This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലാന്തിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്‍ലാന്തിസ്

Atlantis


യവനപുരാണങ്ങളില്‍ പ്രസിദ്ധമായ ദ്വീപ് അഥവാ വന്‍കര. ഇത് അത്‍ലാന്തിക് സമുദ്രത്തില്‍ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. യവനപുരോഹിതന്മാര്‍ ഈ പ്രദേശത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുള്ളതായി പ്ളേറ്റോ സൂചിപ്പിക്കുന്നു. പ്രകൃതിരമണീയമായിരുന്ന അത്‍ലാന്തിസിന് ഏഷ്യാമൈനറും ലിബിയയും കൂടിച്ചേര്‍ന്നാലുള്ളത്ര വലുപ്പം ഉണ്ടായിരുന്നത്രേ. 'ഹെര്‍കുലീസ് സ്തംഭങ്ങള്‍'ക്ക് (ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്) പടിഞ്ഞാറായിരുന്നു ഇതിന്റെ സ്ഥാനം.


അത്‍ലാന്തിസിലെ ജനങ്ങള്‍ ബി.സി. 9400-അടുപ്പിച്ച് യൂറോപ്പിന്റെ മേല്‍ ആക്രമണം നടത്തിയതായും ആഥന്‍സുകാര്‍ ഈ ആക്രമണകാരികളെ തുരത്തിയതായും പ്ളേറ്റോ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയുടെ ഏതാനും ഭാഗങ്ങള്‍ ആക്രമിച്ച് ലിബിയ ഏറെക്കുറെ ഇവര്‍ കീഴടക്കിയിരുന്നതായും പ്രസ്താവമുണ്ട്. പില്ക്കാലത്ത് ദൈവകോപത്തിനിരയായി, ഒരു രാവും പകലുംകൊണ്ട്, അത്‍ലാന്തിസ് പ്രദേശം സമുദ്രത്തില്‍ ആണ്ടുപോയെന്നാണ് ഐതിഹ്യം. പൂര്‍ണതയിലെത്തിയ ഒരു മാതൃകാലോകം ആയിട്ടാണ് അത്‍ലാന്തിസിനെ പ്ളേറ്റോ കണക്കാക്കുന്നത്. മൌലികമായ രേഖകള്‍ ഇല്ലാത്തതിനാല്‍ പ്ളേറ്റോയുടെ നിഗമനങ്ങള്‍ക്ക് സങ്കല്പ സ്വഭാവമേയുള്ളു. ഫ്രാന്‍സിസ് ബേക്കണ്‍ വിവരിച്ച സാങ്കല്പികമായൊരു ജനപദത്തിന് 'നവ അത്‍ലാന്തിസ്' (The new Atlantis) എന്നാണ് പേര്; പക്ഷേ, ബേക്കണ്‍ അതിന്റെ ആസ്ഥാനം കല്പിച്ചത് ദക്ഷിണസമുദ്രത്തില്‍ എവിടെയോ ആണെന്നു മാത്രം.


അറബി ഭൂമിശാസ്ത്രജ്ഞരില്‍ നിന്നു കിട്ടിയ വിവരങ്ങളെ ആധാരമാക്കി മധ്യകാല ഗ്രന്ഥകാരന്മാര്‍ വിശ്വസിക്കുന്നത് അത്‍ലാന്തിസ് എന്ന ഭൂഭാഗം ഒരു കാലത്തുണ്ടായിരുന്നു എന്നുതന്നെയാണ്. ഒരുപക്ഷേ, പശ്ചിമ-അത്‍ലാന്തിക് സമുദ്രത്തിലെ കടല്‍പ്പായലോ (Sea weeds) ഫിനിഷ്യക്കാര്‍ സന്ദര്‍ശിച്ചിരിക്കാനിടയുള്ള ദ്വീപസമൂഹമായ അസോര്‍സോ (നോ: അസോര്‍സ്) ആയിരിക്കാം ഈ വിശ്വാസത്തിനടിസ്ഥാനം. അത്‍ലാന്തിസ് പോലെ വേറെയും ദ്വീപുകള്‍ പടിഞ്ഞാറന്‍ കടലില്‍ ഉള്ളതായി അവര്‍ പറയുന്നു. ഭാഗ്യദ്വീപുകള്‍ (The fortunate Islands) എന്നറിയപ്പെടുന്ന യവന ദ്വീപുകള്‍, സപ്തനഗരദ്വീപ് (The Isle land of Seven Cities) അഥവാ പോര്‍ത്തുഗീസ് അന്തീലിയ (Antilia), സെന്റ് ബ്രണ്‍ഡന്‍സ് ദ്വീപ് (St.Brenadan's Island) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. ഇവയെല്ലാം 14-15 ശ.-ങ്ങളിലെ ഭൂപടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടുതാനും. ബ്രണ്‍ഡന്‍സ് ദ്വീപിന്റെ അസ്തിത്വത്തെപ്പറ്റി 18-ാം ശ. വരെ വിശ്വാസമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പല ദ്വീപുകളും പാശ്ചാത്യേതിഹാസങ്ങളില്‍ സൂചിതങ്ങളായിട്ടുണ്ട്. 'ഹരിതദ്വീപ്' (The green Island) എന്നറിയപ്പെടുന്ന 'ഇല്‍ഹാ വെര്‍ഡേ' (Illha Verde) എന്ന പോര്‍ത്തുഗീസ് ദ്വീപ് 440 48' വ., 260 10' പ. എന്നീ ദിശാങ്കത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പാറക്കെട്ടായി 1835 വരെയുള്ള ഇംഗ്ളിഷ് ചാര്‍ട്ടുകളില്‍ അടയാളപ്പെടുത്തിക്കാണുന്നു.


അത്‍ലാന്തിസിന്റെ സ്ഥാനം നിര്‍ണയിക്കാനുള്ള ശ്രമങ്ങള്‍ നവോത്ഥാനഘട്ടത്തിനുശേഷം ഉണ്ടായിട്ടുണ്ട്. അമേരിക്ക, സ്കാന്‍ഡിനേവിയ, പലസ്തീന്‍ എന്നിവിടങ്ങളൊക്കെയുമായി ഇതിനെ ബന്ധപ്പെടുത്താറുണ്ട്. മൊണ്ടേയ്ന്‍, ബഫണ്‍, വോള്‍ട്ടയര്‍ തുടങ്ങിയവര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും 18-ാം ശ.-ത്തില്‍പ്പോലും അത്‍ലാന്തിസിന്റെ അസ്തിത്വം ഏറെക്കുറെ തര്‍ക്കവിഷയമായിരുന്നു. അത്‍ലാന്തിക് സമുദ്രത്തിന്റെ ആഴം അളന്നവര്‍ ഈ വന്‍കരയുടെ സ്ഥാനം കണ്ടെത്തുകയുണ്ടായി എന്ന് പറയപ്പെടുന്നു. വിവിധ അത്‍ലാന്തിക് ദ്വീപുകള്‍ ഇതിന്റെ ഭാഗങ്ങളാണെന്നും സെന്റ് പോള്‍സ് പാറകള്‍ ഇതിന്റെ അവശിഷ്ടങ്ങളാണെന്നും അവിടെനിന്ന് തുരന്നെടുത്ത ചില ഭാഗങ്ങള്‍ക്ക് ആറുകോടി സംവത്സരം പഴക്കമുണ്ടെന്നും അനുമാനിക്കപ്പെടുന്നു. അവയ്ക്ക് പുറംകടലിലെ ചെളിയോടു സാദൃശ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഒരുപക്ഷേ വന്‍കരവിസ്ഥാപന സിദ്ധാന്തത്തിന് ഉപോദ്ബലകമായ ഒന്നായിരിക്കാം ഈ അത്‍ലാന്തിസ് പുരാണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍