This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ണാമലച്ചെട്ടിയാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്ണാമലച്ചെട്ടിയാര്‍ (1881 - 1948)

അണ്ണാമല സര്‍വകലാശാലയുടെ സ്ഥാപകന്‍. ഡോ. രാജാസര്‍ അണ്ണാമലച്ചെട്ടിയാര്‍ എന്നാണ് പൂര്‍ണമായ പേര്. 1881 സെപ്. 30-ന് മുന്‍ രാമനാട് ജില്ലയിലുള്ള കാനാട്ടുകാത്താന്‍ എന്ന ദേശത്ത് എസ്.ആര്‍.എം.എം. മുത്തയ്യച്ചെട്ടിയാര്‍ എന്ന ബാങ്കറുടെ മകനായി ജനിച്ചു. ധനസ്ഥിതികൊണ്ടും ദാനകര്‍മങ്ങള്‍കൊണ്ടും പ്രശസ്തിനേടിയ ഒരു വലിയ കുടുംബം ആയിരുന്നു ചെട്ടിയാരുടേത്. സ്വദേശത്തെ പാഠശാലകളില്‍നിന്നു ലഭിച്ച വിദ്യാഭ്യാസത്തിനുശേഷം അണ്ണാമലച്ചെട്ടിയാര്‍ കുടുംബബിസിനസ്സായ ബാങ്ക് നടത്തിപ്പില്‍ വ്യാപൃതനായി. സിലോണ്‍ (ശ്രീലങ്ക), ബര്‍മ (മ്യാന്‍മര്‍), വിദൂരപൂര്‍വദേശങ്ങള്‍ എന്നീ സ്ഥലങ്ങളിലുള്ള ശാഖാപ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിക്കയും 1910-ല്‍ യൂറോപ്പു സന്ദര്‍ശിച്ച് വ്യാപാരസാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. വിദേശയാത്ര കഴിഞ്ഞുവന്നയുടനെ, ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്തു. അതിനുശേഷം പൊതുജീവിതത്തില്‍ പടിപടിയായി ഇദ്ദേഹം ഉയര്‍ന്നു വന്നു. 1916-ല്‍ മദ്രാസ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായി. 1920-ല്‍ കൌണ്‍സില്‍ ഒഫ് സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചു. ധനപരമായ കാര്യങ്ങളില്‍ അണ്ണാമലച്ചെട്ടിയാര്‍ ഒരു ക്രാന്തദര്‍ശി ആയിരുന്നു. ഇന്ത്യന്‍ ബാങ്കിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന ഇദ്ദേഹം, 1921-ല്‍ ഇമ്പീരിയല്‍ ബാങ്ക് ആരംഭിച്ചപ്പോള്‍ അതിന്റെ ഒരു ഗവര്‍ണറായും നിയമിതനായി.

അണ്ണാമലച്ചെട്ടിയാര്‍

പണം ഉണ്ടാക്കുവാന്‍ മാത്രമല്ല, നല്ല കാര്യങ്ങള്‍ക്കായി ധാരാളം ദാനം ചെയ്യാനും കഴിഞ്ഞ ഒരു മഹാനായിരുന്നു അണ്ണാമലച്ചെട്ടിയാര്‍. തന്റെ ജന്‍മദേശത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുവാന്‍ ഒരു വലിയ തുക ഇദ്ദേഹം സംഭാവന ചെയ്തു. മദ്രാസില്‍ ലേഡീസ് ക്ളബ് സ്ഥാപിക്കുവാന്‍ രണ്ടു ലക്ഷം രൂപ ദാനം ചെയ്തു. നഗരശുചീകരണത്തിലും വിദ്യാഭ്യാസത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഉപരിവിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിന്റെ സാക്ഷാത്കാരമാണ് ചിദംബരത്ത് 1920-ല്‍ സ്ഥാപിതമായ മീനാക്ഷി കോളജ്. അണ്ണാമലച്ചെട്ടിയാരുടെ അമ്മ (മീനാക്ഷി)യുടെ സ്മരണയെ നിലനിര്‍ത്തുവാനാണ് കോളജിന് ആ പേര്‍ നല്കിയത്. 1923-ല്‍ പണി പൂര്‍ത്തിയായ മീനാക്ഷി കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍, പ്രസിദ്ധ ചരിത്രകാരനായ കെ.എ. നീലകണ്ഠശാസ്ത്രി ആയിരുന്നു. 1923-ല്‍ അണ്ണാമലച്ചെട്ടിയാര്‍ക്ക് ബ്രിട്ടിഷ് ഗവണ്‍മെന്റ് 'സര്‍' സ്ഥാനം നല്കി. ചില സര്‍വകലാശാലകള്‍ 'ഡോക്ടര്‍' ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും മുന്‍ഗണന കൊടുക്കണമെന്നത് മീനാക്ഷി കോളജിന്റെ പ്രത്യേക ലക്ഷ്യം ആയിരുന്നു. എങ്കിലും ശാസ്ത്രപഠനം അവഗണിക്കപ്പെട്ടില്ല. 1926-ല്‍ സയന്‍സിനുള്ള വകുപ്പുകള്‍ ആരംഭിച്ചു. ഈ വിദ്യാകേന്ദ്രമാണ് 1929-ല്‍ 'അണ്ണാമല സര്‍വകലാശാല'യായി രൂപംകൊണ്ടത്. 200 ഏക്കര്‍ വിസ്തൃതിയുള്ള ആ പരിസരം ഒരു സര്‍വകലാശാല കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യാന്‍ വീണ്ടും 20 ലക്ഷം രൂപ ചെട്ടിയാര്‍ സംഭാവന ചെയ്തു. മരിക്കുന്നതുവരെയും ഇദ്ദേഹം സര്‍വകലാശാലയുടെ പ്രോചാന്‍സലര്‍ ആയിരുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു വിജയം കൈവരിച്ച രാജാ അണ്ണാമലച്ചെട്ടിയാര്‍, 1948 ജൂണ്‍ 15-ന് നിര്യാതനായി. ഇദ്ദേഹത്തിനു 3 പുത്രന്‍മാരും 4 പുത്രിമാരും ഉണ്ട്. നോ: അണ്ണാമല സര്‍വകലാശാല, മുത്തയ്യച്ചെട്ടിയാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍