This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്രി

സപ്തര്‍ഷിമണ്ഡലത്തില്‍പ്പെട്ട ഒരു മുനി. വളരെയേറെ വേദസൂക്തങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തില്‍ ബ്രഹ്മാവിന്റെ കണ്ണില്‍നിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തില്‍ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രന്‍ എന്ന നിലയില്‍ അത്രി അറിയപ്പെടുന്നത് അഗ്നിയില്‍ നിന്നു ജനിച്ചതായും ചില പരാമര്‍ശങ്ങളുണ്ട്. ഇന്ദ്രന്‍, വിശ്വദേവന്‍മാര്‍, അശ്വിനികള്‍, അഗ്നി എന്നിവരെ പ്രകീര്‍ത്തിക്കുന്ന വേദസൂക്തങ്ങള്‍ അത്രിമുനിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സര്‍വശക്തന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യന്‍ ഏക ദൈവവിശ്വാസിയായിരുന്നു.


ഏകനായ ഈശ്വരന്‍ താന്‍തന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂര്‍ത്തികളുടെ പ്രസാദത്താല്‍ സോമന്‍, ദത്താത്രേയന്‍, ദുര്‍വാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാര്‍ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തില്‍ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണില്‍നിന്നാണ് ചന്ദ്രന്‍ ജനിച്ചതെന്ന് വിഷ്ണുപുരാണത്തില്‍ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവന്‍' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹര്‍ഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയില്‍ പുരാണങ്ങള്‍ അത്രിയെ പരാമര്‍ശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തില്‍ ചെന്ന് അത്രിയെയും അനസൂയയെയും സന്ദര്‍ശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തില്‍ പ്രസ്താവമുണ്ട്.


വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരില്‍ ഒരാള്‍, സപ്തര്‍ഷികളിലൊരാള്‍, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരില്‍ അദ്വിതീയന്‍, വരുണന്റെ ഏഴു ഋത്വിക്കുകളില്‍ ഒരാള്‍; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തില്‍നിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയന്‍ എന്നിങ്ങനെ വിവിധ പദവികള്‍ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.


ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തില്‍ കാണുന്നു (ആദിപര്‍വം).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍