This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്‍ക്റ്റാഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്‍ക്റ്റാഡ്

UNCTAD

അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനവും ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നിലവില്‍വന്ന ഒരു സ്ഥാപനം. 1964 മാ.-ജൂണ്‍ മാസങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ വാണിജ്യ-വികസന സമ്മേളനം നിര്‍ദേശിച്ചതനുസരിച്ച് അക്കൊല്ലം ഡി.-ല്‍ ജനറല്‍ അസംബ്ളി ഒരു പ്രമേയത്തിലൂടെ അണ്‍ക്റ്റാഡിന് രൂപംനല്കി. ഈ സംഘടന 'യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ്' (United Nations Conference on Trade and Development)എന്ന പേരിന്റെ സംക്ഷിപ്തരൂപമായ 'അണ്‍ക്റ്റാഡ്' എന്ന് അറിയപ്പെടുന്നു. ഇതിന്റെ ആസ്ഥാനം ജനീവയാണ്. ഇതില്‍ 191 അംഗങ്ങളുണ്ട്. അണ്‍ക്റ്റാഡിന്റെ ഭരണസമിതി 'ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ്' ( Trade and Development Board) ആണ്. അണ്‍ക്റ്റാഡിന്റെ പ്രഥമസമ്മേളനം (1964 മാ. 23 മുതല്‍ ജൂണ്‍ 16 വരെ) ജനീവയില്‍വച്ചും രണ്ടാം സമ്മേളനം (1968 ഫെ. 1 മുതല്‍ മാ. 29 വരെ) ന്യൂഡല്‍ഹിയില്‍വച്ചും നടന്നു. ഇതുവരെ പതിനൊന്ന് സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്.

അണ്‍ക്റ്റാഡിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയാണ്:

(1) സാമ്പത്തികവികസനം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി അന്താരാഷ്ട്രവാണിജ്യത്തിന്റെ തോത് വര്‍ധിപ്പിക്കുക. വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യവും വ്യത്യസ്ത സാമ്പത്തിക-സാമൂഹികഘടനകളുള്ള രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവും ആണ് അണ്‍ക്റ്റാഡിന്റെ പരിധിയില്‍ വരുക; (2) അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനത്തിന്റെ മറ്റു പ്രശ്നങ്ങളും ആസ്പദമാക്കി നയപരിപാടികള്‍ രൂപവത്കരിക്കുക; (3) ഈ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുക; (4) ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റു ഐക്യരാഷ്ട്രസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുക; (5) വാണിജ്യമേഖലകള്‍ക്കുവേണ്ടിയുള്ള ബഹുപക്ഷീയ നിയമനടപടികള്‍ക്കു രൂപം നല്കാന്‍ കൂടിയാലോചനകള്‍ നടത്തുക;

(6) ഗവണ്‍മെന്റുകളുടെയും പ്രാദേശികസാമ്പത്തികസംഘടനകളുടെയും വാണിജ്യവും തത്സംബന്ധമായ നയങ്ങളും ഏകോപിപ്പിക്കുക.

ഒന്നാം അണ്‍ക്റ്റാഡ് സമ്മേളനത്തില്‍ അന്താരാഷ്ട്രവാണിജ്യത്തെ ആസ്പദമാക്കിയ പ്രമേയങ്ങളാണ് പാസ്സാക്കപ്പെട്ടത്. ആദ്യസമ്മേളനത്തെത്തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളില്‍ അന്താരാഷ്ട്രവാണിജ്യത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി. മറ്റു ചില മേഖലകളില്‍ അണ്‍ക്റ്റാഡ് നിര്‍ദേശങ്ങള്‍ ശരിയായി നടപ്പില്‍ വരുത്തിയിട്ടില്ല. ഐക്യരാഷ്ട്ര വികസനദശക (United NationsDevelopment Decade 1960-70)ത്തില്‍ എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും വരുമാനം പ്രതിവര്‍ഷം 5 ശ.മാ. വര്‍ധിക്കണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ മിക്ക രാഷ്ട്രങ്ങളുടെയും വികസനത്തിന്റെ തോത് ഇതില്‍ കുറവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണ്‍ക്റ്റാഡിന്റെ രണ്ടാം സമ്മേളനം നടന്നത്.

വികസ്വരരാഷ്ട്രങ്ങളുടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിനു സഹായകമായ രീതിയില്‍ വികസിതരാഷ്ട്രങ്ങളുടെ താരിപ്പുവ്യവസ്ഥകളില്‍ ചില അയവുകള്‍ വരുത്തുക, വികസിതരാഷ്ട്രങ്ങളുടെ മൊത്തം ദേശീയോത്പന്ന(Gross national product)ത്തിന്റെ 1 ശ.മാ. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തികവികസനത്തിനു സഹായമായി നല്കുക, വികസ്വര രാഷ്ട്രങ്ങളിലെ ഷിപ്പിങ്-തുറമുഖസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു സാമ്പത്തികസഹായങ്ങള്‍ നല്കുക എന്നിവ പ്രസ്തുത സമ്മേളനത്തിന്റെ നിര്‍ദേശങ്ങളാണ്.

വികസ്വര രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യത്തിന്റെ കാര്യത്തിലും ഈ സമ്മേളനത്തിനു പങ്കുണ്ട്. വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യത്തിന്റെ വികസനം, സാമ്പത്തികോദ്ഗ്രഥനം എന്നിവയിലും കാര്യമായ പുരോഗതി വരുത്തുവാന്‍ അണ്‍ക്റ്റാഡിന് കഴിഞ്ഞു. വികസ്വരരാഷ്ട്രങ്ങളിലെ ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും അതിനു സഹായം നല്കുന്നതിനും വികസിത രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതും അണ്‍ക്റ്റാഡ് ആണ്. വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വേദി എന്ന നിലയില്‍ അണ്‍ക്റ്റാഡ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

1972 ഏ.-മേയ് മാസങ്ങളില്‍ അണ്‍ക്റ്റാഡിന്റെ മൂന്നാം സമ്മേളനം സാന്റിയാഗോയില്‍ കൂടുകയുണ്ടായി. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികപ്രശ്നങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. വാണിജ്യം, ധനസഹായം എന്നീ വിഷയങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. ഗാട്ടും (Gatt - General Agreements on Tariffs and Trade) അണ്‍ക്റ്റാഡുമായി അടുത്ത ബന്ധം ഉണ്ടാക്കണമെന്ന വികസ്വര രാഷ്ട്രങ്ങളുടെ നിര്‍ദേശത്തിന് വികസിതരാഷ്ട്രങ്ങളുടെ പിന്‍തുണ ലഭിച്ചില്ല. വികസിത രാഷ്ട്രങ്ങളുടെ മൊത്തം ദേശീയോത്പന്നത്തിന്റെ 0.7 ശ.മാ. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന് നല്കണമെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട്് മക്നമാറാ ഉന്നയിച്ച നിര്‍ദേശത്തെ മിക്ക വികസിതരാഷ്ട്രങ്ങളും നിരസിക്കുകയാണുണ്ടായത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തില്‍ എസ്.ഡി.ആര്‍. (Special Drawing Rights) വിതരണം ചെയ്യണമെന്ന ആവശ്യവും വികസ്വര രാഷ്ട്രങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ധനികരാഷ്ട്രങ്ങളുടെ സ്ഥിര-വ്യാപാരമിച്ചങ്ങള്‍ വികസ്വര രാഷ്ട്രങ്ങളുടെ സഹായത്തിനുവേണ്ടി വിനിയോഗിക്കണമെന്നും നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. അന്താരാഷ്ട്ര-നാണ്യ-പരിഷ്കാരങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ വികസ്വരരാഷ്ട്രങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ വില കല്പിക്കണമെന്നും ഈ സമ്മേളനം തീരുമാനിക്കുകയുണ്ടായി. അണ്‍ക്റ്റാഡിന് പരാമാധികാരസ്വഭാവമുണ്ടാക്കുന്ന കാര്യത്തില്‍ വികസ്വരരാഷ്ട്രങ്ങള്‍ ഉറച്ചുനിന്നുവെന്നതും ശ്രദ്ധേയമാണ്.

2004 ജൂ.-ല്‍ ബ്രസീലിലെ സാവോപോളോയില്‍ നടന്ന 11-ാം സമ്മേളനത്തില്‍ 'ദേശീയ വികസനതന്ത്രങ്ങളും ആഗോളസാമ്പത്തിക പ്രക്രിയകളും തമ്മിലുള്ള ബന്ധ'ത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. വികസ്വര രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ ആഗോളസാമ്പത്തികക്രമത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദമായ ചര്‍ച്ചയുണ്ടായി. പ്രധാനമായും നാലു വീക്ഷണകോണുകളിലൂടെയാണ് അംഗരാജ്യങ്ങള്‍ ഈ പ്രശ്നത്തെ സമീപിച്ചത്: (1) ആഗോളവല്‍ക്കൃതമായിക്കൊണ്ടിരിക്കുന്ന ലോകസമ്പദ്ഘടനയില്‍ ദേശീയസാമ്പത്തിക നയങ്ങള്‍ എങ്ങനെ ആവിഷ്ക്കരിക്കാം. (2) ഉല്പാദനശേഷിയും അന്താരാഷ്ട്ര മതസംരക്ഷതയും വികസിപ്പിക്കുക. (3) അന്താരാഷ്ട്ര വ്യാപാര-വാണിജ്യ ക്രമീകരണങ്ങള്‍ എങ്ങനെ ദേശീയവികസനത്തിനനുകൂലമാക്കാം. (4) വികസനത്തിലെ പങ്കാളിത്തം. 2000 ഫെ.-യില്‍ ബാങ്കോക്കില്‍ നടന്ന സമ്മേളനം അംഗീകരിച്ച 'പ്രവര്‍ത്തനപദ്ധതി' രേഖകൂടി കണക്കിലെടുത്തുകൊണ്ട് സാവോപോളോ സമ്മേളനം ഒരു സമവായത്തിലെത്തുകയുണ്ടായി. നോ: ഗാട്ട്, അന്താരാഷ്ട്രനാണയനിധി, അന്താരാഷ്ട്രവാണിജ്യം, ലോകവ്യാപാരസംഘടന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍