This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തന്‍ കുരുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്തന്‍ കുരുക്കള്‍

18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബ്രിട്ടിഷ് ഭരണത്തിനെതിരായി മലബാറില്‍ വിപ്ളവം സംഘടിപ്പിച്ച നേതാവ്. ഈസ്റ്റിന്ത്യാ കമ്പനിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അത്തന്‍ കുരുക്കളുടെ ജനനമരണങ്ങളെപ്പറ്റി വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടില്ല.

ടിപ്പുസുല്‍ത്താന്റെ (1749-99) ഭരണത്തിന്‍കീഴിലായിരുന്ന മലബാര്‍ പ്രദേശത്ത് രണ്ടാമത്തെ കണ്ടെഴുത്ത് (Land Survey) നടന്ന അവസരത്തില്‍ (1788) അദ്ദേഹത്തിന്റെ റവന്യൂ വകുപ്പുമേധാവിയായിരുന്ന അര്‍ഷാദ്ബേഗ്ഖാന് മലബാര്‍ ജന്മിമാരില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടതായി വന്നു. മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ മാപ്പിള (മുസ്ളിം) ജന്മിമാരും നമ്പൂതിരി ജന്മികളോടൊപ്പം അര്‍ഷാദ്ബേഗ്ഖാന്റെ നികുതി വ്യവസ്ഥയെ എതിര്‍ത്തു. അത്തന്‍ കുരുക്കളുടെ പിതാവിന്റെ നേതൃത്വത്തില്‍ മൈസൂര്‍ ഭരണത്തിനെതിരായി ഒരു കലാപം നടന്നു. കലാപനേതാവായിരുന്ന അത്തന്‍ കുരുക്കളുടെ പിതാവ് ടിപ്പുവിന്റെ സേനയുമായി ഏറ്റുമുട്ടി മരണമടഞ്ഞു (1788); മറ്റു കലാപകാരികളെയും കുരുക്കളുടെ കുടുംബാംഗങ്ങളെയും ടിപ്പുവിന്റെ സൈന്യം തടവുകാരായി പിടിച്ച് ശ്രീരംഗപട്ടണത്തിലേക്കു കൊണ്ടുപോയി. മൂന്നാം ആംഗ്ളോ-മൈസൂര്‍ യുദ്ധകാലത്ത് (1790-92) അത്തന്‍ കുരുക്കളും കുടുംബാംഗങ്ങളും മൈസൂറില്‍നിന്നു രക്ഷപ്പെട്ട് മലബാറില്‍ എത്തി. (ടിപ്പുവിന്റെ പരാജയത്തെ തുടര്‍ന്ന്, തടവുകാരുടെ കൈമാറ്റം നടന്ന സന്ദര്‍ഭത്തിലാണ്, അത്തന്‍ കുരുക്കളും ബന്ധുക്കളും മലബാറില്‍ എത്തിയതെന്ന് ഒരഭിപ്രായവുമുണ്ട്.)

ബ്രിട്ടീഷുകാരുടെ പ്രീതിക്കു പാത്രമായിത്തീര്‍ന്ന അത്തന്‍ കുരുക്കള്‍ 1797-ല്‍ ഏറനാട്ടിലെ പൊലീസുമേധാവിയായി നിയമിതനായി. ബ്രിട്ടിഷ് വിരുദ്ധസമരങ്ങളുടെ നേതാക്കന്മാരായിരുന്ന ഉണ്ണിമൂസയുടെയും ചെമ്പന്‍പോക്കരുടെയും സഹപ്രവര്‍ത്തകനായിത്തീര്‍ന്ന അത്തന്‍ കുരുക്കള്‍, ഏറനാട്ടിലെ പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചു. അതോടുകൂടി ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ അത്തന്‍ കുരുക്കളെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും പിടിച്ചുകൊടുക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കാമെന്നു വിളംബരപ്പെടുത്തുകയും ചെയ്തു. കേണല്‍ ബോണ്‍സിന്റെയും ക്യാപ്റ്റന്‍ വാട്ട്സിന്റെയും നേതൃത്വത്തില്‍ ബ്രിട്ടിഷ് സേന അത്തന്‍ കുരുക്കള്‍ക്കെതിരായി ആക്രമണ നടപടികള്‍ ആരംഭിച്ചു (1801). അത്തന്‍ കുരുക്കളെയും അനുയായികളെയും അമര്‍ച്ച ചെയ്യാന്‍ കിഴക്കേ കോവിലകത്തെ സാമൂതിരിയുടെ സൈനികസഹായവും ബ്രിട്ടീഷുകാര്‍ നേടി. ബ്രിട്ടിഷു സൈന്യവും സാമൂതിരിയുടെ സൈന്യവും സഹകരിച്ച് അത്തന്‍ കുരുക്കളെയും അനുയായികളെയും നേരിട്ടെങ്കിലും അവരെ കീഴടക്കാന്‍ സാധിച്ചില്ല. പൊലീസു മേധാവിയായി നിയമിച്ചും നല്ല തുക പെന്‍ഷന്‍ നല്കിയും അത്തന്‍ കുരുക്കളെ വശത്താക്കാനും ചില ശ്രമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടത്തിനോക്കി. പക്ഷേ ഈ പ്രലോഭനങ്ങള്‍ക്കൊന്നും അത്തന്‍ കുരുക്കള്‍ വശംവദനായില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് മലബാര്‍ കളക്ടര്‍ കണ്ടുകെട്ടി

പഴശ്ശിരാജാവ് ബ്രിട്ടിഷ് വിരുദ്ധ സമരം ആരംഭിച്ചപ്പോള്‍ ഉണ്ണിമൂസ്സയോടും ചെമ്പന്‍പോക്കരോടുമൊപ്പം, അത്തന്‍കുരുക്കളും അദ്ദേഹത്തെ സഹായിച്ചു. അതോടെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം കൂടുതല്‍ ശക്തിപ്പെട്ടു. ഈ സായുധവിപ്ളവം 1805 വരെ നിണ്ടുനിന്നു. 1802-ല്‍ ഉണ്ണിമൂസ പടക്കളത്തില്‍ മരിച്ചുവീണു;

1805 -ന്റെ ആദ്യം ചെമ്പന്‍ പോക്കരും രക്തസാക്ഷിത്വം വരിച്ചു. പഴശ്ശി രാജാവ് വധിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. അതോടുകൂടി അത്തന്‍ കുരുക്കളുടെയും അനുയായികളുടെയും ശക്തി ക്ഷയിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി ദീര്‍ഘകാലം സമരം നടത്തി ക്ഷീണിച്ച അത്തന്‍ കുരുക്കളും, ഒടുവില്‍ ബ്രിട്ടിഷു സേനയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതായി കരുതപ്പെടുന്നു. നോ: ഉണ്ണിമൂസ, പഴശ്ശിരാജാ, മലബാര്‍ കലാപം

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍