This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ണാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്ണാന്‍

Squirrel

റോഡന്‍ഷ്യ ജന്തുവര്‍ഗ (കരണ്ടുതിന്നുന്ന ജീവികള്‍)ത്തിലെ സിയൂറിഡേ (Sciuridae) കുടുംബത്തില്‍പ്പെടുന്ന സസ്തനി. അണ്ണാര്‍ക്കണ്ണന്‍, അണ്ണാര്‍ക്കോട്ടന്‍, അണ്ണി എന്നീ പേരുകളുമുണ്ട്. ഇതില്‍ ഏകദേശം 50 ജീനസ്സുകളുണ്ട്. ആസ്റ്റ്രേലിയാ, മഡഗാസ്കര്‍, തെ.അമേരിക്കയുടെ തെ.ഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്ത് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.

അണ്ണാന്‍-കേരളത്തില്‍ കണ്ടുവരുന്ന ഇനം

അണ്ണാന് പത്തു ഗ്രാം മുതല്‍ രണ്ടര കി.ഗ്രാം വരെ തൂക്കം വരും. ഏറിയപങ്കും വൃക്ഷശാഖകളില്‍ ഓടിനടക്കുന്നവയാണെങ്കിലും സമഭൂമിയിലും പാറകള്‍ക്കിടയിലെ വിള്ളലുകളിലും ജീവിക്കുന്നവയുമുണ്ട്. മലയണ്ണാന്‍ (rock squirrel) എന്നറിയപ്പെടുന്ന ചിപ്മങ്കുകള്‍, പാറകളിലെ വിള്ളലുകളിലും; വുഡ്ചക്കുകള്‍, പ്രയറിനായ്ക്കള്‍ എന്നിവ നിലത്തും; കേരളത്തില്‍ കണ്ടുവരുന്ന മൂന്നു വരയുള്ള അണ്ണാന്‍ വൃക്ഷങ്ങളിലും നിലത്തും ഒന്നുപോലെയും; ചുവന്ന അണ്ണാന്‍, ചാരനിറമുള്ള അണ്ണാന്‍ എന്നിവ വൃക്ഷശിഖരങ്ങളിലും ജീവിക്കുന്നു. രോമസമൃദ്ധമായ വാല്‍ ഈ വര്‍ഗത്തിന്റെ പ്രത്യേകതയാണ്. വൃക്ഷനിവാസികളില്‍ ഇതു കൂടുതല്‍ പ്രകടമായിരിക്കും. 'പറക്കുന്ന അണ്ണാന്‍' ഒഴികെ മറ്റെല്ലാ ഇനങ്ങളും പകല്‍മാത്രം കാണപ്പെടുന്നവയാണ്.

മരയണ്ണാന്‍. വളരെ ഉത്സാഹികളാണിവ. ഇവയില്‍ ഏറ്റവും ചെറുതായ 'ചുവന്ന അണ്ണാന്‍' വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനനിരതരായിരിക്കും. കുറ്റിക്കാടുകളും തോട്ടങ്ങളുമാണ് ഇവയ്ക്കിഷ്ടം. ഇവ ശൈത്യകാലത്തേക്കുവേണ്ട ഭക്ഷണം ശേഖരിച്ചു സൂക്ഷിക്കുന്നു. പൊതുവേ സസ്യഭുക്കുകളെങ്കിലും തരം കിട്ടിയാല്‍ പക്ഷികളുടെ മുട്ടകളും ഇവ ഭക്ഷിക്കുന്നു. ഇവ മരപ്പൊത്തുകളില്‍ ചുള്ളികളും ഇലകളുംകൊണ്ട് കൂടുകെട്ടുന്നു.

ചാരനിറമുള്ളവയും കുറുനരിയണ്ണാന്‍ (fox squirrel) എന്ന വിഭാഗവും കൂടുതലായി കാണപ്പെടുന്നത് കാടുകളിലാണ്.

രാക്ഷസനണ്ണാന്‍. ററ്റൂഫാ (Ratufa) ജീനസ്സില്‍പെട്ട ഇവ വൃക്ഷനിബിഡമായ വനങ്ങളില്‍ കാണപ്പെടുന്നു. വല്ലപ്പോഴും മാത്രമേ നിലത്തേക്കിറങ്ങുകയുള്ളു എന്നതിനാല്‍ ഇവ നമ്മുടെ ദൃഷ്ടിയില്‍ പെടുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. ചീറ്റലോടുകൂടിയ ഒരു പ്രത്യേക ശബ്ദം കേട്ടാണ് ഇവയുടെ സാന്നിധ്യം നാം മനസ്സിലാക്കുക. പകല്‍ വിശ്രമിച്ചശേഷം പ്രഭാതത്തിലും പ്രദോഷത്തിലും ഇവ പ്രവര്‍ത്തനനിരതമാകുന്നു. ഉയരം കൂടിയ വൃക്ഷശാഖകളില്‍നിന്ന് ഉയരംകുറഞ്ഞ മറ്റൊന്നിലേക്ക് കൈകാലുകള്‍ വിടര്‍ത്തി വായുവിലൂടെ ഊളിയിട്ടുചെല്ലാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

നിലയണ്ണാന്‍. മുതുകില്‍ വരകളുള്ള ഫ്യൂനാംബുലസ് പള്‍മേറം (Funambulus pulmarum) ആണ് കേരളത്തില്‍ സാധാരണ കണ്ടുവരുന്ന ഇനം. ഇന്‍ഡ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അഞ്ചു വരകളുള്ള ഫ്യൂ. പെന്നാന്റി (F.pennanti)യാണ് കൂടുതലായി കണ്ടുവരുന്നത്; കാട്ടുപ്രദേശങ്ങളില്‍ ഇവയെ കാണാറില്ല. ഭക്ഷണത്തിനും താമസസ്ഥലത്തിനുമായി മനുഷ്യനെ ആശ്രയിക്കുന്നതിനാല്‍ മനുഷ്യനുമായി ഇണങ്ങാന്‍ ഇവയ്ക്ക് പ്രയാസമൊന്നുമില്ല.

ഫ്യൂ. പള്‍മേറം കുറ്റിക്കാടുകളിലാണ് അധികവും കാണപ്പെടുക. തുളച്ചുകയറുന്ന 'കീ-കീ-' ശബ്ദം തുടരെ പുറപ്പെടുവിക്കുന്നു. ഈ ശബ്ദത്തിനൊത്ത് അതിന്റെ വാലും ചലിച്ചുകൊണ്ടിരിക്കും.

സാധാരണ സ്വവര്‍ഗത്തില്‍പ്പെട്ട ഒരു പെണ്ണിനുവേണ്ടി പല ആണുങ്ങളും മത്സരിക്കാറുണ്ട്. ഒരു ദിവസത്തിനുള്ളില്‍ ഇണചേരല്‍ നടക്കും. അതിനുശേഷം ആണ്‍ അണ്ണാന്‍ ഇണയുടെ കൂടെ തങ്ങാറില്ല. 40 മുതല്‍ 45 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാലുവരെ കുഞ്ഞുങ്ങള്‍ കാണും. ആദ്യത്തെ രണ്ടുമാസം മുലപ്പാലാണ് അവയുടെ ഭക്ഷണം. ആറേഴു മാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയെത്തും. പലതരം നാരുകളുപയോഗിച്ച് വൃക്ഷശിഖരങ്ങളില്‍ നിര്‍മിക്കുന്ന ഗോളാകൃതിയിലുള്ള കൂടുകളിലാണ് പ്രസവം നടക്കുന്നതും കുഞ്ഞുങ്ങള്‍ വളരുന്നതും.

മാര്‍മോട്ടുകള്‍. അണ്ണാന്‍കുടുംബത്തിലെ മറ്റൊരംഗം. 'വുഡ്ചക്ക്' എന്നും ഇവ അറിയപ്പെടുന്നു. മാളങ്ങളിലാണ് താമസം. ശരീരം കരുത്തുള്ളതും ചെവിയും വാലും കുറിയതുമാണ്. എന്നാല്‍ നീണ്ട വാലുള്ള മാര്‍മോട്ടുകള്‍ സൌന്ദര്യം കൂടിയവയും വര്‍ണപ്പൊലിമയേറിയവയുമാണ്. ഇന്ത്യയില്‍ ഹിമാലയന്‍ പ്രദേശങ്ങളിലാണിവയെ കണ്ടുവരുന്നത്. കൂട്ടം ചേര്‍ന്നു ജീവിക്കാനുള്ള പ്രവണത ഇവയുടെ പ്രത്യേകതയാണ്.

ചിപ്മങ്ക്. പാറകളുടെ വിള്ളലുകളിലും മരത്തടികള്‍ക്കിടയിലും ചിലപ്പോള്‍ മാളങ്ങളിലും കാണപ്പെടുന്നു. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ ഇവ വളരെ ഉത്സാഹികളായിരിക്കും.

പോക്കറ്റ്ഗോഫര്‍. വ. അമേരിക്കയില്‍മാത്രം കാണപ്പെടുന്ന ചെറിയതരം അണ്ണാന്‍. നഖങ്ങളോടുകൂടിയ മുന്‍കാലുകള്‍കൊണ്ട് മാളങ്ങള്‍ കുഴിക്കുന്നു. ചിപ്മങ്കിനും ഇവയ്ക്കും കവിളില്‍ സഞ്ചികളുണ്ട്. വേര്, കിഴങ്ങ്, മരത്തൊലി ഇവയാണ് പ്രധാനാഹാരം.

പ്രയറിനായ്ക്കള്‍. ഈ പേരിലറിയപ്പെടുന്ന അണ്ണാന് മാര്‍മോട്ടിനോളം മാത്രമേ വലുപ്പമുള്ളു. മാളങ്ങളില്‍ പാര്‍ക്കുന്നു. പച്ചക്കുതിരപോലുള്ള പ്രാണികള്‍, വേര്, പുല്ല് എന്നിവയാണ് പ്രധാന ഭക്ഷണം.
ചിപ്മങ്കുകളില്‍ ഒരിനം

പറക്കുന്ന അണ്ണാന്‍ (Pteromys). പാറേച്ചാത്തന്‍, പാറാന്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് മുന്‍-പിന്‍ കാലുകള്‍ തമ്മില്‍ ബന്ധിക്കുന്ന ഒരു ചര്‍മപടലം (patagium) ഉണ്ട്. ഈ ചര്‍മത്തിന്റെയും രോമാവൃതമായ വാലിന്റെയും സഹായത്താല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍നിന്ന് താഴ്ന്ന പ്രദേശത്തേക്ക് ഊളിയിട്ടെത്താന്‍ കഴിയുന്നു. പഴങ്ങളും പ്രാണികളുമാണ് പ്രധാന ആഹാരം. ഈ 'രാത്രിഞ്ചരന്‍' പകല്‍സമയം ചുരുണ്ടുകൂടി, രോമമുള്ള ഒരു പന്തുപോലെ, വൃക്ഷപ്പൊത്തുകളില്‍ വിശ്രമിക്കുന്നു.

പറക്കുന്ന അണ്ണാന്‍

പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകള്‍കൊണ്ട് അണ്ടിയുടെ തോടുകള്‍ കരണ്ടുതുരന്നാണ് പരിപ്പുകള്‍ ശേഖരിക്കുന്നത്. സമൃദ്ധിയുടെ കാലങ്ങളില്‍ ഇവ ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിള്‍സഞ്ചിയില്‍ ശേഖരിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ കൊണ്ടുപോയി കൂടുകളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. വ.അമേരിക്കയിലെ ചാരനിറമുള്ള അണ്ണാന്‍ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാല്‍ ഈ വിത്തുകള്‍ അനുകൂലകാലാവസ്ഥയില്‍ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാന്‍ വിത്തുവിതരണത്തെ സഹായിക്കുന്നു.

ശിശിരനിദ്ര (Hibernation). ശൈത്യകാലാരംഭത്തോടെ വുഡ് ചക്കുകളും നിലയണ്ണാനും വിശ്രമാര്‍ഥം ഭൂഗര്‍ഭമാളങ്ങളിലേക്കു വിരമിക്കുന്നു. ശിശിരനിദ്രാസമയത്ത് അവയുടെ ശരീരത്തിന്റെ ചൂട് 0°C-നോടടുത്തിരിക്കും. മിനിട്ടില്‍ 200 മുതല്‍ 400 വരെയായിരുന്ന ഹൃദയമിടിപ്പ് അഞ്ചോ ആറോ ആയി കുറയും. ശ്വാസോച്ഛ്വാസനിരക്ക് നാലോ അഞ്ചോ ആയി താണുപോകും. ചില വുഡ്ചക്കുകള്‍ അഞ്ചു മിനിട്ടു കൂടുമ്പോള്‍ ഒരിക്കല്‍മാത്രം ശ്വസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം രക്തസമ്മര്‍ദം കുറയുകയും പല അന്തഃസ്രാവികളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും. അതുവരെ ശരീരത്തില്‍ ശേഖരിച്ചുവച്ചിരുന്ന കൊഴുപ്പ് സാവധാനം ദഹിച്ച് ജീവന്‍ നിലനില്ക്കാന്‍ അത്യാവശ്യമായ ഊര്‍ജം ഉണ്ടാകുന്നു. ശരീരം ഒരു പന്തുപോലെ ഉരുണ്ട് ശാരീരികധര്‍മങ്ങള്‍ നാമമാത്രമായിത്തീരുന്ന ഈ അവസ്ഥയില്‍, കൈയിലെടുത്താല്‍പ്പോലും അവയുടെ സുഖസുഷുപ്തിക്ക് വിഘ്നം നേരിടുകയില്ല. ശിശിരനിദ്രാദൈര്‍ഘ്യം പരിസരത്തിന്റെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. ശൈത്യകാലം ദീര്‍ഘിച്ചതാണെങ്കില്‍ സുഷുപ്തിയും അതിനനുസരിച്ച് നീണ്ടുനില്ക്കും.

ശിശിരനിദ്ര ആരംഭിക്കുവാനുള്ള പ്രചോദനം എന്തെന്ന് ഇതുവരെ ശരിയായി മനസ്സിലായിട്ടില്ല. തണുപ്പുകാലത്തിന്റെ തുടക്കവും ഭക്ഷണത്തിന്റെ അപര്യാപ്തതയും ഒത്തുചേരുന്നതാവാം കാരണം.

ആയിരക്കണക്കിന് അണ്ണാന്‍മാര്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് നീങ്ങാറുണ്ട്. ഇതിന് 'കൂട്ടായ ദേശാന്തരഗമനം' (mass migration) എന്നു പറയുന്നു. 1842-ല്‍ വിസ്കോണ്‍സിനില്‍ ഉണ്ടായ ഇത്തരം ഒരു ദേശാന്തരഗമനത്തില്‍ 45 കോടി അണ്ണാന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് ഇ.റ്റി. സെറ്റണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഈ ദേശാന്തരഗമനം പലപ്പോഴും അംഗങ്ങളുടെ മരണത്തിലാണ് കലാശിക്കുക.

മലയണ്ണാന്‍ (Ratufa indica)

അണ്ണാന്റെ പുറത്തുകാണുന്ന വരകളെപ്പറ്റി കേരളത്തില്‍ ഒരു പഴങ്കഥ നിലവിലുണ്ട്. സേതുബന്ധനവേളയില്‍ അണ്ണാന്റെ സഹായത്തില്‍ സന്തുഷ്ടനായ ശ്രീരാമന്‍ തലോടുക മൂലമാണ് അവ ഉണ്ടായതെന്നാണ് കഥയുടെ സാരം. ഏതായാലും ഇതിനോട് ബന്ധപ്പെട്ട 'അണ്ണാര്‍ക്കണ്ണനും തന്നാലായത്' എന്ന ഒരു പഴമൊഴിയുണ്ട്. ചിത്രമെഴുതാന്‍ ഉപയോഗിക്കുന്ന ബ്രഷും തൊങ്ങലുകളും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.

(വി.എം.എന്‍. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍