലെറ്റിനേയും പ്രത്യേകം പ്രത്യേകം പരിശീലിപ്പിച്ചതിനുശേഷമാണ് ഒന്നിച്ചു കളിക്കാന്‍ അനുവദിക്കുന്നത്.

ഹാമര്‍ ത്രോ

അത് ലെറ്റിക് സംഘടനകള്‍. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് അത് ലെറ്റിക് സംഘടനകള്‍ രൂപംകൊണ്ടു തുടങ്ങിയത്. 1880-ല്‍ ബ്രിട്ടനില്‍ അമച്യുര്‍ അത് ലെറ്റിക് അസോസിയേഷന്‍ (A.A.A) രൂപംകൊണ്ടു. 1887-ല്‍ ന്യൂസിലന്‍ഡ് അമച്യുര്‍ അത്‍ലെറ്റിക് അസോസിയേഷനും 1888-ല്‍ ബല്‍ജിയത്തിലും 1895-ല്‍ ദക്ഷിണാഫ്രിക്കയിലും സ്വീഡനിലും 1897-ല്‍ ആസ്റ്റ്രേലിയ, ചെക്കോസ്ളവാക്യ, ഗ്രീസ്, ഹംഗറി എന്നീ രാജ്യങ്ങളിലും 1898-ല്‍ ഇറ്റലിയിലും ജര്‍മനിയിലും അത്‍ലെറ്റിക് അസോസിയേഷനുകള്‍ രൂപമെടുത്തു. 1912-ല്‍ അന്താരാഷ്ട്ര അത്‍ലെറ്റിക് ഫെഡറേഷന്‍ സ്ഥാപിതമായി. വിവിധ ദേശീയമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണല്‍ അത്‍ലെറ്റിക്സ്, വിമന്‍സ് അമച്യുര്‍ അത്‍ലെറ്റിക്സ്, സ്കൂള്‍ അത്‍ലെറ്റിക്സ്, ജൂനിയര്‍ അത്‍ലെറ്റിക്സ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതില്‍ പെടുന്നു.


ഇന്ത്യയില്‍. ഈജിപ്തിലും ഗ്രീസിലും എന്നപോലെ ഇന്ത്യയിലും വേദങ്ങളുടെ കാലത്തുതന്നെ ശരീരപോഷണത്തിന് പ്രാധാന്യം കല്പിച്ചിരുന്നുവെന്ന് ശാസ്ത്രങ്ങളും ഇതിഹാസങ്ങളും തെളിയിക്കുന്നു. അസ്ത്രപ്രയോഗം, വെടിവയ്പ്, വാള്‍പ്പയറ്റ്, കുതിരയോട്ടം, നായാട്ട് തുടങ്ങിയ മത്സരങ്ങള്‍ യുദ്ധസംബന്ധിയായ അവയുടെ പ്രയോജനത്തെ കണക്കാക്കി രാജാക്കന്മാരും നാടുവാഴികളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഒളിമ്പിക് പ്രസ്ഥാനം ആദ്യമായി ഉടലെടുത്തത് 1928-ലാണ്. 1946-ല്‍ അമച്യുര്‍ അത് ലെറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ നിലവില്‍വന്നു. ഗുരുദത്ത് സോന്ധിയാണ് ഇന്ത്യന്‍ അത് ലെറ്റിക്സിന്റെ പിതാവ്.

പി.ടി.ഉഷ
ഷൈനി വില്‍സന്‍

അമച്യുര്‍ അത് ലെറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലും 1960-ല്‍ സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്ട്സിന്റെ സഹകരണത്തിലും ഇന്ത്യയില്‍ അത് ലെറ്റിക്സ് ഗണ്യമായ പുരോഗതി നേടി. വര്‍ഷംതോറും അന്തര്‍സംസ്ഥാനമീറ്റുകളും അഖിലേന്ത്യാ ഓപ്പണ്‍ മീറ്റുകളും സംഘടിപ്പിക്കാറുണ്ട്. പ്രതിരോധം, പൊലീസ്, റെയില്‍വേ, കമ്പിത്തപാല്‍, സിവില്‍ സര്‍വീസ് എന്നീ വകുപ്പുകളും സര്‍വകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ വര്‍ഷങ്ങളിലും അത് ലെറ്റിക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.


മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും സംസ്ഥാന സ്പോര്‍ട്ട്സ് കൌണ്‍സിലിന്റെ കീഴില്‍ ഒരു അമച്യുര്‍ അത് ലെറ്റിക്സ് അസോസിയേഷന്‍ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത് അമച്യുര്‍ അത് ലെറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഘടനയുടെ കീഴില്‍ എല്ലാ ജില്ലകളിലും പ്രത്യേകം പ്രത്യേകം അസോസിയേഷനുകളുണ്ട്.

ലോങ് ജംപ്(അഞ്ചു ബോബി ജോര്‍ജ്)

ഏറ് മത്സരങ്ങള്‍ (ജാവലിന്‍, ഡിസ്കസ്, ഹാമര്‍), ഓട്ടമത്സരങ്ങള്‍, കുതിരപ്പന്തയം (Steeple Chasing), ചാട്ടമത്സരങ്ങള്‍, നടപ്പ് മത്സരങ്ങള്‍, ഭാരോദ്വഹനം എന്നിവയാണ് പ്രധാനപ്പെട്ട കായികാഭ്യാസയിനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍