This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ണാമല സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്ണാമല സര്‍വകലാശാല

തമിഴ്‍നാട്ടിലെ പ്രശസ്തമായൊരു സര്‍വകലാശാല. 1929-ല്‍ ചിദംബരം എന്ന പട്ടണത്തില്‍ ഇത് സ്ഥാപിതമായി. അണ്ണാമലച്ചെട്ടിയാര്‍ ദാനം ചെയ്ത ശ്രീ മീനാക്ഷി കോളജ്, തമിഴ്‍കോളജ്, സംസ്കൃതകോളജ്, എന്നീ മൂന്നു കോളജുകളായിരുന്നു ഈ സര്‍വകലാശാലയുടെ ആദ്യഘടകങ്ങള്‍. ഓറിയന്റല്‍ ട്രെയിനിങ് കോളജും സംഗീത കോളജും പിന്നീട് ഇതിന്റെ കീഴിലായി. ഇവയ്ക്കു പുറമേ 20 ലക്ഷം രൂപയും ചെട്ടിയാര്‍ ഈ സര്‍വകലാശാലയ്ക്കുവേണ്ടി സംഭാവന ചെയ്തു.

അണ്ണാമല സര്‍വകലാശാല -ആഫീസ് കെട്ടിടവും ശാസ്ത്രി ഹാളും

ഇതൊരു റസിഡന്‍ഷ്യല്‍ സര്‍വകലാശാലയാണ്. ഒന്‍പത് ഫാക്കല്‍റ്റികളിലായി 48 ലേറെ വകുപ്പുകളില്‍ ഇവിടെ അധ്യയനം നടക്കുന്നു. തമിഴ്, സംസ്കൃതം, സംഗീതം എന്നിവ ഒഴിച്ചാല്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും പഠനമാധ്യമം ഇംഗ്ളീഷാണ്. അധ്യയനവര്‍ഷം ജൂണ്‍ മുതല്‍ മാര്‍ച്ചുവരെയാണ്.

ഭാഷാശാസ്ത്രം (Linguistics), തമിഴ്, സമുദ്രശാസ്ത്രപഠനങ്ങള്‍ (Marine Biology and Oceanography) എന്നീ വിഭാഗങ്ങളില്‍ ഗവേഷണം നടത്തുന്നതിന് പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷാശാസ്ത്രത്തിന് ഒരു ഉപരിപഠനകേന്ദ്രം (advanced centre) ഇവിടെയുണ്ട്. ഈ സര്‍വകലാശാലയിലെ ദ്രാവിഡഭാഷാവിഭാഗം പ്രശസ്തമാണ്. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്, സര്‍വകലാശാലാകേന്ദ്രത്തില്‍ നിന്ന് കുറച്ചു ദൂരെയായി പോര്‍ട്ടോനോവോ എന്ന സ്ഥലത്ത് ഒരു മറൈന്‍ ബയോളജി സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.

ഗവേഷണ ഫെല്ലോഷിപ്പുകള്‍ കൂടാതെ നിരവധി സ്കോളര്‍ഷിപ്പുകളും മെഡലുകളും എന്‍ഡൌമെന്റ് സമ്മാനങ്ങളും വിദ്യാര്‍ഥികള്‍ക്കു യോഗ്യതയുടെ അടിസ്ഥാനത്തില്‍ നല്കുന്നുണ്ട്. ഈ സര്‍വകലാശാലയുടെ പരമാധികാരം സെനറ്റില്‍ നിലകൊള്ളുന്നു. സിന്‍ഡിക്കേറ്റാണ് ഭരണനിര്‍വഹണ സമിതി. ഇവ കൂടാതെ അക്കാദമിക് കൌണ്‍സില്‍, ഫാക്കല്‍ട്ടികള്‍, ബോര്‍ഡ് ഒഫ് സ്റ്റഡീസ്, ധനകാര്യകമ്മിറ്റി, ബോര്‍ഡ് ഒഫ് സെലക്ഷന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‍നാട് ഗവര്‍ണറാണ് ചാന്‍സലര്‍; പ്രോ ചാന്‍സലര്‍ ചെട്ടിയാര്‍ കുടുംബാംഗവും. വൈസ്ചാന്‍സലറെ മൂന്നു വര്‍ഷത്തേക്ക് ചാന്‍സലര്‍ നോമിനേറ്റു ചെയ്യുക എന്ന വ്യവസ്ഥയാണു നിലവില്‍ ഉള്ളത്. സര്‍വകലാശാലയോട് അനുബന്ധിച്ച് നല്ലൊരു ഗ്രന്ഥശാലയും ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍